ധനകാര്യ പ്രഫഷണല്‍ കോഴ്സുകളുടെ പരിശീലനം: ധാരണാപത്രം ഒപ്പുവച്ചു
Mail This Article
ധനകാര്യ പ്രഫഷണല്‍ കോഴ്സുകളുടെ പരിശീലനം സംബന്ധിച്ച് പ്രമുഖ ബ്രോക്കിങ് സ്ഥാപനമായ കോട്ടക് ഷെയർവെല്‍ത്തും വിദ്യാഭ്യാസ സ്ഥാപനമായ വിദ്യാഭാരതി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വിദ്യാഭാരതി ഗ്രൂപ്പ് ചെയർമാന്‍ എന്‍.എ. മുഹമ്മദ് കുട്ടി ധാരണാപത്രം ഷെയർവെല്‍ത്ത് സെക്യൂരിറ്റിസ് മാനേജിങ് ഡയറക്ടർ ടി.ബി രാമകൃഷ്ണന് (റാംകി) കൈമാറി. വിവിധ കോളജുകളിലെ കൊമേഴ്സ്, ഇക്കണോമിക്സ് വിദ്യാർഥികള്‍ക്ക് ആഡ് ഓണ്‍ കോഴ്സുകളായി ഇവ നല്‍കുമെന്ന് മുഹമ്മദ് കുട്ടി പറഞ്ഞു.
ഓഹരിവിപണിയിലും അനുബന്ധ മേഖലകളായ മ്യൂച്വല്‍ ഫണ്ട്, കമ്മോഡിറ്റി എന്നിവയിലുമുള്ള തൊഴില്‍അവസരങ്ങളെക്കുറിച്ച് പൊതുവെ കേരളീയർ പരിചിതരല്ലെന്ന് ടി.ബി രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഈ മേഖലകളിലെ സാധ്യതകളെക്കുറിച്ച് അവബോധം നല്‍കുന്നതിനൊപ്പം വിദ്യാർഥികളെ ഇത്തരം ജോലിക്ക് സജ്ജരാക്കാനും ഇതു വഴി കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സർട്ടിഫിക്കേഷന്‍ ഇന്‍ ഫിനാന്‍ഷ്യല്‍ മാർക്കറ്റ്, ഓണ്‍ ദ ജോബ് ട്രെയിനിങ് എന്നിവയും ഈ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷെയർവെല്‍ത്ത് ഡയറക്ടർമാരായ ഡോ. ടി. വിനയകുമാർ, സനില്‍ എബ്രഹാം, വൈസ് പ്രസിഡന്‍റ് വി. പ്രവീണ്‍, വിദ്യാഭാരതി ഡീന്‍ സുമി എസ്. നായർ തുടങ്ങിയവർ പങ്കെടുത്തു.