നിക്ഷേപകരുടെ വിശ്വാസം കാത്ത് ഓഹരി വിപണി
Mail This Article
ഇന്നലത്തെ നഷ്ടങ്ങളുടെ ഓർമയിൽ ഇന്നും നഷ്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണിയിൽ വീണ്ടും നിക്ഷേപകർ വിശ്വാസമർപ്പിച്ചത് വിപണിക്ക് പോസിറ്റീവ് ക്ളോസിങ് നൽകി. ഇന്ത്യക്കൊപ്പം ചൈനയും ഇന്ന് നേട്ടം കുറിച്ചപ്പോൾ ജപ്പാനും, കൊറിയയും യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം തുടരുന്നത് വിപണിക്ക് പ്രതീക്ഷയാണ്.
റിലയൻസും, എച്ച്ഡിഎഫ്സി ബാങ്കുമാണ് ഇന്ന് ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത്. ബാങ്കിങ്, ഐടി, മെറ്റൽ, ഫാർമ, റിയൽറ്റി സെക്ടറുകൾ ഇന്ന് വീണ്ടും നിക്ഷേപക ശ്രദ്ധയാകർഷിച്ചത് വിപണിക്ക് അനുകൂലമായി. സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകൾ ഇന്ന് യഥാക്രമം 1.9%വും, 1.7%വും വീതം മുന്നേറ്റം നേടി.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
ഇന്ന് 21000 പോയിന്റിനും താഴെപ്പോയെങ്കിലും പിന്നീട് 21288 പോയിന്റ് വരെ മുന്നേറിയ ശേഷം104 പോയിന്റ് നേട്ടത്തിൽ 21255 പോയിന്റിലാണ് ക്ളോസ് ചെയ്തത്. 21020 പോയിന്റിലും 20930 പോയിന്റിലുമാണ് നിഫ്റ്റിയുടെ പിന്തുണകൾ. 21380 പോയിന്റ് പിന്നിട്ടാൽ 21460 പോയിന്റിലും 21550 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ.
ഇന്ന് ആദ്യമണിക്കൂറിലെ ‘തുടർ’വിൽപന സമ്മർദ്ദത്തിൽ 47,000 പോയിന്റിലും താഴെപ്പോയ ബാങ്ക് നിഫ്റ്റി എച്ച്ഡിഎഫ്സി ബാങ്കിന്റെ പിന്തുണയിൽ തിരിച്ചുകയറി 47,840 പോയിന്റിലാണ് ക്ളോസ് ചെയ്തത്. 48,000 പോയിൻറ് പിന്നിട്ടാൽ 48,220 പോയിന്റിലും 48,440 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ ആദ്യ റെസിസ്റ്റൻസുകൾ.
തിരുത്തലുകൾ അവസരങ്ങൾ
ഈ തിങ്കളാഴ്ച ക്രിസ്മസും അടുത്ത തിങ്കളാഴ്ച പുതുവത്സരവുമാണെന്നതും രാജ്യാന്തര വിപണിയിലും ആലസ്യം സൃഷ്ടിക്കുമെന്ന ധാരണകളും വിപണിയിൽ ഇന്ന് മുതൽ പ്രതിഫലിച്ച് തുടങ്ങിയേക്കാം. വിപണിയിലെ ‘അപ്രതീക്ഷിത’ തിരുത്തലുകൾ മികച്ച ഓഹരികൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരങ്ങളാണ്.
ക്രിസ്മസ് അവധി
യുകെ, ന്യൂസിലാൻഡ് വിപണികൾ ക്രിസ്മസ് പ്രമാണിച്ച് നാളെ മുതൽ അവധിയാണ്. ക്രിസ്മസ് പ്രമാണിച്ച് തിങ്കളാഴ്ച ഇന്ത്യ അടക്കമുള്ള പ്രധാന വിപണികളെല്ലാം തന്നെ അടഞ്ഞു കിടക്കും. യൂറോപ്യൻ വിപണികൾക്ക് ചൊവ്വാഴ്ച ‘ബോക്സിങ് ഡേ’ അവധിയാണ്. പുതുവത്സരം പ്രമാണിച്ച് യൂകെ, ന്യൂസിലാൻഡ്, ബ്രസീൽ വിപണികൾ അടുത്ത വെള്ളിയാഴ്ച തന്നെ അവധിയാണ്.
ഐടി & ആക്സ്സഞ്ചർ
ലോകത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ആക്സ്സഞ്ചറിന്റെ റിസൾട്ട് വിപണി പ്രതീക്ഷക്കൊപ്പമെത്തിയെങ്കിലും കമ്പനികൾ ചെലവ് ചുരുക്കൽ നിർത്തിയിട്ടില്ല എന്ന സൂചന ഇന്ത്യൻ ഐടി കമ്പനികൾക്കും ക്ഷീണമാണ്. എങ്കിലും ജനുവരി രണ്ടാം വാരത്തിൽ ആരംഭിക്കുന്ന റിസൾട്ടുകൾ മുന്നിൽക്കണ്ട് ഇന്ത്യൻ ഐടി ഓഹരികളിൽ നിക്ഷേപം പ്രതീക്ഷിക്കുന്നു. ക്രിസ്മസ്-പുതുവത്സര അവധി ആലസ്യങ്ങൾക്കൊപ്പവും വിപണി നിക്ഷേപം പ്രതീക്ഷിക്കുന്നു.
