ലാഭമെടുക്കലിൽ വീണ് ഓഹരി വിപണി
Mail This Article
നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി രാജ്യാന്തര വിപണിയുടെ കൂടി സമ്മർദ്ദത്തിൽ ലാഭമെടുക്കലിൽ വീണ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇന്ന് 21763 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 197 പോയിന്റ് നഷ്ടത്തിൽ 21512 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ 670 പോയിന്റുകൾ നഷ്ടമായ സെൻസെക്സ് 71355 പോയിന്റിലും ക്ളോസ് ചെയ്തു. നഷ്ടത്തിൽ ക്ളോസ് ചെയ്ത ഏഷ്യൻ വിപണികൾക്ക് പിന്നാലെ യൂറോപ്യൻ വിപണികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. അമേരിക്കൻ ഫ്യൂച്ചറുകളും ഇന്ന് നഷ്ടത്തിൽ തന്നെ വ്യാപാരം തുടരുന്നു.
റിയൽറ്റി ഒഴികെ ഇന്ത്യൻ വിപണിയിലെ മറ്റെല്ലാ സെക്ടറുകളും ഇന്ന് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. ബാങ്കിങ്, ഐടി സെക്ടറുകൾ ഓരോ ശതമാനം വീതം നഷ്ടപ്പെടുത്തിയപ്പോൾ നിഫ്റ്റി നെക്സ്റ്റ്-50, നിഫ്റ്റി മിഡ്ക്യാപ് സൂചികകളും ഓരോ ശതമാനം നഷ്ടം കുറിച്ചത് റീറ്റെയ്ൽ നിക്ഷേപകരുടെ നഷ്ടവ്യാപ്തി വർദ്ധിപ്പിച്ചു.
വ്യവസായ നിക്ഷേപസംഗമങ്ങൾ
വൈബ്രന്റ് ഗുജറാത്ത് വ്യവസായ സംഗമം നാളെ ആരംഭിക്കാനിരിക്കെ ഇന്നലെ ആരംഭിച്ച തമിഴ്നാട് ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മീറ്റിൽ വലിയ നിക്ഷേപ പ്രഖ്യാപനങ്ങൾ നടന്നത് ഇന്ത്യയുടെ ജിഡിപി വളർച്ചയിലേക്ക് കൂടുതൽ സംഭാവനകൾ നല്കുമെന്നത് അനുകൂലമാണ്. ഗുജറാത്ത് സർക്കാർ കൂടുതൽ നിക്ഷേപങ്ങൾ ഉറപ്പിച്ചു കഴിഞ്ഞതും, അപ്രതീക്ഷിത പ്രഖ്യാപനസൂചനകൾ നൽകിക്കഴിഞ്ഞതും വിപണിക്ക് നിർണായകമായേക്കാം.
ഐടി റിസൾട്ടുകൾ ഈയാഴ്ച
മുൻനിര ഐടി കമ്പനികളുടെ റിസൾട്ട് പ്രഖ്യാപനങ്ങൾ ഈയാഴ്ച ഇന്ത്യൻ വിപണിയുടെ തന്നെ ഗതി നിർണയിക്കും. നാസ്ഡാകിന്റെ വീഴ്ചയുടെ സ്വാധീനത്തിൽ കഴിഞ്ഞ ആഴ്ചയിലും, ഇന്നും നേട്ടങ്ങൾ കൈവിട്ട് വീണ ഇന്ത്യൻ ഐടി സെക്ടർ റിസൾട്ട് പ്രതീക്ഷയിലാണ്. വ്യാഴാഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്ന ടിസിഎസ്സും, ഇൻഫോസിസും, വെള്ളിയാഴ്ച റിസൾട്ട് പ്രഖ്യാപിക്കുന്ന വിപ്രോയും, എച്ച്സിഎൽ ടെക്കും വിപണിയുടെ ശ്രദ്ധകേന്ദ്രമായി മാറിയേക്കാം. വ്യാഴാഴ്ച രാത്രി വരുന്ന അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ അമേരിക്കൻ വിപണിയിലുണ്ടാക്കുന്ന ഓളങ്ങൾ ഇന്ത്യൻ ഐടി സെക്ടറിനെയും സ്വാധീനിച്ചേക്കാമെന്നതും പ്രധാനമാണ്.
അമേരിക്കൻ പണപ്പെരുപ്പവും റിസൾട്ടുകളും
അമേരിക്കൻ തൊഴിൽ വിപണിയുടെ ഡിസംബറിലെ അപ്രതീക്ഷിത മുന്നേറ്റം അമേരിക്കൻ ഫെഡിന്റെ നിരക്ക് കുറക്കൽ തീരുമാനങ്ങളെ കൂടുതൽ വൈകിപ്പിച്ചേക്കാമെന്ന സാധ്യത ആവേശം കെടുത്തിയ അമേരിക്കൻ വിപണി വ്യാഴാഴ്‌ച വരാനിരിക്കുന്ന അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ കാത്തിരിക്കുകയാണ്. ക്രിസ്മസ് ആഘോഷസമയത്ത് ഡിസംബറിൽ അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പം നേരിയ വർദ്ധന നേടിയിട്ടുണ്ടാകാമെന്നാണ് വിപണി പ്രതീക്ഷയെങ്കിലും, വലിയ വർദ്ധന വിപണിക്ക് ക്ഷീണമാകും. വെള്ളിയാഴ്ച വരാനിരിക്കുന്ന അമേരിക്കയുടെ മുൻനിര ബാങ്കുകളുടെ റിസൾട്ടുകളും വിപണിക്ക് നിർണായകമാണ്.
ക്രൂഡ് ഓയിൽ
ഒപെകിന്റെ എണ്ണ ശേഖരത്തിൽ വർദ്ധനവ് റിപ്പോർട്ട് ചെയ്തതും, സൗദി എണ്ണവില കുറച്ച് വ്യാപാരം ചെയ്യുന്നതും ഇന്ന് ഏഷ്യൻ വിപണി സമയത്ത് ക്രൂഡ് ഓയിലിന് തിരുത്തൽ നൽകി. അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ വരാനിരിക്കെ ഡോളർ മുന്നേറി നിൽക്കുന്നതും സരോദ് ഓയിലിന് ക്ഷീണമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 78 ഡോളറിൽ താഴെയാണ് വ്യാപാരം തുടരുന്നത്.
സ്വർണം
അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ വരാനിരിക്കെ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറിയത് ഇന്ന് ഏഷ്യൻ വിപണി സമയത്ത് സ്വർണത്തിനു തിരുത്തൽ നൽകി. 2032 ഡോളർ വരെയിറങ്ങിയ സ്വർണവില തിരികെ 2040 ഡോളറിലേക്ക് കയറിയെങ്കിലും അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ വ്യാഴാഴ്ച വരാനിരിക്കെ ബോണ്ട് യീൽഡിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ സ്വര്‍ണ വിലയേയും സ്വാധീനിക്കും.
ഐപിഓ
ഗുജറാത്ത് ആസ്ഥാനമായ ജ്യോതി സിഎൻസി ഓട്ടോമേഷന്റെ ഐപിഓ നാളെ ആരംഭിച്ച് ജനുവരി പതിനൊന്നിന് അവസാനിക്കുന്നു. ആയിരം കോടി രൂപ സമാഹരിക്കുന്ന ഐപിഓയുടെ വില നിരക്ക് 315 രൂപ മുതൽ 331 രൂപ വരെയാണ്.
നാളത്തെ റിസൾട്ടുകൾ
ഡെൽറ്റ കോർപ്, ക്രോപ്സ്റ്റർ അഗ്രോ, ബജെൽ പ്രോജെക്ട്സ്, ആശാപുരി ഗോൾഡ്, റിലയൻസ് ഹോം ഫിനാൻസ്, സ്റ്റാൻഡേർഡ് ക്യാപിറ്റൽ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക