ഇന്ത്യൻ വിപണിയിൽ മുന്നേറ്റം

Mail This Article
ഫെഡ് റിസർവിന്റെ പിന്തുണയിൽ മുന്നേറിയ ലോക വിപണിക്കൊപ്പം ഇന്ന് ഗ്യാപ് അപ് ഓപ്പണിങ് നേടിയ ഇന്ത്യൻ വിപണിയും നേട്ടത്തോടെ തന്നെ വ്യാപാരം അവസാനിപ്പിച്ചു. ചൈനീസ് വിപണിയൊഴികെ മറ്റെല്ലാ ഏഷ്യൻ വിപണികളും നേട്ടത്തിൽ വ്യാപാരമവസാനിപ്പിച്ച ഇന്ന് യൂറോപ്യൻ വിപണികളെല്ലാം ഇന്ന് വലിയ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. നഷ്ടത്തിൽ വ്യാപാരംആരംഭിച്ച അമേരിക്കൻ ഫ്യൂച്ചറുകൾ വീണ്ടും പോസിറ്റീവ് മേഖലയിലേക്ക് തിരികെയെത്തി.
നാസ്ഡാകിന്റെ വലിയ നേട്ടത്തിന് പിന്നലെ ഇന്ത്യൻ ഐടി സെക്ടർ വീണ്ടും പോസിറ്റീവ് വഴിയിലേക്ക് വന്നതും ശനിയാഴ്ച റിസൾട്ട് പ്രഖ്യാപിക്കാനിരുന്ന എസ്ബിഐയുടെ നേതൃത്വത്തിൽ ബാങ്കിങ് സെക്ടർ മുന്നേറ്റം നേടിയതും ഇന്ന് ഇന്ത്യൻ വിപണിക്ക് അനുകൂലമായി. രണ്ടര ശതമാനം മുന്നേറ്റം നേടിയ റിയൽറ്റി സെക്ടറിന് പിന്നാലെ മെറ്റൽ, ഇൻഫ്രാ, എനർജി, എഫ്എംസിജി, പൊതു മേഖല സെക്ടറുകളും ഒരു ശതമാനത്തിൽ കൂടുതൽ മുന്നേറ്റം കുറിച്ച ഇന്ന് ഇന്ത്യൻ വിപണി സമ്പൂർണ മുന്നേറ്റം കുറിച്ചു.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
ഇന്ന് 19120 പോയിന്റിൽ ഗ്യാപ് നേടിയ ശേഷം ലാഭമെടുക്കൽ മുന്നേറ്റം മുടക്കിയെങ്കിലും അവസാന മണിക്കൂറുകളിൽ തിരിച്ചു കയറിയ നിഫ്റ്റി 19133 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചത് വിപണിക്ക് പ്രതീക്ഷയാണ്. നിഫ്റ്റി നാളെയും 19060 പോയിന്റിലും 19000 പോയിന്റിലും ആദ്യ പിന്തുണകളും 19190 പോയിന്റ് പിന്നിട്ടാൽ 19260 പോയിന്റിലും 19330 പോയിന്റിലും നിഫ്റ്റി റെസിസ്റ്റൻസുകളും പ്രതീക്ഷിക്കുന്നു.
ഇന്ന് 43271 പോയിന്റ് വരെ മുന്നേറിയ ബാങ്ക് നിഫ്റ്റി 43000 പോയിന്റിന് മുകളിൽ തന്നെ ക്ളോസ് ചെയ്തു. 42800 പോയിന്റിലും 42500 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ ആദ്യ പിന്തുണകൾ. 43300 പോയിന്റ് പിന്നിട്ടാൽ 43600 പോയിന്റിലും 43800 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത കടമ്പകൾ.
വളരുന്ന റിയൽ എസ്റ്റേറ്റ്
മികച്ച റിസൾട്ടുകളുടെയും, വളരെ മികച്ച വില്പന റിപ്പോർട്ടുകളുടെയും പിൻബലത്തിൽ തുടർച്ചയായി നേട്ടം കുറിക്കുന്ന റിയൽറ്റി സെക്ടർ ഇന്നും 2.52 % നേട്ടം കുറിച്ചു. കണക്കുകൾ പ്രകാരം മൊത്തം ഭവനവില്പനക്കൊപ്പം പ്രീമിയം ഭവനങ്ങളുടെ വില്പനയിലും വലിയ വളർച്ച കുറിച്ചത് ഇന്ത്യൻ റിയൽ എസ്റ്റേറ്റ് സെക്ടറിന് പുതിയ ഉയരങ്ങളാണ് നൽകുന്നത്. 2023ലെ ആദ്യ ഒൻപത് മാസങ്ങളിൽ ഇന്ത്യയിലാകെ വില്പന നടത്തിയ 3.49 ലക്ഷം ഭവന യൂണിറ്റുകളിൽ 24%വും പ്രീമിയം സെഗ്‌മെന്റിലാണെന്നതും 2022ൽ ഇത് 14% മാത്രമായിരുന്നുവെന്നതും റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ലാഭസാധ്യത വർദ്ധിപ്പിക്കുന്നു.
നിരക്കുയർത്താതെ ഫെഡ് റിസർവ്
മികച്ച സാമ്പത്തിക വളർച്ച സൂചനകളുടെ പിൻബലമുണ്ടായിരുന്നിട്ടുംവിപണി പ്രതീക്ഷിച്ചത് പോലെ തന്നെ അമേരിക്കൻ ഫെഡ് റിസർവ് ഇത്തവണയും പലിശ നിരക്ക് ഉയർത്താതെ വിട്ടത് ഇന്ന് ലോക വിപണിക്ക് തന്നെ മികച്ച മുന്നേറ്റം നൽകി. തുടർച്ചയായ രണ്ടാം തവണയും ഫെഡ് റിസർവ് നിരക്ക് വർദ്ധനയ്ക്ക് മുതിരാതിരുന്നതും നിയന്ത്രണങ്ങളെക്കുറിച്ച് ഫെഡ് ചെയർമാൻ അത്ര വാചാലനാകാതിരുന്നതും നിരക്ക് വർദ്ധന ‘’ഇനിയുണ്ടായേക്കില്ല’’ എന്ന ധാരണ പടർത്തിയത് അമേരിക്കൻ ബോണ്ട് യീൽഡിനും, ഡോളറിനും തിരുത്തൽ നൽകി. ഇന്നലെ നാസ്ഡാക് ഒന്നര ശതമാനത്തിൽ കൂടുതൽ മുന്നേറിയപ്പോൾ അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് 4.70%ലേക്ക് ഇറങ്ങി.
ഫെഡ് റിസേർവിന്റെ അടുത്ത നടപടികൾ വളരെ സൂക്ഷ്മതയോടെയായിരിക്കുമെന്നാണ് ഫെഡ് ചെയർമാൻ സൂചിപ്പിച്ചത്. വരാനിരിക്കുന്ന സാമ്പത്തിക വിവരക്കണക്കുകളുടെ കൃത്യമായ അവലോകനത്തിന് ശേഷം മാത്രമായിരിക്കും ഫെഡ് റിസർവ് ഡിസംബറിൽ നിരക്ക് തീരുമാനങ്ങൾ കൈക്കൊള്ളുക എന്നതിനാൽ വിപണി വീണ്ടും പ്രതീക്ഷയിലാണ്.
ആപ്പിൾ റിസൾട്ട് ഇന്ന്
ഇന്ന് വരാനിരിക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നിരക്ക് തീരുമാനങ്ങളും, ആപ്പിൾ കമ്പനിയുടെ മൂന്നാം പാദ റിസൾട്ടും, അമേരിക്കൻ ജോബ് ഡേറ്റയും ലോക വിപണിക്ക് പ്രധാനമാണ്. അമേരിക്കയുടെ ഒക്ടോബറിലെ തൊഴിൽ ലഭ്യത കണക്കുകൾ വ്യക്തമാക്കുന്ന നോൺ ഫാം പേ റോൾ കണക്കുകൾ നാളെയാണ് പുറത്ത് വരുന്നത്.
ക്രൂഡ് ഓയിൽ
ഫെഡ് തീരുമാനങ്ങൾക്ക് ശേഷവും 85 ഡോളറിൽ തുടരുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ കഴിഞ്ഞ അഞ്ച് സെഷനുകളിലായി 3%ൽ കൂടുതലും, ഒക്ടോബറിൽ 7%ൽ കൂടുതലും നഷ്ടമാണ് കുറിച്ചത്. ഫെഡ് തീരുമാനങ്ങളും, ഡോളർ വിലയിലെ ചാഞ്ചാട്ടങ്ങളും, യുദ്ധം എണ്ണവിതരണത്തെ ബാധിക്കുമെന്ന ഭയം നിലനിൽക്കുന്നതും ക്രൂഡ് ഓയിലിന് അനുകൂലഘടകങ്ങൾ തന്നെയാണ്.
സ്വർണം
യുദ്ധാനുകൂല്യത്തിൽ മുന്നേറി വന്ന രാജ്യാന്തര സ്വർണ വില ഫെഡ് തീരുമാനങ്ങളെ തുടർന്ന് ഡോളറും ബോണ്ട് യീൽഡും വീണിട്ടും 2000 ഡോളറിൽ താഴെ ക്രമപ്പെടുകയാണ്. ഡോളറിലെ തിരുത്തൽ ഓഹരി വിപണിയിലാണ് ആവേശം പടർത്തിയത്.
നാളത്തെ റിസൾട്ടുകൾ
ഭാരത് ഡൈനാമിക്സ്, ഷിപ്പിംഗ് കോര്പറേഷന് ഓഫ് ഇന്ത്യ, ടൈറ്റാൻ, താജ് ജിവികെ,എംആർഎഫ്, ക്രോംപ്ടൺ ഗ്രീവ്സ്, സോമാറ്റോ, യൂക്കോ ബാങ്ക്, എസ്കോര്ട്സ്, എസ്എംഎൽ ഇസുസു, ചമ്പൽ ഫെർട്ടിലൈസർ, ബെയർ കോർപ്, ഗബ്രിയേൽ, ഗതി, ഇൻഡിഗോ, ഇൻഡിഗോ പെയിന്റ്സ്, ജെകെ പേപ്പർ, ഓറിയന്റ് സെറാമിക്സ്, ജിഐസി ഹൗസിങ് ഫിനാൻസ്, പട്ടേൽ എഞ്ചിനിയറിങ്, ഏ ബി ക്യാപിറ്റൽ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ഐപിഓ
നാളെ ആരംഭിക്കുന്ന ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ഐപിഓ നവംബർ ഏഴിന് അടുത്ത തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്. ഓഹരിയുടെ ഐപിഓ വില 57-60 രൂപയാണ്. ഐപിഓ നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്.
പ്രോടീൻ ഇ-ഗവ് ടെക്‌നോളജീസ്, ആസ്ക് ഓട്ടോമോട്ടീവ് ഐപിഓകൾ അടുത്ത ആഴ്ചയിൽ നടക്കും.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക