ADVERTISEMENT

അമേരിക്കൻ ഫെഡ് റിസർവിന്റെ പിന്തുണയിൽ മുന്നേറിയ ലോക വിപണിക്കൊപ്പം ഇന്ത്യൻ വിപണിയും കഴിഞ്ഞ ആഴ്ചയിൽ നേട്ടമുണ്ടാക്കി. മികച്ച റിസൾട്ടുകളും ഇന്ത്യൻ വിപണിയുടെ ആവേശം ഉയർത്തി. മുൻ ആഴ്ചയിലെ നഷ്ടങ്ങൾ തിരിച്ചു പിടിച്ച നിഫ്റ്റി കഴിഞ്ഞ ആഴ്ചയിൽ ഒരു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി 19230 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ സെൻസെക്സ് 64364 പോയിന്റിലേക്ക് തിരിച്ചു വന്നു. 

മികച്ച റിസൾട്ടുകളുടെയും വില്പനകണക്കുകളുടെയും പിൻബലത്തിൽ റിയൽറ്റി സെക്ടർ കഴിഞ്ഞ ആഴ്ചയിൽ 12%ൽ കൂടുതൽ മുന്നേറ്റം നേടിയപ്പോൾ പൊതു മേഖല ബാങ്കിങ് സൂചിക 7%വും നേട്ടം കുറിച്ചു. നിഫ്റ്റി നെക്സ്റ്റ്-50, നിഫ്റ്റി സ്‌മോൾ & മിഡ്ക്യാപ് സെക്ടറുകളും, പൊതു മേഖല – എനർജി സെക്ടറുകളും മുന്നേറ്റം സ്വന്തമാക്കി.  

തെരഞ്ഞെടുപ്പിലേക്ക് നോക്കി വിപണി 

ഈ മാസം നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഡിസംബർ ആദ്യ ആഴ്ചയിൽ പുറത്ത് വരാനിരിക്കെ വിപണിയും, നിക്ഷേപകരും കൂടുതൽ ജാഗരൂകരാനുള്ള സാധ്യത ഇന്ത്യൻ വിപണിയിൽ സമ്മർദ്ദ കാരണമായേക്കാം. എന്നാൽ സംസ്ഥാന തെരെഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ചില സംസഥാനങ്ങളിൽ  തിരിച്ചടിയുണ്ടായാലും അത് മെയ് മാസത്തിൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ സൂചനയായി കണക്കാക്കിയേക്കില്ല എന്ന ആശ്വാസ പ്രതീക്ഷയിലാണ് വിപണി. എങ്കിലും ഭരണകക്ഷിക്ക് തെരെഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന സൂചനകൾ വിപണിയിൽ അവസരം സൃഷ്ടിച്ചേക്കാമെങ്കിലും ഭരണകക്ഷിയുടെ മുന്നേറ്റം വിപണിയിൽ തീ പടർത്തിയേക്കാം. 

നിരക്കുയർത്താതെ ഫെഡ് 

market1

വിപണി പ്രതീക്ഷിച്ചത് പോലെ അമേരിക്കൻ ഫെഡ് റിസർവ് ഇത്തവണയും പലിശ നിരക്ക് ഉയർത്താതെ വിട്ടത് കഴിഞ്ഞ ആഴ്ചയിൽ ലോക വിപണിക്ക് മികച്ച മുന്നേറ്റം നൽകി. ബോണ്ടിനും ഡോളറിനുമുണ്ടായ തിരുത്തൽ വിപണിക്ക് അനുകൂലമായി. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് കഴിഞ്ഞ വാരത്തിൽ 5%ൽ നിന്നും 4.57%ലേക്ക് ഇറങ്ങിയപ്പോൾ നാസ്ഡാക്കും, എസ്&പിയും കഴിഞ്ഞ ആഴ്ചയിൽ 5% കൂടുതൽ നേട്ടമുണ്ടാക്കി. 

