ADVERTISEMENT

ക്രിസ്മസ് അവധിക്ക് മുന്നോടിയായി വെള്ളിയാഴ്ച അമേരിക്കൻ വിപണി നേട്ടമുണ്ടാക്കിയത് ഇന്ന് ഇന്ത്യൻ വിപണിക്കും പോസിറ്റീവ് തുടക്കം നൽകി. ചൈനീസ് വിപണികൾ നഷ്ടത്തിലാവസാനിച്ച ഇന്ന് ജാപ്പനീസ്, കൊറിയൻ വിപണികൾ നേരിയ നേട്ടമുണ്ടാക്കി. അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും കുറയുന്നത് ഇന്ന് ഏഷ്യൻ വിപണി സമയത്ത് അമേരിക്കൻ ഫ്യൂച്ചറുകൾക്കും അനുകൂലമായി. 

ഇൻഫോസിസിന്റെ വീഴ്‌ച്ചക്കൊപ്പം ഐടി ഓഹരികളും വീണതാണ് ഇന്ന്  മുന്നേറ്റം നിഷേധിച്ചത്. എച്ച്ഡിഎഫ്സി ബാങ്കും, അദാനിയും ഇന്ത്യൻ വിപണിയെ മുന്നിൽ നിന്നും നയിച്ച ഇന്ന് ഐടി, പൊതു മേഖല ബാങ്കുകൾ എന്നീ സെക്ടറുകൾ  ഒഴികെയുള്ള സെക്ടറുകളെല്ലാം ഇന്ന് നേട്ടത്തിലാണ് ക്ളോസ് ചെയ്തത്. പൊതു മേഖല, ഓട്ടോ, എനർജി, മെറ്റൽ സെക്ടറുകൾ ഇന്ന് 1%ൽ കൂടുതൽ നേട്ടമുണ്ടാക്കി. 

ഇൻഫോസിസിന്റെ കോൺട്രാക്ട് നഷ്ടം 

സെപ്റ്റംബറിൽ ഒപ്പ് വച്ച കരാർ പ്രകാരം 15  വർഷത്തേക്ക് ലഭിച്ച എഐ കോൺട്രാക്ട് നഷ്ടമായെന്ന് ഇൻഫോസിസ് ശനിയാഴ്ച എക്സ്ചേഞ്ചിനെ അറിയിച്ചത് ഇന്ത്യൻ വിപണിയുടെ നെഞ്ചിടിപ്പ്  കൂട്ടിയിരുന്നെങ്കിലും ഇൻഫോസിസ് ഇന്നത്തെ നഷ്ടം ലഘൂകരിച്ചത് വിപണിക്ക് അനുകൂലമായി. വിപ്രോ അടക്കമുള്ള ഐടി ഓഹരികൾ ആദ്യ മണിക്കൂറിലെ നഷ്ടത്തിന് ശേഷം ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ഇൻഫോസിസ്, എച്ച്സിഎൽടെക്ക്, വിപ്രോ ടി ഭീമന്മാർ ജനുവരി 11, 12 തീയതികളിൽ റിസൾട്ടുകൾ  പ്രഖ്യാപിക്കാനിരിക്കെ ഐടി ഓഹരികളിലെ തിരുത്തൽ അവസരമാണ്.

നിഫ്റ്റി & ബാങ്ക് നിഫ്റ്റി 

 നേട്ടത്തിലാരംഭിച്ച ശേഷം 21477 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി ഇന്ന് 91 പോയിന്റ് നേട്ടത്തോടെ 21441 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 21480 പോയിന്റ് പിന്നിട്ടാൽ 21530 പോയിന്റിലും 21600 പോയിന്റിലുമാണ് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസുകൾ. 21400 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 21330 പോയിന്റിലും 21260 പോയിന്റിലുമാണ് നിഫ്റ്റിയുടെ പിന്തുണകൾ. 

മുൻനിര ബാങ്കുകളുടെ പിന്തുണയിൽ ബാങ്ക് നിഫ്റ്റി ഇന്ന് അര ശതമാനം മുന്നേറി 47724 പോയിന്റിലാണ് ക്ളോസ് ചെയ്തത്. 47400 പോയിന്റിലും 47070 പോയിന്റിലുമാണ് ബാങ്ക് നഫ്റ്റിയുടെ പിന്തുണകൾ, ബാങ്ക് നിഫ്റ്റി 48000 പോയിന്റ് പിന്നിട്ടാൽ 48400 പോയിന്റിലും 48800 പോയിന്റിലും റെസിസ്റ്റൻസുകളും പ്രതീക്ഷിക്കുന്നു.  

ഫെഡ് നിരക്ക് നേരത്തെ കുറച്ചേക്കും 

വെള്ളിയാഴ്ച വന്ന പിസിഇ ഡേറ്റ പ്രകാരം അമേരിക്കയുടെ പണപ്പെരുപ്പം വിപണി പ്രതീക്ഷിച്ചതിലും വേഗത്തിൽ കുറയുന്നത് ഫെഡ് റിസേർവ് നിരക്ക് കുറക്കൽ നേരത്തെ ആരംഭിച്ചേക്കുമെന്ന പ്രതീക്ഷക്ക് ആക്കം കൂട്ടുന്നത് ലോക വിപണിക്ക് അനുകൂലമാണ്. 85% പേരും മാർച്ചിൽ തന്നെ ഫെഡ് റിസർവ് നിരക്ക് കുറക്കാൻ ആരംഭിക്കുമെന്നാണ് കരുതുന്നത്. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് 3.90%ൽ താഴെയാണ് വ്യാപാരം തുടരുന്നത്.

 ഇന്നും മിക്ക യൂറോപ്യൻ വിപണികളും അവധിയാണ്. വെള്ളിയാഴ്ചയും ബ്രിട്ടൻ അടക്കമുള്ള വിപണികൾ പുതുവത്സര അവധി ആരംഭിക്കും. അടുത്ത തിങ്കളാഴ്ച അമേരിക്കയും, യൂറോപ്യൻ, ഏഷ്യൻ വിപണികളും പുതുവത്സര അവധിയിലായിരിക്കും. ഇന്ത്യൻ വിപണിയുടെ അടുത്ത അവധി ജനുവരി 26നാണ്. 

ക്രൂഡ് ഓയിൽ 

അമേരിക്കയുടെ ഫെഡ് നിരക്ക് കുറക്കൽ പ്രതീക്ഷ ഡോളറിന് തിരുത്തൽ നൽകുന്നതും, ചെങ്കടലിലെ തുടരുന്ന കപ്പലാക്രമണ പ്രശ്നങ്ങൾ ക്രൂഡ് ഓയിൽ കടത്തിനെ ബാധിക്കുന്നതും ക്രൂഡ് ഓയിലിന് അനുകൂലമാണ്. നാളെ വരാനിരിക്കുന്ന അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരകണക്കുകളും ക്രൂഡ് ഓയിലിന് അനുകൂലമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില 78 ഡോളറിന് മുകളിലാണ് തുടരുന്നത്. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡിന്റെ വീഴ്ച സ്വർണത്തിന് അനുകൂലമാണ്. രാജ്യാന്തര സ്വർണ വില ഏഷ്യൻ വിപണി സമയത്ത് 2073 ഡോളറിലാണ് തുടരുന്നത്. 

ലിസ്റ്റിങ് 

മോടിസൺസ് ജ്വല്ലറി ഇന്ന് മികച്ച ലിസ്റ്റിങ് നടത്തിയപ്പോൾ മുത്തൂറ്റ് മൈക്രോഫിൻ, സൂരജ് എസ്റ്റേറ്റ്സ് എന്നിവ നിരാശപ്പെടുത്തി. 

നാളെയാണ് മുഫ്തി മെൻ വെയർ, ഹാപ്പി ഫോർജിങ് എന്നിവയുടെ ലിസ്റ്റിങ്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market Ended Positively

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com