ADVERTISEMENT

ബ്രോക്കിങ് കമ്പനികളുടെ ട്രേഡിങ് ആപുകളോ വെബ്‌ പ്ലാറ്റ്‌ഫോമുകളോ തുറക്കുമ്പോള്‍ ആദ്യം നിങ്ങളെ വരവേല്‍ക്കുന്നത്‌ സെബിയുടെ ചില മുന്നറിയിപ്പുകളാണ്‌. ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സില്‍ വ്യാപാരം ചെയ്യുന്ന പത്തില്‍ ഒന്‍പത്‌ പേരും നഷ്‌ടം നേരിടുന്നുവെന്ന സെബിയുടെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ വസ്‌തുതയാണ്‌ ആ മുന്നറിയിപ്പുകളില്‍ പ്രധാനം. ഇതിന്‌ താഴെ കൊടുത്തിരിക്കുന്ന `എനിക്ക്‌ ബോധ്യമായി' എന്ന്‌ എഴുതിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്‌തതിനു ശേഷമേ ട്രേഡിങിലേയ്ക്ക്‌ ഏതൊരു ഇടപാടുകാരനും കടക്കാനാകൂ. പക്ഷേ സെബിയുടെ മുന്നറിയിപ്പ്‌ എത്രപേര്‍ പൂര്‍ണമായി വായിച്ചു ബോധ്യപ്പെട്ടിട്ടാണ്‌ ആ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുന്നതെന്ന്‌ കണ്ടെത്താന്‍ മറ്റൊരു പഠനം ആവശ്യമായി വരും.

സെബി നല്‍കുന്ന മറ്റ്‌ മുന്നറിയിപ്പുകള്‍ ഇങ്ങനെയാണ്‌

∙ട്രേഡര്‍മാര്‍ വരുത്തിവെക്കുന്ന ശരാശരി നഷ്‌ടം ഏകദേശം 50,000 രൂപയാണ്‌.

∙ഈ നഷ്‌ടത്തിന്‌ പുറമെ നഷ്‌ടത്തിന്റെ 28 ശതമാനം ഇടപാടിനുള്ള ചെലവായും നല്‍കേണ്ടി വരുന്നു.

∙ലാഭമുണ്ടാക്കുന്നവര്‍ അതിന്റെ 15 ശതമാനം മുതല്‍ 50 ശതമാനം വരെ ഇടപാടിനുള്ള ചെലവ്‌ വഹിക്കേണ്ടിവരുന്നു.

ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌ എത്രത്തോളം റിസ്‌കുള്ളതാണെന്നും അമിത ചെലവ്‌ വരുത്തിവെക്കുന്നതാണെന്നും വ്യക്തമാക്കുന്നതാണ്‌ സെബി നല്‍കുന്ന മുന്നറിയിപ്പ്‌. എന്നാല്‍ ഈ റിസ്‌കിനെ കുറിച്ച്‌ ബോധവാന്മാരാകാതെ ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌ വ്യാപാരത്തെ ഒരു ഗെയിം പോലെ സമീപിക്കുന്നവരാണ്‌ ഭൂരിഭാഗം ട്രേഡര്‍മാരും.

∙ഇപ്പോള്‍ ഓഹരികളില്‍ നേരിട്ട്‌ നടക്കുന്ന വ്യാപാരത്തിന്റെ 400 മടങ്ങാണ്‌ ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സില്‍ നടക്കുന്ന വ്യാപാരം.

∙2019നു ശേഷം ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌ വ്യാപാരം നടത്തുന്നവരുടെ എണ്ണത്തില്‍ എട്ട്‌ മടങ്ങ്‌ വര്‍ധനയാണുണ്ടായത്‌.

∙2019ല്‍ അഞ്ച് ലക്ഷത്തില്‍ താഴെയായിരുന്ന ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌ ട്രേഡര്‍മാരുടെ എണ്ണം ഇപ്പോള്‍ 40 ലക്ഷത്തിലേറെയാണ്‌.

∙റിസ്‌ക്‌ കുറയ്‌ക്കുന്നതിനുള്ള ഒരു ഉപാധിയായാണ്‌ മൂലധന വിപണിയിലെ ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌ കരാറുകള്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടിട്ടുള്ളത്‌.

നിക്ഷേപകന്‌ സംഭവിക്കാവുന്ന നഷ്‌ടത്തിന്റെ തോത്‌ കുറയ്‌ക്കാനും നിക്ഷേപം താരതമ്യേന സുരക്ഷിതമായി തുടരാനുമുള്ള ഉപാധിയായി ആണ്‌ വിവേകശാലികളായ നിക്ഷേപകര്‍ ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌ കരാറുകള്‍ ഉപയോഗപ്പെടത്തുന്നത്‌. എന്നാല്‍ ഇന്ന്‌ ഈ ഉദ്ദേശ്യത്തിന്‌ തീര്‍ത്തും വിപരീതമായി പരമാവധി റിസ്‌ക്‌ എടുക്കുന്നതിനുള്ള വ്യാപാര മാര്‍ഗമായി ഇവ ഉപയോഗിക്കപ്പെടുന്നു.

തെറ്റായ രീതിയിലെ ഉപയോഗം

ഇതില്‍ തന്നെ ഓപ്‌ഷന്‍സില്‍ ട്രേഡ്‌ ചെയ്യുന്നവരാണ്‌ ഭൂരിഭാഗവും. ഓപ്‌ഷന്‍സ്‌ വാങ്ങുന്നതിന്‌ താരതമ്യേന ചെറിയ പ്രീമിയം മതിയാകുമെന്നതാണ്‌ ഈ വിഭാഗത്തിലേക്ക്‌ ട്രേഡര്‍മാര്‍ ആകൃഷ്‌ടരാകുന്നതിന്‌ കാരണം. ഓപ്‌ഷന്‍സ്‌ വാങ്ങുന്നവരെ പ്രലോഭിപ്പിക്കുന്നത്‌ ``പരിമിതമായ നഷ്‌ടം, അപരിമിതമായ ലാഭം'' എന്ന സങ്കല്‍പ്പമാണ്‌. വളരെ ഹ്രസ്വമായ കാലയളവിലേക്കാണ്‌ ഓപ്‌ഷന്‍ ട്രേഡുകള്‍ നടക്കുന്നത്‌. ഒരു ശരാശരി ഓപ്‌ഷന്‍ ട്രേഡിന്റെ സമയം 30 മിനുട്ട്‌ മാത്രമാണ്‌. വ്യാപാരം നടക്കുന്ന ഓപ്‌ഷന്‍ കരാറുകള്‍ അടുത്ത ദിവസത്തേക്ക്‌ നീട്ടിവെക്കുന്നത്‌ ഒരു ശതമാനം മാത്രം. ബാക്കി 99 ശതമാനവും അതാത്‌ ദിവസങ്ങളില്‍ തന്നെ ക്ലോസ്‌ ചെയ്യപ്പെടുന്നു.

ഫാന്റസി ഗെയിമുകളെ പോലെ ഓഹരി വ്യാപാരവും ഒരു കളിയായി മാറുന്നത്‌ മൂലമുള്ള വിപത്താണ്‌ ഓപ്‌ഷന്‍സ്‌ കരാറുകളിലെ നഷ്‌ടത്തിന്റെ ഭീമമായ കണക്കുകളില്‍ വെളിപ്പെടുന്നത്‌. ഫാന്റസി ഗെയിമുകളില്‍ മുതല്‍മുടക്കിന്റെ 15 ശതമാനമാണ്‌ ശരാശരി നഷ്‌ടമെങ്കില്‍ ഓഹരി വിപണിയില്‍ ഡെറിവേറ്റീവ്‌ വ്യാപാരം നടത്തുന്നവര്‍ക്ക്‌ സംഭവിക്കുന്നത്‌ ശരാശരി 85 ശതമാനം നഷ്‌ടമാണ്‌. 2021-22ല്‍ മാത്രം ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌ വ്യാപാരം നടത്തിയ 90 ശതമാനം പേര്‍ക്ക്‌ സംഭവിച്ച നഷ്‌ടം 45,000 കോടി രൂപയാണ്‌. ലാഭമുണ്ടാക്കിയ 10 ശതമാനം പേര്‍ നേടിയത്‌ 6900 കോടി രൂപയും.

ഗെയിമിങ് ആപുകളെ പോലെ ഡിജിറ്റല്‍ ഓഹരി വ്യാപാരം നടത്താവുന്ന ആപ്പുകളെയും സമീപിക്കുന്ന ട്രേഡര്‍മാരില്‍ ഭൂരിഭാഗവും ഓഹരി വ്യാപാരത്തെ കുറിച്ചുള്ള അടിസ്ഥാനപരമായ വസ്‌തുതകള്‍ പോലും മനസിലാക്കാതെയാണ്‌ ഇതിന്‌ ഇറങ്ങിത്തിരിക്കുന്നത്‌ എന്നതുകൊണ്ടാണ്‌ നഷ്‌ടം ഇത്ര ഭീമമാകുന്നത്‌. മതിയായ ഗവേഷണവും പഠനവും ആവശ്യമായ സ്റ്റോക്ക്‌ ട്രേഡിങിനെ ലാഘവത്തോടെ കാണുന്നവരില്‍ ഭൂരിഭാഗത്തിനും ദീര്‍ഘകാല നിക്ഷേപമാര്‍ഗം എന്ന നിലയില്‍ ഓഹരി വിപണിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കാതെ പോവുകയും ചെയ്യുന്നു.

ലേഖകൻ ഹെഡ്ജ് ഇക്വിറ്റീസിന്റെ ചെയർമാനാണ്

English Summary:

Beware ! Share Trading is a Risky Game

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com