ADVERTISEMENT

കാലം മാറുന്നതിന് അനുസരിച്ച് ബിസിനസും മാറണം...അല്ലെങ്കില്‍ വിപണിയെന്ന വലിയ ഗ്രൗണ്ടില്‍ നിന്ന് പെട്ടെന്ന് ഔട്ട് ആയി ഗാലറിയിലിരുന്ന് കളി കാണേണ്ടി വരും. ഇത് നന്നായി അറിയാവുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭകനാണ് ഒലയുടെ ഭവീഷ് അഗര്‍വാള്‍. ഒലയും ഉബറും ഒരുകാലത്ത് ജനകീയ ആപ്പ് അധിഷ്ഠിത ടാക്സി സംരംഭങ്ങളായിരുന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയെന്ന തലത്തിലേക്ക് തങ്ങളുടെ പ്രൊഫൈല്‍ അടിമുടി മാറ്റിക്കളഞ്ഞിരിക്കുന്നു ഒല. അത് മാത്രമല്ല, വളര്‍ന്നുവരുന്ന ഇവി വിപണിയില്‍ ഇവര്‍ പുതിയ ചരിത്രമെഴുതുക കൂടിയാണ് ചെയ്യുന്നത്.

മുന്നില്‍ നിന്ന് നയിക്കാന്‍ ഒല

രാജ്യത്ത് പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) നടത്തുന്ന ആദ്യ ഇലക്ട്രിക് വാഹന കമ്പനിയായി ഒല അധികം വൈകാതെ മാറും. 5,500 കോടി രൂപയുടെ ഐപിഒയുമായി ബന്ധപ്പെട്ട കരട് രേഖ അടുത്തിടെയാണ് ഒല, സെബിക്ക് സമര്‍പ്പിച്ചത്. 2008ലെ ബജാജ് ഓട്ടോയുടെ ഓഹരി വില്‍പ്പനയ്ക്ക് ശേഷം ആദ്യമായാണ് ഒരു ഇരുചക്ര വാഹന നിര്‍മാണ കമ്പനി ഐപിഒ നടത്തുന്നത്. ഐപിഒയിലൂടെ ഒലയുടെ വിപണി മൂല്യം വലിയ കുതിപ്പ് നടത്തുമെന്നാണ് പ്രതീക്ഷ. നിലവില്‍ ആറ് ബില്യണ്‍ ഡോളറിനടുത്താണ് ഒലയ്ക്ക് മൂല്യം കല്‍പ്പിക്കപ്പെടുന്നത്. ഇത് ചുരുങ്ങിയത് എട്ട് ബില്യണ്‍ ഡോളറെങ്കിലുമായി ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ola-1

ഓഹരി വില്‍ക്കുന്നവര്‍

2010ലാണ് ഭവീഷ് അഗര്‍വാള്‍ എന്ന യുവസംരംഭകന്‍ ഒലയ്ക്ക് തുടക്കമിട്ടത്. ആപ്പ് അധിഷ്ഠിത ടാക്‌സി സംരംഭമെന്ന നിലയില്‍ ശ്രദ്ധ നേടിയ ഒലയുടെ സബ്‌സിഡിയറി ആയാണ് ഒല ഇലക്ട്രിക്ക് നിലവില്‍ വരുന്നത്. 2021 മുതലായിരുന്നു കമ്പനി സജീവമായി പ്രവര്‍ത്തനം തുടങ്ങിയത്. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം മനസിലാക്കിയുള്ള സ്മാര്‍ട് നീക്കമായിരുന്നു അത്. ഒല ഇലക്ട്രിക്കില്‍ ഭവീഷിന് 38.94 ശതമാനം ഓഹരിയാണുള്ളത്. ഇന്‍ഡസ് ട്രസ്റ്റിന് 3.85 ശതമാനവും. ജപ്പാനിലെ ശതകോടീശ്വര സംരംഭകന്‍ മസയോഷി സണിന്റെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പാണ് ഒല ഇലക്ട്രിക്കിലെ പ്രധാന നിക്ഷേപകര്‍. 21.98 ശതമാനം ഓഹരിയാണ് ഇവര്‍ക്കുള്ളത്. ടൈഗര്‍ ഗ്ലോബലിന് 6.03 ശതമാനവും മാട്രിക്‌സ് പാര്‍ട്‌ണേഴ്‌സിന് 3.51 ശതമാനം ഓഹരിയും കമ്പനിയിലുണ്ട്.

പുതിയ ഇക്വിറ്റി ഷെയറിലൂടെ 5,500 കോടി രൂപ സമാഹരിക്കാനാണ് ഒല ഉദ്ദേശിക്കുന്നത്. എന്നാല്‍ നിലവില്‍ കൈവശം വെച്ച ഓഹരി വില്‍ക്കുന്നതിലൂടെ (ഓഫര്‍ ഫോര്‍ സെയില്‍) പ്രൊമോട്ടര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും മികച്ച ലാഭമുണ്ടാക്കാനും ഐപിഒ അവസരമൊരുക്കുന്നു. സ്ഥാപകനായ ഭവീഷ് അഗര്‍വാള്‍ 4.73 കോടി ഓഹരികളാണ് വില്‍ക്കുന്നത്. മറ്റൊരു പ്രൊമോട്ടറായ ഇന്‍ഡസ് ട്രസ്റ്റ് 41,78 ലക്ഷം ഓഹരികളും വില്‍ക്കുന്നുണ്ട്. ആല്‍ഫ വെയ്‌വ് വെഞ്ച്വേഴ്‌സ്, ആല്‍പൈന്‍ ഓപ്പര്‍ഫ്യൂണിറ്റി ഫണ്ട്, ഡിഐജി ഇന്‍വെസ്റ്റ്‌മെന്റ്, ഇന്റര്‍നെറ്റ് ഫണ്ട്, മട്രിക്‌സ് പാര്‍ട്‌ണേഴ്‌സ് ഇന്ത്യ, മാക്‌റിറ്റ്ചീ ഇന്‍വെസ്റ്റ്‌മെന്റ്‌സ്, ടെക്‌നീ പ്രൈവറ്റ് വെഞ്ച്വേഴ്‌സ് എന്നിവരാണ് ഓഹരി വില്‍പ്പന നടത്തുന്ന ഒലയിലെ മറ്റ് നിക്ഷേപകരെന്ന് സെബിക്ക് സമര്‍പ്പിച്ച രേഖയില്‍ നിന്ന് വ്യക്തമാകുന്നു.

പ്രൊമോട്ടര്‍മാരെന്ന നിലയില്‍ തുടക്കത്തില്‍ ഓഹരി സ്വാംശീകരിച്ചതിനുള്ള ചെലവ് വളരെ കുറവായതിനാല്‍ ഏറ്റവുംകൂടുതല്‍ ലാഭം ഭവീഷ് അഗര്‍വാളിനും ഇന്‍ഡസ് ട്രസ്റ്റിനുമാകുമുണ്ടാകുക.

നിക്ഷേപകര്‍ക്ക് ഗുണം ചെയ്യുമോ?

സാധാരണ നിക്ഷേപകര്‍ ഒലയുടെ ഐപിഒയുമായി ബന്ധപ്പെട്ട് അറിയേണ്ട ചില കാര്യങ്ങളിലേക്ക് കൂടി കടക്കാം.

∙അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നതാണ് ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി. നിലവിലെ അവസ്ഥയില്‍ ഈ വിപണിയില്‍ മേധാവിത്തം പുലര്‍ത്താന്‍ ഒലയ്ക്ക് സാധിക്കുന്നുണ്ട്. തുടക്കത്തില്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയര്‍ന്നുവന്നിരുന്നെങ്കിലും അതിനെ മറികടന്ന് മികച്ച വില്‍പ്പന നടത്താന്‍ ഒലയ്ക്കായി. നിലവില്‍ ഇരുചക്ര ഇവി വിപണിയുടെ 32 ശതമാനത്തിലധികം വിഹിതം ഒല കൈയാളുന്നുണ്ട്.

∙2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനവരുമാനം കുതിച്ച് 2,630.93 കോടി രൂപയിലെത്തി. മുന്‍വര്‍ഷത്തെ 373.42 കോടി രൂപയില്‍ നിന്നായിരുന്നു ഈ വര്‍ധന. ജൂണ്‍ പാദത്തില്‍ പ്രവര്‍ത്തന വരുമാനം 1,242.75 കോടി രൂപയായിരുന്നു. കേവലം രണ്ട് വര്‍ഷത്തിനുള്ളില്‍ നാല് ലക്ഷം യൂണിറ്റ് വില്‍പ്പന നടത്താന്‍ ഒലയ്ക്ക് സാധിച്ചുവെന്നത് ശ്രദ്ധേയമാണ്.

∙ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 2.65 ലക്ഷം റജിസ്‌ട്രേഷനുകള്‍ എന്ന നാഴികക്കല്ല് പിന്നിടാനും ഒലയ്ക്ക് സാധിച്ചു.

∙2022-23 വര്‍ഷത്തില്‍ ഇന്ത്യയിലെ ഇ-സ്‌കൂട്ടര്‍ വില്‍പ്പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്ന് മടങ്ങ് വര്‍ധിച്ച് 700,000ത്തിലേക്ക് എത്തി. ഇനിയും  വലിയ സാധ്യതകള്‍ അതിനാല്‍ ഒലയ്ക്ക് ഈ വിപണിയിലുണ്ട്.

∙2024-25 വര്‍ഷത്തില്‍ 900,000 യൂണിറ്റ് വില്‍പ്പനയെന്ന ലക്ഷ്യത്തിലേക്കും 2025-26ല്‍ 2.3 മില്യണ്‍ യൂണിറ്റിലേക്കുമെത്താന്‍ ഒലയ്ക്ക് സാധിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം വ്യവസ്ഥാപിത ഇരുചക്ര ഭീമന്മാരായ ബജാജ് ഓട്ടോ, ടിവിഎസ് എന്നിവര്‍ ഇ-സ്‌കൂട്ടര്‍ വിപണിയില്‍ സജവീമാകുന്നതും സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ജിഐസി പിന്തുണയ്ക്കുന്ന ഇ-സ്‌കൂട്ടര്‍ കമ്പനി ഏഥര്‍ എനര്‍ജി പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതും ഒലയ്ക്ക് വെല്ലുവിളിയാകാനും സാധ്യതയുണ്ട്. 739.4 മില്യണ്‍ ഡോളര്‍ മൂല്യം കല്‍പ്പിക്കപ്പെടുന്ന ഏഥറും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള തയാറെടുപ്പിലാണ്. എന്തായാലും 20 വര്‍ഷത്തിനിടെ വരുന്ന ആദ്യ ഓട്ടോമൊബൈല്‍ കമ്പനിയുടെ ഐപിഒ വന്‍വിജയമാകുമോയെന്ന് കാത്തിരുന്ന് കാണാം.

English Summary:

OLa EV IPO will Come Soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com