എഫ്ഡി, ആർഡി, എസ്ഐപി ഇതിൽ ഏതാണ് നല്ലത്?
Mail This Article
അധ്വാനിച്ചു സ്വരൂപിക്കുന്ന പണം കൃത്യമായ നിക്ഷേപം നടത്തി വളർത്തിയെടുക്കുമ്പോഴാണ് സമ്പത്ത് ഉണ്ടാകുന്നത്. നമ്മുടെ നാട്ടിലെ 80 ശതമാനത്തിലധികം പേരും സമ്പത്തു വളർത്താൻ തിരഞ്ഞെടുക്കുന്നത് സ്ഥിരനിക്ഷേപമാണ്. എന്നാൽ നിങ്ങൾ ആഗ്രഹിക്കുന്ന വളർച്ച നൽകാൻ സ്ഥിര നിക്ഷേപങ്ങൾക്കു കഴിയാറുണ്ടോ? സുരക്ഷിത നിക്ഷേപം എന്ന നിലയിൽ എഫ്ഡിയെ എത്രത്തോളം വിശ്വസിക്കാം?
റിസർവ് ബാങ്കിന്റെ റിപ്പോ റേറ്റ് നിരക്കുകൾ റിക്കറിങ് ഡിപ്പോസിറ്റിന്റെയും ഫിക്സഡ് ഡിപ്പോസിന്റെയും പലിശയെ സ്വാധീനിക്കും. വിപണിയിലെ പണപ്പെരുപ്പത്തിന്റെ തോത്, രാജ്യത്തിന്റെ സാമ്പത്തിക വളർച്ച എന്നിവയെ ആശ്രയിച്ചാണ് റിപ്പോ റേറ്റ് നിശ്ചയിക്കുന്നത്. റേറ്റ് കൂട്ടുമ്പോൾ, ബാങ്കുകൾ പലിശനിരക്ക് കൂട്ടും. കുറയുമ്പോൾ പലിശനിരക്ക് കുറയും. എഫിഡിയുടെ അതേ പലിശ നിരക്കുതന്നെയാണ് ആർഡിയിലും.
എന്താണ് വ്യത്യാസം?
ഒരിക്കൽ നിശ്ചയിച്ചു കഴിഞ്ഞാൽ ബാങ്ക് നൽകുന്ന പലിശയിൽ മാറ്റമുണ്ടാകില്ല. ഫിക്സഡ് റേറ്റിലാണ് നിക്ഷേപങ്ങൾക്കു പലിശ നൽകുന്നത്. എന്നാൽ ബാങ്ക് ആ പണം 12 % നിരക്കിൽ ലോൺ കൊടുക്കുന്നു. അപ്പോൾ ബാങ്കിനു ലഭിക്കുന്ന ലാഭം 5 ശതമാനം. ഈ ലഭിക്കുന്ന ലാഭത്തിന്റെ വിഹിതം എഫ്ഡി അല്ലെങ്കിൽ ആർഡി നിക്ഷേപകർക്ക് കിട്ടില്ല. 10 വർഷമായാലും ഒരേ പലിശ നിരക്കുതന്നെയായിരിക്കും.
എന്നാൽ, നിങ്ങൾ നിക്ഷേപിക്കുന്നത് ആ ബാങ്കിന്റെ ഓഹരിയിലാണ് നിക്ഷേപിക്കുന്നതെങ്കിൽ, ബാങ്ക് ബിസിനസ് ചെയ്തു കിട്ടുന്ന ലാഭത്തിന്റെ ഒരു പങ്ക് നിങ്ങൾക്കും കിട്ടും. കാരണം, നിങ്ങൾ ആ ബാങ്കിന്റെ ഉടമസ്ഥന്മാരിൽ ഒരാളാണ്.
മ്യൂചൽഫണ്ട്, ഓഹരി നിക്ഷേപങ്ങൾക്ക് റിസ്ക് കൂടുതലാണ്. എന്നാൽ റിട്ടേണും കൂടുതലായിരിക്കും. കൂട്ടുപലിശ നിരക്കിലാണ് കണക്കാക്കുന്നത് എന്നതിനാൽ ദീഘകാലത്തേക്കു നിക്ഷേപിക്കുമ്പോൾ നല്ലൊരു തുക ലഭിക്കും. ഓഹരിയിൽ നിക്ഷേപിക്കുന്നതിനു പല വഴികളുണ്ട്. നേരിട്ടു ഡീമാറ്റ് അക്കൗണ്ട് വഴി ഓഹരിയിൽ നിക്ഷേപിക്കാം. അല്ലെങ്കിൽ മ്യൂചൽ ഫണ്ട്, എസ്ഐപി തുടങ്ങിയ നിക്ഷേപ മാർഗങ്ങൾ സ്വീകരിക്കാം. ഒരുമിച്ചു നിക്ഷേപിക്കാതെ മാസം നിശ്ചിത തുകയായി എസ്ഐപിയിൽ നിക്ഷേപിക്കാം.
ഉദാഹരണത്തിന് എസ്ബിഐ പോലുള്ള പൊതുമേഖല ബാങ്കിൽ നിലവിലെ ആർഡി, എഫ്ഡി പലിശ നിരക്ക് 6.50. എസ്ബിഐ മാഗ്നം മിഡ്ക്യാപ് ഫണ്ട് 10 വർഷത്തേക്കു നൽകുന്ന ശരാശരി റിട്ടേൺ 18.19% (വിപണിയിലെ ഏറ്റക്കുറിച്ചിലുകൾ അനുസരിച്ചു വ്യത്യാസം വരാം).
ആർഡി/ എഫ്ഡി, എസ്ഐപി ടേബിൾ
ആർഡി/ എഫ്ഡി
നേട്ടങ്ങൾ
∙ ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിലൊന്ന്.
∙ നൂലാമാലകളില്ല.
∙ ദീർഘകാല നിക്ഷേപമായി പരിഗണിക്കുന്നു.
∙ കാലാവധി പൂർത്തിയായതിനു ശേഷം പിൻവലിക്കാം.
കോട്ടങ്ങൾ
∙ മറ്റു നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പലിശ കുറവ്.
∙ ഫിക്സഡ് പലിശനിരക്ക്.
∙ വിപണിയിലെ പണപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ദീർഘകാല നിക്ഷേപത്തിനു ശേഷം ലഭിക്കുന്ന തുക വളരെ കുറവായിരിക്കും.
∙ ഒരു തവണ പലിശ നിശ്ചയിച്ചുകഴിഞ്ഞാൽ പിന്നീട് മാറ്റാൻ പറ്റില്ല.
എസ്ഐപി
ഗുണങ്ങൾ
∙ കൂട്ടുപലിശ രീതിയായതിനാൽ ഏറ്റവും മികച്ച റിട്ടേൺ നൽകുന്നു.
∙ ഓൺലൈനായി മികച്ച ഫണ്ടുകളിൽ നിക്ഷേപിക്കാം.
∙ എസ്ഐപി നിക്ഷേപം പണപ്പെരുപ്പത്തെ മറികടക്കുന്നു.
∙ ദീർഘകാല നിക്ഷേപങ്ങൾക്ക് ഏറ്റവും ബെസ്റ്റ്.
∙ എപ്പോൾ വേണമെങ്കിലും പിൻവലിക്കാം.
പോരായ്മകൾ
∙ റിസ്ക് കൂടുതലാണ്.
∙ വിപണിയുടെ ഏറ്റക്കുറിച്ചിലുകൾ ബാധിക്കും. മാർക്കറ്റ് ഇടിവുണ്ടാകുമ്പോൾ വാല്യൂ കുറയും.
∙ ഏതു ഫണ്ട് വേണമെന്നു നന്നായി മനസ്സിലാക്കിയിട്ടു മാത്രം നിക്ഷേപിക്കുക.