ADVERTISEMENT

ഇന്നലത്തെ നഷ്ടത്തിന് ശേഷം ഇന്ന് നേട്ടത്തിലാരംഭിച്ച ഇന്ത്യൻ വിപണി രാജ്യാന്തര വിപണി പിന്തുണയിൽ വീണ്ടും മുന്നേറ്റം കുറിച്ചു. നിഫ്റ്റി 141 പോയിന്റുകൾ മുന്നേറി ഇന്ന് 21658 പോയിന്റിലും, സെൻസെക്സ് 490 പോയിന്റ് നേട്ടത്തിൽ 71847 പോയിന്റിലുമാണ് ക്ളോസ് ചെയ്തത്.  റിസൾട്ടിന് മുൻപായി കുറഞ്ഞ നിരക്കുകളിൽ നിക്ഷേപകർ ഓഹരികൾ വാങ്ങിത്തുടങ്ങിയതും, മുൻനിര ബാങ്കിങ് ഓഹരികളുടെ മുന്നേറ്റവുമാണ് ഇന്ന് ഇന്ത്യൻ വിപണിയുടെ അടിസ്ഥാനമുറപ്പിച്ചത്. റിയൽ എസ്റ്റേറ്റ് സെക്ടറിന്റെ ബ്രേക്ക് ഔട്ടും, മികച്ച ലോൺബുക്കിന്റെ പിൻബലത്തിൽ ബജാജ് ഫിനാൻസ് മുന്നേറിയതും എച് ഡി എഫ് സി ബാങ്കിന്റെ 1% മുന്നേറ്റവും ഇന്ന് നിർണായകമായി. 

റിയാലിറ്റി സെക്ടർ 6%ൽ കൂടുതൽ മുന്നേറിയ ഇന്ന് ബാങ്കിങ്, ഫിനാൻഷ്യൽ  സെക്ടറുകളുടെ മുന്നേറ്റവും വിപണിക്ക് അടിത്തറ നൽകി. ബജാജ് ഫിനാൻസ്, എൻടിപിസി, ടാറ്റ കൺസ്യൂമർ, ഓഎൻജിസി, ഇൻഡസ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ നിഫ്റ്റി ഓഹരികൾ. നിഫ്റ്റി സ്‌മോൾ & മിഡ്ക്യാപ് സെക്ടറുകൾ യഥാക്രമം 1%വും, 1.7%വും നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി നെക്സ്റ്റ്-50 1.3% മുന്നേറി.    

റിയൽറ്റി ബൂം 

പ്രതീക്ഷിച്ചത് പോലെ തന്നെ റിയൽറ്റി സെക്ടർ അഭൂതപൂർവമായ മുന്നേറ്റം തുടരുകയാണ്. ഇന്നും 18% മുന്നേറിയ ശോഭ ലിമിറ്റഡിന്റെ നേതൃത്വത്തിൽ മുന്നേറ്റം ആരംഭിച്ച ഇന്ത്യൻ റിയൽറ്റി സെക്ടർ ഇന്ന് 6% മുന്നേറി. ഇന്ത്യൻ ബ്രോക്കിങ് കമ്പനി മികച്ച വില ലക്‌ഷ്യമിട്ടതും, കർണാടകയിലും തമിഴ്നാട്ടിലുമായി മികച്ച പ്രോജക്ടുകളുടെ സാന്നിധ്യവുമുള്ള ശോഭ ലിമിറ്റഡഡിന്റെ വിപണിവില ബ്രേക്ക് ഔട്ട് നടത്തി മുന്നേറി. 

ഇന്ത്യയുടെ പുത്തൻ വ്യവസായവൽക്കരണം അതി സമ്പന്നരെ സൃഷ്ടിക്കുകയും, കൂടുതൽ സമ്പന്നരെ രാജ്യത്തേയ്ക്ക് ആകർഷിക്കുകയും ചെയ്യുന്നതതിനൊപ്പം, പ്രവാസികളായ ഇന്ത്യക്കാരുടെ നിക്ഷേപവും  ആഡംബര വസതികളുടെ വില്പനയിൽ വൻ കുതിപ്പിന് കാരണമാകുന്നതും, വ്യവസായ വൽക്കരണവും നഗരവൽക്കരണവും കൂടുതൽ അവസരങ്ങൾ തുറക്കുന്നതും ഇന്ത്യൻ റിയൽറ്റി സെക്ടറിനെ 2024ൽ വീണ്ടും പുതിയ ഉയരങ്ങളിൽ എത്തിക്കും. 2023ൽ ഏറ്റവും മുന്നേറ്റം നേടിയത് റിയാലിറ്റി സെക്ടർ തന്നെയായിരുന്നു.

വൈബ്രന്റ് ഗുജറാത്ത് 

അടുത്ത ആഴ്ചയിൽ നടക്കാനിരിക്കുന്ന ഗുജറാത്ത് സർക്കാരിന്റെ നിക്ഷേപപ്രഖ്യാപന സംഗമമായ ‘വൈബ്രന്റ് ഗുജറാത്ത്’ കൂടുതൽ നിക്ഷേപപ്രഖ്യാപനങ്ങൾക്ക് വേദിയാകുന്നത് ഇന്ത്യൻ വിപണിക്കും പ്രതീക്ഷയാണ്. ജനുവരി പതിനൊന്നാം തീയതി മുതൽ ഇലോൺ മസ്‌ക് അടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്നത് ഓട്ടോ, ഓട്ടോ ഘടകനിർമാണം, ഇവി, പൊതു മേഖല, റിന്യൂവബിൾ എനർജി, ഇൻഫ്രാ, മാനുഫാക്ച്ചറിങ് സെക്ടറുകൾക്ക് അനുകൂലമായേക്കാം. 

രാജ്യാന്തര വിപണി ഇന്ന് 

ഫെഡ് മിനുട്സ് വരാനിരിക്കെ അമേരിക്കൻ ഡോളറും ബോണ്ട് യീൽഡും  മുന്നേറിയപ്പോൾ 2024ന്റെ രണ്ടാം ദിവസവും ഇന്നലെ അമേരിക്കൻ വിപണി നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. നാസ്ഡാക് ഇന്നലെയും 1.18% നഷ്ടം കുറിച്ചപ്പോൾ എസ്& 0.80% നഷ്ടവും കുറിച്ചു. അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും ക്രമപ്പെടുമ്പോൾ അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.  ഇന്ത്യയും ഇന്തോനേഷ്യയും ഒഴികെയുള്ള ഏഷ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. 

യൂറോപ്യൻ സർവീസ് പിഎംഐ ഡാറ്റയും, പ്രതീക്ഷയിലും മികച്ച ഫ്രഞ്ച് സിപിഐ ഡേറ്റയുമാണ് ഇന്ന് യൂറോപ്യൻ വിപണിക്ക് പിന്തുണ നൽകിയത്.  

കണക്കുകൾ കാത്ത് ഫെഡ് 

ഇന്നലെ വന്ന അമേരിക്കൻ ഫെഡ് റിസർവിന്റെ കഴിഞ്ഞ യോഗത്തിന്റെ മിനുട്സ് പ്രകാരം ‘റെസ്ട്രിക്ടിവ്’ നയങ്ങൾ സമ്പദ് വ്യവസ്ഥയ്ക്ക് നല്ലതല്ലെങ്കിൽ കൂടി കുറച്ചു നാൾ കൂടി തുടർന്നേക്കാമെന്നും, ഫെഡ് നിരക്ക് ഉയർന്ന നിരക്കിൽ കൂടുതൽ കാലത്തേക്ക് തുടരുമെന്നും സൂചന നൽകുന്നു. ഫെഡ് നിരക്ക് കുറക്കൽ 2024ന്റെ അവസാനഘട്ടത്തിലെ പരിഗണിക്കാൻ സാധ്യതയുള്ളൂ എന്ന ഫെഡ് ചെയർമാന്റെ പ്രസ്തവനയ്ക്ക് ഫെഡ് മിനുട്സും അടിവരയിട്ടു കഴിഞ്ഞു. 

ഫെഡ് റിസർവിന്റെ തുടർ ചലനങ്ങൾ സാമ്പത്തികവിവര കണക്കുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കുമെന്നത് അമേരിക്കൻ ഡേറ്റകളുടെ പ്രാധാന്യം വർദ്ധിപ്പിക്കും. ഇന്ന് വരുന്ന അമേരിക്കൻ ജോബ് ഡേറ്റയും, നാളത്തെ നോൺ ഫാം പേ റോൾ കണക്കുകളും അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. അടുത്ത ആഴ്ചയാണ് അമേരിക്കയുടെ പണപ്പെരുപ്പക്കണക്കുകൾ പുറത്ത് വരുന്നത്. ജനുവരി 30, 31 തീയതികളിലാണ് ഫെഡിന്റെ അടുത്തയോഗം. 

ക്രൂഡ് ഓയിൽ 

ലിബിയയിലെ ഏറ്റവും വലിയ എണ്ണപ്പാടം  താത്കാലികമായി അടച്ചത് ഇന്നലെ ക്രൂഡ് ഓയിലിന് മുന്നേറ്റം നൽകി. അമേരിക്കൻ എണ്ണശേഖരത്തിലെ വീഴ്ചയും, ഡോളർ ക്രമപ്പെടുന്നതും ക്രൂഡിന്  അനുകൂലമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 79 ഡോളറിലാണ് ഇന്ന് ഏഷ്യൻ വിപണി സമയത്ത് വ്യാപാരം തുടരുന്നത്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market is Going Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com