അമേരിക്കൻ ജിഡിപി ഇന്ന്
ഒൻപത് ദിവസം നീണ്ട നിന്ന ഡൗ ജോൺസിന്റെ റെക്കോർഡ് മുന്നേറ്റം ഇന്നലത്തെ അപ്രതീക്ഷിത ലാഭമെടുക്കലിൽ അവസാനിച്ചു. ഇന്നലെയും റെക്കോർഡ് തിരുത്തി നിന്ന ഡൗ ജോൺസും, റെക്കോർഡ് ഉയരത്തിന് തൊട്ടരുകിലെത്തിയ എസ്&പിയും ഇന്നലെ യഥാക്രമം 1.27%വും, 1.47%വും വീതം നഷ്ടം നേരിട്ടപ്പോൾ നാസ്ഡാക് ഒന്നര ശതമാനം നഷ്ടവും കുറിച്ചു. പിസിഇ ഡേറ്റ വരാനിരിക്കെ ഡോളറും, ബോണ്ട് യീൽഡും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ഇന്ന് വരുന്ന അമേരിക്കയുടെ മൂന്നാംപാദ ആഭ്യന്തര ഉല്പാദനകണക്കുകളും, ജോബ് ഡേറ്റയും ഇന്ന് അമേരിക്കൻ വിപണി ചലനങ്ങളെ സ്വാധീനിക്കുമെങ്കിലും നാളെ വരാനിരിക്കുന്ന ഈ വർഷത്തെ ഏറ്റവും അവസാനത്തെ പണപ്പെരുപ്പ സൂചനയായി പിസിഇ ഡേറ്റയെക്കുറിച്ചുള്ള ഊഹങ്ങൾ തന്നെയാകും അമേരിക്കൻ നിക്ഷേപകർ കൂടുതലായി പരിഗണിക്കുക. ജാപ്പനീസ് സിപിഐ ഏഷ്യൻ വിപണികളെയും, ജിഡിപി അടക്കമുള്ള ബ്രിട്ടീഷ് ഡേറ്റകൾ നാളെ യൂറോപ്യൻ വിപണികളെയും സ്വാധീനിക്കും.
ക്രൂഡ് ഓയിൽ
അമേരിക്കൻ എണ്ണ ശേഖരത്തിൽ വർദ്ധനവുണ്ടായതും, ഇസ്രായേൽ-ഹമാസ് ധാരണകൾ ഉണ്ടാകുന്നു എന്ന വാർത്തയും ക്രൂഡ് ഓയിലിന് വലിയ തിരുത്തൽ നൽകിയില്ല. ഡോളർ ക്രമപ്പെടുന്നതും, ചെങ്കടലിലെ ആക്രമണങ്ങളും ക്രൂഡ് ഓയിലിന് മുന്നേറ്റവും നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 79 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും വീഴുന്നത് സ്വർണത്തിന് അനുകൂലമാണ്. അമേരിക്കയുടെ 10വർഷ ബോണ്ട് യീൽഡ് 3.87%ലേക്ക് വീണു. രാജ്യാന്തര സ്വർണ വില 2050 ഡോളറിൽ താഴെ വ്യാപാരം തുടരുന്നു.
ഐപിഓ
ഇന്നലെ ആരംഭിച്ച ആസാദ് എഞ്ചിനീയറിങിന്റെ ഐപിഓ നാളെ അവസാനിക്കുന്നു. ജനറൽ ഇലക്ട്രിക്, ഹണിവെൽ ഓട്ടോമേഷൻ മുതലായ രാജ്യാന്തര കമ്പനികൾക്കായി ഉപകരണഘടകങ്ങൾ നിർമിക്കുന്ന കമ്പനിയുടെ ഐപിഓ വില 499-524 രൂപയാണ്.
ഫാർമ കമ്പനിയായ ഇന്നോവ ക്യാപ്ടാബ് ലിമിറ്റഡിന്റെ ഇന്നാരംഭിച്ച ഐപിഓ തിങ്കളാഴ്ച അവസാനിക്കും. കമ്പനിയുടെ ഐപിഓ വില 426-448 രൂപയാണ്.
ഭാരത് ഇലക്ട്രോണിക്സ്
ഡിഫൻസ് ഓർഡറുകളുടെ പിൻബലത്തിൽ ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ 23500 കോടി രൂപയുടെ ഓർഡറുകൾ സ്വന്തമാക്കിക്കഴിഞ്ഞ ഭാരത് ഇലക്ട്രോണിക്സ് തെരെഞ്ഞെടുപ്പ് ചട്ടങ്ങൾ നിലവിൽ വരുന്നതിന് മുൻപായി കൂടുതൽ ഓർഡറുകൾ പ്രതീക്ഷിക്കുന്നു. ഈ വർഷം 21%-23% മാർജിൻ ഉറപ്പായും പ്രതീക്ഷിക്കുന്ന ഓഹരി വരും പാദങ്ങളിൽ മികച്ച റിസൾട്ടുകളും പ്രതീക്ഷിക്കുന്നു.