ADVERTISEMENT

2024ലെ ആദ്യദിനത്തിൽ അമേരിക്കൻ വിപണി വീണത് ഇന്ന് മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ത്യൻ വിപണിക്കും ക്ഷീണമായി. ഇന്ത്യൻ ടെക്ക് ഓഹരികളുടെ വീഴ്ച തന്നെയാണ് ഇന്ന് ഇന്ത്യൻ വിപണിയുടെയും തിരുത്തലിന് ആധാരമായത്. ഇന്ന് 21661 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് 21500 പോയിന്റ് വരെ വീണ ശേഷം 21517 പോയിന്റിലാണ് അവസാനിച്ചത്. സെൻസെക്സ് ഇന്ന് 535 പോയിന്റ് നഷ്ടത്തിൽ 71356 പോയിന്റിലാണ് ക്ളോസ് ചെയ്തത്. 

ഫെഡ് മിനുട്സിന് മുന്നോടിയായി വീണ നാസ്ഡാക്കിന്റെ 1.63% വീഴ്ച ഇന്ത്യൻ ഐടി സെക്ടറിന് ഇന്ന് രണ്ടര ശതമാനം തിരുത്തൽ നൽകി. മെറ്റൽ, ഓട്ടോ, സെക്ടറുകളും ഇന്ന് നഷ്ടം കുറിച്ചു. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഒന്നര ശതമാനം വീഴ്ച ബാങ്ക് നിഫ്റ്റിക്ക് മുന്നേറ്റം നിഷേധിച്ചെങ്കിലും മറ്റ് ബാങ്കിങ് ഓഹരികളെല്ലാം ഇന്ന് നേട്ടമുണ്ടാക്കി. ശോഭ ലിമിറ്റഡിന്റെ 10% മുന്നേറ്റത്തിന്റെ പിൻബലത്തിൽ ഇന്ത്യൻ റിയൽറ്റി സെക്ടർ ഇന്ന് മികച്ച മുന്നേറ്റം നേടിയപ്പോൾ ഫാർമ, പൊതുമേഖല ബാങ്കുകൾ, റെയിൽ, മിഡ് ക്യാപ്  ഇൻഫ്രാ ഓഹരികളും മുന്നേറ്റം നേടി. മാനുഫാക്ച്ചറിങ്, ഇൻഫ്രാ, റിയൽറ്റി, റെയിൽ അടക്കമുള്ള പൊതുമേഖലാ ഓഹരികളും (മിഡ് ക്യാപ്) ഐടി, ബാങ്കിങ്, ഫാർമ  ഓഹരികളും ഈ ഇറക്കത്തിൽ നിക്ഷേപത്തിന് പരിഗണിക്കാം. 

മുന്നേറി അദാനി

ഹിൻഡൻബെർഗ് വിഷയത്തിൽ അനുകൂലവിധി പ്രതീക്ഷിച്ച് അദാനി ഓഹരികൾ ഇന്ന് സുപ്രീം കോടതിയുടെ വിധി വരുന്നതിന് മുൻപ് തന്നെ മികച്ച മുന്നേറ്റം നേടിയിരുന്നു. അദാനി ടോട്ടൽ ഗ്യാസ്, അദാനി എനർജി സൊല്യൂഷൻസ്,  അദാനി പവർ, അദാനി ഗ്രീൻ, അദാനി വിൽമർ മുതലായ ഓഹരികൾ 10% വരെ മുന്നേറ്റം കുറിച്ചത്തോടെ അദാനി ഗ്രൂപ് ഓഹരികളുടെ വിപണി മൂല്യം വീണ്ടും 15 ലക്ഷം കോടിക്ക് മുകളിലേക്ക് കയറി. ഹിൻഡൻബെർഗ് റിപ്പോർട്ട് വരുന്നതിന്റെ തലേ ദിവസം അദാനി ഓഹരികളുടെ വിപണി മൂല്യം 19.5 ലക്ഷം കോടി രൂപയായിരുന്നു. 

മാധ്യമ ഏജൻസികൾ നൽകിയ തെളിവുകളും, വാർത്തകളും അദാനിക്കെതിരായുള്ള തെളിവായെടുക്കാൻ വിസമ്മതിച്ച സുപ്രീം കോടതി അന്വേഷണം പൂർത്തിയാക്കാനുള്ള രണ്ട് കേസുകൾ കൂടി പൂർത്തിയാക്കാൻ സെബിക്ക് മൂന്ന് മാസം കൂടി സമയമാനുവദിക്കുകയും ചെയ്തു. അദാനിക്കെതിരായ ഇരുപത്തിനാല് ആരോപണങ്ങളിൽ 22എണ്ണങ്ങളിൽ സെബി അന്വേഷണം പൂർത്തിയാക്കി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സുപ്രീം കോടതിയുടെ നീരീക്ഷണങ്ങളും, തീർപ്പും അദാനി ഓഹരികൾക്ക് ആശ്വാസമാണ്. 

നിഫ്റ്റി & ബാങ്ക് നിഫ്റ്റി 

ഇന്ന് 148 പോയിന്റ് നഷ്ടത്തിൽ 21517 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റിയുടെ അടുത്ത പിന്തുണ മേഖലകൾ 21420 പോയിന്റിലും, 21360 പോയിന്റിലുമാണ്. 21600 പോയിന്റിലും 21680 പോയിന്റിലുമാണ് നിഫ്റ്റിയുടെ ആദ്യ കടമ്പകൾ. 

ആദ്യമണിക്കൂറിലെ വീഴ്‌ചക്ക് ശേഷം തിരിച്ചുകയറി 47704 പോയിന്റിൽ ക്ലോസ് ചെയ്ത ബാങ്ക് നിഫ്റ്റി 47400 പോയിന്റിലും 47100 പോയിന്റിലും തുടർ പിന്തുണകൾ പ്രതീക്ഷിക്കുന്നു. 48000 പോയിന്റ് പിന്നിട്ടാൽ 48400 പോയിന്റിലും 48800 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ തുടർ കടമ്പകൾ. 

ഫെഡ് മിനുട്സ് ഇന്ന് 

അമേരിക്കൻ ഫെഡ് റിസർവിന്റെ കഴിഞ്ഞ യോഗത്തിന്റെ മിനുട്സ് ഇന്ന് വരാനിരിക്കെ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറി തുടങ്ങിയതിനൊപ്പം ബാർക്ലയ്‌സ് ബാങ്ക് ആപ്പിളിന്റെ ലക്ഷ്യവില കുറച്ചതും ഇന്നലെ നാസ്ഡാകിന് തിരുത്തലിന് കാരണമായി. ഏഷ്യൻ വിപണികളിലെ വില്പന കുറയുന്നതാണ് ആപ്പിളിന്റെ റേറ്റിങ് കുറക്കുവാൻ കാരണമായത്. അമേരിക്കയുടെ പത്ത് വർഷ ബോണ്ട് യീൽഡ് ഇന്ന് വീണ്ടും നാല് ശതമാനത്തിന് സമീപത്തേക്ക് കയറിയതിനെത്തുടർന്ന് അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് വീണ്ടും നഷ്ടത്തിലാണ് തുടരുന്നത്. 

നാസ്ഡാക്കിന്റെ വീഴ്‌ച്ചക്കൊപ്പം ഏഷ്യൻ വിപണികൾ നഷ്ടത്തിൽ ക്ളോസ് ചെയ്തതിന് പിന്നാലെ യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഇന്ന് വരാനിരിക്കുന്ന അമേരിക്കയുടെ ഫെഡ് മിനുട്സിലെ അംഗങ്ങളുടെ നിരക്ക് സംബന്ധിയായ പരാമർശങ്ങളും, തുടർന്ന് ഫെഡ് അംഗങ്ങളിൽ പലരും സംസാരിക്കാനിരിക്കുന്നതും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. ഇന്ന് വരുന്ന അമേരിക്കൻ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും, നാളെ വരുന്ന അമേരിക്കൻ ജോബ് ഡേറ്റയും വിപണിക്ക് പ്രധാനമാണ്. 

ക്രൂഡ് ഓയിൽ 

ചെങ്കടലിലെ പ്രശ്നങ്ങൾക്ക് അയവ് വരുന്നതും, ഫെഡ് മിനുട്സിന് മുന്നോടിയായി ഡോളർ ശക്തിപ്പെടുന്നതും, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ മോശമാകുന്നുവെന്ന വിലയിരുത്തലും  ക്രൂഡ് ഓയിലിന് തിരുത്തൽ നൽകി. നാളെ വരുന്ന അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരക്കണക്കുകളും ക്രൂഡ് ഓയിലിന് പ്രധാനമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 75 ഡോളറിലാണ് വ്യാപാരം തുടരുന്നത്.  

സ്വർണം 

അമേരിക്കൻ ഫെഡ് മിനുട്സ് ഇന്ന് വരാനിരിക്കെ ഡോളറും, ബോണ്ട് യീൽഡും ശക്തിപ്പെടുന്നതും ഇന്ന് സ്വർണത്തിന് തിരുത്തൽ നൽകി. 

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market Closed in Red Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com