വീണ്ടും റെക്കോർഡ് നേട്ടം, ഇന്ത്യൻ വിപണിയിൽ കുതിപ്പ് തുടരുന്നു
Mail This Article
ഇന്ത്യൻ വിപണി ഇന്നും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ സമ്മിശ്ര വ്യാപാരം തുടരുമ്പോൾ ഇന്ത്യയും, ഇന്തോനേഷ്യയുമൊഴികെയുള്ള ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. അമേരിക്കൻ ഫ്യൂച്ചറുകളും നഷ്ടത്തിൽ വ്യാപാരം തുടരുന്നു.
ബാങ്കുകളും, അദാനി ഓഹരികളും ഇന്നും ഇന്ത്യൻ വിപണിയുടെ കുതിപ്പിന് ചുക്കാൻ പിടിച്ചു. രണ്ട് ശതമാനം വീതം മുന്നേറ്റം നേടിയ എസ്ബിഐയും, ഐസിഐസിഐ ബാങ്കും അദാനിക്കൊപ്പം ഇന്ത്യൻ വിപണിയെ മുന്നിൽ നിന്നും നയിച്ചു. ഐടി, റിയൽറ്റി, എഫ്എംസിജി സെക്ടറുകൾ ഇന്ന് നഷ്ടം കുറിച്ചപ്പോൾ ബാങ്കിങ് സെക്ടർ 1.3%വും, മെറ്റൽ, എനർജി സെക്ടറുകൾ മൂന്ന് ശതമാനം വീതവും മുന്നേറ്റം നേടി.
സർവീസ് പിഎംഐ ഡേറ്റ
നവംബറിൽ ഇന്ത്യയുടെ സർവീസ് പിഎംഐ 56.9 കുറിച്ചത് ഇന്ത്യൻ വിപണിക്ക് അനുകൂലമായി. ഒക്ടോബറിൽ 58.4 പോയിന്റ് കുറിച്ച സർവീസ് പിഎംഐ 58 പോയിന്റ് കുറിക്കുമെന്നായിരുന്നു വിപണി പ്രതീക്ഷ. ചൈനയും, ജർമനിയും, യൂറോ സോണും നവംബറിൽ സർവീസ് പിഎംഐ ഡേറ്റ നില മെച്ചപ്പെടുത്തി.
ആർബിഐ യോഗം നാളെ
നാളെ മുതൽ ആരംഭിക്കുന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നയാവലോകനയോഗം വെള്ളിയാഴ്ച തീരുമാനങ്ങൾ പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യൻ വിപണി വീണ്ടും പ്രതീക്ഷയിലാണ്. കഴിഞ്ഞ നാല് എംപിസി യോഗങ്ങളും റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ ആർബിഐ മാറ്റം വരുത്തിയേക്കില്ല എന്നാണ് വിപണി പ്രതീക്ഷ.
കുതിപ്പ് തുടർന്ന് അദാനി
അദാനി ഓഹരികൾ കുതിപ്പ് തുടരുകയാണ്. ഇന്നലെ 6% മുന്നേറിയ അദാനി എന്റർപ്രൈസസ് ഓഹരി ഇന്ന് 17% നേട്ടം കൊയ്തപ്പോൾ അദാനി ടോട്ടൽ ഗ്യാസ്, അദാനി എനർജി സൊല്യൂഷൻസ്, അദാനി എനർജി എന്നിവ ഇന്ന് 20% വീതം അപ്പർ സർക്യൂട്ട് നേടി. അദാനി പവർ 500 രൂപയും, അദാനി പോർട്സ് 1000 രൂപയും കടന്നു.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
ഇന്ന് വീണ്ടും നേട്ടത്തോടെ ആരംഭിച്ച നിഫ്റ്റി 20864 പോയിന്റെന്ന പുതിയ റെക്കോർഡ് കുറിച്ച ശേഷം 168 പോയിന്റ് നേട്ടത്തോടെ 20855 പോയിന്റിൽ ഇന്ന് ക്ളോസ് ചെയ്തു. 20940 പോയിന്റിലും 21000 പോയിന്റിലുമാണ് നിഫ്റ്റിയുടെ ആദ്യ റെസിസ്റ്റൻസുകൾ. 20700 പോയിന്റിലും 20600 പോയിന്റിലുമാണ് നിഫ്റ്റിയുടെ പിന്തുണകൾ.
വീണ്ടും മുന്നേറ്റം തുടർന്ന ബാങ്ക് നിഫ്റ്റി ഇന്ന് 580 പോയിന്റ് നേട്ടത്തോടെ 47000 പോയിന്റ് കടന്ന് ക്ളോസ് ചെയ്തു. നാളെയും റെക്കോർഡ് ഉയരമായ 47230 പോയിന്റിലും 47500 പോയിന്റിലും വില്പന സമ്മർദങ്ങൾ പ്രതീക്ഷിക്കുന്ന ബാങ്ക് നിഫ്റ്റി 46600 പോയിന്റിലും 46200 പോയിന്റിലും പിന്തുണകളും പ്രതീക്ഷിക്കുന്നു.
നോൺ ഫാം പേറോൾ ഡേറ്റ
അമേരിക്കയുടെ നവംബറിലെ തൊഴിൽ വിവരക്കണക്കുകൾ ലഭ്യമാക്കുന്ന നോൺ ഫാം പേറോൾ കണക്കുകൾ വെള്ളിയാഴ്ച വരാനിരിക്കെ ഇന്നലെ അമേരിക്കൻ വിപണി വീണ്ടും നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയെങ്കിലും തിരിച്ചു കയറി നഷ്ടം കുറച്ചു. അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെടുന്നതും അമേരിക്കൻ വിപണിക്ക് അനുകൂലമാണ്. അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് 4.24%ലാണ് തുടരുന്നത്.
ഇന്ന് വരുന്ന അമേരിക്കൻ സർവീസ്-നോൺ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും, ജോബ് ഓപ്പണിങ് കണക്കുകളും അമേരിക്കൻ വിപണിക്ക് നിർണായകമാണ്. വ്യാഴാഴ്ച വരാനിരിക്കുന്ന ജോബ് ഡേറ്റയും, വെള്ളിയാഴ്ചത്തെ നോൺ ഫാം ഡേറ്റയും അമേരിക്കൻ വിപണിക്ക് നിർണായകമാണ്. അടുത്ത ആഴ്ചയാണ് ഫെഡ് റിസർവ് യോഗം നടക്കാനിരിക്കുന്നത്.
ക്രൂഡ് ഓയിൽ
മിഡിൽ ഈസ്റ്റിൽ അശാന്തി രൂക്ഷമാകുമ്പോൾ ഒപെക് പ്ലസ് കൂടുതൽ എണ്ണ ഉല്പാദനനിയന്ത്രണത്തിന് തയാറായേക്കില്ലെന്നത് ക്രൂഡ് ഓയിലിന്റെ തുടർമുന്നേറ്റത്തിന് തടസമാണ്. അമേരിക്കയുടെ മോശം ഡേറ്റകളും ഇന്ന് ഏഷ്യൻ വിപണി സമയത്ത് ക്രൂഡ് ഓയിലിന് മുന്നേറ്റം നിഷേധിച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ 78ഡോളറിൽ തന്നെ തുടരുന്നു. നാളെ വരുന്ന അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരകണക്കുകളാണ് ക്രൂഡ് ഓയിൽ വിലയെ സാരമായി സ്വാധീനിക്കുക.
സ്വർണം
ഇന്നലെ റെക്കോർഡ് ഭേദിച്ച കുതിപ്പ് നടത്തിയ രാജ്യാന്തര സ്വർണ വില ഇന്ന് ഏഷ്യൻ വിപണി സമയത്ത് വീണ്ടും ക്രമപ്പെടുകയാണ്. രാജ്യാന്തര സ്വർണ അവധി വില 2040 ഡോളറിലാണ് തുടരുന്നത്. അമേരിക്കൻ ബോണ്ട് യീൽഡിന്റെ ചലനങ്ങളും, മിഡിൽ ഈസ്റ്റ് വാർത്തകളും സ്വർണ വിലയെ സ്വാധീനിക്കും.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക