ADVERTISEMENT

പ്രത്യേക അവധിക്ക് ശേഷം ഇന്ന് നേട്ടത്തിലാരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് കനത്ത ലാഭമെടുക്കലിൽ തകർന്ന് വലിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 21750 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി പിന്നീട് 21192 പോയിന്റ് വരെ വീണ ശേഷം തിരിച്ചു കയറി 21238 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 1053 പോയിന്റ് നഷ്ടത്തിൽ 70370 പോയിന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 

ഇന്ത്യൻ വിപണിയിലെ സകല സെക്ടറുകളും വില്പന സമ്മർദ്ദത്തിൽ വീണപ്പോൾ ഫാർമ മാത്രം ഇന്ന് മുന്നേറ്റം കുറിച്ച് തലയുയർത്തി നിന്നു. ബാങ്ക് നിഫ്റ്റി രണ്ടേകാൽ ശതമാനം വീണപ്പോൾ റിയൽറ്റി സെക്ടർ 5.3%വും, മെറ്റൽ 3.4%വും വീണു. പൊതു മേഖല ബാങ്കിങ് സൂചിക 4%ൽ കൂടുതലും, മിഡ് & സ്‌മോൾ ക്യാപ് സെക്ടറുകൾ 3% വീതവും ഇന്ന് തകർച്ച നേരിട്ടു.  

ബാങ്കിങ് തകർച്ച  

ഐസിഐസിഐ ബാങ്കിന്റെയും, യൂണിയൻ ബാങ്കിന്റെയും അടക്കം മികച്ച റിസൾട്ടുകളുടെ പിൻബലത്തിൽ 500 പോയിന്റ് നേട്ടത്തിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി പിന്നീട് നടന്ന വില്പനയിൽ 1500 പോയിന്റിൽ കൂടുതൽ നഷ്ടമാക്കി 45,000 പോയിന്റിൽ  താഴെ പോയെങ്കിലും പിന്നീട് തിരിച്ചു കയറി. ഐസിഐസിഐ ബാങ്ക് ഒഴികെ മറ്റ് ബാങ്കുകളെല്ലാം ഇന്ന് വലിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 

തകർന്ന് റെയിൽവേ 

കഴിഞ്ഞ ആഴ്ചയിൽ അഭൂതപൂർവമായ മുന്നേറ്റം നേടിയ റെയിൽവേ ഓഹരികൾ ഇന്ന് ലാഭമെടുക്കലിൽ ഏറ്റവും വലിയ നഷ്ടങ്ങളും കുറിച്ചു. ഇർകോൺ, റെയിൽടെൽ, റൈറ്റ്സ്, ആർവിഎൻഎൽ എന്നിവ 10%ൽ കൂടുതൽ തകർന്നു. റെയിൽ ഓഹരികൾ ബജറ്റിന് മുൻപ് വീണ്ടും വാങ്ങൽ പ്രതീക്ഷിക്കുന്നു. 

വെഡ് ഇൻ ഇന്ത്യ 

അയോദ്ധ്യ ആസ്ഥാനമാക്കിയുള്ള പുതിയ ടൂറിസം വളർച്ച ട്രാവൽ-ഹോട്ടൽ ഓഹരികൾക്ക് അനുകൂലമായിരിക്കെ ഡെസ്റ്റിനേഷൻ വെഡിങ്  ഒഴിവാക്കി ഇന്ത്യയിൽ തന്നെ പണം ചെലവഴിക്കാനുള്ള പ്രധാമന്ത്രിയുടെ ആഹ്വാനവും ടൂറിസം മേഖലക്ക് പുത്തൻ പ്രതീക്ഷയാണ്. ‘’മെയ്ക്ക് ഇൻ ഇന്ത്യ’’ മാതൃകയിലുള്ള ‘’വെഡ് ഇൻ ഇന്ത്യ’’ പരസ്യ വാചകം വിജയിച്ചേക്കാനുള്ള സാധ്യതയും കൂടുതലുമാണ്. ഹോട്ടൽ ഓഹരികൾ ബജറ്റ് ലക്ഷ്യമാക്കി ഈ തിരുത്തലിൽ നിക്ഷേപത്തിന് പരിഗണിക്കാം. 

