ഷോട്ട് സെല്ലിങ്ങിന് നിബന്ധനകളുമായി സെബി
Mail This Article
സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഷോർട്ട് സെല്ലിങിനായി പുതിയ നിബന്ധനകൾ കൊണ്ടുവന്നു.
മാർക്കറ്റ് റെഗുലേറ്റർ സെബി ജനുവരി 5 ന് പുറത്തിറക്കിയ സർക്കുലർ അനുസരിച്ച്, ഇടപാട് ഷോർട്ട് സെൽ ആണോ എന്ന് ഓർഡർ നൽകുമ്പോൾ മുൻകൂർ വെളിപ്പെടുത്താൻ സ്ഥാപന നിക്ഷേപകരോട് ആവശ്യപ്പെട്ടിട്ടുണ്ട് .
റീട്ടെയിൽ നിക്ഷേപകർക്ക് ഇതേ പ്രഖ്യാപനം നടത്താൻ ട്രേഡിങ് ദിവസം അവസാനിക്കുന്നത് വരെ അനുമതി നൽകിയിട്ടുണ്ട്.
ബ്രോക്കർമാരോടും സ്റ്റോക്ക് എക്സ്ചേഞ്ചുകളോടും ഈ വിവരങ്ങൾ ക്രോഡീകരിച്ച് അവരുടെ വെബ്‌സൈറ്റുകളിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയന്ത്രണങ്ങളേറെ
ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികളിലെ കൃത്രിമം സംബന്ധിച്ച് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതിയുടെ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് സെബി ഈ തീരുമാനം എടുത്തതെന്നത് ശ്രദ്ധേയമാണ്. ഈ ഹർജി നിരസിച്ച സുപ്രീം കോടതി, ഹിൻഡൻബർഗിന്റെ നടപടികളിൽ നിന്ന് ഇന്ത്യൻ നിക്ഷേപകർക്ക് നഷ്ടമുണ്ടായോ അതോ നിയമത്തിന് വിരുദ്ധമായ ഷോർട്ട് പൊസിഷനുകൾ വിപണിയിൽ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ സെബിയോട് ആവശ്യപ്പെട്ടു.നിലവിലുള്ള ചട്ടക്കൂടിന് കീഴിൽ, എല്ലാ വിഭാഗത്തിലുള്ള നിക്ഷേപകർക്കും ഷോർട്ട് സെല്ലിന് അനുമതിയുണ്ട്, എന്നാൽ ആർക്കും എങ്ങനെയും ഷോർട്ട് ട്രേഡുകൾ നടത്താൻ അനുവാദമില്ല. കൂടാതെ, സ്ഥാപന നിക്ഷേപകർക്ക് എടുക്കാവുന്ന ട്രേഡുകളിൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.പുതിയ നിയമം നിലവിൽ വന്നാൽ അത് വ്യാപാരം ചെയ്യുന്ന വ്യക്തികൾക്ക് കൂടുതൽ ഉപകാരപ്രദമാകും എന്ന് വാദിക്കുന്നവരുണ്ട്. പലപ്പോഴും ഷോർട് സെല്ലിങ് വ്യക്തികളെ തെറ്റിദ്ധരിപ്പിക്കാറുണ്ട്. എന്നാൽ സ്ഥാപനങ്ങൾ ഓഹരികൾ വിറ്റഴിക്കുന്നതിനു മുൻപ് വെബ് സൈറ്റിൽ പരസ്യപ്പെടുത്തണമെന്ന നിയമം എത്രത്തോളം പ്രവർത്തികമാകുമെന്ന് നോക്കിയിരുന്ന് കാണാം.