ADVERTISEMENT

രാജ്യാന്തര ഫണ്ടുകളുടെ പിന്തുണയിൽ മുൻനിര ഓഹരികൾ നേട്ടമുണ്ടാക്കിയ ഇന്ന് ഇന്ത്യൻ വിപണി വീണ്ടും മുന്നേറ്റം തുടർന്നു. മറ്റ് ഏഷ്യൻ വിപണികളെല്ലാം നഷ്ടം കുറിച്ചപ്പോൾ ഇന്ത്യ മാത്രമാണ് നേട്ടമുണ്ടാക്കിയ ഏക ഏഷ്യൻ വിപണി. യൂറോപ്യൻ വിപണികളും, ബോണ്ട് യീൽഡ് വീഴ്ചയെത്തുടർന്ന് അമേരിക്കൻ ഫ്യൂച്ചറുകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം  സെക്ടറുകൾ മുന്നിൽ നിന്നും നയിച്ച ഇന്ത്യൻ വിപണി മികച്ച മുന്നേറ്റമാണ് നടത്തിയത്. സുപ്രീം കോടതിയുടെ പരാമർശത്തിന്റെ പിൻബലത്തിൽ ഇന്നലെയും, ഇന്നും മുന്നേറ്റം നടത്തിയ അദാനി ഓഹരികൾ ലാഭമെടുക്കൽ നേരിട്ടു. 

നിഫ്റ്റി വീണ്ടും റെക്കോർഡിനരികെ

ഇന്ന് 200 പോയിന്റിലധികം നേട്ടമുണ്ടാക്കിയ നിഫ്റ്റി റെക്കോർഡ് ഉയരമായ 20222 പോയിന്റിൽ നിന്നും അധികം ദൂരെയല്ലാതെ ക്ളോസ് ചെയ്‌തത്‌ വിപണിക്ക് ആവേശമായി. 20104 പോയിന്റ് വരെ മുന്നേറി 20096 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റിയുടെ അടുത്ത കടമ്പകൾ 2140 പോയിന്റിലും 20200 പോയിന്റിലുമാണ്. 20000 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 19940 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത പിന്തുണ 

തെരെഞ്ഞെടുപ്പ് ഫലം ഞായറാഴ്ച 

അഞ്ച് സംസഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലം ഡിസംബർ മൂന്ന്, ഞായറാഴ്ച വരാനിരിക്കുന്നത് ഇന്ത്യൻ വിപണിയിലും ചാഞ്ചാട്ടകാരണമായേക്കാം. മോർഗൻ സ്റ്റാൻലിക്കൊപ്പം മറ്റ് വിദേശഫണ്ടുകളും ഇന്ത്യൻ ഓഹരികളിൽ നടത്തുന്ന നിക്ഷേപപിന്തുണയിൽ മുന്നേറുന്ന ഇന്ത്യൻ വിപണിയിൽ തെരെഞ്ഞെടുപ്പ്-ചാഞ്ചാട്ടങ്ങൾ അടുത്ത അവസരം തുറന്നേക്കാം. 

ഓട്ടോ സെക്ടർ 

ടാറ്റ ടെക്ക് ഓഹരികൾ നാളെ ലിസ്റ്റ് ചെയ്യാനിരിക്കെ ടാറ്റ മോട്ടോർസ് തുടർച്ചയായി മുന്നേറുന്നത് ഇന്ത്യൻ ഓട്ടോ സെക്ടറിനും അനുകൂലമായി. മഹീന്ദ്രയും, ഹീറോയും മൂന്ന് ശതമാനം വീതം മുന്നേറിയ ഇന്ന് ടാറ്റ മോട്ടോഴ്സും, അശോക് ലൈലൻഡും, ടിവിഎസ് മോട്ടോഴ്സും നേട്ടമുണ്ടാക്കി. ടാറ്റ ടെക്നോളജീസിന്റെ ലിസ്റ്റിങ് ടാറ്റ ഓഹരിക്ക് പ്രതീക്ഷയാണ്. 

പിസിഇ ഡേറ്റ 

അമേരിക്കൻ ഫെഡ് അംഗങ്ങളുടെ അഭിപ്രായപ്രകടനങ്ങളാണ് ഇന്നലെയും അമേരിക്കൻ വിപണിക്ക് അനുകൂലമായത്. ഇനിയും ഫെഡ് അംഗങ്ങളും, ഫെഡ് ചെയർമാനും ഈയാഴ്ച വീണ്ടും സംസാരിക്കാനിരിക്കുന്നതും, ഫെഡ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന പിസിഇ ഡേറ്റ വ്യാഴാഴ്ച പുറത്ത് വരാനിരിക്കുന്നതും നിർണായകമാണ്. ഡിസംബർ പതിന്നാലിനാണ് ഫെഡ് യോഗ തീരുമാനങ്ങൾ പുറത്ത് വരിക. ഇന്ന് അമേരിക്കയുടെ മൂന്നാം പാദ ജിഡിപി കണക്കുകളും പുറത്ത് വരുന്നതും വിപണിക്ക് പ്രധാനമാണ്.  

ക്രൂഡ് ഓയിൽ 

നാളത്തെ ഒപെക് യോഗതീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ് ഓയിൽ ബുള്ളുകൾ. 2024ലെ ‘എണ്ണനയം’ രൂപപ്പെടുത്താനായി എണ്ണരാജാക്കന്മാർ തമ്മിൽ തർക്കവിഷയങ്ങളിൽ തീരുമാനമായില്ലെങ്കിൽ ഇനിയും നീട്ടിവയ്ക്കപ്പെട്ടേക്കാമെന്ന് കരുതുന്ന ഒപെക് യോഗം ക്രൂഡ് ഓയിൽ വിലയുടെ ഗതി നിർണയിക്കും. ബ്രെന്റ് ക്രൂഡ് ഓയിൽ വില 82 ഡോളറിലാണ് തുടരുന്നത്. 

കുതിക്കുന്ന സ്വർണവില 

ഫെഡ് അംഗങ്ങളുടെ സമ്മിശ്ര പ്രതികരണങ്ങൾ ഫെഡ് നിരക്ക് വർദ്ധന സാധ്യത കുറക്കുന്നത് അമേരിക്കൻ ബോണ്ട് യീൽഡിന് നൽകിയ തിരുത്തലും, രാജ്യാന്തര ആവശ്യകതയിലെ മുന്നേറ്റവും സ്വർണത്തിന് അനുകൂലമായി. രാജ്യാന്തര സ്വർണവില 2052 ഡോളർ വരെ മുന്നേറിയ ശേഷം 2040 ഡോളറിലാണ് വ്യാപാരം തുടരുന്നത്.

ലിസ്റ്റിങ്ങുകൾ 

ഇന്ന് ലിസ്റ്റ് ചെയ്ത ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് അതോറോറ്റിയുടെ ഓഹരി മികച്ച നേട്ടമുണ്ടാക്കി. 32 രൂപക്ക് ഇഷ്യു ചെയ്ത ഓഹരി 87.50 % മുന്നേറി 60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി നേട്ടം തുടർന്നേക്കും. 

നാളെയാണ് റെക്കോർഡ് ഐപിഓ നേട്ടമുണ്ടാക്കിയ ടാറ്റ ടെക്‌നോളജീസ്  ഓഹരിയുടെ ലിസ്റ്റിങ്. 

ഗാന്ധർ ഓയിൽ, ഫെഡ്‌ബാങ്ക് ഫിനാൻഷ്യൽ സർവീസസ് എന്നീ ഓഹരികളും നാളെയാണ് ലിസ്റ്റ് ചെയ്യുക.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com