ADVERTISEMENT

എക്സിറ്റ് പോളുകളെ പോലും നിഷ്പ്രഭമാക്കി നേട്ടം കൊയ്ത കേന്ദ്രഭരണകക്ഷിയുടെ വിജയം ആഘോഷമാക്കിയ ഇന്ത്യൻ വിപണി മികച്ച മുന്നേറ്റമാണ് ഇന്ന് നടത്തിയത്. ഏഷ്യൻ വിപണികൾക്ക് പിന്നാലെ  പ്രധാന യൂറോപ്യൻ വിപണികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. കൊറിയൻ, ഇന്തോനേഷ്യൻ വിപണികളും പോസിറ്റീവ് ക്ളോസിങ് നേടി. അമേരിക്കൻ ഫ്യൂച്ചറുകൾ ഏഷ്യൻ വ്യാപാരസമയത്ത് നഷ്ടത്തിലാണ് തുടരുന്നത്. 

ഫാർമ ഒഴികെ മറ്റെല്ലാ സെക്ടറുകളും നേട്ടമുണ്ടാക്കിയ ഇന്ന് ബാങ്കിങ് ഓഹരികളാണ് ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ എന്നിവ 4%ൽ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് 3.47% നേട്ടമുണ്ടാക്കിയത് വിപണിക്ക് കുതിപ്പ് നൽകി. പൊതു മേഖല, റിയൽറ്റി, ഇൻഫ്ര, എനർജി സെക്ടറുകളും ഇന്ന് രണ്ട് ശതമാനത്തിൽ കൂടുതൽ മുന്നേറി. 

ഭരണത്തുടർച്ച ഉറപ്പിച്ച് വിപണി 

ഇന്നലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച നാലിൽ മൂന്ന് സംസ്ഥാനങ്ങളും സ്വന്തമാക്കിയ ബിജെപിയുടെ വിജയം ഇന്ത്യൻ വിപണിയിലെ ‘തെരെഞ്ഞെടുപ്പ് ഭയം’ തന്നെ ഇല്ലാതാക്കി. ഛത്തിസ്ഗഢിലെ അപ്രതീക്ഷിത വിജയം വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഫലസൂചികയായി വിപണി കാണുന്നത് ഇന്ത്യൻ വിപണിയിലെ റിസ്ക് കുറച്ചു കഴിഞ്ഞു. പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിദേശ ഫണ്ടുകളുടെ വിറ്റൊഴിയൽ തോത് കുറയുമെന്നത് വിപണിക്ക് അനുകൂലമാണ്. 

വീണ്ടും കുതിച്ച് അദാനി ഓഹരികൾ 

ഹിന്ദി ഹൃദയഭൂമികയിലെ തെരെഞ്ഞെടുപ്പ് ഫലങ്ങൾ കേന്ദ്ര ഭരണകക്ഷിക്ക് അനുകൂലമായതോടെ കഴിഞ്ഞ ആഴ്ചയിൽ സുപ്രീം കോടതിയുടെ അനുകൂല പരാമർശങ്ങളുടെ പിൻബലത്തിൽ മുന്നേറി വന്ന അദാനി ഓഹരികൾ ഇന്ന് വീണ്ടും കുതിച്ചു. അദാനി ഗ്രീൻ എനർജി 9.50% മുന്നേറിയപ്പോൾ അദാനി എന്റർപ്രൈസസ്, അദാനി പോർട്സ് എന്നിവ 6%ൽ കൂടുതലും, അദാനി ടോട്ടൽ ഗ്യാസും, അദാനി എനർജി സൊല്യൂഷൻസും 5%ൽ കൂടുതലും നേട്ടമുണ്ടാക്കി. 

ആർബിഐ നയാവലോകനം അടുത്ത ആഴ്ച 

വെള്ളിയാഴ്ചയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ പലിശ നിരക്ക് തീരുമാനങ്ങൾ പ്രഖ്യാപിക്കുക. ബുധനാഴ്ച ആരംഭിക്കുന്ന മോനിറ്ററി പോളിസി കമ്മിറ്റിയുടെ 2023ലെ അവസാന യോഗവും നിരക്കുകളിൽ മാറ്റം കൊണ്ട് വന്നേക്കില്ല എന്ന് തന്നെ വിപണി കരുതുന്നു. കഴിഞ്ഞ നാല് യോഗങ്ങളിലും ആർബിഐ റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ല. 

നിഫ്റ്റി & ബാങ്ക് നിഫ്റ്റി 

വീണ്ടും റെക്കോർഡ് തിരുത്തി 20702 എന്ന പുതിയ ഉയരം കുറിച്ച നിഫ്റ്റി ഇന്ന് 418 പോയിന്റ് നേട്ടത്തോടെ 20686 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 20800 പോയിന്റിലും 20900 പോയിന്റിലുമാണ് നിഫ്റ്റിയുടെ തുടർ കടമ്പകൾ. 20500 പോയിന്റിലാണ് നിഫ്റ്റിയുടെ ആദ്യ പ്രധാന സപ്പോർട്ട്. 

മുൻനിര ബാങ്കുകൾ അഞ്ചും 3%ൽ കൂടുതൽ മുന്നേറ്റം നേടിയപ്പോൾ ബാങ്ക് നിഫ്റ്റിയും ഇന്ന് 3.61% നേട്ടമുണ്ടാക്കി. വെള്ളിയാഴ്ചത്തെ ക്ളോസിങ്ങിൽ നിന്നും 1617 പോയിന്റ്റുകൾ മുന്നേറി 46431 പോയിന്റിൽ പുതിയ റെക്കോർഡ് കുറിച്ച ബാങ്ക് നിഫ്റ്റിയുടെ അടുത്ത കടമ്പകൾ 46700 പോയിന്റിലും 47000 പോയിന്റിലുമാണ്. 

ഫെഡ് യോഗം അടുത്ത ആഴ്ചയിൽ 

നവംബറിൽ 2022 ജൂലൈ മാസത്തിന് ശേഷമുള്ള ഏറ്റവും മികച്ച നേട്ടമുണ്ടാക്കിയ അമേരിക്കൻ വിപണി സാന്ത റാലിയുടെ പ്രതീക്ഷ ശക്തമാക്കി. വെള്ളിയാഴ്ച ഫെഡ് ചെയർമാൻ ജെറോം പവൽ ഫെഡ് നിരക്ക് താഴ്ത്തുന്നതിനെകുറിച്ച് ചിന്തിക്കാൻ സമയമായില്ല എന്ന് സൂചിപ്പിച്ചത് ഫെഡ് റിസർവ് അടുത്ത ആഴ്ചയിലെ യോഗത്തിൽ നിരക്ക് വർധന നടത്തില്ല എന്ന സൂചന നൽകിയതോടെ ബോണ്ട് യീൽഡ് വീണ്ടും വീണത് വിപണിക്ക് അനുകൂലമായി. കഴിഞ്ഞ ആഴ്ച വന്ന പിസിഇ ഡേറ്റ ഫെഡ് നിരക്ക് വർദ്ധനക്ക് അനുകൂലമല്ലെന്നതും ബോണ്ട് യീൽഡ് വീഴ്ചക്ക് കാരണമായി. 

അടുത്ത ആഴ്ചയിലെ ഫെഡ് യോഗത്തിന് മുൻപായുള്ള ‘ബ്ലാക്ക് ഔട്ട്’ ദിനങ്ങൾ ആരംഭിച്ചതിനാൽ ഇനി ഫെഡ് അംഗങ്ങളുടെ അഭിപ്രായ പ്രകടനങ്ങൾ ഉണ്ടാകില്ലെന്നതും വിപണിക്ക് അനുകൂലമാണ്. നവംബറിലെ തൊഴിൽ വിവരക്കണക്കുകൾ ലഭ്യമാക്കുന്ന നോൺ ഫാം പേറോൾ കണക്കുകൾ വെള്ളിയാഴ്ച വരുന്നതും അമേരിക്കൻ വിപണിക്ക് നിർണായകമാണ്. നാളെ വരാനിരിക്കുന്ന കൊറിയൻ, ജാപ്പനീസ് സിപിഐ ഡേറ്റയും, കൊറിയൻ ജിഡിപി ഡേറ്റയും ഏഷ്യൻ വിപണികൾക്കും പ്രധാനമാണ്.

ക്രൂഡ് ഓയിൽ 

ഒപെക് ഉല്പാദനനിയന്ത്രണം കടുപ്പിക്കാതിരുന്നതിന് പിന്നാലെ ആഗോള എണ്ണ ആവശ്യകതയിൽ വീണ്ടും കുറവ് വരുമെന്ന അനുമാനവും ഇന്ന് ഏഷ്യൻ വ്യാപാരസമയത്ത്  ക്രൂഡ് ഓയിലിന് വീണ്ടും വീഴ്ച നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 78 ഡോളറിലേക്കിറങ്ങി.  

സ്വർണം 

ഇന്ന് രാവിലെ തന്നെ 2151 ഡോളർ വരെ കുതിപ്പ് നടത്തിയ രാജ്യാന്തര സ്വർണ അവധി ലാഭമെടുക്കലിൽ തിരിച്ചിറങ്ങി 2100 ഡോളറിൽ താഴെയാണ് വ്യാപാരം തുടരുന്നത്. ബോണ്ട് യീൽഡ് വീഴുന്നതും, സാമ്പത്തിക മാന്ദ്യ ഭീതിയും സ്വർണവിലയിൽ ‘’ബ്രേക്ക് ഔട്ട്’’ നടന്നതും പ്രതീക്ഷയാണ്.

English Summary:

Share Market is Going Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com