ADVERTISEMENT

ഇന്ത്യൻ വിപണി നവംബറിലിത് വരെ മികച്ച മുന്നേറ്റമാണ് നടത്തിയത്. ഒക്ടോബർ അവസാന ആഴ്ചയിൽ ജൂണിന് ശേഷമുള്ള ഏറ്റവും മോശം നിരക്കിലേക്കിറങ്ങിയ ഇന്ത്യൻ വിപണി നവംബറിൽ‘യുദ്ധ’നഷ്ടങ്ങൾ തിരിച്ചു പിടിച്ചു. മുൻആഴ്ചയിൽ 19732 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വെള്ളിയാഴ്ച 19795 പോയിന്റിലും, മുൻ ആഴ്ചയിൽ 65794 പോയിന്റിൽ ക്ളോസ് ചെയ്ത സെൻസെക്സ് വെള്ളിയാഴ്ച്ച 65970 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ബാങ്കിങ്, ഐടി സെക്ടറുകൾ കഴിഞ്ഞ ആഴ്ചയിൽ നഷ്ടത്തിൽ അവസാനിച്ചതാണ് ഇന്ത്യൻ വിപണിക്കും അതി മുന്നേറ്റം നിഷേധിച്ചത്. പൊതുമേഖല ബാങ്കുകൾ 4%ൽ കൂടുതൽ നഷ്ടം കഴിഞ്ഞ ആഴ്ചയിൽ കുറിച്ചപ്പോൾ ഫാർമ, റിയൽറ്റി സെക്ടറുകൾ കഴിഞ്ഞ ആഴ്ചയിൽ 2% വീതം നേട്ടമുണ്ടാക്കി. ഓട്ടോ, മെറ്റൽ, പൊതു മേഖല സെക്ടറുകളും നിഫ്റ്റി മിഡ്ക്യാപ് സൂചികകളും കഴിഞ്ഞ ആഴ്ചയിൽ നേട്ടമുണ്ടാക്കി. 

ഇന്ത്യൻ വിപണി നാളെ അവധി 

വ്യാഴാഴ്ച ഇന്ത്യയുടെ രണ്ടാംപാദ ആഭ്യന്തര ഉല്പാദനകണക്കുകൾ പുറത്ത് വരുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 7.8% വളർച്ച നേടിയ ഇന്ത്യൻ ആഭ്യന്തര ഉത്പാദനം കഴിഞ്ഞ പാദത്തിൽ കാലാവസ്ഥ കെടുതികളും, ഉത്സവ സീസണുകളും മറികടന്ന് മികച്ച വളർച്ച നേടിയിട്ടുണ്ടാകാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ വിപണി. 

ഒക്ടോബർ മാസത്തിലെ ഇന്ത്യയുടെ മാനുഫാക്ച്ചറിങ് ഔട്ട്പുട്ടും, ആർബിഐയുടെ പണനയ അവലോകന വിലയിരുത്തലുകളും വ്യാഴാഴ്ചയാണ് പുറത്ത് വരുന്നത്. ഇന്ത്യയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ വെള്ളിയാഴ്ചയും പുറത്ത് വരുന്നു. 

ഗുരുനാനാക് ജയന്തി പ്രമാണിച്ച് ഇന്ത്യൻ ഓഹരി വിപണിക്ക് തിങ്കളാഴ്ച അവധിയാണ്. 

തിരഞ്ഞെടുപ്പ് ഫലങ്ങൾ 

mkt-map-3-

നവംബർ 30  വരെ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഡിസംബർ മൂന്നിന് പുറത്ത് വരുന്നതിന് മുൻപ് ഇന്ത്യൻ വിപണിയിലും ചാഞ്ചാട്ടങ്ങൾ പ്രതീക്ഷിക്കുന്നു. എക്സിറ്റ് പോളുകളും, തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ഫണ്ടുകളും വലിയ നിക്ഷേപകരും കരുതലെടുക്കുന്നതുമാകും അടുത്ത ആഴ്ചയിലെ ഇന്ത്യൻ വിപണിയുടെ ഗതി നിർണയിക്കുക. 

സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങൾ മെയ് മാസത്തിൽ നടക്കാനിരിക്കുന്ന  പൊതു തിരഞ്ഞെടുപ്പ് ഫലത്തിന്റെ ‘’സൂചനയല്ല’’ എന്ന വിപണി വിലയിരുത്തൽ വന്നു കഴിഞ്ഞത് വിപണിക്ക് അനുകൂലമാണെങ്കിലും രാജ്യാന്തര ഫണ്ടുകൾ തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂക്ഷ്മമായി പരിശോധിക്കുമെന്നത് പ്രധാനമാണ്.  

ഫെഡ് തീരുമാനങ്ങൾ ഡിസംബർ 13ന് 

കഴിഞ്ഞ ഫെഡ് യോഗത്തിന്റെ മിനുട്സ് പുറത്ത് വന്ന കഴിഞ്ഞ ആഴ്ചയിൽ അമേരിക്കൻ വിപണിയും നേട്ടമുണ്ടാക്കി. ഫെഡ് റിസർവ് ഉയർന്ന നിരക്ക് കൂടുതൽ കാലത്തേക്ക് നിലനിർത്തിയേക്കാമെന്ന സൂചന വിപണി ഉൾക്കൊണ്ട് കഴിഞ്ഞതും, ഫെഡ് അംഗങ്ങൾ നിരക്ക് വർദ്ധനവിന് വേണ്ടി വാദിക്കുന്നില്ല എന്നതും വിപണിക്ക് അനുകൂലമാണ്. ഡോളറും, ബോണ്ട് യീൽഡും തിരുത്തലിന് ശേഷം വീണ്ടും തിരിച്ചു കയറി തുടങ്ങിയത് ഓഹരി വിപണിക്ക് ആശങ്കയാണ്. യൂറോപ്യൻ വിപണികളും കഴിഞ്ഞ ആഴ്ചയിൽ നേട്ടമുണ്ടാക്കി.  

global-share6

അമേരിക്കൻ ഫെഡ് റിസർവിന്റെ അടുത്ത യോഗം ഡിസംബർ 12-13 തീയതികളായിലാണ് നടക്കുക. അമേരിക്കൻ പണപ്പെരുപ്പം ഒക്ടോബറിൽ സ്ഥിരത നേടിയത് ഫെഡ് റിസർവ് ഇനിമേൽ നിരക്ക് വർദ്ധന നടത്തിയേക്കില്ല എന്ന പ്രതീക്ഷക്ക് ആക്കം കൂട്ടി.   

വിപണിയിൽ അടുത്ത ആഴ്ച

∙ബുധനാഴ്ച വരുന്ന അമേരിക്കയുടെ മൂന്നാം പാദ ജിഡിപി കണക്കുകളും, വ്യാഴാഴ്ച വരുന്ന പിസിഇ ഡേറ്റയും ലോക വിപണിയെ സ്വാധീനിക്കും. ഫെഡ് അംഗങ്ങളുടെ പ്രസംഗങ്ങളും, വെള്ളിയാഴ്ച വീണ്ടും ഫെഡ് ചെയർമാൻ സംസാരിക്കാനിരിക്കുന്നതും ഈയാഴ്ച അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. അമേരിക്കൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ വെള്ളിയാഴ്ചയാണ് പ്രഖ്യാപിക്കുക. 

∙ബുധനാഴ്ച വരാനിരിക്കുന്ന ജർമൻ, സ്പാനിഷ് പണപ്പെരുപ്പക്കണക്കുകളും, വ്യാഴാഴ്ച വരുന്ന യൂറോ സോൺ, ഫ്രഞ്ച്, ഇറ്റാലിയൻ പണപ്പെരുപ്പക്കണക്കുകളും  യൂറോപ്യൻ വിപണിക്ക് പ്രധാനമാണ്. ഫ്രഞ്ച് ജിഡിപി കണക്കുകളും, ജർമൻ റീറ്റെയ്ൽ കണക്കുകളും വ്യാഴാഴ്ച തന്നെയാണ് പുറത്ത് വരുന്നത്. 

∙തിങ്കളാഴ്ച ചൈനയുടെ വ്യാവസായിക ലാഭക്കണക്കുകളും, വ്യാഴാഴ്ച ചൈനയുടെ മാനുഫാക്ച്ചറിങ് പിഎംഐ കണക്കുകളും, ജാപ്പനീസ് വ്യാവസായിക ഉല്പാദനകണക്കുകളും, റീറ്റെയ്ൽവില്പന കണക്കുകളും ഏഷ്യൻ വിപണിയെയും സ്വാധീനിക്കും. വെള്ളിയാഴ്ചയാണ് ചൈനയുടെ കോ-ആക്സിൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ പുറത്ത് വരുന്നത്. 

ഓഹരികളും സെക്ടറുകളും 

Mkt1

∙പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ നവംബര് 30ന് നടക്കാനിരിക്കുന്ന ഡിഫൻസ് അക്വിസിഷൻ കമ്മിറ്റിയുടെ യോഗം പുതിയ വിമാന വാഹിനിക്കപ്പലും, പുതിയ യുദ്ധവിമാനങ്ങളും, ഹെലികോപ്ടറുകളും വാങ്ങുന്നതിനുള്ള ആദ്യ പടിയായ ‘’അക്സപ്റ്റൻസ് ഓഫ് നെസെസിറ്റി’’ നൽകിയേക്കാമെന്ന പ്രതീക്ഷ വെള്ളിയാഴ്ച ഡിഫൻസ് ഓഹരികൾക്ക് മുന്നേറ്റം നൽകി. 

∙ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സിന് 97 തേജസ് യുദ്ധവിമാനങ്ങളുടെയും, 100ൽപരം പ്രചണ്ഡ ഹെലികോപ്ടറുകളുടെയും ഓർഡറുകൾ ലഭ്യമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. 46498 കോടി രൂപയ്ക്കാണ് 2021ൽ 83 തേജസ് വിമാനങ്ങൾക്കുള്ള ഓർഡർ ഇന്ത്യൻ സേന എച്ച്എഎലിന് നൽകിയത്. 

∙വിമാനവാഹിനികപ്പലിന് ഇത്തവണ ഡിഎസി അനുമതി നൽകുമെന്ന റിപ്പോർട്ടുകൾ കൊച്ചിൻ ഷിപ്യാർഡിനും അനുകൂലമാണ്. 

∙ഇപ്പോൾ 130 യുദ്ധക്കപ്പലുകളും, അന്തർ വാഹിനികളുമുള്ള ഇന്ത്യൻ നേവിക്ക് 2035 ആകുമ്പോളേക്കും 170ൽ കൂടുതൽ യുദ്ധക്കപ്പലുകളും, അന്തർ വാഹിനികളുമുണ്ടായിരിക്കും. ഇപ്പോൾ പണിപ്പുരയിലുള്ള 67 എണ്ണത്തിന് പുറമെ 45 പുതിയ യുദ്ധക്കപ്പലുകൾക്കും, അന്തർവാഹിനികൾ കൂടി ‘അത്യാവശ്യ’ ശ്രേണിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ഇന്ത്യൻ കപ്പൽ നിർമാണമേഖലക്ക് അനുകൂലമാണ്. 

∙അതിമികവ് പുലർത്തിയ റിസൾട്ടുകളുടെ പിൻബലത്തിൽ നവംബറിൽ മികച്ച മുന്നേറ്റമാണ് ഇന്ത്യൻ റിയൽറ്റി സെക്റ്റർ നടത്തിയത്. റിയാലിറ്റി ഓഹരികൾ ഇനിയും നിക്ഷേപത്തിന് പരിഗണിക്കാം. 

∙മികച്ച രണ്ടാം പാദഫലങ്ങളുടെ പിൻബലത്തിൽ ഇന്ത്യൻ ഫാർമ സെക്ടറും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. മികച്ച പാദഫലങ്ങൾ പ്രഖ്യാപിച്ച മിഡ് & സ്‌മോൾ ഫാർമ ഓഹരികൾ ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം. 

∙വർദ്ധിച്ചു വരുന്ന ജനസംഖ്യയുടെ യാത്രാവശ്യങ്ങൾ പരിഹരിക്കാനായി അടുത്ത അഞ്ച് വർഷങ്ങൾക്കുള്ളിൽ 3000 പുതിയ ട്രെയിനുകൾ കൂടി കൊണ്ട് വരുന്നത് ട്രെയിൻ വാഗൺ നിർമാതാക്കൾക്ക് അനുകൂലമാണ്. 

∙ജൂപ്പിറ്റർ വാഗൺസ്, ടിറ്റാഗർ വാഗൺസ് മുതലായ ഓഹരികൾക്കൊപ്പം എഞ്ചിൻ നിർമാതാക്കളായ സീമെൻസും ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം. 

∙ക്രിക്കറ്റ് ലോകകപ്പ് സമയത്ത് കൂടുതൽ ഓർഡറുകൾ ലഭിച്ചത് സൊമാറ്റോയുടെ അടുത്ത റിസൾട് കൂടുതൽ മികച്ചതാക്കിയേക്കാം. അടുത്ത തിരുത്തൽ ഓഹരിയിൽ അവസരമാണ്. മോർഗൻ സ്റ്റാൻലി ഓഹരിക്ക് 140 രൂപ ലക്‌ഷ്യം കാണുന്നത് ഓഹരിക്ക് ഒരാഴ്ചത്തെ വീഴ്ചക്ക് ശേഷം വെള്ളിയാഴ്ച പോസിറ്റീവ് ക്ളോസിങ് നൽകി.

∙മോർഗൻ സ്റ്റാൻലി ആക്സിസ് ബാങ്കിന്റെ ലക്ഷ്യ വില 1275 രൂപയിലേക്ക് ഉയർത്തിയത് ഓഹരിക്ക് അനുകൂലമാണ്. ജെഫെറീസ് 1250 രൂപയും, എച്ച്എസ്ബിസി 1200 രൂപയും ബാങ്കിന് ലക്‌ഷ്യം കാണുന്നു.

∙സൊമാറ്റോ, എൽ&ടി, ജെഎസ്ഡബ്ലിയു എനർജി, എയു സ്‌മോൾ ഫിനാൻസ് ബാങ്ക് എന്നീ ഓഹരികളുടെ വെയിറ്റേജ് ജെഫെറീസ് ഉയർത്തിയത് ഓഹരികൾക്ക് അനുകൂലമാണ്. 

∙വാറൻ ബഫറ്റിന്റെ നിക്ഷേപകമ്പനി പേടിഎമ്മിന്റെ ഓഹരികൾ വിറ്റൊഴിഞ്ഞത് വെള്ളിയാഴ്ച ഓഹരിക്ക് 3% തിരുത്തൽ നൽകി. ഇത് വരെ ലാഭത്തിലായിട്ടില്ലാത്ത ഡിജിറ്റൽ പേയ്മെന്റ് കമ്പനിയുടെ മികച്ച വരുമാനവളർച്ച അനുകൂലഘടകമാണ്. 

∙ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിൽ നിന്നും 125 ദശലക്ഷം ഡോളറിന്റെ കരാറൊപ്പിട്ടത് എൽ&ടി ഫിനാൻസിന് അനുകൂലമാണ്. 

ക്രൂഡ് ഓയിൽ 

നവംബർ 30ലേക്ക് മാറ്റിവെക്കപ്പെട്ട ഒപെക് പ്ലസ് യോഗതീരുമാനങ്ങളാകും അടുത്ത ആഴ്ച്ചയിൽ രാജ്യാന്തര എണ്ണ വില തീരുമാനിക്കുക. അമേരിക്കൻ എണ്ണ ശേഖരത്തിലെ വർദ്ധനയും, ഒപെക് പ്ലസ് യോഗം മാറ്റിവെക്കപ്പെട്ടതും, ഹമാസ് തടവുകാരെ വിട്ടുകൊടുത്തതും മുന്നേറി വന്ന ക്രൂഡ് ഓയിൽ വിലയിൽ കഴിഞ്ഞ ആഴ്ചയിൽ ലാഭമെടുക്കലിന് കാരണമായി. ബ്രെന്റ് ക്രൂഡ് ഓയിൽ വെള്ളിയാഴ്ച 80 ഡോളറിലാണ് ക്ളോസ് ചെയ്തത്. 

സ്വർണം 

ഫെഡ് റിസർവ് നിരക്ക് വർദ്ധിപ്പിച്ചേക്കില്ല എന്ന വിപണി സൂചന സ്വർണത്തിനും അനുകൂലമാണെന്നത് രാജ്യാന്തര സ്വർണ അവധിക്ക് 2000 ഡോളറിന് മുകളിൽ ക്ളോസിങ് നൽകി. എംസിഎക്‌സിൽ സ്വർണഅവധി വില 10 ഗ്രാമിന് 61,000 രൂപക്ക് മുകളിൽ ക്ളോസ് ചെയ്തപ്പോൾ മുംബൈ സ്പോട്ട് വിപണിയിൽ 10 ഗ്രാമിന് 63,000 രൂപക്ക് മുകളിലാണ് സ്വർണ വില.   

IPO

ഐപിഓ വിജയം 

കഴിഞ്ഞ ആഴ്ചയിൽ നടന്ന ഈ വർഷം ഇന്ത്യൻ വിപണി കണ്ട ഏറ്റവും വലിയ ഐപിഓകളെല്ലാം ചേർന്ന് ഇന്ത്യൻ വിപണിയിൽ ഒരാഴ്ചയിലെ ഏറ്റവും വലിയ ഐപിഓ തുകയാണ് സമാഹരിച്ചത്. കഴിഞ്ഞ ആഴ്ചയിലെ ആറ് ഐപിഓകളും ചേർന്ന് 360,000 കോടിയിൽപരം രൂപയാണ് നേടിയത്. ഐപിഓകളിൽ സമാഹരിക്കപ്പെട്ട അധിക തുക തിരിച്ച് വിപണിയിലേക്ക് തന്നെ വരുന്നത് അടുത്ത ആഴ്ചകളിൽ വിപണിക്ക് അനുകൂലമാണ്. 

ടാറ്റ ടെക്‌നോളജിയുടെ ഐപിഓ 69 ഇരട്ടി അപേക്ഷകളാണ് സ്വന്തമാക്കിയത്. റീറ്റെയ്ൽ വിഭാഗത്തിൽ 16.5 ഇരട്ടി അപേക്ഷകൾ ലഭിച്ചപ്പോൾ നോൺ ഇന്സ്ടിട്യുഷണൽ വിഭാഗത്തിൽ 62 ഇരട്ടിയും, നിക്ഷേപക സ്ഥാപനങ്ങളിൽ നിന്നും 203 ഇരട്ടിയും അപേക്ഷകളാണ് ലഭിച്ചത്. ഗ്രേമാർക്കറ്റ് പ്രീമിയം 400 രൂപയുള്ള ഓഹരി മികച്ച ലിസ്റ്റിങ് നേട്ടം പ്രതീക്ഷിക്കുന്നു. 

2150 കോടി രൂപയുടെ ഐആർഇഡിഎ ഐപിഓ 84000 കോടി രൂപ സമാഹരിച്ചപ്പോൾ ഗാന്ഥാർ ഓയിൽ 66 ഇരട്ടിയും, ഫ്ലെയർ പേന 50 ഇരട്ടി അപേക്ഷകളും സ്വന്തമാക്കി. 

ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവിസ് ഐപിഓയുടെ അവസാനദിനത്തിൽ  രണ്ടിരട്ടി അപേക്ഷകൾ സ്വന്തമാക്കി. 1100 കോടി രൂപയുടെ ഐപിഓ 2500 കോടി രൂപ സമാഹരിച്ചു.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Global Share Market in Coming Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com