ഫെഡ് യോഗം അടുത്ത ആഴ്ച 

ടെക്ക് ഓഹരികളുടെ മുന്നേറ്റത്തിൽ ഇന്നലെ ഡൗ ജോൺസും, എസ്&പി യും വീണ്ടും റെക്കോർഡ് തിരുത്തി മുന്നേറിയപ്പോൾ നാസ്ഡാക് ഇന്നലെ 0.32% മുന്നേറ്റം നേടി. ഡൗ ജോൺസ്‌ ഇന്നലെ ആദ്യമായി 38000 പോയിന്റിന് മുകളിലാണ് ക്ളോസ് ചെയ്തത്. അമേരിക്കൻ ബോണ്ട് യീൽഡ് നേരിയ മുന്നേറ്റം നേടുന്നത് അമേരിക്കൻ ഫ്യൂച്ചറുകൾക്കും സമ്മർദ്ധം നൽകി. ജാപ്പനീസ് കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ജപ്പാൻ പലിശ നിരക്കുകൾ വീണ്ടും പൂജ്യത്തിനും താഴെ നിലനിർത്തിയെങ്കിലും ജാപ്പനീസ് വിപണിയും ഇന്ന് നഷ്ടം കുറിച്ചു. ഇസിബിയുടെ പലിശ നിരക്ക് തീരുമാനങ്ങൾ ഈ ആഴ്ച വരാനിരിക്കെ യൂറോപ്യൻ വിപണികളും ഇന്ന് നഷ്ടത്തിലാണ്. 

ഫെഡ് തീരുമാനങ്ങൾ അടുത്ത ആഴ്ച വരാനിരിക്കെ ഡോളർ വീണ്ടും ശക്തമാകുമെന്ന ഭയം ലോക വിപണിക്ക് ക്ഷീണമായേക്കാം. വ്യാഴാഴ്ച വരുന്ന അമേരിക്കൻ ജിഡിപി കണക്കുകളും ഇന്ന് വരുന്ന നെറ്റ്ഫ്ലിക്സ് റിസൾട്ടും, നാളത്തെ ഇന്റലിന്റെയും, ടെസ്ലയുടെയും റിസൾട്ടുകളും വിപണി ചലനങ്ങളെ സ്വാധീനിക്കും. 

ക്രൂഡ് ഓയിൽ 

റഷ്യൻ എണ്ണകയറ്റുമതി കേന്ദ്രത്തിന് മേൽ യുക്രെയ്ൻ ഡ്രോണുകൾ ആക്രമണം നടത്തിയത് മുന്നേറ്റം നൽകിയ ക്രൂഡ് ഓയിൽ വില ഇന്ന് ഏഷ്യൻ വിപണി സമയത്ത് നേരിയ നഷ്ടം കുറിച്ചു. ബ്രെന്റ് ക്രൂഡ് ഓയിൽ വില 78 ഡോളറിലാണ് തുടരുന്നത്.  

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റം  നേടുന്നത് സ്വർണത്തിന് ക്ഷീണമാണ്. രാജ്യാന്തര സ്വർണവില 2020 ഡോളറിന് മുകളിൽ തന്നെയാണ് വ്യാപാരം തുടരുന്നത്. 

നാളത്തെ പ്രധാന റിസൾട്ടുകൾ

ആർഇസി, ജിഎസ്എഫ്സി, എംജിഎൽ, ആക്സിസ് ബാങ്ക്, കർണാടക ബാങ്ക്, എൽ&ടി ഫിനാൻസ്, ഹാവെൽസ്, പുറവങ്കര, പിഡിലിറ്റ്, സാസ്‌കൻ, റൂട്ട് മൊബൈൽ, ഇക്ര, സയിന്റ് ഡിഎൽഎം, ഗ്ലെൻമാർക്ക്, ഗ്രാന്യൂൾസ്, ബ്ലിസ് ജിവിഎസ്, ഇൻഡസ് ടവേഴ്സ്, മുത്തൂറ്റ് ക്യാപിറ്റൽ, ജെഎസ്ഡബ്ലിയു എനർജി, സോനാ ബിഎൽഡബ്ലിയു മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

ഐപിഓ 

നോവ അഗ്രി ടെക്കിന്റെ ഇന്നാരംഭിച്ച ഐപിഓ വ്യാഴാഴ്ച  അവസാനിക്കുന്നു. മണ്ണ് സംരക്ഷണം, വിളവർദ്ധന, ചെടികളുടെ ആരോഗ്യം എന്നീ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഐപിഓ ഓഹരിവില 39-41 രൂപയാണ്. 

റൂം എയർ കണ്ടീഷണർ നിർമാതാക്കളായ ഈപാക്ക് ഡ്യൂറബിൾസിന്റെ വെള്ളിയാഴ്ച ആരംഭിച്ച ഐപിഓ നാളെയാണ് അവസാനിക്കുന്നത്. ഐപിഓ വില 218-230 രൂപ.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

share market Tumbledd today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com