ഒക്ടോബറിലെ അമേരിക്കയുടെ തൊഴിൽ ലഭ്യത കണക്കുകൾ ഫെഡ് നിരക്ക് വർധനക്ക് അനുകൂലമല്ലെന്നതാണ് വെള്ളിയാഴ്ചത്തെ അമേരിക്കൻ വിപണിയുടെ മുന്നേറ്റത്തിന് ആക്കം കൂട്ടിയത്. ആപ്പിളിന്റെ മികച്ച റിസൾട്ടും വെള്ളിയാഴ്ച അമേരിക്കൻ ടെക്ക് സെക്ടറിന് പിന്തുണ നൽകി. ഫെഡ് അംഗംങ്ങളുടെയും, ഫെഡ് ചെയർമാന്റെയും അടുത്ത ആഴ്ചയിലെ പ്രസ്താവനകളും, വരാനിരിക്കുന്ന അമേരിക്കൻ പണപ്പെരുപ്പകണക്കും അമേരിക്കൻ വിപണിയുടെ തുടർഗതി നിർണയിക്കും.  

വിപണിയിൽ അടുത്ത ആഴ്ച 

∙അമേരിക്കൻ ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും, വ്യാഴാഴ്ച ഫെഡ് ചെയർമാൻ ജെറോം പവൽ സംസാരിക്കാനിരിക്കുന്നതും അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിക്കും പ്രധാനമാണ്. വ്യാഴാഴ്ചത്തെ ജോബ് ഡേറ്റയും, വെള്ളിയാഴ്ച വരുന്ന മിഷിഗൺ യൂണിവേഴ്സിറ്റിയുടെ കൺസ്യൂമർ സെന്റിമെൻറ് പ്രതീക്ഷകളും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. 

bullandbear

∙ബുധാഴ്ചയാണ് ജർമനിയുടെ റീറ്റെയ്ൽ പണപ്പെരുപ്പകണക്കുകളും, യൂറോസോൺ റീറ്റെയ്ൽ വില്പന കണക്കുകളും പുറത്ത് വരുന്നത്. വെള്ളിയാഴ്ച വരുന്ന ജിഡിപിയും, വ്യവസായികോല്പാദന കണക്കുകളും അടക്കമുള്ള  ബ്രിട്ടീഷ് ഡേറ്റകളും വിപണിക് പ്രധാനമാണ്. 

∙ചൊവ്വാഴ്ച പുറത്ത് വരുന്ന ചൈനയുടെ കയറ്റുമതി കണക്കുകൾ ഏഷ്യൻ വിപണികളെ സ്വാധീനിച്ചേക്കാം. വ്യാഴ്ചയാണ് ചൈനയുടെ സിപിഐ ഡേറ്റ പുറത്ത് വരുന്നത്. 

∙വെള്ളിയാഴ്ച ഇന്ത്യയുടെ ഐഐപി ഡേറ്റയും, ഫോറിൻ റിസർവ് കണക്കുകളും പുറത്ത് വരുന്നു. 

ഓഹരികളും സെക്ടറുകളും 

∙എൽ&ടി, ഹീറോ, ടാറ്റ മോട്ടോഴ്‌സ്, ബ്രിട്ടാനിയ, ഡാബർ, സൺ ഫാർമ, മാൻകൈൻഡ് ഫാർമ, സൊമാറ്റോ, കണ്ടെയ്നർ കോർപറേഷൻ, സുസ്‌ലോൺ, കെയർ റേറ്റിങ്, അദാനി ഗ്രീൻ, ക്രാഫ്റ്റ്‌സ്മാൻ ഓട്ടോമേഷൻ, തിലക് നഗർ, എൽടി ഫുഡ്സ്, ചമൻ ലാൽ സേത്തിയ മുതലായ കമ്പനികളും മുൻപാദത്തിൽ നിന്നും, മുൻ വർഷത്തിൽ നിന്നും വരുമാനത്തിലും അറ്റാദായത്തിലും വർധന നേടി. 

∙ഫെഡ് നിരക്കുയർത്തലിന് വിരാമമിട്ടു എന്ന പ്രത്യാശയിൽ നാസ്ഡാക്ക് മുന്നേറിയത് ഇന്ത്യൻ ഐടിസെക്ടറിനും അനുകൂലമാണ്. കഴിഞ്ഞ ആഴ്ചയിൽ 1.8% നേട്ടമുണ്ടാക്കിയ ഐടി സെക്ടർ 30779 പോയിന്റിലാണ് ക്ളോസ് ചെയ്തത്. 

buy-sell

∙അംബുജ സിമെന്റിനെയും, എസിസിയെയും സ്വന്തമാക്കാനായി എടുത്ത വായ്പയുടെ റീഫിനാൻസിങ്ങിനായി കഴിഞ്ഞ മാസത്തിൽ 3.5 ബില്യൺ ഡോളറിന്റെ തുടർവായ്പയെടുത്ത അദാനി ഗ്രൂപ്പ് വീണ്ടും 1.8 ബില്യൺ ഡോളറിന്റെ അടുത്ത വായ്പയും ഉറപ്പാക്കിയത് രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങൾക്കിടയിൽ അദാനി വീണ്ടും വിശ്വാസം തിരിച്ചുപിടിച്ചതിന്റെ ലക്ഷണമായും വിപണി  കണക്കാക്കുന്നു. 

∙അദാനി ഓഹരികളിൽ അടുത്ത അവസരത്തിനായി ഹിന്‍ഡൻബെർഗ് വിഷയത്തിൽ സുപ്രീം കോടതിയിൽ സെബിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് വിപണി. 

∙മികച്ച റിസൾട്ടുകളുടെയും, വളരെ മികച്ച വില്പന റിപ്പോർട്ടുകളുടെയും പിൻബലത്തിൽ തുടർച്ചയായി നേട്ടം കുറിക്കുന്ന റിയൽറ്റി സെക്ടർ കഴിഞ്ഞ ആഴ്ചയിൽ മികച്ച നേട്ടം കുറിച്ചു. കണക്കുകൾ പ്രകാരം മൊത്തം ഭവനവില്പനക്കൊപ്പം പ്രീമിയം ഭവനങ്ങളുടെ വില്പനയിലും വലിയ വളർച്ച കുറിച്ചത് ഇന്ത്യൻ റിയൽ എസ്റ്റേറ്റ് സെക്ടറിന് നേട്ടമാണ്. 

∙ഡിഎൽഎഫ് സെപ്റ്റംബറിലാവസാനിച്ച പാദത്തിൽ മികച്ച മാര്‍ജിനോടെ 622 കോടി രൂപയുടെ അറ്റാദായമാണ് സ്വന്തമാക്കിയത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 13000 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്ന കമ്പനി ഡൽഹിയിൽ കാർമേലിയാസ് എന്നപേരിലുള്ള ആഡംബര പാർപ്പിട സമുച്ചയത്തിൽ ചതുരശ്ര അടിക്ക് ഒരു ലക്ഷം രൂപക്കടുത്ത് വരെ വില്പന നടത്തുന്നത് ഓഹരിക്ക് പുതിയ ലക്ഷ്യങ്ങൾ നൽകുന്നു. 

∙മികച്ച റിസൾട്ടുകളുടെ പിൻബലത്തിൽ സുസ്‌ലോൺ എനർജിയും, ഓറിയന്റ് ഗ്രീൻ പവറും വെള്ളിയാഴ്ച അപ്പർ സർക്യൂട്ടിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

∙രണ്ടാം പാദത്തിൽ മികച്ച വരുമാന വളർച്ച നേടിയ സൊമാറ്റോ ലാഭം വീണ്ടും വർദ്ധിപ്പിച്ചതും ഓഹരിക്ക് വെള്ളിയാഴ്ച മുന്നേറ്റം നൽകി. അടുത്ത തിരുത്തൽ അവസരമാണ്. 

bull-bear

∙രാജ്യാന്തര സ്പിരിറ്റ്സ് & വൈൻ അസ്സോസിയേഷന്റെ ഇന്ത്യൻ ഘടകത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ബ്രാൻഡഡ് വിസ്കി, വൈൻ ഉത്പാദനവും, ഉപഭാഗവും വർദ്ധിക്കുന്നത് വൈൻ, വിസ്കി ഉല്പാദകർക്ക് അനുകൂലമാണ്. 

∙പിക്കാഡില്ലി അഗ്രോയുടെ ഇന്ദ്രി എന്ന വിസ്കി ബ്രാൻഡിന്റെ ദിവാലി സ്പെഷ്യൽ എഡിഷനെ ലോകത്തെ ഏറ്റവും മികച്ച വിസ്‌കിയായി തെരെഞ്ഞെടുത്തത് ഇന്ത്യൻ മദ്യവ്യവസായ മേഖലക്ക് മുന്നിൽ ലോകവിപണിയുടെ വലിയ കവാടങ്ങളാണ് തുറന്നത്. 

∙മൈനി പ്രെസിഷൻ പ്രോഡക്ട്സ് ലിമിറ്റഡിന്റെ 59% ഓഹരി 682 കോടി രൂപക്ക് സ്വന്തമാക്കിയത് റെയ്മണ്ട് എയ്‌റോ സ്പേസ്, ഡിഫൻസ് ഉല്പാദന മേഖലകളിലേക്കും കടക്കുന്നത് ഓഹരിക്ക് അനുകൂലമാണ്. 

അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ 

ഹിന്ദ് പെട്രോ, എൻഎച്ച്പിസി, ശോഭ ലിമിറ്റഡ്, അദാനി ഗ്രീൻ എനർജി, ഗ്ലാൻഡ് ഫാർമ, ഇമാമി, പോളിക്യാബ്‌സ്, ബജാജ് ഇലക്ട്രിക്കൽസ്, വിമാർട്ട്, എക്സൈഡ്, ഭാരത് ഫോർജ്, ഹെയ്‌ഡൽബെർഗ്, ഡിവിസ് ലാബ്സ്, എച്ച്ജി ഇൻഫ്രാ, കിറ്റെക്സ്, നൈക, രൂപ മുതലായ കമ്പനികളും തിങ്കളാഴ്ച റിസൾട്ട് പ്രഖ്യാപിക്കുന്നു. 

എൽഐസി, ഒഎൻജിസി, ഭെൽ, ബിഇഎംഎൽ, പവർഗ്രിഡ്, പിഎഫ്സി, ഐആർസിടിസി, ജിഎസ്എഫ്സി, ഹിന്ദുസ്ഥാൻ എയ്‌റോനോറ്റക്സ്, കൊച്ചിൻ ഷിപ്യാർഡ്, ഓയിൽ, ഹിൻഡാൽകോ, ടാറ്റ പവർ, ബോഷ്, എബിബി, എം&എം, അശോക് ലൈലാൻഡ്, ബാറ്റ, ട്രെന്റ്, പിഡിലൈറ്റ്, അപ്പോളോ ഹോസ്പിറ്റൽ, അപ്പോളോ ടയർ, സൈഡസ് ലൈഫ്, കിംസ്, ബയോകോൺ മുതലായ കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ 

യുഎസ് ഫെഡ് തീരുമാനങ്ങൾ അനുകൂലമായിട്ടും, ഡോളർ നിരക്ക് വീണിട്ടും കഴിഞ്ഞ ആഴ്ചയിലും രാജ്യാന്തര ക്രൂഡ് ഓയിൽ വില നഷ്ടം കുറിച്ചു. ഇസ്രയേൽ സംഘർഷത്തിൽ അയവ് വരുന്നു എന്ന വാർത്തയാണ് ക്രൂഡ് ഓയിലിന് തുടർച്ചയായ രണ്ടാമത്തെ ആഴ്ചയിലും തിരുത്തലിന് കാരണമായത്.

സ്വർണം 

രാജ്യാന്തര സ്വർണവിലയും അനുകൂല ഘടകങ്ങൾക്കിടയിലും മുന്നേറ്റം നേടാനാകാതെ 2002 ഡോളറിന് സമീപം ക്രമപ്പെടുകയാണ്. ‘യുദ്ധ ആനുകൂല്യം’ നഷ്ടമാകുന്നതാണ് സ്വർണത്തിനും ക്ഷീണമായത്. 

ഐപിഓകൾ 

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ ഐപിഓ ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്. ഓഹരിയുടെ ഐപിഓ വില 57-60 രൂപയാണ്.  

മുൻപ് എൻഎസ് ഡിഎൽ ഇ ഗവര്‍ണൻസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന പ്രോട്ടീൻ ഇ-ഗവ് ടെക്‌നോളജീസിന്റെ ഐപിഓ നാളെയാണ് ആരംഭിക്കുന്നത്. ഐപിഓ വില നിലവാരം 752-792 രൂപയാണ്. 

ഒറിജിനൽ എക്വിപ്‌മെൻറ് മാനുഫാക്ച്ചറിങ് [ഓഇഎം] കമ്പനിയായ ആസ്ക് ഓട്ടോമോട്ടീവിന്റെ ഐപിഓയും അടുത്ത ആഴ്ചയിൽ നടക്കും. ഇഷ്യൂ വില നിലവാരം 268-282 നിരക്കിലാണ്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Assembly Elections and Indian Share Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com