വിപണിയില്‍ പ്രകാശം പരക്കും; ഐപിഒ വസന്തം വീണ്ടും

Mail This Article
വിപണിയിലിത് ചാഞ്ചാട്ടത്തിന്റെ ദിവസങ്ങളാണെങ്കിലും ദീപാവലിയോടനുബന്ധിച്ച് പുതിയ പ്രകാശം പരക്കുമെന്ന് വേണം കരുതാന്‍. നവംബര്‍ മാസത്തില്‍ പന്ത്രണ്ടോളം കമ്പനികളാണ് ഓഹരി വില്‍പ്പന നടത്തി നിക്ഷേപം സമാഹരിക്കാന്‍ പദ്ധതിയിടുന്നത്. നവംബറില്‍ ഏകദേശം 15,000 കോടി രൂപ ഐപിഒയിലൂടെ സമാഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.
സെല്ലോ വേള്‍ഡ്, ബ്ലൂ ജെറ്റ് ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ കമ്പനികള്‍ ഇതിനോടകം തന്നെ ഐപിഒ പ്രഖ്യാപിച്ചുകഴിഞ്ഞു. കണ്‍സ്യൂമര്‍ ഹൗസ് വെയര്‍, റൈറ്റിങ് ഇന്‍സ്ട്രമെന്റ്‌സ്, സ്റ്റേഷനറി തുടങ്ങിയ മേഖലകളില്‍ മുന്‍നിര കമ്പനിയാണ് സെല്ലോ വേള്‍ഡ്. ഒക്‌റ്റോബര്‍ 30ന് ഐപിഒ നടത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 1900 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. 617 മുതല്‍ 648 രൂപ വരെയാണ് പ്രതിഓഹരി വില. നിക്ഷേപകര്‍ക്ക് ചുരുങ്ങിയത് 23 ഓഹരികളോ ഇതിന്റെ മടങ്ങുകളോ ആയി വാങ്ങാം. നവംബര്‍ ഒന്നിന് ഓഹരി വില്‍പ്പന അവസാനിക്കും. അതേസമയം ബ്ലൂജെറ്റ് ഹെല്‍ത്ത്‌കെയറിന്റെ 840 കോടി രൂപയുടെ ഐപിഒ പൂര്‍ത്തിയായി.
ടാറ്റ വരുന്നു, വീണ്ടും
നിക്ഷേപകര്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്നത് ടാറ്റ ടെക്‌നോളജീസിന്റെ പ്രഥമ ഓഹരി വില്‍പ്പനയിലാണ്. നവംബര്‍ രണ്ടാം വാരമോ മൂന്നാം വാരമോ ഓഹരി വില്‍പ്പന ഉണ്ടായേക്കും. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ടാറ്റ ഗ്രൂപ്പില്‍ നിന്നും ഒരു കമ്പനി ഐപിഒക്ക് എത്തുന്നത്. ടാറ്റ കുടുംബത്തിലെ മിന്നും താരമായ ടാറ്റ കണ്‍സള്‍ട്ടന്‍സി (ടിസിഎസ്)യുടേതായിരുന്നു ഏറ്റവും ഒടുവിലത്തെ പ്രഥമ ഓഹരി വില്‍പ്പന. 2004-ലായിരുന്നു ഐടി ഭീമനായ ടിസിഎസിന്റെ 5500 കോടി രൂപയുടെ ഓഹരി വില്‍പ്പന. 450-500 രൂപ റേഞ്ചിലായിരിക്കും ടാറ്റ ടെക്‌നോളജീസിന്റെ ഓഹരി വിലയെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഓട്ടോമോട്ടിവ്, എയ്‌റോസ്‌പേസ് മേഖലകളിലെ കമ്പനികള്‍ക്കായി എന്‍ജിനീയറിങ് ആന്‍ഡ് ഡിസൈന്‍, പ്രൊഡക്റ്റ് ലൈഫ്‌സൈക്കിള്‍ മാനേജ്‌മെന്റ്, മാനുഫാക്ച്ചറിങ്, പ്രൊഡക്റ്റ് ഡെവലപ്‌മെന്റ്, ഐടി സര്‍വീസ് മാനേജ്‌മെന്റ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ടാറ്റ ടെക്‌നോളജീസ്.
കേരളത്തിനും പ്രതീക്ഷ

കേരളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കായ ഫെഡറല്‍ ബാങ്ക് പ്രൊമോട്ടര്‍മാരായ ഫെഡ്ബാങ്ക് ഫൈനാന്‍ഷ്യല്‍ സര്‍വീസസും നവംബറില്‍ ഓഹരി വില്‍പ്പന നടത്താന്‍ പദ്ധതിയിടുന്നുണ്ട്. ബാങ്ക് ഇതര ധനകാര്യ സേവനങ്ങളാണ് ഫെഡ്ബാങ്ക് ഫൈനാന്‍ഷ്യല്‍ സര്‍വീസസ് നല്‍കുന്നത്. 1,400 കോടി രൂപയുടേതാണ് ഓഹരി വില്‍പ്പന. തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കും ഐപിഒക്കുള്ള അവസാന തയാറെടുപ്പുകളിലാണ്. കേരളത്തിലെ ആദ്യത്തെ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് കൂടിയാണ് ഇസാഫ്. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 629 കോടി രൂപ സമാഹരിക്കാനാണ് ഇസാഫ് ഒരുങ്ങുന്നത്.
ബേബി പ്രൊഡക്റ്റ്‌സ് ബ്രാന്‍ഡായ മമഎര്‍ത്ത്, എഎസ്‌കെ ഓട്ടോമോട്ടിവ്, പ്രോട്ടിയന്‍ ഇഗവ് ടെക്‌നോളജീസ്, ഫ്‌ളെയര്‍ റൈറ്റിങ് ഇന്‍ഡസ്ട്രീസ്, ക്രെഡോ ബ്രാന്‍ഡ്‌സ് ആന്‍ഡ് മാര്‍ക്കറ്റിങ് തുടങ്ങിയ കമ്പനികളും പ്രാരംഭ ഓഹരി വില്‍പ്പന നടത്താനുള്ള ഒരുക്കത്തിലാണ്.
2023ല്‍ ഇതുവരെ 36 കമ്പനികള്‍ ഓഹരി വില്‍പ്പനയിലൂടെ സമാഹരിച്ചിരിക്കുന്നത് 28,330 കോടി രൂപയാണ്. 2022ല്‍ 40 കമ്പനികള്‍ സമാഹരിച്ച 59,302 കോടി രൂപയുടെ സ്ഥാനത്താണിത്. ഈ വര്‍ഷം ഐപിഒ നടത്തിയ കമ്പനികളില്‍ രണ്ടെണ്ണം മാത്രമേ ഓഫര്‍ പ്രൈസിന് താഴെ വ്യാപാരം നടത്തുന്നുള്ളൂ. സൈന്റ് ഡിഎല്‍എം, പ്ലാസ വയേഴ്‌സ്, ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, സെന്‍കോ ഗോള്‍ഡ് എന്നീ കമ്പനികളുടെ മൂല്യം ഇരട്ടിയിലധികമായി. പുതിയ ഐപിഒകളും നേട്ടം തരുമെന്ന് തന്നെയാണ് നിക്ഷേപകരുടെ പ്രതീക്ഷ.