സമ്മർദ്ദം വിപണിയെ പിന്നോട്ടടിച്ചു

Mail This Article
ഇന്നും പുതിയ റെക്കോർഡ് തിരുത്തിയെങ്കിലും ലോക വിപണിയുടെ സ്വാധീനത്തിൽ ഇന്ത്യൻ വിപണി നഷ്‍ടം കുറിച്ചു. അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറിയത് അമേരിക്കൻ ഫ്യൂച്ചറുകളിൽ തിരുത്തലിന് കാരണമായത് ഇന്ത്യൻ ഐടി സെക്ടറിൽ ലാഭമെടുക്കലിന് വഴിവെച്ചതും എച്ച്ഡിഎഫ്സി ബാങ്കിന്റെ റിസൾട്ട് വരുന്നതും ഇന്ത്യൻ വിപണിയിൽ സമ്മർദ്ധകാരണമായി. 22124 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി ഇന്ന് 22000 പോയിന്റിൽ താഴെ വന്ന ശേഷം 65 പോയിന്റ് നഷ്ടത്തിൽ 22032 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐടിക്കൊപ്പം ഫാർമ, റിയൽറ്റി സെക്ടറുകളും ഒരു ശതമാനത്തിൽ കൂടുതൽ വീണപ്പോൾ മെറ്റൽ സെക്ടർ ഒരു ശതമാനത്തിൽ കൂടുതൽ കുതിപ്പ് നേടി. എഫ്എംസിജി, പൊതു മേഖല ബാങ്കിങ് സെക്ടറുകളും നഷടമൊഴിവാക്കി.
ഭക്ഷ്യവിലക്കയറ്റം കൂടുന്നു
ഡിസംബറിൽ ഇന്ത്യയുടെ മൊത്തവിലക്കയറ്റം 0.73% വളർച്ച കുറിച്ചു. നവംബറിലിത് 0.26%വും, ഡിസംബറിലെ വിപണി അനുമാനം 0.90%വും ആയിരുന്നു. ഭക്ഷ്യവിലക്കയറ്റം ഡിസംബറിൽ 9.38%ലേക്ക് ഉയർന്നിരുന്നു. മുൻമാസത്തിലിത് 8.18% ആയിരുന്നു. നിഫ്റ്റി & ബാങ്ക് നിഫ്റ്റി
നിഫ്റ്റി 21920 പോയിന്റിലും, 21830 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 22130 പോയിന്റ് കടന്നാൽ 22200 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത റെസിസ്റ്റൻസ്.
ബാങ്ക് നിഫ്റ്റി 48305 പോയിന്റ് വരെ മുന്നേറിയ ശേഷം 48000 പോയിന്റിൽ പിന്തുണ നേടി 48125 പോയിന്റിലാണ് ക്ളോസ് ചെയ്തത്. 47600 പോയിന്റിൽ പിന്തുണ പ്രതീക്ഷിക്കുന്ന ബാങ്ക് നിഫ്റ്റിയുടെ അടുത്ത കടമ്പ 48600 പോയിന്റിലും 48900 പോയിന്റിലുമാണ്.
ഏണിങ് സീസൺ
ഏഷ്യൻ വിപണിയുടെ മിക്സഡ്ക്ളോസിങ്ങിന് ശേഷം യൂറോപ്യൻ വിപണികളും സമ്മിശ്ര വ്യാപാരം തുടരുന്നു. നാളെ ജിഡിപി അടക്കമുള്ള സാമ്പത്തികകണക്കുകൾ വരാനിരിക്കെ ഇന്ന് ചൈനീസ് വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ, മറ്റ് ഏഷ്യൻ, യൂറോപ്യൻ വിപണികൾക്ക് ബോണ്ട് യീൽഡിന്റെയും,ഡോളറിന്റെയും മുന്നേറ്റം പ്രശ്നമായി.
മൂന്ന് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് തുറക്കുന്ന അമേരിക്കൻ വിപണിക്ക് ബോണ്ട് യീൽഡിന്റെ മുന്നേറ്റം പ്രശ്നമായേക്കാം. വെള്ളിയാഴ്ച 3.93%ൽ നിന്ന് അമേരിക്കയുടെ പത്ത് വർഷ ബോണ്ട് യീൽഡ് 4%ലേക്ക് കയറിയപ്പോൾ അമേരിക്കൻ ഫ്യൂച്ചറുകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
ക്രൂഡ് ഓയിൽ
നാളെ ചൈനയുടെ സാമ്പത്തിക വിവരക്കണക്കുകൾ വരാനിരിക്കെ ഏഷ്യൻ വ്യാപാരസമയത്ത് ക്രൂഡ് ഓയിൽ വീണ്ടും മുന്നേറ്റം നേടി. 78 ഡോളറിലേക്ക് മുന്നേറിയ ബ്രെന്റ് ക്രൂഡ് ഓയിലിന് ചെങ്കടലിൽ പ്രശ്നങ്ങൾ രൂക്ഷമാകുന്നതും, നാളെ വരാനിരിക്കുന്ന അമേരിക്കൻ എണ്ണശേഖരക്കണക്കുകളും ക്രൂഡ് ഓയിലിന് പ്രധാനമാണ്.
സ്വർണം
രാജ്യാന്തര സ്വർണവിലയ്ക്ക് ഡോളറിന്റെ മുന്നേറ്റം പ്രശ്നമാണെങ്കിലും മിഡിൽ ഈസ്റ്റിലെ യുദ്ധസന്നാഹങ്ങൾ വ്യാപിക്കുന്നത് അനുകൂലവുമാണ്. രാജ്യാന്തര സ്വർണ വില വീണ്ടും 2050 ഡോളറിൽ താഴേക്കിറങ്ങി.
നാളത്തെ പ്രധാന റിസൾട്ടുകൾ
ഏഷ്യൻ പെയിന്റ്സ്, എൽടിഐ മൈൻഡ് ട്രീ, ഹാപ്പിയസ്റ്റ് മൈൻഡ്‌സ്, ഓഎഫ്എസ്എസ്, ഐസിഐസിഐ പ്രുഡൻഷ്യൽ, ക്വസ് കോർപ്, ഗണേഷ് ഹൗസിങ്, സോംദേവ് ഡിസ്റ്റിലറി, സ്പെഷ്യൽറ്റി റെസ്റ്റോറന്റ്സ്, സ്റ്റീൽ സ്ട്രിപ്പ് വീൽസ് മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക