തിരിച്ചുവന്നെങ്കിലും നഷ്ടത്തിലവസാനിച്ച് ഓഹരിവിപണി
Mail This Article
ഇന്നും തകർച്ചയോടെ ആരംഭിച്ച ഇന്ത്യൻ വിപണി ‘ഡീപ് സീ ഹണ്ടി’ങിന്റെ പിൻബലത്തിൽ തിരിച്ചു വന്ന് നഷ്ടം കുറച്ചു. നിഫ്റ്റി ഇന്ന് 21285 പോയിന്റ് വരെ വീണെങ്കിലും തിരികെ കയറി 21462 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 313 പോയിന്റ് നഷ്ടത്തിൽ 71186 പോയിന്റിലും ക്ളോസ് ചെയ്തു.
പൊതുമേഖല ബാങ്കുകളും, ഫാർമ, റിയൽറ്റി, ഓട്ടോ സെക്ടറുകളും ഇന്നും മുന്നേറ്റം കുറിച്ചു. എച്ച്ഡിഎഫ്സി ബാങ്കിനൊപ്പം, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് വീണത് ബാങ്ക് നിഫ്റ്റിക്കും, നാസ്ഡാകിന്റെ വീഴ്ച ഐടി ഓഹരികളെ പിന്നോട്ട് വലിച്ചത് നിഫ്റ്റി ഐടിക്കും ഇന്ന് വീണ്ടും തിരുത്തൽ നൽകി.
ബജറ്റ് ഫെബ്രുവരി ഒന്നിന്
ഫെബ്രുവരി ഒന്നിന് ധനമന്ത്രി പ്രഖ്യാപിക്കുന്ന ഇടക്കാല ബജറ്റ് കൂടുതൽ ജനക്ഷേമ പ്രഖ്യാപനങ്ങൾ നടത്തുമെന്ന പ്രതീക്ഷ വളം, കീടനാശിനി, അഗ്രോ ടെക്ക്, ട്രാക്ടർ, ധാന്യം, പഞ്ചസാര ഓഹരികൾക്ക് പ്രതീക്ഷയാണ്. വളം നിർമാണ ഓഹരികൾ ബജറ്റ് മുന്നിൽക്കണ്ട് നിക്ഷേപത്തിന് പരിഗണിക്കാം. റെയിൽ, ഇൻഫ്രാ, സിമന്റ് ഓഹരികളും പ്രതീക്ഷയിലാണ്.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
ഇന്ന് 2146 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി 21350 പോയിന്റിലും, 21280 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 21600 പോയിന്റിലും 21730 പോയിന്റിലുമാണ് നിഫ്റ്റിയുടെ ആദ്യ കടമ്പകൾ.
ഇന്നലെയും എച്ച്ഡിഎഫ്സി ബാങ്ക്-എഡിആർ അമേരിക്കൻ വിപണിയിൽ 9% തകർച്ച നേരിട്ടെങ്കിലും ഇന്ത്യൻ വിപണിയിൽ 3.50% വരെ മാത്രം വീണ് ബാങ്ക് നിഫ്റ്റിയുടെ വീഴ്ച ഒരു ശതമാനത്തിൽ താഴെ ഒതുക്കിയത് വിപണിക്ക് അനുകൂലമാണ്. ഇന്ന് 45713 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച ബാങ്ക് നിഫ്റ്റിയുടെ പിന്തുണ 45450 പോയിന്റിലും റെസിസ്റ്റൻസുകൾ 46200 പോയിന്റിലും 46700 പോയിന്റിലുമാണ്.
ഫെഡ് അനിശ്ചിതത്വം
ഇന്നലെ വന്ന അമേരിക്കയുടെ ഡിസംബറിലെ മികച്ച റീറ്റെയ്ൽ വിൽപനക്കണക്കുകൾ ഫെഡ് നിരക്ക് ‘കുറയ്ക്കൽ’ വീണ്ടും നീളുമെന്ന സൂചന തന്നത് ഇന്നലെ ഡോളറിനും, ബോണ്ട് യീൽഡിനും മുന്നേറ്റവും ഓഹരി വിപണിക്ക് തിരുത്തലും നൽകി. നാസ്ഡാക്കും എസ്&പിയും അര ശതമാനത്തിൽ കൂടുതലും, ഡൗ ജോൺസ് 0.25%വും ഇന്നലെ വീണു. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് 4.11% വരെ മുന്നേറിയ ശേഷം ഇന്ന് 4.077%ലേക്ക് ഇറങ്ങി. ഇന്ന് വരാനിരിക്കുന്ന ജോബ് ഡേറ്റയും, ഫെഡ് അംഗമായ റാഫേൽ ബോസ്റ്റിക്ക് സംസാരിക്കാനിരിക്കുന്നതും ഇന്ന് അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. ഇന്നും തകർച്ചയോടെ തുടങ്ങിയ ചൈനീസ് വിപണി കുതിച്ചു കയറി ഒരു ശതമാനത്തിലധികം മുന്നേറ്റം നേടിയത് ഹോങ്കോങ് അടക്കമുള്ള ഏഷ്യൻ വിപണികൾക്കും മുന്നേറ്റം നൽകിയപ്പോൾ തുടക്കത്തിൽ മുന്നേറി നിന്ന ജാപ്പനീസ് വിപണി നഷ്ടം കുറിച്ചു. പതിഞ്ഞ തുടക്കത്തിന് ശേഷം യൂറോപ്യൻ വിപണികളും ഇന്ന് തിരിച്ചു കയറി നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
നാളത്തെ പ്രധാന റിസൾട്ടുകൾ
റിലയൻസ് ഇൻഡസ്ട്രീസിന്റെ റിസൾട്ട് നാളെ വരാനിരിക്കുന്നത് ഇന്ത്യൻ വിപണിക്ക് വളരെ നിർണായകമാണ്. അൾട്രാ ടെക്ക് സിമന്റ്, ഹിന്ദ് യൂണി ലിവർ, തേജസ് നെറ്റ് വർക്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ആർബിഎൽ ബാങ്ക്, പേ ടിഎം, ക്രെഡിറ്റ് ആക്സസ് ഗ്രാമീൺ, സൺ ടെക്ക്, പൊന്നി ഈറോഡ്, അവാൻടെൽ, സെസ്‌ക്, അതുൽ, ഓൺവാർഡ് ടെക്ക്, വിറിഞ്ചി, വെബിൽ സോളാർ, സിഗാച്ചി, വെൻഡ്ഇറ്റ് മുതലായ ഓഹരികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ക്രൂഡ് ഓയിൽ
അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലെ അപ്രതീക്ഷിത വർദ്ധന ക്രൂഡ് ഓയിലിന് പ്രതികൂലമായപ്പോൾ ഒപെകിന്റെ ഡിമാൻഡ് റിപ്പോർട് അനുകൂലവുമായി. ഈ റിപ്പോർട്ടിന്റെ പിൻബലത്തിൽ ബ്രെന്റ് ക്രൂഡ് ഓയിൽ ഇന്ന് 78 ഡോളറിലേക്ക് മുന്നേറി.
സ്വർണം
ഡോളറും, അമേരിക്കൻ ബോണ്ട് യീൽഡും മുന്നേറിയത് ഇന്നലെ തിരുത്തൽ നൽകിയ സ്വർണം ഇന്ന് ഏഷ്യൻ വിപണി സമയത്ത് നേരിയ മുന്നേറ്റം നേടി 2010 ഡോളറിന് മുകളിലെത്തി. ഫെഡ് യോഗം അടുത്ത് വരുന്നത് ഡോളറിന് അനുകൂലമാണെന്നത് സ്വർണത്തിന് ആശങ്കയാണ്.
ഐപിഓ
യുപി ആസ്ഥാനമായി പ്രവർത്തിക്കുന്ന റൂം എയർ കണ്ടീഷണർ നിർമാതാക്കളായ ഇപാക്ക് ഡ്യൂറബിൾസിന്റെ നാളെ ആരംഭിക്കുന്ന ഐപിഓ അടുത്ത ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്. ഐപിഓ വില 218-230 രൂപയാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക