ADVERTISEMENT

രാജ്യാന്തര വിപണി പിന്തുണയിൽ ഇന്നലത്തെ കുതിപ്പിന്റെ ബാക്കിയെന്നോണം ഇന്നും നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് ലാഭമെടുക്കലിൽ വീണ് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. ഇന്ന് തുടക്കത്തിൽ 21800 പോയിന്റ് കടന്ന നിഫ്റ്റി 21500 പോയിന്റിലേക്ക് വീണപ്പോൾ സെൻസെക്സ് 800 പോയിന്റുകൾ നഷ്ടമാക്കി 71139 പോയിന്റിലേക്കും വീണു. 

ഇന്നലെ മുന്നേറ്റം കുറിച്ച റിലയന്‍സ് ലാഭമെടുക്കലിൽ വീണതും,  ഒപ്പം ഐടിസിയുടെയും, എൽ &ടിയുടെയും ബജാജ് ഫിൻസെർവിന്റെയും, ബജാജ് ഫിനാന്സിന്റെയും പോസ്റ്റ് റിസൾട്ട് വീഴ്ചകളുമാണ് ഇന്ന് ഇന്ത്യൻ വിപണിയുടെ ഗതി നിർണയിച്ചത്. പൊതുമേഖല ബാങ്കുകൾ 1%ൽ അധികം മുന്നേറ്റം നേടിയ ഇന്ന് മെറ്റൽ, റിയാൽറ്റി സെക്ടറുകളും നിഫ്റ്റി സ്‌മോൾ ക്യാപ് സൂചികളും നഷ്ടമൊഴിവാക്കി. 

ബജറ്റ് കാത്ത് വിപണി 

വ്യാഴാഴ്ചത്തെ ബജറ്റ് പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ് ഇന്ത്യൻ വിപണി. ഇടക്കാല ബജറ്റിൽ സുപ്രധാന പ്രഖ്യാപനങ്ങൾക്കൊപ്പം ജനപ്രിയ ഘടകങ്ങളും വിപണി പ്രതീക്ഷിക്കുന്നു. ബജറ്റ് പ്രഖ്യാപനങ്ങൾക്കൊപ്പം മുന്നേറുന്ന സെക്ടറുകളിൽ ലാഭമെടുക്കലും പ്രതീക്ഷിക്കാം. 

അടിസ്ഥാന വികസന പ്രഖ്യാപനങ്ങൾ ഇൻഫ്രാ,മെറ്റൽ, റെയിൽ, ഡിഫൻസ്, ഇവി, ബാറ്ററി സെക്ടറുകൾക്ക് പിന്തുണ നൽകുമ്പോൾ ജനപ്രിയ പ്രഖ്യാപനങ്ങൾ ഹൗസിങ്, ഹൗസിങ് ഫിനാൻസ്, ഇറിഗേഷൻ, വളം, അഗ്രോ, കൺസ്യൂമർ സെക്ടറുകൾക്ക് അനുകൂലമാകും. 

ഫെഡ് തീരുമാനങ്ങൾ നാളെ 

ഇന്ന് അമേരിക്കൻ ടെക്ക് ഭീമന്മാരായ ഗൂഗിളും മൈക്രോ സോഫ്‌റ്റും റിസൾട്ടുകൾ പ്രഖ്യാപിക്കാനിരിക്കെ ഇന്നലെയും ടെക്ക് ഓഹരികളിൽ വാങ്ങൽ വന്നതിനെ തുടർന്ന് എസ്&പിയും, ഡൗ ജോൺസും വീണ്ടും റെക്കോർഡ് തിരുത്തി മുന്നേറി. നാസ്ഡാക് ഇന്നലെ 1.1%വും നേട്ടവുമുണ്ടാക്കി. ചൈനീസ് റിയൽ എസ്റ്റേറ്റ് ഭീമനായ എവർഗ്രാൻഡെയെ പിരിച്ചു വിടാനുള്ള ഹോങ്കോങ് കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഇന്നും ചൈനീസ്, ഹോങ്കോങ് വിപണികൾ വില്പന സമ്മർദ്ധത്തിൽ 2%ൽ അധികം തകർച്ച  നേരിട്ടു. 

ഫെഡ് റിസർവിന്റെ പുതിയ നിരക്ക് പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ് ലോക വിപണി. ഫെഡ് നിരക്കുകളിൽ മാറ്റം വരുത്തില്ലെങ്കിലും എന്ന് മുതലാണ് കുറച്ചു തുടങ്ങുക എന്ന സൂചനക്കായാണ് വിപണി കാത്തിരിക്കുന്നത്. ഫെഡ് ഗവർണറുടെ പ്രസ്‌താവനകളാവും നാളെ വിപണിയുടെ ഗതി നിർണയിക്കുക. 

ക്രൂഡ് ഓയിൽ 

ചൈനീസ് റിയൽ എസ്റ്റേറ്റ് മേഖലയിലെ ഭീതി ഇന്നലെ ക്രൂഡ് ഓയിലിനും 1% തിരുത്തൽ നൽകി. രാജ്യാന്തര ആവശ്യകതയിൽ കുറവുണ്ടാകുമെന്ന ആശങ്കക്കിടയിൽ ഫെഡ് തീരുമാനങ്ങൾക്കൊപ്പം, ഒപെക് യോഗതീരുമാനങ്ങൾക്കായി കാത്തിരിക്കുകയാണ് ക്രൂഡ് ഓയിൽ.  ബ്രെന്റ് ക്രൂഡ് ഓയിൽ 82 ഡോളറിലാണ് വ്യാപാരം തുടരുന്നത്. 

സ്വർണം 

ഫെഡ് നിരക്ക് പ്രഖ്യാപനങ്ങൾ അടുത്ത് വരവെ അമേരിക്കൻ ബോണ്ട് യീൽഡ് താഴേക്കിറങ്ങിയത് സ്വർണത്തിന് അനുകൂലമായി. രാജ്യാന്തര സ്വർണ വില 2050 ഡോളറിന് മുകളിലാണ് തുടരുന്നത്. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡും നേട്ടത്തിലാണ്. 

നാളത്തെ റിസൾട്ടുകൾ 

മാരുതി, സൺ ഫാർമ, ഗോദ്‌റെജ്‌ കൺസ്യൂമർ, ഡാബർ, ശ്രീ സിമന്റ്, അംബുജ സിമന്റ്, അദാനി വിൽമർ, ബാങ്ക് ഓഫ് ബറോഡ, ഐആർബി ഇൻഫ്രാ, ഐഡിഎഫ്സി, സുസ്‌ലോൺ, ഡിക്‌സൺ, ഡേറ്റ പാറ്റെൺസ്, റാണെ എഞ്ചിൻ, ജൂബിലന്റ് ഫുഡ്, പിവിആർ ഐനോക്‌സ്, റിലാക്‌സോ, കിറ്റെക്സ്, ജ്യോതി ലാബ്, ജിയോജിത് മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.  

ഐപിഒ 

ബിഎൽഎസ്സിന്റെ ഉപകമ്പനിയായ ബിഎൽഎസ് ഇ- സർവീസസിന്റെ ഐപിഓ ഇന്ന് ആരംഭിച്ച് ഫെബ്രുവരി ഒന്നിന് അവസാനിക്കുന്നു. ബാങ്കുകൾക്ക് ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന കമ്പനിയുടെ ഐപിഓ വില 129-135 രൂപയാണ്.  

ഇന്നലെ ആരംഭിച്ച ഐപിഓയിലൂടെ സിനിമ നിർമാണ കമ്പനിയായ ബവേജ സ്റ്റുഡിയോസ് 170-180 രൂപ നിരക്കിൽ 97 കോടി രൂപയാണ് സമാഹരിക്കുന്നത്.  

ഇൻഡക്ഷൻ ഹീറ്റിങ് & മെൽറ്റിങ് ഉപകരണ നിർമാതാക്കളായ മെഗാതേം ഇൻഡക്ഷന്റെ ഇന്നലെ ആരംഭിച്ച ഐപിഓ ജനുവരി 31ന് അവസാനിക്കുന്നു. 100-108 രൂപ നിരക്കിൽ 53 കോടി രൂപയാണ് എസ്എംഇ കമ്പനി സമാഹരിക്കുന്നത്. 

മഹാരാഷ്ട്ര ആസ്ഥാനമായ ഹർഷദീപ് ഹോർട്ടിക്കോ 42-45  രൂപ നിരക്കിൽ 19 കോടി രൂപയും സമാഹരിക്കുന്നു.   

ഗബ്രിയേൽ പെറ്റ്സ് സ്ട്രാപ്സ് മുപ്പത്തൊന്നിന് ആരംഭിച്ച് ഫെബ്രുവരി രണ്ടിന് അവസാനിക്കുന്ന ഐപിഓയിലൂടെ 8 കോടി രൂപയാണ് സമാഹരിക്കുന്നത്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market Closed in Red Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com