ADVERTISEMENT

ഐപിഒകള്‍ അലോട്ട്‌ ചെയ്‌തു കിട്ടിയ നിക്ഷേപകര്‍ ഉന്നയിക്കുന്ന ഒരു ചോദ്യം അവ ലിസ്റ്റിങ് നേട്ടം കിട്ടുമ്പോള്‍ തന്നെ വില്‍ക്കണോ എന്നതാണ്‌. ടാറ്റാ ടെക്‌നോളജീസ്‌ പോലുള്ള ഓഹരികള്‍ വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ ഉയര്‍ന്ന നിലവാരത്തിലുള്ള നേട്ടം നല്‍കുമ്പോള്‍ ഈ ചോദ്യം സ്വാഭാവികമാണ്‌. ലിസ്റ്റിങ് ദിനത്തിന്റെ തുടക്കത്തില്‍ 140 ശതമാനം നേട്ടം നല്‍കിയ ഓഹരി പിന്നീട്‌ ആ നേട്ടം 180 ശതമാനമാക്കി ഉയര്‍ത്തുമ്പോള്‍ വ്യാപാരം തുടങ്ങുമ്പോള്‍ തന്നെ ലാഭമെടുത്തവര്‍ക്ക്‌ ആ തീരുമാനം തെറ്റായി പോയോ എന്ന്‌ തോന്നാവുന്നതുമാണ്‌.

എപ്പോള്‍ വില്‍ക്കണമെന്ന്‌ തീരുമാനിക്കുന്നത്‌ ഓഹരിയുടെ ഭാവിവളര്‍ച്ചാ സാധ്യതയും മൂല്യവും പരിഗണിച്ചാകണം. ശക്തമായ വളര്‍ച്ച സാധ്യതയുള്ള ഓഹരികള്‍ നാം ദീര്‍ഘകാലത്തേക്ക്‌ കൈവശം വയ്ക്കുകയാണ്‌ ചെയ്യേണ്ടത്‌. കാരണം ദീര്‍ഘകാലത്തിനുള്ളില്‍ കമ്പനികള്‍ കൈവരിക്കുന്ന ബിസിനസ്‌ വളര്‍ച്ചയ്ക്കു ചേര്‍ന്ന മൂല്യം ഓഹരിക്ക്‌ ലഭിക്കുന്നതും ദീര്‍ഘകാലാടിസ്ഥാനത്തിലായിരിക്കും. ടാറ്റാ ടെക്‌നോളജീസ്‌ തന്നെ ഉദാഹരണം. ടെക്‌നോളജി മേഖലയിലുണ്ടാകുന്ന ദീര്‍ഘകാല വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ കൊയ്യാന്‍ ശേഷിയുള്ള കമ്പനിയാണ്‌ ടാറ്റാ ടെക്‌നോളജീസ്‌ എന്നിരിക്കെ ആ ഓഹരി ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ മികച്ച നേട്ടം നല്‍കാന്‍ സാധ്യതയുണ്ട്‌.

വിലയല്ല മൂല്യമാണ്‌ പ്രധാനം

ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയ്ക്ക്‌ ഒപ്പം തന്നെ പരിഗണിക്കേണ്ട മറ്റൊരു ഘടകമാണ്‌ മൂല്യം. വിലയുടെ അടിസ്ഥാനത്തിലല്ല, മറിച്ച്‌ മൂല്യം പരിഗണിച്ചാണ്‌ ഓഹരിയുടെ നിക്ഷേപയോഗ്യത തീരുമാനിക്കേണ്ടത്‌. ടാറ്റാ ടെക്‌നോളജീസിന്റെയും ഐആര്‍ഇഡിഎയുടെയും ഐപിഒ വില നിശ്ചയിക്കപ്പെട്ടിരുന്നത്‌ ചെലവ്‌ കുറഞ്ഞ നിലയിലായിരുന്നു. ഓഹരി വിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതം പരിഗണിക്കുമ്പോള്‍ ടാറ്റാ ടെക്‌നോളജീസിന്റെ ഐപിഒ വില ടെക്‌ മേഖലയിലെ മറ്റ്‌ മിഡ്‌കാപ്‌ ഓഹരികളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ്‌ കുറഞ്ഞ നിലയിലായിരുന്നു. അതുകൊണ്ടുതന്നെ ഭാവിവളര്‍ച്ച സാധ്യതയും കുറഞ്ഞ മൂല്യവും ടാറ്റാ ടെക്‌നോളജീസിന്റെ ഐപിഒയെ ആകര്‍ഷകമാക്കി.

അതേ സമയം ലിസ്റ്റിങിനു ശേഷം 180 ശതമാനം വരെ ഉയര്‍ന്നതോടെ ടാറ്റാ ടെക്‌നോളജീസിന്റെ ഓഹരി മറ്റ്‌ മിഡ്‌കാപ്‌ ടെക്‌നോളജി ഓഹരികളേക്കാള്‍ ചെലവേറിയ നിലയിലായി. മൂല്യം ഒരു പരിധിക്ക്‌ അപ്പുറത്തേക്ക്‌ കടക്കുമ്പോള്‍ ഓഹരികള്‍ ഭാഗികമായി വിറ്റ്‌ ലാഭമെടുപ്പ്‌ നടത്താവുന്നതാണ്‌. അത്‌ ടാറ്റാ ടെക്‌നോളജീസിന്റെ കാര്യത്തിലും ബാധകമാണ്‌. അതേ സമയം ഭാവിവളര്‍ച്ച സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഭാഗികമായ ലാഭമെടുപ്പിനു ശേഷം കൈവശമുള്ള ബാക്കി ഓഹരികള്‍ ദീര്‍ഘകാലത്തേക്ക്‌ കൈവശം വെക്കുകയും ചെയ്യാം.

ipo

അതേ സമയം ലിസ്റ്റിങ് നേട്ടം നല്‍കുന്നതില്‍ ഫെഡ്‌ഫിന പരാജയപ്പെട്ടത്‌ അതിന്റെ വളര്‍ച്ചാ സാധ്യത പരിമിതമായതും മൂല്യം വളരെ ഉയര്‍ന്നതായതും മൂലമാണ്‌. വളര്‍ച്ചാ സാധ്യത കൊണ്ടോ മൂല്യം കൊണ്ടോ ഈ ഓഹരി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ആകര്‍ഷകമല്ല.

ഏതൊരു ഓഹരിയുടെയും കാര്യത്തില്‍ ഈ തത്വം നിക്ഷേപകര്‍ക്ക്‌ പാലിക്കാവുന്നതാണ്‌. ഗ്രോത്ത്‌ സ്റ്റോറി പറയാനുള്ള ഓഹരികള്‍ മിതമായ മൂല്യത്തില്‍ ലഭിക്കുമ്പോള്‍ വാങ്ങുകയും ദീര്‍ഘകാലത്തേക്ക്‌ കൈവശം വെക്കുകയും ചെയ്യുക. മൂല്യം അമിതമാകുമ്പോള്‍ പല ഘട്ടങ്ങളിലായി ലാഭമെടുക്കുക.

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

(ഹെഡ്‌ജ്‌ ഗൂപ്പ്‌ ഓഫ്‌ കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമാണ്‌ ലേഖകന്‍)

English Summary:

IPO Listing and Investors Selling Strategy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com