യുദ്ധം ഓഹരി വിപണിയെ തളർത്തുമോ?

Mail This Article
ഇന്നും നേരിയ നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് ലാഭമെടുക്കലിൽ വീണ് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. മിഡിൽ ഈസ്റ്റിൽ യുദ്ധം മുറുകുന്നതും, ക്രൂഡ് ഓയിൽ മുന്നേറ്റവും ഇന്ന് വന്ന ചൈനയുടെ താരതമ്യേന മികച്ച ഇക്കണോമിക് ഡേറ്റയുടെ ആനുകൂല്യം ഏഷ്യൻ വിപണികൾക്ക് നിഷേധിച്ചു. ബ്രിട്ടീഷ് ഡേറ്റകളും, യൂറോപ്യൻ വിപണികളുടെ നഷ്ടതുടക്കവും ഇന്ന് ഇന്ത്യൻ വിപണിയെ സ്വാധീനിച്ചു. അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റം തുടരുന്നതിനാൽ അമേരിക്കൻ ഫ്യൂച്ചറുകളും നഷ്ടത്തിലാണ് വ്യപാരം തുടരുന്നത്.
റിസൾട്ടിന് ശേഷം എച്ച്ഡിഎഫ്സി ബാങ്കിൽ വന്ന ലാഭമെടുക്കലും, ആർബിഐ പിഴ ചുമത്തപ്പെട്ടതിന് ശേഷം ഐസിഐസിഐ ബാങ്കും, കോട്ടക്ക് മഹിന്ദ്ര ബാങ്കും ഓരോ ശതമാനം വീണതും വിപണി വീഴ്ചക്ക് മരുന്നിട്ടു. ഓഫർ ഫോർ സെയിൽ വഴി പൊതു മേഖല കമ്പനികളിൽ നിന്നും കൂടുതൽ ഓഹരി വില്പനക്ക് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു എന്ന വാർത്ത പൊതു മേഖല ഓഹരികകളിലും ലാഭമെടുക്കലിന് കാരണമായി.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
ഇന്ന് ഒരു ഫ്ലാറ്റ് തുടക്കത്തിന് ശേഷം വില്പന സമ്മർദ്ദത്തിൽ വീണ നിഫ്റ്റി 19660 പോയിന്റിൽ പിന്തുണ നേടി 19671 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 19620 പോയിന്റിലും 19560 പോയിന്റിലും നിഫ്റ്റി തുടർ പിന്തുണകൾ പ്രതീക്ഷിക്കുന്നു. 19770 പോയിന്റിലും 19830 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ.
ഇന്ന് 500 പോയിന്റിലേറെ വീണ ബാങ്ക് നിഫ്റ്റി 43888 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 43700 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 43400 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത പ്രധാന പിന്തുണ. 44200 പോയിന്റിലും, 44500 പോയിന്റിലും ബാങ്ക് നിഫ്റ്റി വില്പന സമ്മർദ്ദം പ്രതീക്ഷിക്കുന്നു.
പൊതു മേഖല ഓഹരി വില്പന
വിപണി നിയമങ്ങൾ പാലിക്കുന്നതിനായി കൂടുതൽ പൊതു മേഖല കമ്പനികളിൽ ഓഫർ ഫോർ സെയിൽ വഴി ഓഹരി വില്പനക്ക് മുതിരുന്നത് പൊതുമേഖല ഓഹരികളിൽ വാങ്ങൽ അവസരം തുറന്നേക്കും. ഹഡ്‌കോയുടെ ഓഹരികൾ 79 രൂപ നിരക്കിൽ വിൽക്കാൻ തീരുമാനിച്ചത് ഇന്ന് ഓഹരിക്ക് 10% തിരുത്തൽ നൽകി.
യുദ്ധം
പാലസ്റ്റീനിൽ ആശുപത്രിയിൽ ബോംബ് പതിച്ച് നൂറുകണക്കിനാളുകൾ മരണപ്പെട്ടതും, അമേരിക്കൻ പ്രസിഡന്റിന്റെ ഇസ്രായേൽ സന്ദർശനവും ലോക വിപണിയുടെ ശ്രദ്ധയും ഇന്ന് കൂടുതലായി യുദ്ധവേദിയിലേക്ക് തിരിയാൻ കാരണമായി. അറബ് നേതാക്കളുമായി ബൈഡന്റെ കൂടിക്കാഴ്ച റദ്ധാക്കിയതും, യുദ്ധം ക്രൂഡ് ഓയിൽ വില വർദ്ധനവിന് വഴിവെക്കുന്നതും ഇന്ന് വിപണിയിലും തിരുത്തലിന് കാരണമായി.
ചൈനയുടെ പ്രതീക്ഷിച്ചതിലും മികച്ച ജിഡിപി അടക്കമുള്ള ഡേറ്റകളുടെ ആനുകൂല്യം ഇന്ന് യുദ്ധവാർത്തകളിൽ വിപണിക്ക് നഷ്ടമായി. ചൈനയുടെ ആഭ്യന്തര ഉത്പാദനം സെപ്റ്റംബറിൽ 4.9% വളർച്ച കുറിച്ചു. ഓഗസ്റ്റിൽ 6.3% മുന്നേറിയ ചൈനീസ് ജിഡിപി 4.4% വളർച്ച നേടുമെന്നായിരുന്നു വിപണിയുടെ അനുമാനം.
ടെസ്‌ലയുടെ റിസൾട്ട് ഇന്ന്
ഇന്നലെ വന്ന അമേരിക്കയുടെ പ്രതീക്ഷിച്ചതിലും മികച്ച സെപ്റ്റംബറിലെ റീറ്റെയ്ൽ വില്പന കണക്കുകൾ ഫെഡ് നിരക്ക് വർദ്ധന സാധ്യത വീണ്ടും തുറന്നത് ഇന്നലെ അമേരിക്കൻ വിപണിയുടെ തുടക്കം മോശമാക്കി. എങ്കിലും ബാങ്കിങ് റിസൾട്ടുകളുടെ പിന്തുണയിൽ ഡൗ ജോൺസ് തിരിച്ചു കയറി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ എസ്&പിയും, നാസ്ഡാകും നഷ്ടം കുറച്ചു.
ഇന്ന് അമേരിക്കൻ വിപണി സമയത്തിന് ശേഷം വരാനിരിക്കുന്ന നെറ്റ്ഫ്ലിക്സിന്റെ റിസൾട്ടും, വരിക്കാരുടെ എണ്ണവും വിപണിക്ക് പ്രധാനമാണ്. ടെസ്‌ലയും ഇന്ന് വിപണി സമയത്തിന് ശേഷമാണ് റിസൾട്ട് പ്രഖ്യാപിക്കുന്നത്. മോർഗൻ സ്റാൻലിയും, ബാൻകോർപും, പി&ജിയും അടക്കമുള്ള കമ്പനികൾ ഇന്ന് വിപണി സമയത്തിന് മുൻപും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. നാളെ അമേരിക്കൻ ഫെഡ് ചെയർമാൻ സംസാരിക്കാനിരിക്കുന്നതും വിപണിക്ക് പ്രധാനമാണ്.
ക്രൂഡ് ഓയിൽ
അമേരിക്കയുടെ ക്രൂഡ് ഓയിൽ ശേഖരത്തിൽ കഴിഞ്ഞ ആഴ്ചയിൽ വലിയ ഇടിവുണ്ടായി എന്ന എപിഐ റിപ്പോർട്ട് ക്രൂഡ് ഓയിലിന് ഇന്നലെ 2% മുന്നേറ്റം നൽകി. ഇന്ന് വരാനിരിക്കുന്ന അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരക്കണക്കുകൾ ക്രൂഡ് ഓയിലിന് പ്രധാനമാണ്. യുദ്ധം ക്രൂഡ് ഓയിലിന്റെ ലഭ്യതയിൽ കുറവ് വരുത്തി തുടങ്ങി.
സ്വർണം
ഇസ്രായേൽ- ഹമാസ് യുദ്ധം കനക്കുന്നത് ഇന്നലെ സ്വർണത്തിനും, ബോണ്ട് യീൽഡിനും മുന്നേറ്റം നൽകി. രാജ്യാന്തര സ്വർണ വില 1956 ഡോളറിലേക്ക് കയറി. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡും ഇന്നലെ 2% നേട്ടത്തോടെ 4.83%ലേക്ക് മുന്നേറി.
നാളത്തെ റിസൾട്ടുകൾ
ഐടിസി, ഹിന്ദ് യൂണിലിവർ, നെസ്‌ലെ, അൾട്രാ ടെക്ക് സിമന്റ്, ഹാവെൽസ്, വോൾട്ടാസ്, ടാറ്റ കമ്യൂണിക്കേഷൻ, ടാറ്റ കോഫി, എംഫസിസ്, കോഫോർജ്, സൈന്റ്റ്, മാസ്ടെക്ക്, ഠൻല, യൂബിഎൽ, പിവിആർ, ആർകെ ഫോർജ്, എച്ച്എഫ്സിഎൽ, ഇക്വിറ്റാസ് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ഐപിഓ
ഗ്യാസ് വിതരണകമ്പനിയായ ഐആർഎം എനർജിയുടെ ഇന്ന് ആരംഭിച്ച ഐപിഓ വെള്ളിയാഴ്ച അവസാനിക്കും. ഓഹരിയുടെ ഐപിഓ വില 480-505 രൂപയാണ്.
ടാറ്റ ടെക്ക്
ഐപിഓക്ക് മുൻപ് തന്നെ ടാറ്റ ടെക്‌നോളജീസിന്റെ 9.9% ഓഹരി വിറ്റഴിക്കാനായത് മാതൃകമ്പനിയായ ടാറ്റ മോട്ടോഴ്സിന്റെ മൂല്യത്തിൽ 28 രൂപയുടെ വർദ്ധന വരുത്തി എന്ന സിഎൽഎസ്എയുടെ വിലയിരുത്തൽ ഇന്നും ടാറ്റ ഓഹരിക്ക് മുന്നേറ്റം നൽകി. സിഎൽഎസ്എ ടാറ്റ മോട്ടോഴ്സിന്റെ വില ലക്‌ഷ്യം 777 രൂപയിൽ നിന്ന് 807 രൂപയിലേക്ക് ഉയർത്തി.
ഐഡിഎഫ്സി ലയനം
ഐഡിഎഫ്സി ലിമിറ്റഡിന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൽ ലയിക്കാനുള്ള ആദ്യ പടിയായി കോംപെറ്റീഷൻ കമ്മീഷന്റെ അനുമതി ലഭ്യമായത് ഇരു ഓഹരികൾക്കും അനുകൂലമാണ്. ആർബിഐ, സെബി, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ മുതലായ ഇടങ്ങളിൽ നിന്നുള്ള അനുമതികൾ കൂടി ഇനി ലഭ്യമാകേണ്ടിയിരിക്കുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക