ADVERTISEMENT

തുടർച്ചയായ ആറ് സെഷനുകളിൽ വീണ് ഈ വർഷത്തെ ഏറ്റവും വലിയ ആഴ്ചനഷ്ടങ്ങളിൽ ഒന്ന് കുറിച്ച ഇന്ത്യൻ വിപണി വെള്ളിയാഴ്ച രാജ്യാന്തര വിപണികൾക്കൊപ്പം തിരിച്ചു കയറി നേട്ടത്തിൽ വ്യാപാരമവസാനിപ്പിച്ചു. നിഫ്റ്റിയുടെ അതിശക്ത പിന്തുണ മേഖലയായ 18800 പോയിന്റിന് സമീപം വരെയെത്തിയ നിഫ്റ്റി190 പോയിന്റുകളുടെ നേട്ടത്തോടെ വെള്ളിയാഴ്ച സമ്പൂർണ മുന്നേറ്റമാണ് നടത്തിയത്. മുൻ വെള്ളിയാഴ്ച 19542 പോയിന്റിലും, 65397 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റിയും സെൻസെക്സും യഥാക്രമം 19047 പോയിന്റിലും 63782 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മെറ്റൽ, ഇൻഫ്രാ, ഐടി, ഫാർമ, പൊതുമേഖല സെക്ടറുകളും സ്‌മോൾ & മിഡ് ക്യാപ് സൂചികകളും കഴിഞ്ഞ ആഴ്ചയിൽ മൂന്ന് ശതമാനത്തിൽ കൂടുതൽ നഷ്ടം കുറിച്ചു. 

ഇസ്രായേൽ-ഹമാസ് യുദ്ധം അയയുന്നു എന്ന തരത്തിലുള്ള വാർത്തകളും, ഇന്റലിന്റെയും, ആമസോണിന്റെയും പ്രതീക്ഷയിലും മികച്ച റിസൾട്ടുകൾ അമേരിക്കൻ ഫ്യൂച്ചറിനും നൽകിയ മുന്നേറ്റവും, മറ്റ് ഏഷ്യൻ വിപണികളുടെ തിരിച്ചു വരവുമാണ് വെള്ളിയാഴ്‌ചത്തെ ഇന്ത്യൻ വിപണിയുടെ തിരിച്ചു വരവിന് ആധാരമായത്. അമേരിക്കൻ ഫെഡ് തീരുമാനങ്ങൾ തന്നെയാകും യുദ്ധവാർത്തകൾക്കൊപ്പം അടുത്ത ആഴ്ചയിലും ലോക വിപണിയുടെ ഗതി നിർണയിക്കുക. റിസൾട്ടുകളും, വിദേശ ഫണ്ടുകളുടെ ക്രയവിക്രയങ്ങളും ഇന്ത്യൻ വിപണിക്കും പ്രധാനമാണ്. 

ഇന്ത്യയുടെ റേറ്റിങ് ഉയർത്തി ജെപി മോർഗനും  

മോർഗൻ സ്റ്റാൻലിക്ക് പിന്നാലെ ജെപി മോർഗനും ഇന്ത്യയുടെ റേറ്റിങ് ഉയർത്തിയതും ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. ന്യൂട്രൽ റേറ്റിങിൽ നിന്നും ഇന്ത്യയെ ‘ഓവർ വെയ്റ്റ്’ വിഭാഗത്തിലേക്കാണ് ജെപി മോർഗൻ ഉയർത്തിയത്. നേരത്തെ മോർഗൻ സ്റ്റാൻലിയും ഇന്ത്യക്ക് ‘സ്റ്റാൻഡ് ഔട്ട് ഓവർ വെയ്റ്റ്’ റേറ്റിങ് നൽകിയിരുന്നു. 

ഫെഡ് റിസർവ് യോഗം 

അമേരിക്കൻ ഓയിൽ കമ്പനികളായ എക്സൺ മൊബീലിന്റെയും, ഷെവ്‌റോണിന്റെയും മോശം റിസൾട്ടുകൾ വെള്ളിയാഴ്ച ഡൗ ജോൺസിന് ഒരു ശതമാനത്തിലേറെ നഷ്ടം നൽകിയപ്പോൾ ഇന്റലിന്റെയും, ആമസോണിന്റെയും മികച്ച റിസൾട്ടുകൾ നാസ്ഡാകിന് മുന്നേറ്റം നൽകുകയും ചെയ്തതോടെ അമേരിക്കൻ സൂചികകളുടെ കഴിഞ്ഞ ആഴ്ചയിലെ നഷ്ടം 2%ന് സമീപം ക്രമപ്പെട്ടു. അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് 4.84%ലാണ് കഴിഞ്ഞ ആഴ്ച ക്ളോസ് ചെയ്തത്. ഫെഡ് മീറ്റിങ്ങും തീരുമാനങ്ങളും ബോണ്ട് യീൽഡിന് നൽകുന്ന ചാഞ്ചാട്ടവും, ആപ്പിൾ അടക്കമുള്ള കമ്പനികളുടെ റിസൾട്ടുകളും, യുദ്ധ വാർത്തകൾക്കൊപ്പം ലോക വിപണിയുടെ ഗതി നിർണയിക്കും. മറ്റെല്ലാ വിപണികളും നഷ്ടം കുറിച്ച കഴിഞ്ഞ ആഴ്ചയിൽ ചൈനീസ്, ഹോങ്കോങ് വിപണികൾ മാത്രമാണ് നേട്ടം കുറിച്ചത്.   

usfed

തിങ്കളാഴ്ച മുതൽ ആരംഭിക്കാനിരിക്കുന്ന അമേരിക്കൻ ഫെഡ് റിസർവിന്റെ യോഗം നവംബർ ഒന്നിനാണ് നിരക്ക് വർദ്ധനയും, പുതിയ നയങ്ങളും പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ പാദത്തിൽ അമേരിക്കയുടെ ജിഡിപി വിപണിപ്രതീക്ഷയിൽ കവിഞ്ഞ വളർച്ച നേടിയതും, ഫെഡ് ചെയർമാൻ ഈ വർഷം തന്നെ 25 ബേസിസ് പോയിന്റ് നിരക്ക് വർദ്ധനയുണ്ടെന്ന് ആവർത്തിച്ചതിനെയും തുടർന്ന് വിപണി ഫെഡ് നിരക്ക് വർദ്ധന ഉൾക്കൊണ്ട് കഴിഞ്ഞു എന്നാണ് വിപണിയുടെ അനുമാനം. ഫെഡ് വീണ്ടും നിരക്ക് വർദ്ധിപ്പിക്കാതെ വിട്ടാൽ വിപണി മുന്നേറ്റം നേടും. 

ലോകവിപണിയിൽ അടുത്ത ആഴ്ച 

∙ജാപ്പനീസ് കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ജപ്പാൻ ചൊവ്വാഴ്ചയും, അമേരിക്കയുടെ കേന്ദ്ര ബാങ്കായ അമേരിക്കൻ ഫെഡ് റിസർവ് ബുധനാഴ്ചയും പുതിയ നിരക്കും, നയങ്ങളും നയങ്ങളും പ്രഖ്യാപിക്കും. ബാങ്ക് ഓഫ് ഇംഗ്ലണ്ടും, ഹോങ്കോങ് കേന്ദ്ര ബാങ്കും വ്യാഴാഴ്ചയും പലിശ നിരക്കുകൾ പ്രഖ്യാപിക്കുന്നു. 

∙അമേരിക്കയുടെ മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകളും, എഡിപി തൊഴിൽ വിവരകണക്കുകളും ബുധനാഴ്ചയും, ജോബ് ഡേറ്റ വ്യാഴാഴ്ചയും പുറത്ത് വരുന്നു. വെള്ളിയാഴ്ചയാണ് അമേരിക്കയുടെ ഒക്ടോബറിലെ തൊഴിൽലഭ്യതക്കണക്കുകളുടെ നോൺ ഫാം പേറോൾ പുറത്ത് വരുന്നത്. 

∙തിങ്കളാഴ്ച ജർമൻ ജിഡിപി, സിപിഐ കണക്കുകളും, സ്പാനിഷ് സിപിഐ കണക്കുകളും യൂറോസോൺ കൺസ്യൂമർ കോൺഫിഡൻസ് കണക്കുകൾ യൂറോപ്യൻ വിപണിക്ക് പ്രധാനമാണ്. ചൊവ്വാഴ്ചയാണ് ഫ്രഞ്ച്, ഇറ്റാലിയൻ, യൂറോ സോൺ ജിഡിപി, സിപിഐ ഡേറ്റകൾ വരുന്നത്. ജർമൻ, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ, യൂറോ സോൺ മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകൾ വ്യാഴാഴ്ചയാണ് പുറത്ത് വരുന്നത്. 

∙ചൊവ്വാഴ്ചത്തെ ചൈനീസ് മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകൾ പ്രധാനമാണ്. എച്ച്എസ്ബിസി അവതരിപ്പിക്കുന്ന ചൈനയുടെ കോ-ആക്സിൻ പിഎംഐ ഡേറ്റ ബുധനാഴ്ചയാണ്. ജാപ്പനീസ്, കൊറിയൻ റീറ്റെയ്ൽ വില്പനക്കണക്കുകളും, വ്യാവസായികോല്പാദനക്കണക്കുകളും അന്നുതന്നെയാണ്. 

∙ഇന്ത്യയുടെ ഇൻഫ്രാ വളർച്ച കണക്കുകൾ ചൊവ്വാഴ്ചയും, മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകൾ ബുധനാഴ്ചയും, സർവീസ് പിഎംഐ കണക്കുകൾ വെള്ളിയാഴ്ചയും പുറത്ത് വരുന്നു. 

us-share2

ഓഹരികളും സെക്ടറുകളും 

റിലയൻസ് ഇൻഡസ്ട്രീസ് കഴിഞ്ഞ പാദത്തിൽ മുൻവർഷത്തിൽ നിന്നും 27% വളർച്ച കുറിച്ചു. റിലയൻസിന്റെ വരുമാനത്തിൽ ഏറ്റവും വലിയ സംഭാവന നൽകിയ ഓയിൽ & ഗ്യാസ് സെക്ടറിന്റെ ലാഭം മുൻ വർഷത്തിൽ നിന്നും 71% വളർച്ചയോടെ കഴിഞ്ഞ പാദത്തിൽ 6620 കോടിയിലേക്ക് വളർന്നു. കമ്പനിയുടെ വരുമാനം മുൻ വർഷത്തിൽ നിന്നും 1% മാത്രം വളർച്ചയോടെ 2.34 ലക്ഷം കോടിയിലേക്ക് വളർന്നു.  ജിയോ 5058 കോടി രൂപയുടെ അറ്റാദായം കഴിഞ്ഞ പാദത്തിൽ സ്വന്തമാക്കി. 

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി വീണ്ടും ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിന് സമീപമാണ്  വ്യാപാരം തുടരുന്നത്. 1447 രൂപയാണ് ഓഹരിയുടെ ഒരു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.  1500 രൂപക്ക് മേൽ നിക്ഷേപകർ ഓഹരിയിൽ വീണ്ടും താല്പര്യം കാട്ടിയേക്കാം.  

ജെപി മോർഗൻ എമർജിങ് മാർക്കറ്റ് മോഡൽ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്തിയത് സൺ ഫാർമ, ബാങ്ക് ഓഫ് ബറോഡ, ഹിന്ദുസ്ഥാൻ യൂണി ലിവർ ഓഹരികൾക്കും അനുകൂലമാണ്. 

അദാനിയുടെ കാരൂർ ട്രാൻസ്മിഷൻ പ്രൊജക്റ്റ് ഉൽഘാടനം ചെയ്യപ്പെട്ടത് വെള്ളിയാഴ്ച അദാനി ഓഹരികൾക്ക് മുന്നേറ്റം നൽകി. 

