ബിറ്റ് കോയിന് വെച്ചടി കയറ്റം! സ്വർണത്തേയും ഓഹരിയേയും കടത്തിവെട്ടി മുന്നേറ്റം

Mail This Article
2023 വർഷാദ്യം ക്രിപ്റ്റോ കറൻസികൾക്ക് നല്ലകാലമായിരുന്നില്ലെങ്കിലും ബിറ്റ് കോയിനിന് 2023 പകുതി മുതൽ വെച്ചടി കയറ്റമായിരുന്നു. ബിറ്റ് കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസികളെ എല്ലാം തന്നെ ഒരു ചട്ടക്കൂടിനുള്ളിൽ കൊണ്ടുവരുന്നതിന് രാജ്യാന്തര ഏജൻസികളും മുൻകൈ എടുത്ത വർഷമായിരുന്നു 2023. 163 ശതമാനമാണ് ഈ വർഷം ബിറ്റ് കോയിൻ ഉയർന്നത്. സ്വർണത്തേയും, ഓഹരിയേയും അപേക്ഷിച്ച് ബിറ്റ് കോയിൻ നല്ല പ്രകടനമാണ് ഈ വർഷം കാഴ്ച വെച്ചത്.
ബിറ്റ് കോയിൻ നിയമപരമായ കറൻസി
ബിറ്റ് കോയിൻ നിയമപരമായ ടെണ്ടറായി സ്വീകരിച്ച ആദ്യ രാജ്യമായ എൽ സാൽവദോറിന് പിന്നാലെ അർജന്റീനയും ബിറ്റ് കോയിനിനെ പണമിടപാടുകളിൽ അംഗീകൃത കറൻസിയായി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ഡോളറിന് പകരം ബിറ്റ് കോയിൻ എന്ന നിലയിലേക്ക് കൂടുതൽ രാജ്യങ്ങൾ ചിന്തിക്കുന്ന കാലം വിദൂരമല്ല എന്നാണ് ഇപ്പോഴത്തെ ഈ പ്രവണതകൾ സൂചിപ്പിക്കുന്നത്.
2021 സെപ്തംബർ മുതലാണ് എൽ സാൽവദോർ ബിറ്റ് കോയിൻ ലീഗൽ ടെണ്ടറായി അംഗീകരിച്ചത്. എൽ സാൽവദോറിലെ ഭരണാധികാരി ബിറ്റ് കോയിൻ ലീഗൽ ടെണ്ടറായി അംഗീകരിച്ചത് ജനങ്ങൾക്കത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും ഇതിനു ശേഷം അവിടത്തെ വിനോദ സഞ്ചാര മേഖലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായി.
വരുമാനം കുതിക്കുന്നു
ബിറ്റ് കോയിനിൽ പണം ചെലവഴിക്കാൻ വിനോദ സഞ്ചാരികൾ എൽ സാൽവഡോറിലേക്ക് ഒഴുകുകയായിരുന്നു. ഇത് കടലോര പ്രദേശങ്ങളിലെയും മറ്റ് ഉൾപ്രദേശങ്ങളിൽ പോലും ജനങളുടെ വരുമാനം കൂട്ടാൻ സഹായിച്ചു. ഇത് മാത്രമല്ല രാജ്യാന്തര തലത്തിൽ തന്നെ എൽ സാൽവദോറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും ബിറ്റ് കോയിൻ സഹായിച്ചു. എൽ സാൽവദോറിൽ ഇനി മുതൽ പൗരത്വം ലഭിക്കണമെങ്കിൽ 1 ദശലക്ഷം ഡോളറിന് തത്തുല്യമായ ബിറ്റ് കോയിൻ നൽകിയാൽ മതി എന്ന നിയമവും വന്നു.
ബിറ്റ് കോയിൻ തട്ടിപ്പുകൾ
പല തരത്തിലാണ് ബിറ്റ് കോയിൻ തട്ടിപ്പുകൾ 2023 ൽ അരങ്ങേറിയത്. ബിറ്റ്‌കോയിൻ നിക്ഷേപ പദ്ധതികളിൽ, "നിക്ഷേപ മാനേജർമാർ" എന്ന് അവകാശപ്പെടുന്ന തട്ടിപ്പുകാർ നിക്ഷേപകരുമായി ബന്ധപ്പെട്ട് ക്രിപ്‌റ്റോകറൻസിയിൽ ദശലക്ഷക്കണക്കിന് നിക്ഷേപം നടത്തിയതായി അവകാശപ്പെടുകയും നിക്ഷേപത്തിലൂടെ പണം സമ്പാദിക്കാമെന്ന് ഇരകളെ പ്രേരിപ്പിക്കുകയും ചെയ്യും. ഇത്തരത്തിൽ പണം നഷ്ട്ടപെട്ട ഒരുപാടു ഇന്ത്യക്കാരുണ്ട്.
ഡേറ്റിങ് സൈറ്റുകളിലൂടെ ബിറ്റ് കോയിൻ തട്ടിപ്പുകൾ അരങ്ങേറിയതിനും 2023 സാക്ഷ്യം വഹിച്ചു. ക്രിപ്റ്റോ വാലറ്റുകളുടെ പാസ്സ്‌വേർഡുകൾ മോഷ്ടിച്ചുള്ള തട്ടിപ്പുകളും , ഇ മെയിൽ ലിങ്കുകൾ അയച്ചുള്ള തട്ടിപ്പുകളും 2023 ൽ വ്യാപകമായി നടന്നിരുന്നു. സോഷ്യൽ മീഡിയയിലൂടെ 'ക്രിപ്റ്റോ ഗിവ് എവേ ' യിലൂടെയും തട്ടിപ്പുകാർ ബിറ്റ് കോയിൻ ചോർത്തിയെടുത്തു . പോൺസി സ്കീമുകളും, നിലവിലില്ലാത്ത ക്രിപ്റ്റോ കറൻസി എക്സ് ചഞ്ചുകളുടെ പേരിലും, ജോലി ഓഫറുകളുടെ പേരിലും ക്രിപ്റ്റോ കറൻസികൾ നഷ്ടപ്പെട്ടവരുണ്ട്.
സ്വർണ വിലയോടൊപ്പം നീങ്ങാൻ ബിറ്റ് കോയിൻ 2023 ൽ ശ്രമിച്ചതും ശ്രദ്ധേയമായിരുന്നു. സ്വർണം താഴുമ്പോൾ താഴാനും, സ്വർണ വില ഉയരുമ്പോൾ ഉയരാനും 2023 ൽ ഉടനീളം ബിറ്റ് കോയിൻ ശ്രദ്ധിച്ചിരുന്നു. ബിറ്റ് കോയിൻ എ ടി എമ്മുകളും കൂടുതലായി വന്ന വർഷമായിരുന്നു 2023 .ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ പല മേഖലകളിലും ബിറ്റ് കോയിൻ ആധിപത്യം പുലർത്താൻ തുടങ്ങുന്ന വർഷമായിരിക്കും 2024 എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.