ഇന്ത്യൻ വിപണിയും വ്യക്തിഗത വായ്പാ നിയന്ത്രണങ്ങളും
Mail This Article
ഇന്ത്യൻ വിപണിക്ക് ആർബിഐ ഗവർണറുടെ പ്രസ്താവനകൾ ഇന്ന് വീണ്ടും തിരുത്തൽ നൽകിയെങ്കിലും അവസാന മണിക്കൂറിൽ തിരിച്ചു കയറി നേട്ടത്തിൽ ക്ളോസ് ചെയ്തു. ഏഷ്യൻ വിപണികൾ മിക്സഡ് ക്ളോസിങ് നടത്തിയതിന് പിന്നാലെ യൂറോപ്യൻ വിപണികളും ഇന്ന് മിക്സഡ് ഓപ്പണിങ് നടത്തി. അമേരിക്കൻ ഫ്യൂച്ചറുകളും മിക്സഡ് നിലയിലാണ് ഏഷ്യൻ വിപണി സമയത്ത് തുടരുന്നത്.
പേഴ്‌സണൽ ലോൺ നിയമ-നിയന്ത്രണങ്ങളെക്കുറിച്ച് ആർബിഐ ഗവർണർ വീണ്ടും വാചാലനായത് ഇന്ന് ബാങ്കിങ് ഓഹരികൾക്ക് വീണ്ടും തിരുത്തൽ നൽകി. ഐടി, ഫാർമ, ഓട്ടോ, എനർജി, എഫ്എംസിജി സെക്ടറുകൾ ഇന്ന് നേട്ടമുണ്ടാക്കി.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
ഇന്നലത്തെ ക്ളോസിങ് നിരക്കായ 19784 രൂപയിൽ തന്നെ വ്യാപാരം ആരംഭിച്ച നിഫ്റ്റി 19700 പോയിന്റിൽ പിന്തുണ നേടി വീണ്ടും തിരികെ കയറി 19811 പോയിന്റിലാണ് ക്ളോസ് ചെയ്തത്. 19740 പോയിന്റിലും, 19700 പോയിന്റിലുമാണ് നിഫ്റ്റിയുടെ ആദ്യ പിന്തുണകൾ. 19840 പോയിന്റ് പിന്നിട്ടാൽ 19900 പോയിന്റിലാണ് നിഫ്റ്റിയുടെ പ്രധാന റെസിസ്റ്റൻസ്.
ഇന്ന് വീണ്ടും വീണ ബാങ്ക് നിഫ്റ്റി 43230 പോയിന്റിൽ പിന്തുണ നേടി 43449 പോയിന്റിലാണ് ക്ളോസ് ചെയ്തത്. 43200 പോയിന്റിൽ പിന്തുണ പ്രതീക്ഷിക്കുന്ന ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ 43700 പോയിന്റിലും 44000 പോയിന്റിലുമാണ്. മികച്ച വിലയിലുള്ള ബാങ്കിങ് ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്.
ആർബിഐ ഗവർണർ വീണ്ടും
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും, ഫിക്കിയും ചേർന്ന് സംഘടിപ്പിച്ച ‘’ഫിബാക്’’ വാർഷികസമ്മേളനത്തിൽ വെച്ച് പേഴ്‌സണൽ ലോൺ നിയന്ത്രങ്ങളുടെ ആവശ്യകതയെക്കുറിച്ചും, എൻബിഎഫ്സികളും-ബാങ്കുകളും തമ്മിലുള്ള ഇടപാടുകളിൽ വരുത്തേണ്ട നിയന്ത്രങ്ങളെക്കുറിച്ചും ആർബിഐ ഗവർണർ വാചാനലായത് ഇന്ന് വീണ്ടും ബാങ്കിങ് സെക്ടറിന് തിരുത്തൽ നൽകി. ഭവന, വാഹന, ചെറുകിട വായ്പകൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകുമെന്ന് പറഞ്ഞ ശക്തികാന്ത ദാസ് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളോട് നിരക്കുകൾ തീരുമാനിക്കുന്നതിന് നൽകിയ സ്വാതന്ത്ര്യം കൂടുതൽ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കാനും ഉപദേശിച്ചു.
ഫാർമ സെക്ടർ
രണ്ട് മാസത്തെ കൺസോളിഡേഷന് ശേഷം വീണ്ടും ഒക്ടോബർ അവസാന ആഴ്ച മുതൽ മുന്നേറ്റം തുടങ്ങിയ ഇന്ത്യൻ ഫാർമ സെക്ടർ റെക്കോർഡ് നിരക്കിലാണ് മുന്നേറ്റം തുടരുന്നത്. മികച്ച രണ്ടാം പാദഫലങ്ങളാണ് ഇന്ത്യൻ ഫാർമ സെക്ടറിന്റെ മുന്നേറ്റത്തിനാധാരം. മികച്ച പാദഫലങ്ങൾ പ്രഖ്യാപിച്ച മിഡ് & സ്‌മോൾ ഫാർമ ഓഹരികൾ ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.
ഉയർന്ന നിരക്ക് നിലനിർത്താൻ ഫെഡ്
കഴിഞ്ഞ ഫെഡ് റിസർവ് യോഗത്തിലെ മിനുട്സ് പ്രകാരം പണപ്പെരുപ്പം ക്രമപ്പെട്ടു എന്ന വ്യക്തമായ സൂചന ലഭിക്കുന്നത് വരെ ഫെഡ് നിരക്ക് ഉയർന്ന നിരക്കിൽ തന്നെ നിലനിർത്താൻ ഫെഡ് അംഗങ്ങൾ പിന്തുണ നൽകുന്നത് വിപണിക്ക് ‘നിരാശ’ നൽകി. 2024 ന്റെ പകുതിയിലായിരിക്കും ഫെഡ് റിസർവ് നിരക്ക് കുറക്കുന്നത് പരിഗണിക്കുക. എങ്കിലും ഫെഡ് റിസർവ് ഇനിയും നിരക്ക് വർധന നടത്തിയേക്കില്ല എന്ന സൂചന വിപണിക്ക് അനുകൂലമാണ്. അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് ഫെഡ് മിനുട്സിന് ശേഷവും 4.40%ൽ തന്നെ ക്രമപ്പെടുന്നു. നാസ്ഡാക് ഇന്നലെ 0.59% നഷ്ടം കുറിച്ചു.
ഇന്ന് പുറത്ത് വരുന്ന അമേരിക്കൻ ജോബ് ഡേറ്റ അമേരിക്കൻ വിപണിയെ സ്വാധീനിച്ചേക്കാം. ജർമൻ, ഫ്രഞ്ച്, ബ്രിട്ടീഷ്, യൂറോ സോൺ പിഎംഐ ഡേറ്റകൾ നാളെ യൂറോപ്യൻ വിപണികളെയും സ്വാധീനിക്കും. നാളെ താങ്ക്സ് ഗിവിങ് അവധി ആഘോഷിക്കുന്ന അമേരിക്കൻ വിപണി വെള്ളിയാഴ്ച പകുതി സമയം മാത്രമേ പ്രവർത്തിക്കൂ എന്നതും വിപണിയിൽ ലാഭമെടുക്കലിന് വഴിവെച്ചേക്കാം. ജാപ്പനീസ് വിപണിയും നാളെ അവധിയിലാണ്.
ക്രൂഡ് ഓയിൽ
ഇന്ന് അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരകണക്കുകൾ വരാനിരിക്കെ ക്രൂഡ് ഓയിൽ വില വീണ്ടും സമ്മർദ്ദത്തിലാണ്. 81 ഡോളറിന് മുകളിൽ തുടരുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ ഒപെകിന്റെ യോഗത്തിൽ കൂടുതൽ പിന്തുണകളും പ്രതീക്ഷിക്കുന്നു.
സ്വർണം
ഫെഡ് മിനുട്സിനെ തുടർന്ന് ബോണ്ട് യീൽഡ് ക്രമപ്പെടുന്നത് സ്വർണത്തിന് അനുകൂലമാണ്. ഇന്ന് ഏഷ്യൻ വിപണി സമയത്ത് 2000 ഡോളർ പിന്നിട്ട രാജ്യാന്തര സ്വർണവില 2008 ഡോളർ വരെ മുന്നേറി.
ഐപിഓ
ഈയടുത്ത കാലത്ത് നടന്നതിൽ വച്ചേറ്റവും വലിയ ഐപിഓകൾ അടക്കം അഞ്ച് ഐപിഓകൾ ഒരുമിച്ച് നടക്കുന്നതും, ഐപിഓകൾ ‘പല ഇരട്ടി’ സബ്സ്ക്രൈബ് ചെയ്യപ്പെടുന്നതും ഇന്ത്യൻ വിപണിയിലെ ‘ലിക്വിഡിറ്റിയെ’ ഈയാഴ്ച ബാധിച്ചേക്കാം. അതുപോലെ തന്നെ അടുത്ത ആഴ്ചയിൽ ഐപിഓയിൽ ബ്ലോക്ക് ചെയ്യപ്പെട്ട പണം തിരികെ വിപണിയിലേക്കെത്തുന്നതും മികച്ച ലിസ്റ്റിങ് നേട്ടങ്ങളും അടുത്ത ആഴ്ചയിൽ ഇന്ത്യൻ വിപണിക്ക് അനുകൂലമാകുകയും ചെയ്തേക്കാം.
ടാറ്റ ടെക്‌നോളജീസിന്റെ ഇന്നാരംഭിച്ച ഐപിഓ നവംബർ 24-ന് വെള്ളിയാഴ്ച അവസാനിക്കുന്നു. ടാറ്റ ടെക്‌നോളജീസിന്റെ ഐപിഓ വില 475-500 രൂപയാണ്. മികച്ച ലിസ്റ്റിങ് പ്രീമിയം പ്രതീക്ഷിക്കുന്ന ഐപിഓ ആദ്യ മണിക്കൂറിൽ തന്നെ 100%ൽ കൂടുതൽ അപേക്ഷ നേടി.
ഇന്നലെ ആരംഭിച്ച ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് ഏജൻസി (ഐആർഇഡിഎ)യുടെ ഐപിഓ നാളെ അവസാനിക്കുന്നു. 30-32 രൂപ നിരക്കിൽ 2150 കോടി രൂപ സമാഹരിക്കുന്നു. ആദ്യദിനത്തിൽ തന്നെ ‘’ഓവർ സബ്സ്ക്രൈബ്ഡ്’’ ആയ ഐപിഓ മികച്ച ലിസ്റ്റിങ് നേട്ടം പ്രതീക്ഷിക്കുന്നു. 47515 കോടി രൂപ ഗ്രീൻ എനർജി മേഖലയിൽ വായ്പയായി നൽകിയിട്ടുള്ള എൻബിഎഫ്സിയുടെ ഐപിഓ നിക്ഷേപത്തിന് പരിഗണിക്കാം.
ഇന്നാരംഭിച്ച ഫ്ലെയർ റൈറ്റിങ് ഇൻസ്ട്രമെന്റ്സിന്റെയും, ഗാന്ധർ ഓയിൽ റിഫൈനറിയുടെയും ഐപിഓകളും വെള്ളിയാഴ്ച അവസാനിക്കുന്നു.
ഫെഡറൽ ബാങ്കിന്റെ ഉപകമ്പനിയായ ഫെഡ്-ബാങ്ക് ഫിനാൻഷ്യൽ സർവീസസിന്റെ ഐപിഓയും നവംബർ 24ന് വെള്ളിയാഴ്ച അവസാനിക്കുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക