ADVERTISEMENT

ഓഹരി വിപണി കുതിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ഒരു സമയത്ത്‌ ഫിന്‍ടെക്‌ ബിസിനസിന്റെ പര്യായം തന്നെയായിരുന്ന പേടിഎമ്മിന്റെ ഓഹരി വില രണ്ട്‌ ദിവസം കൊണ്ട്‌ 40 ശതമാനത്തിലേറെ ഇടിഞ്ഞ്‌ വില്‍പ്പന നടത്താന്‍ പോലും കഴിയാതെ നിക്ഷേപകര്‍ വിഷണ്ണരായി നില്‍ക്കുന്ന നാടകീയമായ കാഴ്‌ച നാം കാണുന്നത്‌. ഓഹരി നിക്ഷേപത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ ചില വസ്‌തുതകള്‍ ഒരിക്കലും അവഗണിക്കാന്‍ പാടില്ല എന്ന സന്ദേശമാണ്‌ ഈ കാഴ്‌ച നമുക്ക്‌ നല്‍കുന്നത്‌.

2021 നവംബറില്‍ പേടിഎമ്മിന്റെ ഉടമസ്ഥരായ വണ്‍ 97 കമ്യൂണിക്കേഷന്‍സ്‌ ലിമിറ്റഡ്‌ ഐപിഒ നടത്തുമ്പോള്‍ അതുവരെ നടന്നതില്‍ ഏറ്റവും വലിയ പബ്ലിക്‌ ഇഷ്യു ആയിരുന്നു അത്‌. ഫിന്‍ടെക്‌ കമ്പനി എന്ന നിലയില്‍ അതിവേഗം പ്രചാരം ആര്‍ജിച്ച പേടിഎം ഐപിഒയിലൂടെ ചരിത്രം സൃഷ്‌ടിച്ചുവെങ്കില്‍ ലിസ്റ്റിങിനു ശേഷം നിക്ഷേപകരെ നിരാശയിലാഴ്‌ത്തുകയാണ്‌ ചെയ്‌തത്‌.

2150 രൂപ ഇഷ്യു വിലയുണ്ടായിരുന്ന പേടിഎം ലിസ്റ്റിങ് കഴിഞ്ഞ് ഒരിക്കല്‍ പോലും ആ വിലയിലേക്ക്‌ എത്തിയില്ല. ആഗോളതലത്തില്‍ തന്നെ ടെക്‌നോളജി ഓഹരികള്‍ നേരിട്ട വില്‍പ്പന സമ്മര്‍ദം മൂലം പേടിഎമ്മിന്റെ ഓഹരി വില ഒരു വര്‍ഷം കൊണ്ട്‌ ഇഷ്യു വിലയുടെ നാലിലൊന്നായി കുറഞ്ഞു. ഏറെ അമിതമായ വില, ദുര്‍ബലമായ സാമ്പത്തിക നില, വളര്‍ച്ചാ സാധ്യത സംബന്ധിച്ച അവ്യക്തത തുടങ്ങിയ ഘടകങ്ങള്‍ ഈ സ്റ്റാര്‍ട്ടപ്പ്‌ കമ്പനിയുടെ ഓഹരിയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു.

ആർബിഐ ഇടപെടൽ

ബിസിനസ്‌ മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെ ഓഹരി വിലയില്‍ കരകയറ്റമുണ്ടായി. 2022 നവംംബറില്‍ രേഖപ്പെടുത്തിയ 438.35 രൂപ എന്ന എക്കാലത്തെയും താഴ്‌ന്ന വിലയില്‍ നിന്നും ഒരു വര്‍ഷം കൊണ്ട്‌ 120 ശതമാനത്തിലേറെ ഓഹരി ഉയര്‍ന്നത്‌ ലോണ്‍ അഗ്രിഗേറ്റര്‍ എന്ന നിലയില്‍ ബിസിനസ്‌ മെച്ചപ്പെടുത്താന്‍ സാധിച്ചതും ലാഭക്ഷമതയിലേക്ക്‌ കമ്പനി എത്തുമെന്ന പ്രതീക്ഷ സൃഷ്‌ടിച്ചതുമാണ്‌.

എന്നാല്‍ റിസര്‍വ്‌ ബാങ്കിന്റെ ഇടപെടല്‍ പേടിഎമ്മിന്റെ ബിസിനസിനെ തന്നെ ഇല്ലാതാക്കുന്ന സാഹചര്യമാണ്‌ സൃഷ്‌ടിച്ചത്‌. ഫെബ്രുവരി 29നു ശേഷം പേടിഎം ബാങ്കിന്റെ സേവിങ്സ്-കറന്റ്‌ അക്കൗണ്ടുകള്‍, വാലറ്റുകള്‍, ഫാസ്‌ടാഗ്‌ എന്നിവയില്‍ പണം നിക്ഷേപിക്കാനാകില്ല എന്ന ആര്‍ബിഐയുടെ ഉത്തരവ്‌ കമ്പനിയുടെ പേമെന്റ്‌ ബിസിനസിനെയാണ്‌ ഇല്ലാതാക്കുന്നത്‌. പേടിഎമ്മിന്റെ പേമെന്റ്‌സ്‌ ബാങ്ക്‌ ലൈസന്‍സ്‌ റദ്ദ് ചെയ്യുന്ന കാര്യം ആര്‍ബിഐയുടെ പരിഗണനയിലുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

റെഗുലേറ്ററി അതോറിറ്റിയുടെ ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി നടത്തുന്ന ക്രമക്കേടുകള്‍ ബിസിനസിനെ തന്നെ ഇല്ലാതാക്കാമെന്നതിന്‌ ഉദാഹരണമാണ്‌ പേടിഎമ്മിന്റെ തകര്‍ച്ച. പേയ്ടിഎമ്മിന്റെ ഐടി സംവിധാനം കര്‍ശനമായ പരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന്‌ ആര്‍ബിഐ 2022 മാര്‍ച്ചില്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. ഐടി സംവിധാനത്തിലെ പോരായ്‌മകള്‍ മൂലം പുതിയ ഉഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്നും പേടിഎമ്മിനെ അന്നേ റിസര്‍വ്‌ ബാങ്ക്‌ വിലക്കുകയും ചെയ്‌തു.

കഴിഞ്ഞ ഡിസംബറില്‍ ഉപഭോക്തൃ വായ്‌പകളുടെ വിതരണത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്‌ റിസര്‍വ്‌ ബാങ്ക്‌ ചട്ടങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന്‌ പേടിഎമ്മിന്‌ 50,000 രൂപയില്‍ താഴെയുള്ള വായ്‌പകളുടെ വിതരണം കുറയ്‌ക്കുന്നതിന്‌ നടപടി സ്വീകരിക്കേണ്ടി വന്നു. ഒരു മാസത്തിനു ശേഷം റിസര്‍വ്‌ ബാങ്കിന്റെ അടുത്ത നടപടി കൂടി വന്നതോടെ കമ്പനിയുടെ ബിസിനസ്‌ തന്നെ പ്രതിസന്ധിയിലായി.

നിക്ഷേപകര്‍ ഓര്‍ത്തിരിക്കേണ്ട പാഠം

ഒരു കമ്പനിയുടെ ഓഹരി നാം വാങ്ങുമ്പോള്‍ നാം ആ കമ്പനിയുടെ ബിസിനസിലാണ്‌ നിക്ഷേപിക്കുന്നത്‌. ബിസിനസിന്റെ വളര്‍ച്ചയ്‌ക്കും വിപുലീകരണത്തിനും അനുസരിച്ചുള്ള റിവാര്‍ഡുകള്‍ ഓഹരി വിലയിലെ വര്‍ധനയായും ലാഭവീതമായുമൊക്കെ നിക്ഷേപകര്‍ക്ക്‌ ലഭിക്കുന്നതു പോലെ തളര്‍ച്ചയും തിരിച്ചടിയും നിക്ഷേപത്തെ റിസ്‌കിലേക്ക്‌ നയിക്കുകയും ചെയ്യും. ഈയൊരു വസ്‌തുത ഏതൊരു കമ്പനിയുടെ ഓഹരിയില്‍ നിക്ഷേപം നടത്തുമ്പോഴും നിക്ഷേപകര്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്‌.

നയപരമായ മാറ്റം, റെഗുലേറ്ററി അതോറിറ്റിയുടെ ഇടപെടലുകള്‍ ഇവയെല്ലാം ബിസിനസുകളെ ബാധിക്കാം. സഹാറ ഗ്രൂപ്പ്‌ റെഗുലേറ്ററി അതോറിറ്റിയുടെ ഇടപെടലുകള്‍ക്ക്‌ വിധേയമായാണ്‌ ഇല്ലാതായത്‌. ഇത്തരം റിസ്‌കുകളെ കുറിച്ച്‌ ബോധവാന്മാരാകുന്ന നിക്ഷേപകര്‍ അത്‌ ക്രമീകരിക്കാന്‍ പോര്‍ട്‌ഫോളിയോ വൈവിധ്യവല്‍ക്കരിക്കുകയാണ്‌ ചെയ്യേണ്ടത്‌. മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപത്തിലൂടെയോ വിവിധ മേഖലകളിലെ കമ്പനികളുടെ ഓഹരികള്‍ പോര്‍ട്‌ഫോളിയോയുടെ ഭാഗമാക്കുന്നതിലൂടെയോ ഇത്തരം റിസ്‌കുകളെ നമുക്ക്‌ ഒരു പരിധി വരെ മറികടക്കാനാകും.

(ഹെഡ്‌ജ്‌ ഗൂപ്പ്‌ ഓഫ്‌ കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമാണ്‌ ലേഖകന്‍)

English Summary:

Crisis in Paytm and Investors Lessons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com