ADVERTISEMENT

ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിന്‌ സാധാരണക്കാര്‍ക്ക്‌ ഏറ്റവും അനുയോജ്യമായ രീതിയാണ്‌ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) എന്നത്‌ തര്‍ക്കമില്ലാത്ത കാര്യമാണ്‌. വിപണിയുടെ വിവിധ ഘട്ടങ്ങളിലായി നിക്ഷേപിക്കുന്നതിലൂടെ ശരാശരി നിക്ഷേപ ചെലവ്‌ കുറയ്‌ക്കാന്‍ എസ്‌ഐപി സഹായകമാകുന്നു. അതേ സമയം എസ്‌ഐപി എന്നത്‌ ഓഹരി നിക്ഷേപത്തിന്‌ മാത്രം അവലംബിക്കാവുന്ന ഒരു രീതിയാണ്‌ എന്ന്‌ കരുതരുത്‌.

വേണം നിക്ഷേപ മിക്സ്

നമ്മുടെ നിക്ഷേപത്തില്‍ ഓഹരികളും (ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളും നേരിട്ടുള്ള ഓഹരി വിപണിയിലെ നിക്ഷേപവും ഇതില്‍ ഉള്‍പ്പെടുന്നു) സ്ഥിര വരുമാന മാര്‍ഗങ്ങളും ഉള്‍പ്പെട്ടിരിക്കണം. ഈ രണ്ട്‌ മാര്‍ഗങ്ങളിലും എത്രത്തോളം നിക്ഷേപിക്കണമെന്നത്‌ ഓരോരുത്തരുടെയും റിസ്‌ക്‌ സന്നദ്ധത, പ്രായം, വിപണി കാലാവസ്ഥ എന്നിവയ്‌ക്ക്‌ അനുസരിച്ചാണ്‌ തീരുമാനിക്കേണ്ടത്‌. ഈ രണ്ട്‌ മാര്‍ഗങ്ങളിലും ഒന്നിച്ചും എല്ലാ മാസവും ചെറിയ തുക നിക്ഷേപിക്കുന്ന രീതിയിലും നിക്ഷേപം നടത്താവുന്നതാണ്‌.

ഓഹരി വിപണിയില്‍ എല്ലാ മാസവും നിക്ഷേപിക്കുന്നതിനാണ്‌ നാം എസ്‌ഐപിയെ ആശ്രയിക്കുന്നത്‌. ഇതിനായി ഇക്വിറ്റി ഫണ്ടുകളില്‍ നിശ്ചിത തുക എല്ലാ മാസവും നിശ്ചിത തീയതിയില്‍ നിക്ഷേപിക്കുന്നു. ഇതുപോലെ സ്ഥിര വരുമാന മാര്‍ഗങ്ങളിലും എല്ലാ മാസവും നിക്ഷേപം നടത്താവുന്നതാണ്‌. നമ്മുടെ നിക്ഷേപത്തില്‍ ഓഹരികള്‍ക്കും സ്ഥിരവരുമാന മാര്‍ഗങ്ങള്‍ക്കും നല്‍കിയിരിക്കുന്ന വെയിറ്റേജ്‌ ക്രമീകരിക്കാന്‍ ഇതുവഴി സാധിക്കുന്നു.

ഉദാഹരണത്തിന്‌ 50 ശതമാനം ഓഹരികളിലും 50 ശതമാനം സ്ഥിരവരുമാന മാര്‍ഗങ്ങളിലും നിക്ഷേപം വകയിരുത്തിയിരിക്കുന്ന ഒരാള്‍ പ്രതിമാസ നിക്ഷേപ പദ്ധതിയിലും ഈ രീതിയിലുള്ള വകയിരുത്തല്‍ നടത്തേണ്ടതുണ്ട്‌. എല്ലാ മാസവും 10,000 രൂപയാണ്‌ നിക്ഷേപം നടത്തുന്നതെങ്കില്‍ അതില്‍ 5000 രൂപ ഇക്വിറ്റി ഫണ്ടുകളിലും 5000 രൂപ സ്ഥിര വരുമാന മാര്‍ഗങ്ങളിലും നിക്ഷേപിക്കാം.

വെയിറ്റേജ്‌ ക്രമീകരിക്കാം

money1

ഇങ്ങനെ ചെയ്യുന്നതു വഴി ഓഹരികളിലും സ്ഥിരവരുമാന മാര്‍ഗങ്ങളിലുമുള്ള വെയിറ്റേജ്‌ ക്രമീകരിക്കാന്‍ സാധിക്കുന്നു. വിപണിയുടെ നിലവാരം അനുസരിച്ച്‌ ഈ വകയിരുത്തലിലും വ്യത്യാസം വരുത്താവുന്നതാണ്‌. ഓഹരി വിപണി ഉയര്‍ന്ന നിലവാരത്തില്‍ ആയിരിക്കുമ്പോഴുള്ള വെയിറ്റേജ്‌ ആകരുത്‌ താഴ്‌ന്ന നിലവാരത്തിലേക്ക്‌ വരുമ്പോള്‍ നല്‍കേണ്ടത്‌. ഈ സമയത്ത്‌ ഇക്വിറ്റി ഫണ്ടുകളില്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്ന രീതിയില്‍ ക്രമീകരണം നടത്താവുന്നതാണ്‌.

സ്വയം ഇത്തരത്തിലുള്ള മാറ്റങ്ങള്‍ നിക്ഷേപത്തില്‍ വരുത്താന്‍ സമയം ലഭിക്കാത്തവര്‍ക്ക്‌ മ്യൂച്വല്‍ ഫണ്ടുകളുടെ ബാലന്‍സ്‌ഡ്‌ അഡ്വാന്റേജ്‌ സ്‌കീമുകളില്‍ നിക്ഷേപിക്കാവുന്നതാണ്‌. വിപണി കാലാവസ്ഥക്ക്‌ അനുസരിച്ച്‌ ഓഹരികളിലെയും സ്ഥിരവരുമാന മാര്‍ഗങ്ങളിലെയും നിക്ഷേപം ക്രമീകരിക്കുന്ന രീതിയാണ്‌ ബാലന്‍സ്‌ഡ്‌ അഡ്വാന്റേജ്‌ സ്‌കീമുകള്‍ കൈകൊള്ളുന്നത്‌.

അതേ സമയം ഓഹരി വിപണിയില്‍ മാത്രം നിക്ഷേപിക്കുന്ന ഇക്വിറ്റി ഫണ്ടുകളിലാണ്‌ എസ്‌ഐപി ചെയ്യുന്നതെങ്കില്‍ സ്ഥിര നിക്ഷേപ മാര്‍ഗങ്ങളില്‍ കൂടി പ്രതിമാസ നിക്ഷേപം നടത്തേണ്ടതുണ്ട്‌. ഇതിനായി എല്ലാ മാസവും നിക്ഷേപം നടത്താവുന്ന ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ മന്ത്‌ലി ഇന്‍കം പ്ലാനുകള്‍ തിരഞ്ഞെടുക്കാം. 15 വര്‍ഷം വരെ നിക്ഷേപം നടത്താവുന്ന മന്ത്‌ലി ഇന്‍കം പ്ലാനുകള്‍ ലഭ്യമാണ്‌. ഇവയില്‍ നടത്തുന്ന നിക്ഷേപം ഒരു വര്‍ഷം അഞ്ച്‌ ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ കാലയളവ്‌ പൂര്‍ത്തിയായതിനു ശേഷം ലഭിക്കുന്ന റിട്ടേണിന്‌ നികുതി ബാധകമല്ല എന്ന സവിശേഷത കൂടിയുണ്ട്‌.

ലേഖകന്‍ ഹെഡ്‌ജ്‌ ഗൂപ്പ്‌ ഓഫ്‌ കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമാണ്‌ 

English Summary:

The Possibilities of SIP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com