ടാറ്റ ടെക്നോളജീസ് ഐപിഒ നവംബർ 22 മുതൽ, അറിയേണ്ടതെല്ലാം

Mail This Article
ടാറ്റ ടെക്നോളജീസിന്‍റെ പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) നവംബർ 22 മുതൽ 24 വരെ നടക്കും. പൂർണമായും ഒഎഫ്എസിലൂടെ (ഓഫർ ഫോർ സെയിൽ) നടക്കുന്ന ഐപിഒയിൽ 6.08 (60,850,278) കോടി ഓഹരികൾ ആണ് വിൽക്കുക.
മാതൃകമ്പനിയായ ടാറ്റ മോട്ടോഴ്സ് 11.41 % ഓഹരികൾ വിൽക്കും. ആൽഫ ടിസി ഹോൾഡിങ്സ് (2.40%), ടാറ്റ ക്യാപ്പിറ്റൽ ഗ്രോത്ത് ഫണ്ട് (1.20%) എന്നിവരാണ് ഓഹരികൾ വിൽക്കുന്ന മറ്റ് നിക്ഷേപകർ. ഐപിഒയുടെ 10 ശതമാനം ടാറ്റ ടെക്നോളജീസിലെ ജീവനക്കാർക്കും ടാറ്റ മോട്ടോഴ്സ് ഓഹരി ഉടമകൾക്കുമായി നീക്കിവച്ചിട്ടുണ്ട്. സമാഹരിക്കുന്ന തുക, ഓഹരികളുടെ പ്രൈസ് ബാൻഡ് എന്നിവ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
അടുത്തിടെ ടാറ്റ മോട്ടോഴ്സ് , ടാറ്റ ടെക്നോളജീസിലെ 9.9 ശതമാനം ഓഹരികൾ ടിപിജി റൈസ് ക്ലൈമറ്റ് ഫണ്ടിനും (9 %) രത്തൻ ടാറ്റ എൻഡോവ്മെൻറ് ഫൗണ്ടേഷനും (0.9%) വിറ്റിരുന്നു. 1,467 കോടി രൂപയ്ക്കാണ് ടിപിജി ഓഹരികൾ സ്വന്തമാക്കിയത്. ഈ ഓഹരി വിൽപ്പനയെ തുടർന്നാണ് നേരത്തെ നിശ്ചയിച്ചതിൽ (9.57 കോടി ഓഹരികൾ) നിന്നും ഐപിഒയുടെ വലുപ്പം ടാറ്റ കുറച്ചത്. 16,300 കോടി രൂപയാണ് ടാറ്റ ടെക്നോളജീസിൻറെ മൂല്യം. നേരത്തെ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിൽ 1 ബില്യൺ ഡോളറും ടിപിജി നിക്ഷേപിച്ചിരുന്നു.
നിലവിലെ ഓഹരി വിഹിതം(%)
ടാറ്റ മോട്ടോഴ്സ്– 64.79
ടിപിജി റൈസ് ക്ലൈമറ്റ് ഫണ്ട്– 9
ആൽഫ ടിസി ഹോൾഡിങ്സ്- 7.26
ടാറ്റ ക്യാപ്പിറ്റൽ ഗ്രോത്ത് ഫണ്ട്- 3.63
മേഖല
പ്രോഡക്ട് എൻജിനീയറിങ് ആൻഡ് ഡിജിറ്റൽ സർവീസ് കമ്പനിയായ ടാറ്റ ടെക്നോളജീസ് ഒറിജിനൽ എക്യുപ്മെന്റ് മാനുഫാക്ചേഴ്സിന് (OEMs)ആണ് പ്രധാനമായും സേവനങ്ങൾ നൽകുന്നത്. ഓട്ടമോട്ടീവ്, എയ്റോസ്പെയ്സ്, ഇൻഡസ്ട്രിയൽ മെഷിനറി തുടങ്ങിയ മേഖലകളിലാണ് ശ്രദ്ധ ഊന്നിയിരിക്കുന്നത്. ഇന്ത്യ, സിംഗപ്പൂർ, യുകെ, തായ്‌ലൻഡ്, സ്വീഡൻ, ജർമനി, യുഎസ്എ, മെക്സിക്കോ റോമാനിയ എന്നീ രാജ്യങ്ങളിലായി 13 ഉപകമ്പനികളും ടാറ്റ ടെക്നോളജീസിനുണ്ട്. 2021–22 സമ്പത്തിക വർഷം കമ്പനിയുടെ ആകെ വരുമാനത്തിന്റെ 40 ശതമാനവും ടാറ്റ മോട്ടോഴ്സ്, ജാഗ്വാർ ലാൻഡ് റോവർ എന്നിവയിൽനിന്നായിരുന്നു.
മികച്ച സാമ്പത്തികനില
മുൻവർഷത്തെ അപേക്ഷിച്ച് 2022–23ൽ വരുമാനം 25.1 ശതമാനവും അറ്റാദായം 42.8 ശതമാനവും ആണ് ഉയർന്നത്. പൂർണമായും ഒഎഫ്എസിലൂടെ ആയതുകൊണ്ട് ടാറ്റ ടെക്നോളജീസിന് ഐപിഒയിലൂടെ തുകയൊന്നും ലഭിക്കില്ല.
