തുടരുന്ന നഷ്ടം, വിപണിയ്ക്ക് വിനയായി ലാഭമെടുക്കൽ
Mail This Article
ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് മുന്നേറിയ ഇന്ത്യൻ വിപണി അവസാന മണിക്കൂറുകളിൽ ലാഭമെടുക്കലിൽ നേട്ടങ്ങൾ കൈവിട്ടെങ്കിലും ഇന്നലത്തെ ക്ളോസിങ്ങിൽ നിന്നും നിലമെച്ചപ്പെടുത്തിയാണ് അവസാനിച്ചത്. ഇന്ന് 21724 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 21544 പോയിന്റിലും, 72000 പോയിന്റിനും മുകളിൽ പോയ സെൻസെക്സ് 71386 പോയിന്റിലും ഫ്ലാറ്റ് ക്ളോസിങ് നടത്തി.
എച്ച്ഡിഎഫ്സി ബാങ്കിന്റെ വീഴ്ചയിൽ ബാങ്ക് നിഫ്റ്റി നഷ്ടത്തിലേക്ക് നീങ്ങിയതും, ഐടി ഓഹരികളിൽ ക്രമാനുഗതമായ ലാഭമെടുക്കൽ വന്നതും ഇന്ന് ഇന്ത്യൻ വിപണിക്ക് വിനയായി. ബാങ്കിങ്, എഫ്എംസിജി സെക്ടറുകളൊഴികെ ഇന്ത്യൻ വിപണിയിലെ മറ്റെല്ലാ സെക്ടറുകളും ഇന്ന് നേട്ടത്തിലാണ് ക്ളോസ് ചെയ്തത്. റിയൽ എസ്റ്റേറ്റ് സെക്ടർ ഇന്ന് വീണ്ടും 2%ൽ കൂടുതൽ മുന്നേറ്റം കുറിച്ചു.
മുന്നേറ്റം തുടർന്ന് റിയൽറ്റി
പുറവങ്കരയുടെ 8% മുന്നേറ്റവും, ഡിഎൽഎഫിന്റെ 3% മുന്നേറ്റവും ഇന്നും ഇന്ത്യൻ റിയൽറ്റി സെക്ടറിന് തുടർ മുന്നേറ്റം നൽകി. ഡിഎൽഎഫിന്റെ ഗുരുഗ്രാമിലെ പുതിയ ലക്ഷ്വറി പ്രോജക്ടിലെ 1113 ഫ്ലാറ്റുകളും മൂന്ന് ദിവസം കൊണ്ട് വിറ്റു തീർന്നതാണ് ഡിഎൽഎഫിന് അനുകൂലമായത്. റിയൽ എസ്റ്റേറ്റ് സെക്ടർ പുതിയ കുതിപ്പ് തുടങ്ങിയിട്ടേ ഉള്ളൂ എന്ന് വേണം കരുതാൻ. ദുബായ് വിപണിയിൽ ചുവടുറപ്പിക്കുന്നത് ശോഭ ലിമിറ്റഡിനും അനുകൂലമാണ്.
ഐടി റിസൾട്ടുകൾ കാത്ത് വിപണി
വ്യാഴാഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്ന ടിസിഎസ്സും, ഇൻഫോസിസും, വെള്ളിയാഴ്ച റിസൾട്ട് പ്രഖ്യാപിക്കുന്ന വിപ്രോയും, എച്ച്സിഎൽ ടെക്കും തന്നെയാകും ഈയാഴ്ചയിൽ തുടർന്നുള്ള ദിവസങ്ങളിൽ ഇന്ത്യൻ വിപണിയുടെ ഗതി നിർണയിക്കുക. ടിസിഎസ്സിന്റെയും ഇന്‍ഫോസിസിന്റെയും വരുമാനത്തിലും, മാർജിനിലുമുള്ള വളർച്ചയുടെ തോത് മറ്റ് ഐടി ഓഹരികളിലും സ്വാധീനവുമുണ്ടാക്കും. തുടർന്നുള്ള ആഴ്ചയിൽ എച്ച്ഡിഎഫ്സി ബാങ്കും, ഐസിഐ സിഐ ബാങ്കും റിസൾട്ടുകൾ പ്രഖ്യാപിക്കാനിരിക്കുന്നത് ഇന്ത്യൻ വിപണിയിൽ ഓളങ്ങൾക്ക് കാരണമായേക്കം.
ഫെഡ് സൂചനകൾ
പുതുവർഷ ആഴ്ചയിലെ നഷടങ്ങളെല്ലാം ഇന്നലെ ഒറ്റ ദിവസം കൊണ്ട് തിരിച്ചു പിടിച്ച അമേരിക്കൻ വിപണിയുടെ പ്രകടനമാണ് ഇന്ന് ഇന്ത്യ അടക്കമുള്ള ലോകവിപണികൾക്ക് മുന്നേറ്റം നൽകിയത്. അമേരിക്കയുടെ ഡിസംബറിലെ പണപ്പെരുപ്പക്കണക്കുകൾക്കും, നാലാം പാദ റിസൾട്ടുകൾക്കും മുൻപായി നാസ്ഡാക് ഇന്നലെ 2.2% മുന്നേറ്റം കുറിച്ചപ്പോൾ എസ്&പി 1.41%വും, ഡൗ ജോൺസ് 0.58%വും നേട്ടമുണ്ടാക്കി. ഡിസംബറിലെ ടോക്കിയോ സിപിഐ ഡേറ്റയിൽ നേരിയ കുറവുണ്ടായത് ജാപ്പനീസ് വിപണിക്ക് ഇന്ന് മുന്നേറ്റം നൽകി. ഏഷ്യൻ വിപണികളുടെ മിക്സഡ് ക്ളോസിങ്ങിന് പിന്നാലെ നേട്ടത്തോടെ തുടങ്ങിയ യൂറോപ്യൻ വിപണികൾ ഇന്ന് നഷ്ടത്തിലേക്ക് വീണു.
വ്യാഴാഴ്ച വരുന്ന അമേരിക്കയുടെ പണപ്പെരുപ്പ കണക്കുകളും, വെള്ളിയാഴ്ച വരാനിരിക്കുന്ന അമേരിക്കൻ ബാങ്കിങ് റിസൾട്ടുകളും കാത്തിരിക്കുകയാണ് വിപണി.
ക്രൂഡ് ഓയിൽ
സൗദി അറേബ്യ വില്പനനിരക്കിൽ കുറവ് വരുത്തിയതിനെ തുടർന്ന് പുതുവർഷ നേട്ടങ്ങൾ നഷ്ടമാക്കിയ ക്രൂഡ് ഓയിൽ ഇന്ന് ഏഷ്യൻ വിപണി സമയത്ത് മുന്നേറ്റം നേടി. നാളെ വരാനിരിക്കുന്ന അമേരിക്കൻ എണ്ണശേഖര കണക്കുകൾക്കായി കാത്തിരിക്കുകയാണ് ഓയിൽ ബുള്ളുകൾ. ബ്രെന്റ് ക്രൂഡ് ഓയിൽ 77 ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്.
സ്വർണം
അമേരിക്കയുടെ ഡിസംബർ പണപ്പെരുപ്പ കണക്ക് വ്യാഴാഴ്ച വരാനിരിക്കെ അമേരിക്കൻ ബോണ്ട് യീൽഡ് ചാഞ്ചാട്ടമില്ലാതെ നിൽക്കുന്നത് സ്വർണവിലയേയും ക്രമപ്പെടുത്തി. രാജ്യാന്തര സ്വർണവില 2040 ഡോളറിന് സമീപമാണ് തുടരുന്നത്.
ഐപിഓ
ഇന്നാരംഭിച്ച ഗുജറാത്ത് ആസ്ഥാനമായ ജ്യോതി സിഎൻസി ഓട്ടോമേഷന്റെ ഐപിഓ ജനുവരി പതിനൊന്നിന് അവസാനിക്കുന്നു. ആയിരം കോടി രൂപ സമാഹരിക്കുന്ന ഐപിഓയുടെ വില നിരക്ക് 315 രൂപ മുതൽ 331 രൂപ വരെയാണ്.
ഇന്നാരംഭിച്ച ഐബിഎൽ ഫിനാൻസ് ഐപിഓയും ജനുവരി പതിനൊന്നിന് അവസാനിക്കുന്നു. ഐപിഓ 51 രൂപ, ഏറ്റവും കുറഞ്ഞത് 2000 ഓഹരിക്ക് അപേക്ഷ സമർപ്പിക്കണം.
റിസൾട്ടുകൾ
സുനിത ടൂൾസ് ലിമിറ്റഡ്, എസ്പിഎസ് ഫിൻക്വസ്‌റ്, മാർട്ടിൻ ബേൺ, യൂഎച്ച് സവേരി, ടൈൻ അഗ്രോ, കോർപ്പറേറ്റ് മർച്ചന്റ് ബാങ്കേഴ്സ്, വന്ദന നിറ്റ് വെയർ, വിജി ഫിനാൻസ് മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക