ADVERTISEMENT

ബാങ്കുകൾക്കൊപ്പം, ഫിനാൻഷ്യൽ ഓഹരികളും, അദാനി ഓഹരികളുമെല്ലാം ലാഭമെടുക്കലിൽ വീണത് പിന്തുണകൾ ഇല്ലാതാക്കിയതോടെ ഇന്ത്യൻ വിപണി 2024ലെ ഏറ്റവും മോശം വ്യാപാരദിനത്തിന് ഇന്ന് സാക്ഷ്യം വഹിച്ചു. നിഫ്റ്റി 2%ൽ കൂടുതൽ നഷ്ടത്തോടെ 460 പോയിന്റ് താഴ്ന്ന് 21571 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ്  1628 പോയിന്റിന്റെ നഷ്ടത്തിൽ 71500ലും അവസാനിച്ചു. 

ബാങ്ക് നിഫ്റ്റി 4.28% തകർന്ന് ഇന്ത്യൻ വിപണിയുടെ തകർച്ചയ്ക്ക് ചുക്കാൻ പിടിച്ചപ്പോൾ ഇന്ത്യൻ വിപണിയിൽ ഐടി സൂചിക മാത്രം ഇന്ന് നേട്ടത്തിൽ ക്ളോസ് ചെയ്തു. മെറ്റൽ സെക്ടർ 3% വീണപ്പോൾ ഓട്ടോ, റിയൽറ്റി, എഫ്എംസിജി, എനർജി, ഫാർമ , പൊതു മേഖല സെക്ടറുകളും നിഫ്റ്റി സ്‌മോൾ, മിഡ് ക്യാപ് സൂചികകളും ഇന്ന് 1%ൽ കൂടുതൽ വീണു. 

എച്ച്ഡിഎഫ്സി ബാങ്കിന്റെ വീഴ്ച 

എച്ച്ഡിഎഫ്സി ബാങ്ക് വിപണി പ്രതീക്ഷയും കഴിഞ്ഞ പാദത്തിലെ ലാഭവരുമാനസംഖ്യകളും മറികടന്നെങ്കിലും ലാഭത്തിൽ നികുതി ആനുകൂല്യങ്ങൾ ഉൾപ്പെട്ടതും, കിട്ടാക്കടത്തിനായുള്ള നീക്കിയിരുപ്പ് വർദ്ധിച്ചതും വിപണി കണക്കിലെടുത്തത് ഇന്ന് ഇന്ത്യൻ വിപണിക്കും, ബാങ്ക് നിഫ്റ്റിക്കും ഒരുപോലെ ക്ഷീണമായി. ഇൻഡസ് ഇൻഡ് ബാങ്ക് നാളെയും, ഐസിഐസിഐ ബാങ്ക് ഇരുപതിനും, ആക്സിസ് ബാങ്ക് ഇരുപത്തിമൂന്നിനും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത് ബാങ്ക് നിഫ്റ്റിക്ക് പിന്തുണ നൽകിയേക്കാമെന്നത് പ്രതീക്ഷയാണ്. ഈ ഇറക്കം ബാങ്കിങ് ഓഹരികളിൽ നിക്ഷേപ അവസരമായി പരിഗണിക്കാവുന്നതാണ്. ബാങ്ക് നിഫ്റ്റി ഈ സാമ്പത്തിക വർഷം തന്നെ 50000 പോയിന്റ്റും കടന്ന് പുതിയ ഉയരങ്ങളും പ്രതീക്ഷിക്കുന്നു. 

ഇന്ത്യ ജിഡിപി @ 6.9%

രാജ്യാന്തര റേറ്റിങ് ഏജൻസിയായ ഫിച്ച് റേറ്റിങ് ഇന്ത്യയുടെ ജിഡിപി വളർച്ച അനുമാനം 6%ൽ നിന്നും 6.9%ലേക്ക് ഉയർത്തിയതിനൊപ്പം ഇന്ത്യയുടെ ഐഡിആർ ബിബിബി യിൽ തന്നെ ഉറപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ വളർച്ചയുടെ പാതയിലെ പ്രധാനവെല്ലുവിളിയായി ഫിച്ച് കണ്ടത് ഇന്ത്യയുടെ തൊഴിൽ വിപണിയിലെ കുറവുകളും, സംഘടിത തൊഴിൽ മേഖലയിലെ താരതമ്യേന കുറഞ്ഞ സ്ത്രീപ്രാതിനിധ്യവുമാണ്. 

വേൾഡ് ഇക്കണോമിക് ഫോറം 

സ്വിസ് സിറ്റിയായ ദാവോസിൽ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ രാജ്യാന്തര നേതാക്കളുടെയും, കേന്ദ്ര ബാങ്ക് മേധാവികളുടെയും പ്രസ്താവനകളും, നയതീരുമാനങ്ങളും ലോക വിപണിയെയും സ്വാധീനിക്കും. ഇന്ത്യയെ നിക്ഷേപസങ്കേതമായി ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങളും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പ്, മാനുഫാക്ച്ചറിങ്, ഔഷധ നിർമാണം തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ അവസരങ്ങൾ പ്രദർശിപ്പിക്കാനുള്ള ശ്രമങ്ങളും ഇന്ത്യൻ വിപണിക്ക് പ്രതീക്ഷയാണ്.  

ഫെഡ് നിരക്ക് അനിശ്ചിതത്വത്തിൽ വിപണി

ഫെഡ് ഗവർണർ ക്രിസ്റ്റഫർ വാലർ ഫെഡ് നിരക്ക് കുറയ്ക്കാനുള്ള സാധ്യത തള്ളിയത് ഇന്നലെ അമേരിക്കൻ വിപണിക്ക് വീണ്ടും തിരുത്തൽ നൽകി. ഫെഡ് അംഗമായ മിഷേൽ ബൗമാനും, ഫെഡ് വൈസ് ചെയർ മൈക്കൽ ബാറും സംസാരിക്കാനിരിക്കുന്നതും ഇന്ന് അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. ഇന്ന് വരുന്ന അമേരിക്കയുടെ വ്യവസായികോത്പാദന കണക്കുകളും, റീറ്റെയ്ൽ വില്പനകണക്കുകളും ഇന്ന് വിപണിയെ സ്വാധീനിക്കും. 

പ്രതീക്ഷയ്ക്കൊപ്പമെത്താത്ത ചൈനീസ് ഡേറ്റയും, അമേരിക്കൻ ഫെഡ് റിസർവിന്റെ നിരക്ക് കുറയ്ക്കൽ അനിശ്ചിതത്വത്തിലായതും ഇന്ന് യൂറോപ്യൻ വിപണികൾക്കും വലിയ തിരുത്തൽ നൽകി. ചൈനയുടെ ഭവനവില്പന തുടർച്ചയായ അഞ്ചാം മാസവും വീണതും, കഴിഞ്ഞ പാദത്തിലെ ചൈനയുടെ ജിഡിപി വളർച്ച 5.2%ൽ ഒതുങ്ങിയതും ചൈനീസ് വിപണിക്ക് 2%വും, ഹോങ്കോങ് വിപണിക്ക് 3%വും തിരുത്തൽ  നൽകി.   

ക്രൂഡ് ഓയിൽ 

മോശം ചൈനീസ് ഡേറ്റയുടെ സ്വാധീനത്തിൽ ഏഷ്യൻ വിപണി സമയത്ത് ബ്രെന്റ് ക്രൂഡ് ഓയിൽ 2% വീണ് 76 ഡോളറിലേക്കെത്തി. ഒപെകിന്റെ റിപ്പോർട്ട് ഇന്ന് വരാനിരിക്കുന്നതും, അമേരിക്കൻ എണ്ണശേഖര കണക്കിലെ വർദ്ധനയെ കുറിച്ചുള്ള സൂചനകൾ വരുന്നതും ഇന്ന് ക്രൂഡ് ഓയിലിനും പ്രധാനമാണ്. 

സ്വർണം 

അമേരിക്കൻ ഡോളറും ബോണ്ട് യീൽഡും മുന്നേറി നിന്നത് ഇന്ന് സ്വർണത്തിനും തിരുത്തൽ നൽകി. ഇന്ന് 2020 ഡോളർ വരെ വീണ രാജ്യാന്തര സ്വർണവില 2030 ഡോളറിനടുത്താണ് ഇപ്പോൾ വ്യാപാരം തുടരുന്നത്. 

നാളത്തെ റിസൾട്ടുകൾ 

ഇൻഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ കമ്മ്യൂണിക്കേഷൻസ്, ഇന്ത്യമാർട്ട് ഇന്റർമെഷ്, പോളി ക്യാബ്‌സ്, ആർകെ ഫോർജിങ്, ഫിനോലക്സ് ഇൻഡസ്ട്രീസ്, കെ സോൾവ്സ്, സ്റ്റെർലിങ് & വിൽസൺ സോളാർ, സുരാന സോളാർ, സൂരജ് ലിമിറ്റഡ്, ശ്രീജി ട്രാൻസ് ലോജിസ്റ്റിക്സ്, സുപ്രീം പെട്രോ, ജിജി ഓട്ടോ, ജിജി എൻജിനിയറിങ്, പൂനവാല ഫിൻകോർപ്, ഡോക്ടർ അഗർവാൾ ഐ ഹോസ്പിറ്റൽ, സൗത്ത് ഇന്ത്യൻ ബാങ്ക്, വേലൻ ഹോട്ടൽസ് മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market Tumbled Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com