ADVERTISEMENT

ഇന്ന് ആർബിഐയുടെ പണനയപ്രഖ്യാപനങ്ങൾ വരുംവരെ പിടിച്ചു നിന്ന ഇന്ത്യൻ വിപണി  നയപ്രഖ്യാപനപ്രസംഗശേഷം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ബാങ്കിങ് ഓഹരികളിലെ വില്പന സമ്മർദ്ദമാണ് ഇന്ന് ഇന്ത്യൻ വിപണിയിലെ വലിയ ലാഭമെടുക്കലിന് വഴിവെച്ചത്. ഇന്ന് ആദ്യ മണിക്കൂറിൽ 22000 പോയിന്റ് കടന്നെങ്കിലും 212 പോയിന്റ് നഷ്ടത്തിൽ 21717 പോയിന്റിലാണ് നിഫ്റ്റി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 71428 പോയിന്റിലേക്കും വീണു. 

എച്ച്ഡിഎഫ്സി ബാങ്കിനൊപ്പം മാറ്റ് പ്രധാനബാങ്കുകളെല്ലാം വീണപ്പോഴും എസ്ബിഐ ഇന്ന് മുന്നേറ്റം നേടി. ഐടിസിയും, അൾട്രാ ടെക്കും, എൽ&ടിയും വീണതും ഇന്ന് ഇന്ത്യൻ വിപണി വീഴ്ചയുടെ ആക്കം കൂട്ടി. ബാങ്ക് നിഫ്റ്റി 1.8% നഷ്ടം നേരിട്ടപ്പോൾ, ഓട്ടോ,എഫ്എംസിജി സെക്ടറുകളും വലിയ നഷ്ടം കുറിച്ചു. ഐടിസിയുടെ 4% വീഴ്ച എഫ്എംസിജി സെക്ടറിന്റെ 2% നഷ്ടത്തിൽ നിർണായകമായി.  ഐടിസിയുടെ ഏറ്റവും വലിയ ഓഹരിയുടമകളിലൊന്ന് ഓഹരി വില്പനക്ക് പദ്ധതിയിടുന്നു എന്ന വാർത്തയാണ് ഓഹരിക്ക് വിനയായത്. 

നിരക്കുകൾ മാറ്റാതെ ആർബിഐ

വിപണി പ്രതീക്ഷിച്ചത് പോലെ തന്നെ റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ യഥാക്രമം 6.50%ൽ നിന്നും,  3.35%ൽ നിന്നും മാറ്റാതിരുന്ന ആർബിഐ പണനയത്തിലും മാറ്റത്തിന് മുതിരാതിരുന്നത് വിപണിക്ക് നിരാശയായി. നടപ്പ് സാമ്പത്തികവർഷത്തിൽ റീറ്റെയ്ൽ പണപ്പെരുപ്പം 5.4%ലും, 2024-2025 സാമ്പത്തികവർഷത്തിൽ 4.5%ലും, പിന്നീട് 4%ലും എത്തിക്കാനാകുമെന്ന് ആർബിഐയുടെ പണനയരൂപീകരണ സമിതി പ്രതീക്ഷിക്കുന്നു.      

എസ്&പി-500 @ 5000 

അമേരിക്കൻ വിപണിയുടെ മുന്നേറ്റത്തിന് പിന്നാലെ ഇന്ന് മുന്നേറ്റത്തോടെ വ്യാപാരം ആരംഭിച്ച ഏഷ്യൻ വിപണികൾ മിക്സഡ് ക്ളോസിങ് നടത്തി. വളരെ പതിയെ മാത്രമേ ബാങ്ക് ഓഫ് ജപ്പാന്റെ നയമാറ്റം ഉണ്ടാകൂ എന്ന സൂചനയിൽ ഇന്ന് 2% മുന്നേറിയ ജാപ്പനീസ് സൂചികയായ നിക്കി 34 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ് സ്വന്തമാക്കിയത്. ചൈനീസ് പണപ്പെരുപ്പം വിപണി പ്രതീക്ഷിച്ച നിരക്കിലേക്ക് വീണ് പോകാതിരുന്നതും, സാമ്പത്തിക ഉത്തേജന പ്രതീക്ഷകളും ഇന്ന് ചൈനീസ് വിപണിക്കും മുന്നേറ്റം നൽകി. ചൈനീസ്, അമേരിക്കൻ വിപണി മുന്നേറ്റങ്ങളുടെ സ്വാധീനത്തിൽ യൂറോപ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.

ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും, ജോബ് ഡേറ്റയും ഇന്ന് അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. ഇസിബി, ബാങ്ക് ഓഫ് ഇംഗ്ലണ്ട് അംഗങ്ങളുടെ പ്രസ്താവനകൾ ഇന്നും, ജർമ്മൻ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകൾ നാളെയും യൂറോപ്യൻ വിപണികളെയും സ്വാധീനിക്കും. നാളെ ചൈനീസ് പുതുവർഷം പ്രമാണിച്ച് ചൈനീസ്, കൊറിയൻ, സിംഗപ്പൂർ, ഹോങ്കോങ് വിപണികൾക്ക് അവധിയാണ്. 

ക്രൂഡ് ഓയിൽ

ഗാസയിലെ വെടിനിർത്തൽ ചർച്ചകൾ തീരുമാനമാകാത്തതും, ഡോളർ വീഴുന്നതും ക്രൂഡ് ഓയിലിന് അനുകൂലമായപ്പോൾ അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലെ അപ്രതീക്ഷിത വളർച്ചയും ചൈനീസ് സിപിഐ, പിപിഐ ഡേറ്റകൾ ഡിഫ്‌ളേഷനറി ഏരിയയിൽ തന്നെ തുടരുന്നതും ക്രൂഡ് ഓയിലിന്റെ മുന്നേറ്റത്തിൽ തടസമായി. ബ്രെന്റ് ക്രൂഡ് ഓയിൽ 80 ഡോളറിൽ താഴെയാണ് വ്യാപാരം തുടരുന്നത്.

സ്വർണം 

അമേരിക്കൻ ഡോളറിനൊപ്പം ബോണ്ട് യീൽഡും ക്രമപ്പെടുന്നത് സ്വർണത്തിനും അനുകൂലമാണ്. രാജ്യാന്തര സ്വർണവില 2050 ഡോളറിലാണ് തുടരുന്നത്. 

നാളത്തെ പ്രധാന റിസൾട്ടുകൾ 

ഐആർഎഫ്സി, എംഎസ്ടിസി, ജിഎംഡിസി, ഹഡ്കോ, ഷിപ്പിങ് കോർപറേഷൻ, ഹീറോ, ഗോദ്‌റെജ്‌ ഇൻഡസ്ട്രീസ്, കിർലോസ്കർ ഇൻഡസ്ട്രീസ്, എംആർഎഫ്, ഇമാമി ലിമിറ്റഡ്, ഐനോക്‌സ് വിൻഡ്, ഫിനോലിക്സ് കേബിൾസ്, ജിഎൻഎ ആക്‌സിൽസ്, സൈഡസ് ലൈഫ്, ബജാജ് ഹെൽത്ത്കെയർ, ബജാജ് ടെലി, ബജാജ് ഹിന്ദുസ്ഥാൻ, ബന്ധൻ ബാങ്ക്, സെല്ലോ, ക്യാമ്പസ് ആക്ടിവെയർ, ഡേറ്റമാറ്റിക്സ്, ഈസ്മൈട്രിപ്പ്, ഇകെസി, പരസ് ഡിഫൻസ് മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market Tumbled Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com