ADVERTISEMENT

പൂർവ്വാധികം ശക്തിയോടെ തിരിച്ചു വന്ന ഇന്ത്യൻ വിപണി വീണ്ടും റെക്കോർഡ് തിരുത്തിയ ആഴ്ചയാണ് കടന്നു പോയത്. അഭ്യന്തര ഉല്പാദനകണക്കുകളും, എക്സിറ്റ് പോളുകളും ഇന്ത്യൻ വിപണിയുടെ കഴിഞ്ഞ ആഴ്ചത്തെ മുന്നേറ്റത്തിന് ആക്കം കൂട്ടി. മുൻ ആഴ്ചയിൽ 19795 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി ഇന്നലെ റെക്കോർഡ് തിരുത്തി 20291 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷം 20267 പോയിന്റിലാണ് അവസാനിച്ചത്. കഴിഞ്ഞ ആഴ്ച 65970 പോയിന്റിൽ ക്ളോസ് ചെയ്ത സെൻസെക്സ് 67481 പോയിന്റിലാണ് ഈയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ത്യൻ വിപണിയിലെ സകലസെക്ടറുകളും നേട്ടമുണ്ടാക്കിയ കഴിഞ്ഞ ആഴ്ചയിൽ മികച്ച മുന്നേറ്റം നടത്തിയ പൊതുമേഖല 5%ൽ കൂടുതൽ മുന്നേറി. മിക്ക സെക്ടറുകളും 2%ൽ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ഐടി സെക്ടർ നേട്ടമുണ്ടാക്കാതെ പോയി.  

ജിഡിപി കുതിപ്പ് 

രണ്ടാം പാദത്തിൽ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം വിപണി പ്രതീക്ഷക്കും വളരെ മുകളിൽ വളർച്ച കുറിച്ചത് ഇന്ത്യൻ വിപണിയുടെ അടിത്തറ ശക്തമാണെന്ന ധാരണയും ഉറപ്പിച്ചു. കഴിഞ്ഞ പാദത്തിൽ ഇന്ത്യൻ ജിഡിപി 7.6% മുന്നേറ്റം നേടിയതോടെ. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 7%ൽ കൂടുതൽ വളർച്ച സ്വന്തമാക്കുമെന്ന പ്രതീക്ഷയും ശക്തമായി. 

rupee-count

മാനുഫാക്ച്ചറിങ്, മൈനിങ് മേഖലകൾ യഥാക്രമം 13.9%വും, 13.1%വും വീതം വളർന്നപ്പോൾ വൈദ്യുതി, ഗ്യാസ് സെക്ടറുകൾ 10%ൽ കൂടുതലും മുന്നേറ്റം നേടി. നവംബറിൽ ഇന്ത്യയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ വീണ്ടും 56 പോയിന്റ് കുറിച്ചത് വ്യവസായികോല്പാദനം മികച്ച വളർച്ചയെയാണ് സൂചിപ്പിക്കുന്നത്. 

എക്സിറ്റ് പോളുകൾ

ഞായറാഴ്ച വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലങ്ങൾക്കനുസരിച്ചായിരിക്കും ഇന്ത്യൻ വിപണിയുടെ തുടർ സഞ്ചാരം. എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത് പോലെ രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലങ്ങൾ വിപണിക്ക് വളരെ നിർണായകമാണ്.

ആർബിഐ നയാവലോകനം അടുത്ത ആഴ്ച 

വെള്ളിയാഴ്ചയാണ് ആർബിഐയുടെ പുതിയ പലിശ നിരക്ക് തീരുമാനങ്ങൾ പ്രഖ്യാപിക്കുക. ആർബിഐ നിരക്കുകളിൽ മാറ്റം കൊണ്ട് വന്നേക്കില്ല എന്ന് തന്നെ വിപണി കരുതുന്നു. ഇന്ത്യയുടെ ജിഡിപി വളർച്ചയിൽ അഭൂതപൂർവമായ വളർച്ച പ്രവചിച്ച ആർബിഐ ഗവർണറുടെ പ്രവചനങ്ങൾ സത്യമായ സ്ഥിതിക്ക് ഇനി ശക്തികാന്ത ദാസിന്റെ പ്രവചനങ്ങൾക്ക് വിപണിയിലും സ്വാധീനം വർദ്ധിച്ചേക്കാം. 

up-17-

ഫെഡ് യോഗം 

ഓഗസ്റ്റിലും, സെപ്റ്റംബറിലും, ഒക്ടോബറിലും തിരുത്തലിന്റെ പിടിയിൽ ഭയന്ന് നിന്ന അമേരിക്കൻ സൂചികകൾ നവംബറിൽ അഭൂതപൂർവ്വമായ മുന്നേറ്റമാണ് നടത്തിയത്. ഡിസംബറിന്റെ ആദ്യ ദിനവും മുന്നേറ്റത്തോടെ  അവസാനിപ്പിച്ച ഡൗ ജോൺസ്‌ നവംബറിൽ 7%ൽ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ നാസ്ഡാക്കും, എസ്&പിയും 2022 ജൂലൈക്ക് ശേഷമുള്ള ഏറ്റവും മികച്ച മാസനേട്ടവും നവംബറിൽ സ്വന്തമാക്കി. ഫെഡ് ചെയർമാൻ വെള്ളിയാഴ്ച നിരക്ക് കുറക്കുന്നതിന് സമയമായില്ല എന്ന് സൂചിപ്പിച്ചത് ‘നിരക്ക് വർധനയില്ല’എന്ന ധാരണക്ക് പിന്‍ബലമേകുന്നത് അമേരിക്കൻ ബോണ്ട് യീൽഡിന് വീണ്ടും തിരുത്തൽ നൽകിയതും വിപണിക്ക് അനുകൂലമായി.  

ഫെഡ് റിസർവ് പലിശ നിരക്ക് ഉയർത്തില്ല എന്ന ഉറപ്പാണ് അമേരിക്കൻ വിപണിയുടെ മുന്നേറ്റത്തിന് കൂടുതൽ പിന്‍ബലമേകുന്നത്. ഫെഡ് റിസർവ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന അമേരിക്കൻ പിസിഇ ഡേറ്റ നവംബറിൽ ക്രമപ്പെട്ടത് ഫെഡ് റിസർവ് നയങ്ങൾ ശരിയായ ദിശയിലാണെന്ന ധാരണയും ശക്തമാക്കി. ഡിസംബർ പതിന്നാലിനാണ് അമേരിക്കൻ ഫെഡ് റിസർവിന്റെ അടുത്ത യോഗതീരുമാനങ്ങൾ പുറത്ത് വരിക.

Up

ലോകവിപണിയിൽ അടുത്ത ആഴ്ച 

ബുധനാഴ്ച വരുന്ന എഡിപി എംപ്ലോയ്‌മെന്റ് കണക്കുകളും, വ്യാഴാഴ്ചത്തെ ജോബ് ഡേറ്റയും, വെള്ളിയാഴ്ച വരുന്ന നോൺ ഫാം പേറോൾ കണക്കുകളും അമേരിക്കൻ വിപണിയെ അടുത്ത ആഴ്ച സ്വാധീനിക്കും. 

ചൊവ്വാഴ്ച പ്രധാന യൂറോപ്യൻ രാജ്യങ്ങളുടെ സർവിസ് പിഎംഐ ഡേറ്റകൾ പുറത്ത് വരാനിരിക്കുന്നത് യൂറോപ്യൻ വിപണികൾക്ക് പ്രധാനമാണ്. 

ചൊവ്വാഴ്ച വരുന്ന ജാപ്പനീസ്, കൊറിയൻ റീറ്റെയ്ൽ പണപ്പെരുപ്പകണക്കുകളും, കൊറിയൻ ജിഡിപി ഡേറ്റയും ഏഷ്യൻ വിപണിയെ സ്വാധീനിക്കും. വ്യാഴാഴ്ചയാണ് ചൈനയുടെ ട്രേഡ് ബാലൻസും, ജപ്പാന്റെ ജിഡിപി ഡേറ്റയും പുറത്ത് വരുന്നത്. ഇന്ത്യൻ സർവീസ് പിഎംഐ ഡേറ്റയും ചൊവ്വാഴ്ച വരുന്നു. 

us-bank

ഓഹരികളും സെക്ടറുകളും

∙നവംബർ മുപ്പതിന് നടന്ന ഡിഫൻസ് അക്വിസിഷൻ കമ്മിറ്റിയുടെ യോഗം പ്രതീക്ഷിച്ചത് പോലെ തന്നെ തേജസ് യുദ്ധവിമാനങ്ങളും, പ്രചണ്ഡ ഹെലികോപ്റ്ററുകളും വാങ്ങാൻ അനുമതി നൽകിയത് ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സിന് വീണ്ടും മുന്നേറ്റം നൽകി. കഴിഞ്ഞ മാസം 33% മുന്നേറ്റം നേടിയ എച്ച്എഎൽ നിക്ഷേപത്തിന് അനുയോജ്യമാണ്. 

∙യുദ്ധ ഉപകരണ ഓർഡറുകൾ ഭാരത് ഡൈനാമിക്സിനും മുന്നേറ്റം നല്കി. ഓഹരി ദീർഘകാല നിക്ഷേപകർക്ക് ഇനിയും പരിഗണിക്കാവുന്നതാണ്.  . 

5∙00 രൂപക്ക് ഇഷ്യൂ ചെയ്ത ടാറ്റ ടെക്‌നോളജീസ് ഓഹരി ആദ്യ ദിനത്തിൽ തന്നെ ഇരട്ടിയോളം നേട്ടത്തോടെ 1400 എന്ന നിരക്കിലെത്തിയ ശേഷം ക്രമപ്പെടുന്നത് ദീർഘകാല നിക്ഷേപകർക്ക് അവസരമാണ്. ഓഹരിയിലെ ഇറക്കം ലാഭമെടുക്കൽ ത്വരിതപ്പെടുത്തിയേക്കാം. 

∙കഴിഞ്ഞ ആഴ്ച ലിസ്റ്റ് ചെയ്ത ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് ഏജൻസിയുടെ ഓഹരിയും ഇരട്ടിയിലേറെ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. സോളാർ-വിൻഡ് പ്രൊജക്ടുകൾക്ക് വായ്പ നൽകുന്ന ഓഹരി തിരുത്തലിൽ ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം. 

Mkt-trading

∙ഫെഡറൽ ബാങ്കിന്റെ ഉപസ്ഥാപനമായ ഫെഡ്‌ഫിനക്ക് ലിസ്റ്റിങ്ങിൽ നേട്ടം ഉണ്ടാക്കാനായില്ലെങ്കിലും ഓഹരി മുന്നേറ്റപ്രതീക്ഷയിലാണ്. 

∙നവംബറിൽ മാരുതി 1.41 ലക്ഷം കാറുകൾ വിറ്റപ്പോൾ,  ടാറ്റ മോട്ടോഴ്‌സ് 74172 വാഹനങ്ങളും, എം&എം മുൻ വർഷത്തിൽ നിന്നും 21% വർദ്ധനവോടെ 70576 വാഹനങ്ങളും വിറ്റു. 

∙ടിവിഎസ് മോട്ടോഴ്‌സ് നവംബറിൽ 31% വാർഷിക വളർച്ചയോടെ 3.64 ലക്ഷം ബൈക്കുകൾ  വിൽപ്പന നടത്തിയത് ഓഹരിക്ക് അനുകൂലമാണ്. ഹീറോ 26% വാർഷിക വളർച്ചയോടെ 491050 ബൈക്കുകളുടെ വിൽപ്പനയാണ് നവംബറിൽ നടത്തിയത്. 

∙ഇലോൺ മസ്കിന്റെ ടെസ്‌ലക്ക് വേണ്ടി ഇറക്കുമതി ചുങ്കത്തിൽ പ്രത്യേക ഇളവ് പരിഗണിക്കില്ല എന്ന സൂചന ഇന്ത്യൻ ഇലക്ട്രിക് വാഹന നിർമാതാക്കൾക്ക് അനുകൂലമാണ്. 

∙മോർഗൻ സ്റ്റാൻലി 1275 രൂപ ലക്ഷ്യവിലയിട്ട ആക്സിസ് ബാങ്ക് കഴിഞ്ഞ അഞ്ച് സെഷനുകളിലായി 10%ൽ കൂടുതൽ മുന്നേറ്റം നടത്തി. 

∙ചൈനീസ് മൊബൈൽ ഫോൺ ബ്രാൻഡായ ഷഓമിക്ക് വേണ്ടി പുതിയ നിർമാണ യൂണിറ്റ് തുറന്നത് ഡിക്‌സൺ ടെക്നോളജിക്ക് മുന്നേറ്റം നൽകി. 

∙കഴിഞ്ഞ മൂന്നാഴ്ചയായി വീണുകൊണ്ടിരുന്ന റെയ്മണ്ട് ഓഹരികൾ ക്രമപ്പെടുന്നത് നിക്ഷേപകർക്ക് പ്രതീക്ഷയാണ്. ചെയർമാന്റെ ദാമ്പത്യപ്രശ്നങ്ങളാണ് ഓഹരി വിലയെ ബാധിച്ചത്. 

∙കേശോറാം ഇന്‍ഡസ്ട്രീസിന്റെ സിമന്റ് ബിസിനസ് അൾട്രാടെക്ക് ഏറ്റെടുക്കുന്നത് ഓഹരിക്ക് മുന്നേറ്റം  നൽകി. കേശോറാം ഇന്‍ഡസ്ട്രീസിന്റെ ഓഹരി ഉടമകൾക്ക് 52 ഓഹരികൾക്ക് ഒരു അൾട്രാ ടെക്ക് ഓഹരി വെച്ച് ലഭ്യമാകും. 

∙ടാറ്റ കോഫിക്ക് ടാറ്റ കൺസ്യൂമറിൽ ലയിക്കുന്നതിനുള്ള എൻസിഎൽടിയുടെ അനുമതി ലഭ്യമായത് ടാറ്റ ഓഹരികൾക്ക് അനുകൂലമാണ്. 

∙ആസ്റ്റർ ഒരു ബില്യൺ ഡോളറിന് ഗൾഫ് ആശുപത്രികൾ വിൽക്കുന്നത് ഓഹരിക്ക് കുതിപ്പ് നൽകി. ചെന്നൈയിലെ ഫോർട്ടിസ് മലർ ആശുപത്രിഎംജിഎം ഗ്രൂപ്പിന് വിറ്റത് ഫോർട്ടിസ് ഹെൽത്തിനും അനുകൂലമായി

∙വേൾപൂൾ കോർപറേഷൻ വേൾപൂൾ ഇന്ത്യയുടെ 24% ഓഹരി വില്പന നടത്താൻ  തീരുമാനിച്ചത് ഓഹരിക്ക് തിരുത്തൽ നൽകി. തിരുത്തലിൽ ഓഹരി നിക്ഷേപത്തിന് പരിഗണിക്കാം.

ക്രൂഡ് ഓയിൽ 

അനിശ്ചിതത്വങ്ങൾക്കൊടുവിൽ വ്യാഴാഴ്ച ചേർന്ന ഒപെക് പ്ലസ് യോഗം വിപണി പ്രതീക്ഷിച്ച നിലയിലേക്ക് എണ്ണ ഉല്പാദന-നിയന്ത്രണം കൊണ്ട് വരാനാകാതിരുന്നത് ക്രൂഡ് ഓയിലിന് ക്ഷീണമായി. 

സ്വർണം 

ജെറോം പവലിന്റെ സൂചനകളിൽ അമേരിക്കൻ ബോണ്ട് യീൽഡ് വീണത് വെള്ളിയാഴ്ച രാജ്യാന്തര സ്വർണ വിലയിലും വലിയ മുന്നേറ്റം നൽകി. രാജ്യാന്തര സ്വർണ അവധി 2073 ഡോളറിലേക്ക് കുതിച്ചു കയറി. സ്വർണത്തിന്റെ ഇക്കൊല്ലത്തെ റെക്കോർഡ് ഉയരം 2085 ഡോളറാണ്. അമേരിക്കൻ 10 വർഷ ബോണ്ട് യീൽഡ് വെള്ളിയാഴ്ച 4.20%ലേക്ക് വീണു.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Important Developments that will Affect Share Market Next Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com