ADVERTISEMENT

ഇന്നും രാജ്യാന്തര വിപണി പിന്തുണയിൽ നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി പുതിയ റെക്കോർഡ് ഉയരങ്ങൾ കീഴടക്കിയെങ്കിലും അപ്രതീക്ഷിത ലാഭമെടുക്കലിൽ ഒരാഴ്ചത്തെ നേട്ടങ്ങളെല്ലാം കൈവിട്ടു. മുന്നേറാൻ പുതിയ കാരണങ്ങളില്ലാതെ വന്നതും, വിദേശ ഫണ്ടുകളുടെ പിന്തുണയില്ലാതെ വന്നതും, റീറ്റെയ്ൽ നിക്ഷേപകർ പരിഭ്രാന്തരായതും വിപണിയുടെ പിന്തുണ മേഖലകൾ തകർത്തു. 

ആക്സ്സഞ്ചറിന്റെ റിസൾട്ടിന് പിന്നാലെ നേട്ടത്തോടെ തുടങ്ങിയ ഇന്ത്യൻ ഐടി സെക്ടറും, വലിയ മുന്നേറ്റം നടത്തിയ റിലയൻസുമാണ് ലാഭമെടുക്കലിനും തുടക്കമിട്ടത്. ഇന്ത്യൻ വിപണി സമ്പൂർണ തകർച്ച നേരിട്ട ഇന്ന് സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകൾ 3.6%വും, 3.3%വും നഷ്ടം നേരിട്ടതും നഷ്ട വ്യാപ്തി വർദ്ധിപ്പിച്ചു. പൊതു മേഖല ബാങ്കുകളും മെറ്റൽ സെക്ടറും 3%ൽ കൂടുതൽ നഷ്ടം നേരിട്ടു. 

നിഫ്റ്റി & ബാങ്ക് നിഫ്റ്റി 

ഇന്ന് 21593 പോയിന്റ് വരെ മുന്നേറി പുതിയ റെക്കോർഡിട്ട നിഫ്റ്റി 21150 പോയിന്റിലാണ് ക്ളോസ് ചെയ്തത്. 21000 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 20800 പോയിന്റിലും 20600 പോയിന്റിലുമാണ് നിഫ്റ്റിയുടെ പിന്തുണ പ്രതീക്ഷകൾ. നിഫ്റ്റിയുടെ റെസിസ്റ്റൻസ് 21400 പോയിന്റിലുമാണ്. 

ഇന്ന് 48166 പോയിന്റ് വരെ മുന്നേറിയ ബാങ്ക് നിഫ്റ്റി 47202 പോയിന്റ് വരെ വീണ ശേഷം 47445 പോയിന്റിലാണ് ക്ളോസ് ചെയ്തത്. എച്ച്ഡിഎഫ്സി ബാങ്ക് വല്ലാതെ വീഴാതെ നിന്നതാണ് ബാങ്ക് നിഫ്റ്റിക്ക് അനുകൂലമായത്. ബാങ്ക് നിഫ്റ്റിയുടെ അടുത്ത പിന്തുണ 47000 പോയിന്റിലാണ്. 

ക്രിസ്മസ് അവധിയിലേക്ക് 

ക്രിസ്മസ്-പുതുവത്സര അവധിയുടെ ആലസ്യത്തിന് മുന്നൊരുക്കം നടത്തിക്കഴിഞ്ഞു ഇന്ത്യൻ വിപണി. കൂടുതൽ ലാഭമെടുക്കലുകൾക്കുള്ള സാധ്യതകളുടെ ഭയത്തിലേക്ക് ഇന്നത്തെ തിരുത്തലോടെ നിക്ഷേപകരും വീണു കഴിഞ്ഞു. ഗ്യാപ്-അപ് മുന്നേറ്റങ്ങൾ നടത്തി മുന്നേറിയ സൂചികകൾ വലിയ ലാഭമെടുക്കലുകളിലൂടെ തന്നെ ക്രമപ്പെടുന്നതും വിപണിയിൽ സാധാരണമാണ്.

മൂന്നാം പാദഫലങ്ങൾക്ക് മുന്നോടിയായി മികച്ച ഓഹരികൾ ‘ന്യായ’വിലയ്ക്ക് സ്വന്തമാക്കാനും തിരുത്തലുകൾ അവസരമാക്കാം. 

ലോക വിപണി തിങ്കളാഴ്ച ക്രിസ്മസ് അവധിയാഘോഷിക്കുന്നു. യൂറോപ്യൻ വിപണികൾക്ക് ചൊവ്വാഴ്ചയും അവധിയാണ്. ബ്രിട്ടീഷ്, ന്യൂസിലാൻഡ് വിപണികൾക്ക് വെള്ളിയാഴ്ച മുതൽ ക്രിസ്മസ് അവധിയാണ്. 

സാന്തക്ളോസ് റാലി 

ഇന്നലത്തെ അമേരിക്കൻ വിപണി മുന്നേറ്റത്തിന്റെ പിന്തുണയിൽ ജാപ്പനീസ്, കൊറിയൻ വിപണികൾ മികച്ച മുന്നേറ്റമാണ് നടത്തിയത്. ബ്രിട്ടീഷ് പണപ്പെരുപ്പം കുറയുന്നതിന്റെ ആവേശത്തിൽ യൂറോപ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. 

ഇന്നലെയും നേട്ടത്തോടെ മുന്നേറിയ അമേരിക്കൻ വിപണിയും ക്രിസ്മസ് അവധിക്ക് മുൻപായി ലാഭമെടുക്കൽ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും തുടരുന്ന നിക്ഷേപക ആവേശം പ്രതീക്ഷയാണ്. അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറാതെ തുടരുന്നതും, നാളെ വരാനിരിക്കുന്ന അമേരിക്കൻ ജിഡിപി കണക്കുകളിലും, വെള്ളിയാഴ്ച വരുന്ന പിസിഇ ഡേറ്റയിലും വിപണി പ്രതീക്ഷയിലാണെന്നതും അനുകൂലമാണ്. 

എയർകണ്ടിഷൻ ഓഹരികൾ 

ഇന്ത്യയിൽ ഇത്തവണ വേനൽ കനക്കുമെന്ന കാലാവസ്ഥ സൂചനകൾ എയർകണ്ടീഷൻ, ഫാൻ, കൂളർ മുതലായവയുടെ വില്പനയും ത്വരിതപ്പെടുത്തും. ഏസി, ഇലക്ട്രിക് ഉപകരണ ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം. വോൾട്ടാസ്, ബ്ലൂ സ്റ്റാർ, ആംബർ, ഓറിയന്റ് ഇലക്ട്രിക് മുതലായ ഓഹരികൾ ശ്രദ്ധിക്കുക. 

ഐപിഓ 

ഓട്ടോ ഘടകങ്ങളുടെ നിർമാതാക്കളായ ഹാപ്പി ഫോർജിങ്‌സ്, സ്വർണ മൊത്ത വ്യാപാരികളായ ആർബിഇസഡ് ജ്വല്ലേഴ്സ്, മുഫ്തി മെൻസ് വെയർ എന്നിവയുടെ ഇന്നലെ ആരംഭിച്ച ഐപിഓകൾ നാളെയാണ് അവസാനിക്കുന്നത്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market Closed in Red

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com