ഹൈഡ്രജൻ പ്രോജെക്ടിനായി അദാനി എന്റർപ്രസസിന്റെ കീഴിൽ വരുന്ന അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡിലേക്ക് 4  ബില്യൺ ഡോളറിന്റെ നിക്ഷേപത്തിനായി ശ്രമിക്കുന്നതും, അദാനി ഗ്രീൻ എനർജിയുമായി ചേർന്ന് ടോട്ടൽ എനർജി ഹൈഡ്രജൻ പ്രൊജക്ടുമായി മുന്നോട്ട് പോകുന്നതും വാർത്തയിൽ നിറഞ്ഞത് വെള്ളിയാഴ്ച അദാനി ഓഹരികൾക്ക് അനുകൂലമായി. ഹിൻഡൻബെർഗ് വിഷയത്തിൽ സെബിയുടെ റിപ്പോർട്ട് വരാനിരിക്കുന്നത് അദാനി ഓഹരികൾക്ക് മേലുള്ള സമ്മർദ്ദം തുടർന്നേക്കാം. 

സിപ്ലയും, ഡോക്ടർ റെഡ്ഡീസ് ലാബും വെള്ളിയാഴ്ച മികച്ച ലാഭവളർച്ച റിപ്പോർട്ട് ചെയ്തത് ഫാർമ സെക്ടറിന് അനുകൂലമാണ്. 

കാനറാ ബാങ്കും, പിഎൻബിയും, ഇന്ത്യൻ ബാങ്കും മികച്ച വരുമാന- ലാഭ വളർച്ചകൾ റിപ്പോർട്ട് ചെയ്തിരുന്നു. 

ജിൻഡാൽ സോ, ജെഎസ്ഡബ്ലിയു എനർജി, വീനസ് പൈപ്സ്, ഡിക്‌സൺ, എൻഎൽസി ഇന്ത്യ, ഊഗ്രോ ക്യാപിറ്റൽ, ജൂബിലന്റ് ഫുഡ് മുതലായ കമ്പനികളും കഴിഞ്ഞ പാദത്തിൽ മികച്ച ലാഭവളർച്ച റിപ്പോർട്ട് ചെയ്തു. 

പിടിസി ഇന്ത്യയുടെ ഉപകമ്പനിയായ പിടിസി ഗ്രീൻ എനര്‍ജിയെ 2021 കോടി രൂപക്ക് ഓഎൻജിസിക്ക് കൈമാറുന്നത് ഓഹരിക്ക് അനുകൂലമാണ്. 

റിലയൻസ് നേവൽ & എൻജിനിയറിങ് സ്വന്തമാക്കാനുള്ള പണമടച്ചത് വെള്ളിയാഴ്ച സ്വാൻ എനർജി ഓഹരിക്ക് മികച്ച മുന്നേറ്റം നൽകി. 

വീണ്ടും പുതിയ ടർബൈൻ എൻജിൻ ഓർഡർ ലഭിച്ചത് വെള്ളിയാഴ്ച സുസ്‌ലോൺ ഓഹരിക്ക് മുന്നേറ്റം നൽകി. ഒരു വർഷത്തിനുള്ളിൽ 300% മുന്നേറ്റം നേടിയ സുസ്‌ലോൺ കഴിഞ്ഞ ആഴ്ചയിൽ 34.10 രൂപ വരെ മുന്നേറി. 

വീണ്ടും നഷ്ടവ്യാപ്തി വർദ്ധിപ്പിച്ച വൊഡാഫോൺ ഐഡിയ 5ജി വ്യാപനത്തിനായി കൂടുതൽ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചത് ഓഹരിക്ക് അനുകൂലമാണ്.  

അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ 

us-share10

പെട്രോനെറ്റ്, ഡിഎൽഎഫ്, അദാനി ഗ്രീൻ, ടിവിഎസ് മോട്ടോഴ്‌സ്, ബ്ലൂ സ്റ്റാർ, കെപിഐടി ടെക്ക്, കാസ്ട്രോൾ, ഐഡിഎഫ്സി, മാരിക്കോ, അനൂപ് എൻജിനിയറിങ്, ധാവത്ത്, ജിഎംആർ ഇൻഫ്രാ, യൂപിഎൽ, സിയാറാം സിൽക്‌സ്, ടിസിഐ മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ലാർസൺ & ടൂബ്രോ, ടാറ്റ കൺസ്യൂമർ, സൺ ഫാർമ, ഗ്ലാൻ ഫാർമ, ഡാബർ, ചോളമണ്ഡലം ഫിനാൻസ്, ബെർജർ പെയിന്റ്, ക്രോമ്പ്ടൺ ഗ്രീവ്സ്, മാപ് മൈ  ഇന്ത്യ, കെയർ റേറ്റിങ്, സ്റ്റാർ ഹെൽത്ത്, അമരരാജ, എക്സൈഡ്, റിലാക്‌സോ, ജെഎം ഫിനാൻഷ്യൽ, ഭാരത് ഗിയർ, എച്ച്ബിഎൽ പവർ, ശേഷസായി പേപ്പർ മുതലായ കമ്പനികൾ അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 

യുദ്ധം ക്രൂഡ് ഓയിലിന്റെ വിതരണം താറുമാറാക്കുമെന്ന ഭയത്തിന് മീതെ ക്രൂഡ് ഓയിലിന്റെ ആവശ്യകതയിൽ കുറവുണ്ടാകുമെന്ന റിപ്പോർട്ട് വിപണി കണക്കിലെടുത്തപ്പോൾ ബ്രെന്റ് ക്രൂഡ് ഓയിൽ വെള്ളിയാഴ്ച 90 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു. അടുത്ത ആഴ്ചയിൽ വരാനിരിക്കുന്ന മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകളും, വിവിധ രാജ്യങ്ങളുടെ ജിഡിപി കണക്കുകളും, ഫെഡ് നിരക്ക് തീരുമാനങ്ങളും ക്രൂഡ് ഓയിൽ വിലയെ സ്വാധീനിക്കും. 

സ്വർണം 

രാജ്യാന്തര സ്വർണവില വീണ്ടും റെക്കോർഡ് കുതിപ്പ് നടത്തി 2016 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു. ഒരു മാസം മുൻപ് ഡോളർ മുന്നേറ്റത്തിൽ 1800 ഡോളറിനടുത്തേക്ക് വീണിടത്ത് നിന്നും യുദ്ധ പിന്തുണയിൽ ഇക്കൊല്ലത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് സ്വർണം കുതിച്ചെത്തിയത്. യുദ്ധസാഹചര്യത്തിൽ നിക്ഷേപകർ സുരക്ഷിത സങ്കേതം തേടുന്നതാണ് സ്വർണത്തിന്റെ സാധ്യതയും. 

ഐപിഓ 

പേനയും പ്ലാസ്റ്റിക് അധിഷ്ഠിത ഗൃഹോപകരണങ്ങളും നിർമിക്കുന്ന സെല്ലോ വേൾഡ് ലിമിറ്റഡിന്റെ ഐപിഓ നാളെ ആരഭിച്ച് ബുധനാഴ്ച അവസാനിക്കുന്നു. 617 രൂപ മുതൽ 648 രൂപ വരെയാണ് ഐപിഓ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 

മാമ എർത്തിന്റെ മാതൃകമ്പനിയായ ഹോനാസ്സ കൺസ്യൂമർ ലിമിറ്റഡിന്റെ ഐപിഓ ചൊവ്വാഴ്ച ആരംഭിച്ച് നവംബർ രണ്ടിന് ക്ളോസ് ചെയ്യുന്നു. ഐപിഓ വില 308 രൂപ മുതൽ 324 രൂപ വരെയാണ്. 

ടാറ്റ ടെക്‌നോളജീസ്, ആസ്ക് ഓട്ടോമോട്ടീവ്, പ്രോടീൻ ഇ ഗവർണൻസ് ടെക്‌നോളജീസ്, ഇസാഫ്, ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സെർവീസസ്, ഫ്ലെയർ റൈറ്റിങ് ഇൻഡസ്ട്രീസ്, ക്രെഡോ ബ്രാൻഡ്‌സ് മുതലായ കമ്പനികളും ദീപാവലിയോടനുബന്ധിച്ചോ അതിന് ശേഷമോ ആയി ഐപിഓക്ക് ഒരുങ്ങുന്നു.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Global Share Market in a Tough Situation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com