ADVERTISEMENT

ആഗോള സമ്പദ് വ്യവസ്ഥ മുൻപെങ്ങുമില്ലാത്ത തരം പ്രതിസന്ധികളെ നേരിടുകയാണ്. ഏറ്റവും ഒടുവിൽ അത് ഇസ്രായേൽ–പാലസ്തീൻ സംഘർഷത്തിൽ വരെ എത്തിനിൽക്കുന്നു. പലവിധ അസ്ഥിരതകൾക്കിടയിലും അദ്ഭുതകരമായ ചെറുത്തുനിൽപ്പ് 2023ൽ വിവിധ സമ്പദ്‌വ്യവസ്ഥകളിൽ പ്രകടമാണ്. മാന്ദ്യം പ്രവചിച്ചിട്ടും, പ്രതിരോധം തകരാതെ പിടിച്ചുനിൽക്കുന്ന യുഎസ് അതിന് ഉദാഹരണം. 

അതേസമയം 2024ൽ കാര്യങ്ങൾ ഈ രീതിയിൽ ആവാൻ സാധ്യതയില്ല. വളർച്ച ഈ വർഷത്തെ അപേക്ഷിച്ച് ഇടിഞ്ഞേക്കും. യൂറോപ്പിൽ കാര്യങ്ങൾ അത്ര ശുഭകരമല്ല. നിർമാണ മേഖലയിലെ മുരടിപ്പ് പല യൂറോപ്യൻ രാജ്യങ്ങളെയും മാന്ദ്യത്തിലേക്ക് തള്ളിവിട്ടേക്കാം. പണപ്പെരുപ്പം കുറയുന്നതാണ് യൂറോപ്പിൽ നിന്നുള്ള ഒരു ശുഭകരമായ വാർത്ത. ചൈനീസ് സമ്പദ് വ്യവസ്ഥയും ദുർബലമായി തുടരുകയാണ്. 

അതേസമയം ആഗോള സാഹചര്യങ്ങൾക്ക് വിരുദ്ധമായ ട്രെൻഡ് ആണ് ഇന്ത്യയിൽ എന്നതിനാൽ ആശങ്കയുടെ ആവശ്യം ഇല്ല. സർക്കാറിന്റെ ചെലവഴിക്കൽ, കോർപറേറ്റ് മേഖലയിലെ നിക്ഷേപങ്ങൾ, വായ്പാ വളർച്ച, വാഹന വിൽപനയിലെ വർധന, മികച്ച മൺസൂൺ കാലം തുടങ്ങിയവയെല്ലാം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുള്ള വിശ്വാസം വർധിപ്പിക്കുന്നതാണ്. നടപ്പ് സാമ്പത്തികവർഷം ശരാശരി പണപ്പെരുപ്പം 5.25 ശതമാനം ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം കുറയുന്നതിന്റെ പശ്ചാത്തലത്തിൽ ഇനി പലിശ  നിരക്കുകളിൽ വർധന ഉണ്ടാകാനും ഇടയില്ല.  

ഈ സാഹചര്യത്തിൽ നിക്ഷേപകർക്ക് റിസ്ക് കുറഞ്ഞ, നേട്ടം ഉറപ്പാക്കുന്ന ഗവൺമെന്റ് സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകൾ പോർട്ട്ഫോളിയോയിലേക്ക് പരിഗണിക്കാം. നിലവിലെ നിരക്കുകൾ നിക്ഷേപകർക്ക് ആകർഷകമാണ്. മാത്രമല്ല സമീപകാലത്ത് പലിശ നിരക്ക് കുറയാനും സാധ്യതയില്ല. 2024 ജൂൺ മുതൽ ഇന്ത്യൻ ഗവൺമെന്റ് ബോണ്ടുകൾ ജെപി മോർഗൻ, തങ്ങളുടെ ഗവൺമെന്റ് ബോണ്ട് ഇൻഡക്സ്–എമർജിങ് മാർക്കറ്റ് (GBI-EM) സൂചികയിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ബോണ്ടുകളിലേക്ക് കൂടുതൽ വിദേശനിക്ഷേപം എത്തുന്നതിന് സൂചികയിലെ സാന്നിധ്യം സഹായകമാവും. 20-25 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപമാണ് അധികമായി പ്രതീക്ഷിക്കുന്നത്. ക്രൂഡ് ഓയിൽ വില ഉയരാനുള്ള സാധ്യത മാത്രമാണ് എതിരായി നിൽക്കുന്ന ഘടകം. അത് ശ്രദ്ധാപൂർവ്വം നിരീക്ഷിക്കേണ്ടതുണ്ട്.

നിക്ഷേപം ഏതു ഫണ്ടിൽ  ?

3 മുതൽ 12 മാസത്തെ കാലയളവിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആദിത്യ ബിർള സൺലൈഫിന്റെ അൾട്രാ–ഷോർട്ട് ലോ ഡ്യൂറഷൻ അല്ലെങ്കിൽ ഫ്ലോട്ടിങ് റേറ്റ് ഫണ്ടുകൾ പരിഗണിക്കാം. 12 മാസത്തിനു മുകളിൽ നിക്ഷേപിക്കാനാണെങ്കിൽ ആക്ടീവ് ഫണ്ടുകളാണ് അനുയോജ്യം. ഇത്തരക്കാർക്ക് കോർപറേറ്റ്, ഷോർട്ട് ടേം, ബാങ്കിങ്, പിഎസ്‌യു ഡെറ്റ് ഫണ്ടുകൾ നോക്കാം. 3 വർഷത്തിന് മുകളിലാണ് നിക്ഷേപ കാലയളവെങ്കിൽ ഡൈനാമിക് ബോണ്ട് ഫണ്ട് അല്ലെങ്കിൽ ടാർഗെറ്റ് മെച്യൂരിറ്റി ഡെറ്റ് ഫണ്ടുകൾ പരിഗണിക്കാവുന്നതാണ് 

മനോരമ സമ്പാദ്യം നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്. ആദിത്യ ബിർളാ സൺ ലൈഫ് എഎംസി ഫിക്സഡ് ഇൻകം വിഭാഗം  കോ–ഹെഡ് ആണ് ലേഖകൻ. 

English Summary:

Importance Of Debt Fund In Geopolitical Tensions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com