ADVERTISEMENT

സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങൾ നൽകിയ പുതു ഊർജത്തിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം നടത്തിയ ഇന്ത്യൻ വിപണി ഏഴ് ദിവസത്തിനൊടുവിൽ വ്യാഴാഴ്ച നേട്ടം കൈവിട്ടെങ്കിലും വെള്ളിയാഴ്ച ആർബിഐയുടെ പിന്തുണയിൽ വീണ്ടും നേട്ടവഴിയിലേക്ക് തിരിച്ചെത്തി.  മുൻ ആഴ്ചയിൽ 20267 പോയിന്റിലവസാനിച്ച നിഫ്റ്റി വെള്ളിയാഴ്ച 21000 കടന്ന് പുതിയ റെക്കോർഡ് ഉയരം കുറിച്ചെങ്കിലും 20969 പോയിന്റിലാണ് ക്ളോസ് ചെയ്തത്. മുൻ ആഴ്ചയിൽ 67481 പോയിന്റിലായിരുന്ന സെൻസെക്സ് വെള്ളിയാഴ്ച 69893 പോയിന്റെന്ന പുതിയ റെക്കോർഡ് കുറിച്ച ശേഷം 69825 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  

നിഫ്റ്റി 4.2%വും, നിഫ്റ്റി നെക്സ്റ്റ്-50 സൂചിക 5.4%വും, നിഫ്റ്റി-500 സൂചിക 4%വും നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി സ്‌മോൾ ക്യാപ് സൂചിക കഴിഞ്ഞ ആഴ്ചയിൽ 1.6% മാത്രം നേട്ടമാണുണ്ടാക്കിയത്. ബാങ്ക് നിഫ്റ്റിയുടെ അഭൂതപൂർവ്വമായ മുന്നേറ്റമാണ് ഇന്ത്യൻ വിപണിയുടെ കഴിഞ്ഞ ആഴ്ചത്തെ കുതിപ്പിന് ചുക്കാൻ പിടിച്ചത്. ബാങ്ക് നിഫ്റ്റി 6.3 ശതമാനമാണ് കഴിഞ്ഞ ആഴ്ചയിൽ മുന്നേറിയത്. എനർജി സെക്ടർ 8.9%വും, ഇൻഫ്രാ 5.6%വും, മെറ്റൽ 5%വും നേട്ടം കഴിഞ്ഞ ആഴ്ചയിൽ സ്വന്തമാക്കി.      

ജിഡിപി ഇനിയും ഉയരും  

rbi

തുടർച്ചയായ അഞ്ചാമത്തെ തവണയും അടിസ്ഥാന പലിശ നിരക്കിലും, നയങ്ങളിലും മാറ്റം കൊണ്ട് വരാതിരുന്ന റിസർവ് ബാങ്ക്  ഇന്ത്യയുടെ ആഭ്യന്തര ഉല്പാദനത്തിൽ മുന്നേറ്റം പ്രവചിച്ചത് വെള്ളിയാഴ്ച ഇന്ത്യൻ വിപണിക്ക് വീണ്ടും മുന്നേറ്റം നൽകി. റീപോ നിരക്ക് 6.50% ആയി തുടരവേ നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റീറ്റെയ്ൽ പണപ്പെരുപ്പം 5.4% വളർച്ച തന്നെ കുറിക്കുമെന്ന് പ്രവചിച്ച ആർബിഐ ഇന്ത്യയുടെ നടപ്പ് സാമ്പത്തിക വർഷത്തിലെ ജഡിപി വളർച്ച അനുമാനം 6.5%ൽ നിന്നും 7%ലേക്ക് ഉയർത്തി.  

ലോകബാങ്കും, രാജ്യാന്തര നാണ്യനിധിയും, എഡിബിയും, ഫിച്ചും 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം 6.3% വളരുമെന്ന് പ്രവചിക്കുമ്പോൾ, എസ്&പി ഗ്ലോബൽ റേറ്റിങ് 6.4% വളർച്ചയാണ്  പ്രവചിക്കുന്നത്.  

പണപ്പെരുപ്പം ചൊവ്വാഴ്ച 

ചൊവ്വാഴ്ച ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകളും ഒപ്പം വ്യവസായികോല്പാദനക്കണക്കുകളും പുറത്ത് വരുന്നത് ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. സെപ്റ്റംബറിൽ 5.02% ആയിരുന്ന ഇന്ത്യയുടെ വാർഷിക പണപ്പെരുപ്പവളർച്ച ഒക്ടോബറിൽ 4.87%ലേക്ക് ഇറങ്ങിയിരുന്നു. വ്യാഴാഴ്ചയാണ് ഇന്ത്യയുടെ മൊത്തവിലക്കയറ്റക്കണക്കുകളും, ഭക്ഷ്യ വിലക്കയറ്റക്കണക്കുകളും പുറത്ത് വരുന്നത്. 

share-2-

ഓഗസ്റ്റിൽ 10%ൽ കൂടുതൽ വളർച്ച നേടിയ ഇന്ത്യൻ വ്യവസായികമേഖലയുടെ സെപ്റ്റംബറിൽ വാർഷിക വളർച്ച 5.8% മാത്രമായിരുന്നു. ഒക്ടോബറിൽ ഇന്ത്യൻ വ്യാവസായികരംഗം കൂടുതൽ വളർച്ച നേടിയിരിക്കാമെന്ന് വിപണി പ്രതീക്ഷിക്കുന്നു.    

ഫെഡ് നിരക്കുകൾ അടുത്ത ആഴ്ച  

അമേരിക്കയുടെ ഒക്ടോബറിലെ ജോബ് ഓപ്പണിങ് കണക്കും, നവംബറിലെ എഡിപി എംപ്ലോയ്‌മെന്റ് കണക്കുകളും അമേരിക്കയിലെ തൊഴിൽ ലഭ്യതയിൽ കുറവ് വന്നു എന്ന് സൂചന നൽകിയെങ്കിലും വെള്ളിയാഴ്ച വന്ന നോൺഫാം എംപ്ലോയ്‌മെന്റ് കണക്കുകൾ പ്രകാരം നവംബറിൽ പ്രതീക്ഷിച്ചതിലും കൂടുതൽ തൊഴിൽ ലഭ്യമായത് വിപണിയിലും ആശയക്കുഴപ്പത്തിന് കാരണമായി. എങ്കിലും തൊഴിൽ ലഭ്യത ക്രമപ്പെടുന്നത് മാന്ദ്യഭീഷണി ഒഴിവാക്കുന്നത് വിപണിക്കും അനുകൂലമാണ്. വെള്ളിയാഴ്ച ബോണ്ട് യീൽഡിനൊപ്പം അമേരിക്കൻ സൂചികകളും മുന്നേറ്റം നേടി. 

അമേരിക്കൻ ഫെഡ് റിസർവിന്റെ 2024ലെ അവസാനയോഗ തീരുമാനങ്ങളാകും അടുത്ത ആഴ്ചയിൽ ലോക വിപണിയുടെ തന്നെ ഗതി നിർണയിക്കുക. ഫെഡ് റിസർവ് നിരക്ക് വർദ്ധന നടത്തില്ല എന്നാണ് വിപണി പ്രതീക്ഷ. 

ചൈനീസ് കയറ്റുമതിയിൽ വർദ്ധന 

ആറ് മാസങ്ങൾക്ക് ശേഷം ആദ്യമായി ചൈനയുടെ നവംബറിലെ കയറ്റുമതിയിൽ വർദ്ധനയുണ്ടായത് ഇൻഡസ്ട്രിയൽ സെക്ടറുകൾക്കും, ലോഹങ്ങൾക്കും അനുകൂലമാണ്. ഒക്ടോബറിൽ മുൻ വർഷത്തിൽ നിന്നും 6.4% കയറ്റുമതി നഷ്ടം കുറിച്ച ചൈന കഴിഞ്ഞ മാസം മുൻ വർഷത്തിൽ നിന്നും അര ശതമാനം കയറ്റുമതി വളർച്ച കുറിച്ചു. ഇറക്കുമതിയിൽ കുറവുണ്ടായതോടെ ചൈനയുടെ നവംബറിലെ വ്യാപാരനേട്ടം 68 ബില്യൺ ഡോളറിൽ കൂടുതലാണ്. 

bullandbear

രാജ്യാന്തര വിപണിയിൽ അടുത്ത ആഴ്ച 

അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പം സൂചിപ്പിക്കുന്ന ചൊവ്വാഴ്ച പുറത്ത് വരുന്ന നവംബറിലെ സിപിഐ ഡേറ്റ അടുത്ത ആഴ്ച നടക്കാനിരിക്കുന്ന അമേരിക്കൻ ഫെഡ് റിസർവിന്റെ യോഗതീരുമാനങ്ങളെ സ്വാധീനിക്കും. വ്യാഴാഴ്ചയാണ് ഫെഡ് റിസർവ് പുതിയ നിരക്കുകളും നയങ്ങളും പ്രഖ്യാപിക്കുക. അമേരിക്കയുടെ റീറ്റെയ്ൽ വില്പന കണക്കുകളും, പിപിഐ ഡേറ്റയും, ജോബ് ഡേറ്റയും വ്യാഴാഴ്ച തന്നെയാണ് പുറത്ത് വരിക. 

അന്ന യൂറോപ്യൻ കേന്ദ്ര ബാങ്കായ ഇസിബിയും, ബാങ്ക് ഓഫ് ഇംഗ്ലണ്ടും പുതിയ പലിശ നിരക്കുകളും, നയവ്യതിയാനങ്ങളും  പ്രഖ്യാപിക്കും. ഹോങ്കോങ്ങിന്റെ കേന്ദ്ര ബാങ്കും അടുത്ത ആഴ്ചയിൽ പലിശ നിരക്കിലെ മാറ്റങ്ങൾ പ്രഖ്യാപിക്കും. 

ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ്, ജർമ്മൻ സിപിഐ ഡേറ്റകൾ വെള്ളിയാഴ്ചയാണ് പുറത്ത് വരുന്നത്. ബുധനാഴ്ച വരുന്ന ബ്രിട്ടീഷ് ജിഡിപി കണക്കുകളും, ബ്രിട്ടീഷ്, യൂറോ സോൺ വ്യാവസായികോല്പാദനക്കണക്കുകളും യൂറോപ്യൻ വിപണിക്ക് പ്രധാനമാണ്. 

ചൈനയുടെ റീറ്റെയ്ൽ വില്പന, തൊഴിൽ, വ്യവസായികോല്പാദന കണക്കുകൾ വെള്ളിയാഴ്ച ഏഷ്യൻ വിപണികളെയും സ്വാധീനിക്കും. 

ഓഹരികളും സെക്ടറുകളും 

∙ആർബിഐയുടെ ജിഡിപി വളർച്ച പ്രവചനങ്ങൾ ഇന്ത്യൻ ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികൾക്കും അനുകൂലമാണ്. മുൻനിര ബാങ്കിങ് ഓഹരികൾ ഇനിയും മുന്നേറ്റം നേടിയേക്കാം. 

∙ബാങ്ക് നിഫ്റ്റി ഈയടുത്ത കാലത്തെ ഏറ്റവും വലിയ ആഴ്ച നേട്ടമാണ് കഴിഞ്ഞ ആഴ്ചയിൽ സ്വന്തമാക്കിയത്. കേന്ദ്ര സർക്കാർ കൂടുതൽ വികസനോന്മുഖ നടപടികളുമായി മുന്നോട്ട് പോകുമെന്ന സൂചന ഇന്ത്യൻ ഇൻഫ്രാ സെക്ടറിന് കൂടുതൽ അനുകൂലമാണ്. ഇൻഫ്രാ ഓഹരികൾ ഹൃസ്വകാല നിക്ഷേപത്തിനും പരിഗണിക്കാം.  

∙അദാനിയുടെ ശ്രീലങ്കയിലെ പുതിയ തുറമുഖത്തിന് അമേരിക്ക സാമ്പത്തിക പിന്തുണ നൽകുന്നത് ഹിൻഡൻബെർഗ് ആരോപണങ്ങൾ ശരിക്കും വിശകലനം ചെയ്തതിന് ശേഷമാണെന്ന വെളിപ്പെടുത്തൽ കഴിഞ്ഞ ആഴ്ചയിൽ അദാനി ഓഹരികൾക്ക് പിന്തുണ നൽകി.

∙ഇന്ത്യയിലെ ഏറ്റവും വലിയ റിന്യൂവബിൾ എനർജി ഉത്പാദകരായ അദാനി ഗ്രീൻ എനർജിക്ക് 1.36 ഡോളറിന്റെ തുടർവായ്പ ലഭ്യമായത് അദാനി ഓഹരികൾക്ക് തുടർ മുന്നേറ്റം നൽകി. അദാനി ഗ്രീൻ ഓഹരി കഴിഞ്ഞ ആഴ്ചയിൽ 58% മുന്നേറ്റം സ്വന്തമാക്കി. 

share-4-

∙കഴിഞ്ഞ ആഴ്ചകളിലെല്ലാം നേട്ടമുണ്ടാക്കിയ റിലയൻസ് ഇൻഡസ്ട്രീസിന് ജെഫറീസ് 2990 രൂപ ലക്‌ഷ്യം പ്രഖ്യാപിച്ചത് ഓഹരിക്ക് അനുകൂലമാണ്. 

∙ഇന്ത്യൻ ആർമിക്കായി 580 കോടി രൂപയുടെ ഓർഡറുകൾ കൂടി ലഭിച്ചത് ഭാരത് ഇലക്ട്രോണിക്സിന് മുന്നേറ്റം നൽകി. ഈ വർഷമിത് വരെ 1898 കോടി രൂപയുടെ പുതിയ ഓർഡറുകൾ ബിഇഎൽ സ്വന്തമാക്കി. 

∙കൂടുതൽ യുദ്ധ വിമാനങ്ങൾക്കും, ഹെലികോപ്ടറുകൾക്കുമുള്ള ഓർഡറുകൾക്ക് ഡിഫൻസ് അക്വിസിഷൻ കമ്മിറ്റി അനുമതി നൽകിയതിനെ തുടർന്ന് മുന്നേറിയ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ഓഹരിക്ക് ഏവിയോണിക്സ് എക്സ്പോയും പിന്തുണ നൽകി. അർജന്റിന, ഫിലിപ്പീൻസ്, നൈജീരിയ മുതലായ രാജ്യങ്ങളുമായി തേജസ് യുദ്ധവിമാനങ്ങൾക്കായി ചർച്ച  നടക്കുന്നതും, മൂന്ന് രാജ്യങ്ങൾ കൂടി തേജസിൽ താല്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞതും എച്എഎല്ലിന് അനുകൂലമാണ്. 

∙മാസഗോൺ ഡോക്‌സിന് ഓഎൻജിസിയുടെ 1145 കോടി രൂപയുടെ പൈപ് ലൈൻ പ്രോജക്ട് ലഭിച്ചത് ഓഹരിക്ക് അനുകൂലമാണ്. 

∙പഞ്ചസാരയുടെ വിലവർദ്ധന സാധ്യത മുന്നിൽക്കണ്ട് പഞ്ചസാര കയറ്റുമതി നിയന്ത്രണത്തിന് പിന്നാലെ എഥനോൾ ഉല്പാദനത്തിനായി കരിമ്പിൻ നീര് ഉപയോഗിക്കുന്നതും തൽക്കാലത്തേക്ക് നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് പ്രാജ് ഇന്ഡസ്ട്രീസിനും, പഞ്ചസാര ഓഹരികൾക്കും വെള്ളിയാഴ്ച വീണ്ടും തിരുത്തൽ നൽകി. അടുത്ത തിരുത്തൽ പ്രാജ് ഇന്ഡസ്ട്രീസിൽ അവസരമാണ്.  

∙തിരുത്തൽ നേരിട്ട പഞ്ചസാര ഓഹരികളും അടുത്ത വീഴ്ചയിൽ പരിഗണിച്ച് തുടങ്ങാം. 

∙ഓഫർ ഫോർ സെയിൽ (ഓഎഫ്എസ്) വഴി ഇർക്കോണിന്റെ 8% ഓഹരികൾ കുറഞ്ഞ വിലക്ക് വില്പന നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് ഓഹരിക്ക്  തിരുത്തൽ നൽകി. ഇർകോൺ ഓഹരിയുടെ അടിസ്ഥാന വില്പന വില 154 രൂപയായാണ് തീരുമാനിച്ചത്.

∙ആർബിഐ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഹൈ റിസ്ക്ക് വായ്പകളിൽ കുറവ് വരുത്തുമെന്ന തീരുമാനം പേടിഎം ഓഹരിക്ക് ഇടിവ് നൽകി. 

ക്രൂഡ് ഓയിൽ 

വെള്ളിയാഴ്ച നേട്ടമുണ്ടാക്കിയെങ്കിലും കഴിഞ്ഞ ആഴ്ചയിൽ തുടർച്ചയായ ഏഴാമത്തെ ആഴ്ചയിലും ക്രൂഡ് ഓയിൽ നഷ്ടം കുറിച്ചു. സൗദിയുടെയും, റഷ്യയുടെയും ഉല്പാദന നിയന്ത്രണ തീരുമാനങ്ങൾക്ക് ഒപെക് പ്ലസ് പിന്തുണ നല്കാതിരുന്നതാണ് ക്രൂഡ് ഓയിൽ വീഴ്ചക്ക് അടിസ്ഥാനമായത്. കഴിഞ്ഞ ആഴ്ചയിൽ 72 ഡോളർ വരെയെത്തിയ ബ്രെന്റ് ക്രൂഡ് ഓയിൽ വില 75 ഡോളറിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്. 

സ്വർണം 

goldprice

കഴിഞ്ഞ ആഴ്ചയിൽ 2130 ഡോളറെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച സ്വർണം പിന്നീട് ലാഭമെടുക്കലിൽ വീണ് 2020 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അടുത്ത ആഴ്ചയിലെ ഫെഡ് റിസർവ് തീരുമാനങ്ങൾക്ക് മുന്നോടിയായി ഡോളറിലും, ബോണ്ട് യീൽഡിലുമുള്ള ചാഞ്ചാട്ടങ്ങൾ സ്വര്ണവിലയേയും സ്വാധീനിക്കും. 

ഐപിഓ 

സ്റ്റേഷനറി ഉത്പാദകരായ ഡോംസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ബുധനാഴ്ച ആരംഭിക്കുന്ന ഐപിഓയിലൂടെ 750-790 രൂപ നിരക്കിൽ 1200 കോടി രൂപയാണ് സമാഹരിക്കുന്നത്. 

ഗുരുഗ്രാം ആസ്ഥാനമായ അഫോർഡബിൾ ഹൗസിങ് ഫിനാൻസ് കമ്പനിയായ ഷെൽട്ടർ ഫിനാൻസ് കോർപറേഷന്റെ ഐപിഓയും  ഡിസംബർ പതിമൂന്നിന് തന്നെ ആരംഭിച്ച് ഡിസംബർ പതിനഞ്ചിന് അവസാനിക്കുന്നു. ഐപിഓ വില 469-493 രൂപ നിരക്കിലാണ്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Indian Stock Market Next Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com