ഇസാഫ് ബാങ്ക് ഐപിഒ വരുന്നു, നിക്ഷേപകർക്ക് നേട്ടമോ?

Mail This Article
അങ്ങനെ ഏറെക്കാലത്തിനു ശേഷം കേരളത്തിൽ നിന്നും ഒരു കമ്പനി കൂടി ഓഹരി വിപണിയിലേയ്ക്ക്. കേരളത്തിലെ ഏക ചെറു ബാങ്കായ തൃശൂർ ആസ്ഥാനമായുള്ള ഇസാഫ് ആണ് നാളെ ഐപിഒ അവതരിപ്പിക്കുന്നത്. 2015 ൽ ബാങ്കിങ് ലൈസൻസ് കിട്ടിയ ഇസാഫ് രണ്ട് വർഷം കൂടി കഴിഞ്ഞാണ് പ്രവർത്തനം തുടങ്ങിയത്. നിക്ഷേപകർക്ക് വളരെ പ്രതീക്ഷ നൽകുന്ന ഐപി ഒ ആയിരിക്കും ഇതെന്ന് ഏകപക്ഷീയമായി ഓഹരിവിദഗ്ധർ വിലയിരുത്തുന്നു. ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കുന്ന പണം ബാങ്കിന്റെ വികസനത്തിനും പുതിയ വിപണികളിലേയ്ക്കുള്ള വ്യാപനത്തിനുമായി ഉപയോഗിക്കാൻ ലക്ഷ്യമിടുന്ന ഈ ഐപിഒ നിക്ഷേപകരെ സംബന്ധിച്ച് വളരെ പ്രോമിസിങ്ങായിട്ടുള്ളതാണെന്ന് ഓഹരി വിദഗ്ധനും തൃശൂരിലെ ഷെയർവെൽത്ത് സെക്യൂരിറ്റിസിന്റെ മാനേജിങ് ഡയറക്ടുമായ രാംകി പറയുന്നു.
1992 ൽ മൈക്രോ ഫിനാൻസ് ആയി ആരംഭിച്ച് പിന്നീട് ബാങ്കിങ് ലൈസൻസ് കൊടുത്തു തുടങ്ങിയപ്പോൾ ചെറു ബാങ്കായി ലൈസൻസ് ലഭിച്ച ഇസാഫിന്റെ പ്രമോട്ടർ പോൾ തോമസിന്റെ കഠിനാധ്വാനമാണ് ബാങ്കിനെ വലിയൊരു മുന്നേറ്റത്തിലേക്ക് കൈപിടിച്ചുയർത്തിയത്. ബാങ്കിന്റെ അടിസ്ഥാന ഘടകങ്ങൾ നോക്കുകയാണെങ്കിലും പ്രമോട്ടർ മികവിന്റെ പോയിന്റിൽ നോക്കിയാലും വളരെ നേട്ടങ്ങളോടെയുള്ള പ്രകടനമാണ് ഭാവിയിൽ ഈ ബാങ്കിൽ നിന്ന് ലഭിക്കാൻ പോകുന്നത്. അതിനാൽ നിക്ഷേപകർക്ക് ഈ ബാങ്കിന്റെ ഐപിഒയില്‍ നിക്ഷേപിക്കാവുന്നതാണ്. ഇപ്പോഴത്തെ വിപണി നില വച്ച് ലിസ്റ്റിങ് വില 85–90 നിലവാരത്തിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽനിന്നു പ്രതീക്ഷിക്കാം.
വിപണിയുടെ ചാഞ്ചാട്ടം ബാധിക്കില്ല
നല്ല പ്രവർത്തന ചരിത്രമുള്ള മാനേജ്മെന്റും ബാങ്കിന്റെ മികച്ച പ്രകടനവുമാണ് ഇസാഫിന്റെ കരുത്ത്. ഐപിഒ വാങ്ങി ദീർഘ കാലത്തേക്ക് നിക്ഷേപിക്കുകയാണ് നല്ലതെന്ന് കൊച്ചിയിലെ ഹെഡ്ജ് ഇക്വിറ്റീസിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ കൃഷ്ണൻ തമ്പി വിലയിരുത്തുന്നു. ചെറു ബാങ്കുകൾക്ക് ഇന്ത്യയിൽ വളരെ വളർച്ചാ സാധ്യതകളുണ്ടെന്നാണ് ഇതു വരെ ഓഹരി വിപണിയിൽ രംഗപ്രവേശം ചെയ്ത എ യു ഫിനാൻസ് ബാങ്ക്, ഇക്വിറ്റാസ് സ്മോൾ ഫിനാസ് ബാങ്ക് ഇവയുടെ മുന്നേറ്റം കാട്ടിത്തരുന്നത്. ഇന്ത്യയൊട്ടാകെ 700ലേറെ ശാഖകളുള്ള ഇസാഫിന് കേരളത്തിലുൾപ്പടെ ഇനിയും വളരാനുള്ള സാധ്യതയാണിത് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിചേർത്തു. ഓഹരി വിപണിയിലിപ്പോഴുള്ള ചാഞ്ചാട്ടം ഐപിഒയെ ബാധിക്കാൻ സാധ്യതയില്ല. കഴമ്പുള്ള ഐപിഒകളെ ചാഞ്ചാട്ടം ബാധിക്കില്ലെന്നതു തന്നെ കാരണം.

ഇന്ത്യയില്‍ ഇനിയും സാധ്യതകളുള്ള ഗ്രാമീണ മേഖലയും ചെറുപട്ടണങ്ങളുമാണ് തട്ടകമെന്നത് ഇസാഫിന്റെ ഭാവി സാധ്യത വ്യക്തമാക്കുന്നുവെന്ന് തിരുവനന്തപുരത്തെ ക്യാപ്സ്റ്റോക്സിന്റെ ഗവേഷണ വിഭാഗം മേധാവി കാർത്തിക് വ്യക്തമാക്കുന്നു. ഇസാഫിന്റെ 72 ശതമാനം ശാഖകളും ഈ മേഖലകളിലാണ്. കിട്ടാക്കടം കുറവുള്ള മൈക്രോഫിനാൻസ് മേഖലയാണ് പ്രവർത്തനമെന്നത് ഇവരുടെ സാധ്യത പിന്നെയും വർധിപ്പിക്കുന്നു.