ADVERTISEMENT

മൂന്നാംപാദ ഫലപ്രഖ്യാപനത്തിന് പിന്നാലെ എച്ച്ഡിഎഫ്സി ബാങ്ക് ഓഹരിയിൽ നടന്ന വിദേശഫണ്ടുകളുടെ വില്‍പ്പനയോടെ തുടങ്ങിയ ലാഭമെടുക്കൽ ഇന്ത്യൻ വിപണിയിലെ പുതുവർഷ നേട്ടങ്ങളെ മുഴുവനായും കഴിഞ്ഞ ആഴ്ച ഇല്ലാതാക്കി. ആറ് പ്രവൃത്തി ദിനങ്ങളുണ്ടായിരുന്ന കഴിഞ്ഞ ആഴ്ചയിൽ റെക്കോർഡ് ഉയരമായ 22124 പോയിന്റ് കുറിച്ച നിഫ്റ്റി രണ്ടര ശതമാനം നഷ്ടത്തിൽ 21571 പോയിന്റിലാണ്  വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം സെൻസെക്സ് 71423 പോയിന്റിലേക്കും വീണു. 

കഴിഞ്ഞ ആഴ്ചയിലെ അവസാന മൂന്ന് ദിവസങ്ങളിലും വിദേശഫണ്ടുകൾ അമിതവില്‍പ്പന നടത്തിയതും ഇന്ത്യൻ വിപണിയുടെ തിരുത്തലിന് കാരണമായി. ബുധനാഴ്ചയും, വ്യാഴാഴ്ചയും വിദേശഫണ്ടുകൾ യഥാക്രമം 10578 കോടി രൂപയുടെയും, 9901 കോടി രൂപയുടെയും വിൽപ്പനയാണ് ഇന്ത്യൻ വിപണിയിൽ നടത്തിയത്. 

ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന് 

ഫെബ്രുവരി ഒന്നിന് ധനമന്ത്രി പ്രഖ്യാപിക്കുന്ന ഇടക്കാല ബജറ്റ് കൂടുതൽ ജനക്ഷേമ പ്രഖ്യാപനങ്ങൾ നടത്തുമെന്ന പ്രതീക്ഷ വളം, കീടനാശിനി, അഗ്രോടെക്ക്, ട്രാക്ടർ, ധാന്യം, പഞ്ചസാര ഓഹരികൾക്ക് പ്രതീക്ഷയാണ്. വളം നിർമാണ ഓഹരികൾ ബജറ്റ് മുന്നിൽക്കണ്ട് മുന്നേറ്റപാതയിലാണ്. കഴിഞ്ഞ ആഴ്ചയിൽ അഭൂതപൂർവമായ മുന്നേറ്റം നടത്തിയ റെയിൽവേ ഓഹരികൾ ബജറ്റ് പ്രഖ്യാപനം വരെ മുന്നേറ്റ പ്രതീക്ഷയിലാണ്. 

ഡിഫൻസ്, റെയിൽ, ഇൻഫ്രാ, സിമന്റ്, മെറ്റൽ, ഇവി സെക്ടറുകളും ബജറ്റിൽ കൂടുതൽ നീക്കിയിരിപ്പുകൾ പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് വാഹന മേഖലയും, പാരമ്പര്യേതര ഊർജ മേഖലയും ബജറ്റിൽ മുൻഗണന പ്രതീക്ഷിക്കുന്നത് ഓഹരികൾക്ക് അനുകൂലമായേക്കാം. ബാറ്ററി സെക്ടറും കൂടുതൽ ബജറ്റ് പിന്തുണകൾ പ്രതീക്ഷിക്കുന്നു. 

ഫെഡ് യോഗം ജനുവരി 30ന് 

stockmarket3

വെള്ളിയാഴ്ചത്തെ ടെക് റാലിയിൽ എസ്&പി റെക്കോർഡ് തകർത്ത് മുന്നേറിയത് രാജ്യാന്തര വിപണിക്ക് പ്രതീക്ഷയാണ്. എസ്&പി 2021ൽ കുറിച്ച റെക്കോർഡ് ഉയരം മറികടന്ന് 4842 എന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ചു. വെള്ളിയാഴ്ചത്തെ 1.70% മുന്നേറ്റത്തോടെ നാസ്ഡാക് ആഴ്ച നേട്ടം 2.70%ലേക്ക് ഉയർത്തി. യുഎസ് കോൺഗ്രസ് അമേരിക്കൻ സർക്കാരിന്റെ ഇടക്കാല ബില്ലുകൾ പാസാക്കി സർക്കാർ അടച്ചു പൂട്ടൽ ഒഴിവാക്കിയതും, മിഷിഗൺ യുണിവേഴ്സിന്റിയുടെ പണപ്പെരുപ്പ അനുമാനങ്ങൾ കുറഞ്ഞതും, ഉപഭോക്തൃവളർച്ച അനുമാനം വർദ്ധിച്ചതും വെള്ളിയാഴ്ചത്തെ അമേരിക്കൻ വിപണി മുന്നേറ്റത്തിന് അടിസ്ഥാനമിട്ടു. 

ജനുവരി 31ന് അമേരിക്കൻ ഫെഡ് റിസർവ് യോഗതീരുമാനങ്ങൾ പുറത്ത് വരാനിരിക്കെ ഫെഡ് നിരക്ക് കുറക്കൽ ഈ വര്‍ഷം അവസാനത്തോടെ മാത്രമേ ആരംഭിക്കാനിടയുള്ളൂ എന്ന ധാരണ വിപണി ഉൾക്കൊണ്ട് കഴിഞ്ഞു. അറ്റ്ലാന്റ ഫെഡ് പ്രസിഡന്റായ റാഫേൽ ബോസ്റ്റിക് മൂന്നാം പാദം മുതൽ ഫെഡ് നിരക്ക് കുറയ്ക്കുന്നതിനായാണ് പിന്തുണ നൽകുന്നത് എന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചതും വിപണിക്ക് അനുകൂലമാണ്. അടുത്ത ആഴ്ച വരാനിരിക്കുന്ന പിസിഇ ഡേറ്റയും വിപണിക്ക് നിർണായകമാണ്. 

ലോക വിപണിയിൽ അടുത്ത വാരം 

∙ബുധനാഴ്ച വരുന്ന യൂറോപ്യൻ രാജ്യങ്ങളുടെയും, അമേരിക്കയുടെയും മാനുഫാക്ച്ചറിങ്, സർവീസ് പിഎംഐ ഡേറ്റകൾ വിപണിക്ക് പ്രധാനമാണ്. വ്യാഴാഴ്ചയാണ് യൂറോപ്യൻ കേന്ദ്ര ബാങ്കിന്റെ പുതിയ പലിശനിരക്ക് തീരുമാനങ്ങൾ പുറത്ത് വരിക. 

∙വ്യാഴാഴ്ചയാണ് അമേരിക്കയുടെ നാലാംപാദ ജിഡിപിക്കണക്കുകളും, ജോബ് ഡേറ്റയും, ഭവനവില്പനകണക്കുകളും പുറത്ത് വരുന്നത്. വെള്ളിയാഴ്ചയാണ് അമേരിക്കൻ ഫെഡ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന പണപ്പെരുപ്പ സൂചനയായ പിസിഇ ഡേറ്റ പുറത്ത് വരുന്നത്.  

∙തിങ്കളാഴ്ച പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ പ്രൈം ലെൻഡിങ് റേറ്റ് തീരുമാനങ്ങളും, ചൊവ്വാഴ്ച ബാങ്ക് ഓഫ് ജപ്പാന്റെ പലിശ നിരക്ക് തീരുമാനങ്ങളും ഏഷ്യൻ വിപണിചലനങ്ങളെ സ്വാധീനിക്കും. വ്യാഴാഴ്ച കൊറിയൻ ജിഡിപി കണക്കുകളും ഏഷ്യൻ വിപണികളെ സ്വാധീനിക്കും. തിങ്കളാഴ്ച അവധിയായ ഇന്ത്യൻ വിപണിക്ക് വെള്ളിയാഴ്ച റിപ്പബ്ലിക് ദിനം പ്രമാണിച്ചും അവധിയാണ്. 

ഓഹരികളും സെക്ടറുകളും 

share-cartoon

∙കഴിഞ്ഞ ആഴ്ചയിൽ മൂന്നര ശതമാനം നഷ്ടത്തോടെ 46058 പോയിന്റിൽ ക്ളോസ് ചെയ്ത ബാങ്ക് നിഫ്റ്റി അടുത്ത ആഴ്ചയിൽ മുന്നേറ്റ പ്രതീക്ഷയിലാണ്. എച്ച്ഡിഎഫ്സി ബാങ്കിന്റെ തിരിച്ചുവരവും, ഐസിഐസിഐ ബാങ്കിന്റെ മുന്നേറ്റവും, അടുത്ത ആഴ്ച വരാനിരിക്കുന്ന ബാങ്കിങ് റിസൾട്ടുകളും ബാങ്ക് നിഫ്റ്റിക്കും, നിഫ്റ്റിക്കും നിർണായകമാണ്. 

∙ഐസിഐസിഐ ബാങ്ക് മൂന്നാം പാദത്തിൽ മുൻ വർഷത്തിൽ നിന്നും ലാഭത്തിൽ 24% വർദ്ധനവോടെ വിപണി പ്രതീക്ഷകൾ മറികടന്നത് ഓഹരിക്കൊപ്പം ബാങ്കിങ് സെക്ടറിനും അനുകൂലമാണ്. ഐസിഐസിഐ ബാങ്ക് 10272 കോടി രൂപയുടെ അറ്റാദായമാണ് മികച്ച ലോൺബുക്കിന്റെ പിൻബലത്തിൽ കഴിഞ്ഞ പാദത്തിൽ കരസ്ഥമാക്കിയത്. 

∙എച്ച്ഡിഎഫ്സി ബാങ്കിന്റെ അമേരിക്കൻ വിപണിയിലെ വീഴ്ചകൾ ഇന്ത്യൻ വിപണിയിലെ തിരുത്തലിന് തുടക്കമിട്ടത് ഇന്ത്യൻ വിപണിയുടെ ഗതി തന്നെ നിർണയിച്ചു. നിഫ്റ്റിയിൽ 12%ൽ കൂടുതലും, ബാങ്ക് നിഫ്റ്റിയിൽ 23%വും വെയിറ്റേജുള്ള എച്ച്ഡിഎഫ്സി ബാങ്ക് വീഴ്ച തുടരുകയാണെങ്കിലും ഓഹരി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം. 

∙മികച്ച മുന്നേറ്റം നടത്തിയ റിലയൻസ് ഫ്ലാറ്റ് റിസൾട്ടിനെതുടർന്ന് ശനിയാഴ്ച നേരിയ നഷ്ടത്തോടെ ആഴ്‌ചനഷ്ടം കുറിച്ചെങ്കിലും ഓഹരി അടുത്ത തിരുത്തലിൽ പരിഗണിക്കാം. 

∙റെയിൽ, ഫെർട്ടിലൈസർ, ബാങ്കിങ് ഓഹരികളുടെ മുന്നേറ്റം നിഫ്റ്റി പൊതു മേഖല സൂചികക്കും കഴിഞ്ഞ ആഴ്ചയിൽ വൻ കുതിപ്പ് നൽകി.

stockmarket4

∙റെയിൽ ഓഹരികൾ കഴിഞ്ഞ വാരത്തിൽ മികച്ച മുന്നേറ്റം നേടി. ബജറ്റ് പ്രതീക്ഷകൾക്കൊപ്പം, സ്വിസ് സഹകരണ പ്രഖ്യാപനങ്ങളും റെയിൽ ഓഹരികൾക്ക് പിന്തുണ നൽകി. ആർവിഎൻഎൽ കഴിഞ്ഞ ആഴ്ചയിൽ 50%ൽ കൂടുതലും, കഴിഞ്ഞ ഒരു മാസത്തിനിടയിൽ 80%ൽ കൂടുതലും മുന്നേറിയപ്പോൾ ഇർകോൺ കഴിഞ്ഞ ആഴ്ചയിൽ 35%വും  മുന്നേറി.

∙റെയിൽവേ വികസനത്തിനായി സാങ്കേതിക വിദ്യയുടെയും, പ്രവർത്തന രീതികളുടെയും കൈമാറ്റത്തിനായി സ്വിറ്റ്സർലാൻഡുമായി ധാരണാപത്രമൊപ്പിട്ടത് ഇന്ത്യൻ റെയിൽവേ ഓഹരികൾക്ക് അനുകൂലമാണ്. റെയിൽ ഗതാഗതം വ്യാപകമായ സ്വിട്സർലാൻഡിലെ ഹബ് & സ്പോക് രീതി അനുവർത്തിക്കുന്നത് ഇന്ത്യയുടെ റെയിൽവേയുടെ അടുത്തഘട്ട വികസനത്തിന് അടിത്തറയിടും. 

∙അയോധ്യയിലെ രാമക്ഷേത്രപ്രതിഷ്ഠയും, തുടർന്ന് അയോധ്യയിലേക്കുള്ള യാത്രകൾ വർദ്ധിക്കുന്നതും ട്രാവൽ, ഹോട്ടൽ ഓഹരികൾക്ക് അനുകൂലമാണ്. ഐആർസിടിസി, യാത്ര, ഈസി ട്രിപ്പ്, ലെമൺ ട്രീ ഹോട്ടൽ എന്നിവയും ഇന്ത്യൻ ഹോട്ടലിനൊപ്പം പരിഗണിക്കാം. 

∙മികച്ച കുതിപ്പ് നേടി വന്ന റിയൽറ്റി സെക്ടർ കഴിഞ്ഞ ആഴ്ചയിൽ ലാഭമെടുക്കലിൽ 2.2% നഷ്ടം നേരിട്ടെങ്കിലും മൂന്നാംപാദ റിസൾട്ടുകൾ പിന്തുണക്കുമെന്ന പ്രതീക്ഷയിലാണ്. ഡിഎൽഎഫ്, പുറവങ്കര, കോൾടെ പാട്ടീൽ തുടങ്ങിയ റിയൽ  എസ്റ്റേറ്റ് ഓഹരികൾ ഈ ആഴ്ചയിൽ റിസൾട്ടുകൾ പ്രഖ്യാപിക്കാനിരിക്കുന്നത് ശ്രദ്ധിക്കുക. 

stockmarket8-Copy

∙മികച്ച റിസൾട്ട് ഇരെഡാ ഓഹരിക്ക് ശനിയാഴ്ച മുന്നേറ്റം നൽകി.  ഐഎഫ്സിഐ, ഐഡിബിഐ ഓഹരികളും ശനിയാഴ്ച കുതിപ്പ് നടത്തി. ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം.

∙ഇവി ഓഹരികൾ അടുത്ത ആഴ്ചയിലും ശ്രദ്ധിക്കാം. ജെബിഎം ഓട്ടോ, ഒലേക്ട്രാ ഗ്രീൻ ടെക്ക്, ടാറ്റ മോട്ടോഴ്‌സ്, എന്നിവക്കൊപ്പം ഗ്രീവ്സ് കോട്ടണും, രത്തൻ ഇന്ത്യയും ശ്രദ്ധിക്കുക. 

അടുത്ത ആഴ്ചയിലെ റിസൾട്ടുകൾ 

എംആർപിഎൽ, ചെന്നൈ പെട്രോ, കോഫോർജ്, സെൻസാർ ടെക്ക്, കോൾഗേറ്റ് പാമോലിവ്, ഒബ്‌റോയ് റിയൽറ്റി, കൺട്രോൾ പ്രിന്റ് മുതലായ കമ്പനികൾ അടുത്ത ദിവസം റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ആക്സിസ് ബാങ്ക്, ഇന്ത്യൻ ബാങ്ക്, ഐഒബി, യെസ് ബാങ്ക്, ബജാജ് ഓട്ടോ, ടെക്ക് മഹിന്ദ്ര, സയിന്റ്, ബിർള സോഫ്റ്റ്, ജെഎസ്ഡബ്ലിയു സ്റ്റീൽ, ഹാവെൽസ്, എസിസി, പിഡിലിറ്റ്, സിപ്ല, ഐഓസി, ഹിന്ദ് പെട്രോ, ബിഡിഎൽ, ആർഇസി, ജിഎസ്എഫ്സി, എംജിഎൽ, ഐജിഎൽ, എസ്ബിഐ ലൈഫ്, എസ്ബിഐ കാർഡ്‌സ്, റെയിൽടെൽ, ഡിഎൽഎഫ്, പുറവങ്കര, കോൾടെ പാട്ടീൽ, ഐഇഎക്സ് മുതലായ കമ്പനികളും അടുത്ത ആഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

stock-Copy

ക്രൂഡ് ഓയിൽ 

ചാഞ്ചാട്ടങ്ങൾക്കൊടുവിൽ കഴിഞ്ഞ ആഴ്ചയും രാജ്യാന്തര എണ്ണവില നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ക്രൂഡ് ഓയിൽ ആവശ്യകതയിൽ വർദ്ധനയുണ്ടാകുമെന്ന ഒപെകിന്റെ റിപ്പോർട്ടും, മിഡിൽ ഈസിറ്റിലെ സംഘര്‍ഷങ്ങളുമാണ് ക്രൂഡ് ഓയിലിന്റെ മുന്നേറ്റത്തിന് കാരണമായത്. ബ്രെന്റ് ക്രൂഡ് ഓയിൽ 78 ഡോളറിന് മുകളിലാണ് ക്ളോസ് ചെയ്തത് 

സ്വർണം 

ഡോളറിന്റെയും, അമേരിക്കൻ ബോണ്ട് യീൽഡിന്റെയും മുന്നേറ്റം കഴിഞ്ഞ ആഴ്ചയിൽ സ്വർണത്തിന് തിരുത്തൽ നൽകി. 2000 ഡോളറിന് സമീപമെത്തിയ രാജ്യാന്തര സ്വർണവില 2030 ഡോളറിലാണ് ക്ളോസ് ചെയ്തത്. ഫെഡ് റിസർവിന്റെ 2024ലെ ആദ്യ യോഗം അടുത്തു വരുന്നതും ബോണ്ട് യീൽഡ് മുന്നേറി നിൽക്കുന്നതും സ്വർണത്തിന് നിർണായകമാണ്. 

ഐപിഓ 

യൂപി ആസ്ഥാനമായി പ്രവർത്തിക്കുന്ന റൂം എയർ കണ്ടീഷണർ നിർമാതാക്കളായ ഇപാക്ക് ഡ്യൂറബിൾസിന്റെ വെള്ളിയാഴ്ച ആരംഭിച്ച ഐപിഓ അടുത്ത ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്. ഐപിഓ വില 218-230 രൂപ.

ഹൈദരാബാദ് ആസ്ഥാനമായ നോവ അഗ്രി ടെക്കിന്റെ നാളെ ആരംഭിക്കുന്ന ഐപിഓ ബുധനാഴ്ച അവസാനിക്കുന്നു. മണ്ണ് സംരക്ഷണം, വിളവർദ്ധന, ചെടികളുടെ ആരോഗ്യം എന്നീ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഐപിഓ ഓഹരിവില 39-41 രൂപയാണ്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Budget Expectations and Share Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com