ADVERTISEMENT

ആഴ്ചയുടെ ആദ്യദിനങ്ങളിൽ രാജ്യാന്തര വിപണിക്കൊപ്പം മുന്നേറ്റം തുടർന്ന ഇന്ത്യൻ വിപണി ആർബിഐയുടെ നയപ്രഖ്യാപനങ്ങൾക്കൊപ്പം നേട്ടങ്ങൾ കൈവിട്ട് വീണ് കഴിഞ്ഞ വാരം നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. മുൻ വെള്ളിയാഴ്ച 22126 എന്ന റെക്കോർഡ് ഉയരം സ്വന്തമാക്കിയ ശേഷം 21853 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി കഴിഞ്ഞ ആഴ്ചയിൽ 21782 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 71595 പോയിന്റിലേക്കും ഇറങ്ങി. 

ബാങ്കിങ്, എഫ്എംസിജി സെക്ടറുകൾ മാത്രമാണ് കഴിഞ്ഞ ആഴ്ചയിൽ നഷ്ടം കുറിച്ചത്. ഐടിസിക്കൊപ്പം എഫ്എംസിജി സെക്ടർ 2% വീണപ്പോൾ, ബാങ്ക് നിഫ്റ്റി 1.2% നഷ്ടത്തിൽ 45634 പോയിന്റിലാണ് കഴിഞ്ഞ ആഴ്ച ക്ളോസ് ചെയ്തത്.  ഐടി, ഫാർമ, റിയൽറ്റി, എനർജി സെക്ടറുകൾ കഴിഞ്ഞ ആഴ്ചയിൽ 3%ൽ കൂടുതൽ മുന്നേറ്റം നേടി. നിഫ്റ്റി നെക്സ്റ്റ്-50 സൂചികയും കഴിഞ്ഞ ആഴ്ചയിൽ 3%ൽ കൂടുതൽ മുന്നേറ്റം നേടി. 

ആർബിഐയുടെ ജിഡിപി ലക്‌ഷ്യം 7% മാത്രം 

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ മാറ്റാതിരുന്ന ആർബിഐ പണപ്പെരുപ്പവളർച്ചാ നിരക്ക് പിടിച്ചു നിർത്താൻ സഹായിച്ച ‘’വിത്‌ഡ്രോവൽ ഓഫ് അക്കോമഡേഷൻ’’ എന്ന പണനയം തന്നെ തുടരാനും തീരുമാനിച്ചു.  സിപിഐ വളർച്ച നിരക്ക് 4% എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാൻ വേണ്ടി കൂടിയാണ് നിലവിലെ പണനയം തുടരുന്നത് എന്നും ആർബിഐ ഗവർണർ സൂചിപ്പിച്ചത് അടുത്തൊന്നും ആർബിഐ നിരക്കുകൾ താഴ്ത്തിയേക്കില്ല എന്ന സൂചനയാണ് വിപണിക്ക് നൽകിയത്. നടപ്പ് സാമ്പത്തികവർഷത്തിൽ ഇന്ത്യയുടെ റീറ്റെയ്ൽ പണപ്പെരുപ്പം 5.4%ലും, അടുത്ത സാമ്പത്തികവർഷത്തിൽ 4.5%ലും, പിന്നീട് 4%ലും എത്തിക്കാനാകുമെന്നും ആർബിഐയുടെ പണനയരൂപീകരണ സമിതി പ്രതീക്ഷിക്കുന്നു.      

economy7

നടപ്പ് സാമ്പത്തിക വർഷത്തിൽ 7.3% വളർച്ച നേടുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം അടുത്തസാമ്പത്തിക വർഷത്തിൽ 7% വളർച്ച നേടുമെന്നും ആർബിഐ പ്രത്യാശിക്കുന്നു. 

അമേരിക്കൻ പണപ്പെരുപ്പം അടുത്ത ആഴ്ച 

ജനുവരിയിലെ കണക്കുകൾ പ്രകാരവും ചൈന ഡിഫ്‌ളേഷനറി മേഖലയിൽ തന്നെ തുടരുന്നത് ലോക വിപണിയിൽ വീണ്ടും ആശങ്ക പടർത്തിയിട്ടുണ്ട്. ചൈനയുടെ സിപിഐ ജനുവരിയിൽ 0.8% വളർച്ച ശോഷണവും, ഫാക്ടറി ഗേറ്റ് ഇൻഫ്‌ളേഷൻ അഥവാ പിപിഐ 2.5% വളർച്ച ശോഷണവും കുറിച്ചത് ചൈനയുടെ സാമ്പത്തിക വളർച്ച ശോഷണത്തിന്റെ സൂചനയായി കണക്കാക്കപ്പെടുന്നത് രാജ്യാന്തര വിപണിക്ക് ക്ഷീണമാണ്. ജർമനിയുടെ പണപ്പെരുപ്പവും ജനുവരിയിൽ വിപണി പ്രതീക്ഷക്കൊപ്പം 2.9% മാത്രം വളർച്ച കുറിച്ചതും അനുകൂലമാണ്.  

അമേരിക്കയുടെ പണപ്പെരുപ്പക്കണക്കുകളാവും അടുത്ത ആഴ്ചയിൽ ലോക വിപണി ചലനങ്ങളെ സ്വാധീനിക്കുക. അമേരിക്കൻ സിപിഐ ജനുവരിയിൽ 0.2% മാസവളർച്ചയും, 3% മാത്രം വാർഷിക വളർച്ചയും കുറിച്ചിട്ടുണ്ടാകാമെന്നാണ് അനുമാനം. കോർ സിപിഐയും ക്രമപ്പെട്ടിട്ടുണ്ടാകാമെന്ന് പ്രതീക്ഷിക്കുന്നു. അറ്റ്ലാന്റ ഫെഡ് പ്രസിഡന്റ് റാഫേൽ ബോസ്റ്റിക്ക് വെള്ളിയാഴ്ച നിരക്ക് മാറ്റങ്ങളെക്കുറിച്ച് സൂചിപ്പിച്ചേക്കുമെന്നതും വിപണിക്ക് പ്രതീക്ഷയാണ്. 

അടുത്ത ആഴ്ച ലോക വിപണിയിൽ 

mkt-graph

ഫെഡ് അംഗങ്ങളുടെ പ്രസ്താവനകളും, ചൊവ്വാഴ്ച വരുന്ന അമേരിക്കൻ പണപ്പെരുപ്പക്കണക്കുകളും അമേരിക്കൻ വിപണി ചലനങ്ങളെ സ്വാധീനിക്കും. അമേരിക്കയുടെ ജോബ് ഡേറ്റയും, വ്യവസായികോല്പാദനക്കണക്കുകളും, റീറ്റെയ്ൽ വില്പനക്കണക്കുകളും അമേരിക്കൻ വിപണിയെ സ്വാധീനിക്കും. 

ബ്രിട്ടീഷ് സിപിഐ ഡേറ്റയും, യൂറോ സോൺ ജിഡിപി ഡേറ്റയും ബുധനാഴ്ചയും, ബ്രിട്ടീഷ് ജിഡിപി, വ്യവസായികോല്പാദന കണക്കുകളും, സ്പാനിഷ് സിപിഐയും വ്യാഴാഴ്ചയും യൂറോപ്യൻ വിപണികളെ സ്വാധീനിക്കും.  

ചൈനയും, കൊറിയയും, ജപ്പാനും അടക്കമുള്ള പ്രധാന ഏഷ്യൻ വിപണികളെല്ലാം ചൈനീസ് പുതുവര്‍ഷം പ്രമാണിച്ച് തിങ്കളാഴ്ച അവധിയാണ്. ചൈനീസ് വിപണി അടുത്ത ആഴ്ച മുഴുവൻ അവധിയിലാണ് എന്നതും ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്. വ്യാഴാഴ്ചയാണ് ജാപ്പനീസ് ജിഡിപി ഡേറ്റ പുറത്ത് വരുന്നത്. 

ഇന്ത്യയുടെ ജനുവരിയിലെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകളും, ഡിസംബറിലെ വ്യവസായികോല്പാദന കണക്കുകളും തിങ്കളാഴ്ച പുറത്ത് വരുന്നു. ഇന്ത്യയുടെ മൊത്ത വിലക്കയറ്റക്കണക്കുകളും, ഭക്ഷ്യവിലക്കയറ്റകണക്കുകളും ബുധനാഴ്ച പുറത്ത് വരുന്നു. ഇന്ത്യയുടെ കയറ്റുമതി-ഇറക്കുമതി കണക്കുകൾ വ്യാഴാഴ്ചയാണ് പുറത്ത് വരുന്നത്. 

ഓഹരികളും സെക്ടറുകളും 

ഐടിസിയുടെ 29%ൽ അധികം ഓഹരികൾ കൈയാളുന്ന ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോ കമ്പനി ഓഹരി വിൽക്കാൻ പദ്ധതിയിടുന്നു എന്ന വാർത്ത ഐടിസി ഓഹരിക്ക് വൻ ഇടിവ് നൽകിയെങ്കിലും ഓഹരിപങ്കാളിത്തം 25%ൽ നിന്നും കുറയ്ക്കില്ല എന്ന വിശദീകരണം ഐടിസിക്ക് തിരിച്ചു വരവ് നൽകി. അടുത്ത തിരുത്തൽ ഓഹരിയിൽ വാങ്ങൽ അവസരമാണ്. 

ചിത്രം:  REUTERS/Dado Ruvic
ചിത്രം: REUTERS/Dado Ruvic

പേടിഎമ്മിന്റെ പ്രവർത്തനങ്ങൾ ഫെബ്രുവരി 29ന് ശേഷവും തുടരുമെന്ന് കമ്പനിയുടെ സിഇഓ വിജയ് ശേഖർ ശർമ പ്രത്യാശ പ്രകടിപ്പിച്ചതും സെബിയുടെ മുൻ മേധാവി എം ദാമോദരൻ ചെയർമാനായ പുതിയ ഉപദേശക സമിതിയെ നിയമിച്ചതും പ്രതീക്ഷയാണ്. ആർബിഐയുടെ നിരന്തരമായ സൂചനകൾക്ക് ശേഷവും ‘നിയമങ്ങൾ’ പാലിക്കപ്പെട്ടിട്ടില്ല എന്ന കാരണത്താൽ ഫെബ്രുവരി 29 മുതൽ പേടിഎം പേയ്മെന്റ്സ് ബാങ്കിന്റെ പ്രവർത്തങ്ങൾ അവസാനിപ്പിക്കാൻ ജനുവരി 31നാണ് ആർബിഐ ഉത്തരവിട്ടത്. തേർഡ് പാർട്ടി പേയ്മെന്റ് ബാങ്ക് എന്ന നിലയിലും, മറ്റ് നിക്ഷേപസേവനങ്ങളുടെ ദാതാവ് എന്ന നിലയിലും തുടരാനാകുന്ന. പേടിഎം ഇനി ഗൂഗിൾ പേ മോഡലിലാകും പ്രവർത്തനം തുടർന്നേക്കുക. പേടിഎം ഓഹരി കഴിഞ്ഞ ആറ് മാസത്തിനിടയിൽ 50%ൽ കൂടുതൽ നഷ്ടം കുറിച്ചു. 

അടുത്ത മാസം മുതൽ എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് ,യെസ് ബാങ്ക് എന്നിവയാകും പേടിഎം ഉപഭോക്താക്കൾക്ക് ബാങ്കിങ് പിന്തുണ നൽകുകയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

എച്ച്ഡിഎഫ്സി ബാങ്കിന് ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഇൻഡസ് ഇന്‍ഡ് ബാങ്ക്, യെസ് ബാങ്ക്, ബന്ധൻ ബാങ്ക്, സൂര്യോദയ്‌ ബാങ്ക് എന്നീ ആറ് ബാങ്കുകളിൽ 9.5% ഓഹരികൾ വരെ അടുത്ത ഒരു വർഷക്കാലം സ്വന്തമാക്കാനുള്ള ആർബിഐയുടെ അനുമതി ലഭിച്ചത് അതാത് ഓഹരികൾക്ക് അനുകൂലമാണ്. 

ആർവിഎൻഎല്ലിന്റെ റിസൾട്ട് നിരാശപ്പെടുത്തിയത് റെയിൽവേ ഓഹരികളിൽ വീണ്ടും വില്പനസമ്മർദ്ധത്തിന് കാരണമായി. റെയിൽവേ ഓഹരികൾ ദീർഘകാല നിക്ഷേപത്തിന് അടുത്ത തിരുത്തലിൽ പരിഗണിക്കാം. ആറ് സംസ്ഥാനങ്ങളിലായി 12343 കോടി രൂപയുടെ റെയിൽവേനിർമാണ പദ്ധതികൾക്ക് ക്യാബിനറ്റിന്റെ അനുമതി ലഭിച്ചതും അനുകൂലമാണ്. 

വൻവളർച്ച കുറിച്ച ഓർഡർ ബുക്കിന്റെ പിൻബലത്തിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 200%ൽ കൂടുതൽ മുന്നേറ്റം നേടിയ ഭെല്ലിന്റെ റിസൾട്ടും അടുത്ത ആഴ്ചയാണ് വരുന്നത്. ചൊവ്വാഴ്ച വരുന്ന മൂന്നാം പാദഫലവും നഷ്ടം കുറിച്ചത് ഓഹരിയിൽ വീണ്ടും വാങ്ങൽ അവസരം സൃഷ്ടിക്കപ്പെട്ടേക്കാം.  

ബ്രസീലിലെ എംബ്രയർ ഡിഫൻസുമായി ചേർന്ന് ഇന്ത്യൻ എയർഫോഴ്സിനായി വിവിധോദ്ദേശ്യ വിമാനങ്ങൾ നിർമിക്കാൻ തയ്യാറെടുക്കുന്നത് മഹിന്ദ്രക്ക് അനുകൂലമാണ്. ബുധനാഴ്ചയാണ് മഹീന്ദ്രയുടെ  മൂന്നാം പാദഫലങ്ങൾ പുറത്ത് വരുന്നത്. 

ഫ്രാൻസ് ആസ്ഥാനമായ വിമാന നിർമാതാക്കളായ എയർബസിന്റെ എ- 220 വിമാനങ്ങളുടെ വാതിലുകൾ നിർമിക്കാനുള്ള കരാർ നേടിയത് ഓഹരിക്ക് അനുകൂലമാണ്. ഓഹരി ഒരു വർഷത്തിനുള്ളിൽ 160%ൽ കൂടുതൽ മുന്നേറ്റം നേടിക്കഴിഞ്ഞു. 

(Picture credit:Rahbar stock/Shutterstock)
(Picture credit:Rahbar stock/Shutterstock)

അദാനി എന്റർപ്രൈസസ് ഇകെഎ മൊബിലിറ്റിയുമായി ചേർന്ന് ഇലക്ട്രിക് ബസ് നിർമാണ മേഖലയിലേക്കും തിരിയുന്നത് ഓഹരിക്ക് അനുകൂലമാണ്. അദാനി ടോട്ടൽ ഗ്യാസ് ഇന്ത്യൻ ഓയിലുമായി ഗ്യാസ് വിതരണത്തിനും സംയുക്ത സംരംഭം ആരംഭിച്ചു കഴിഞ്ഞു. 

പവർ ഗ്രിഡ്, ഹഡ്കോ, ജിഎംഡിസി, എൻസിസി, ഹീറോ, എയർടെൽ, അപ്പോളോ ഹോസ്പിറ്റൽ, ആസ്റ്റർ ഡിഎം, ട്രെന്റ്, പേജ് ഇൻഡസ്ട്രീസ്, ആസ്ട്ര മൈക്രോ, സെന്റം, ലുപിൻ, കമ്മിൻസ്, എച്ച്ബിഎൽ പവർ, ഐഡിയ ഫോർജ്, വി-മാർട്ട്, ബിർള കോർപ്, ഐടിഡി സിമെന്റേഷൻ, സഫാരി, മിർക്ക് ഇലക്ട്രോണിക്സ്, ഇലക്ട്രോതെം, പിക്കാഡിലി അഗ്രോ, ഇഐഎച്ച് അസോസിയേറ്റഡ് ഹോട്ടൽസ് മുതലായ കമ്പനികളും  വരുമാനത്തിലും, അറ്റാദായത്തിലും വളർച്ച കുറിച്ചു, 

അടുത്ത ആഴ്ചയിലെ പ്രധാന റിസൾട്ടുകൾ 

പ്രതീകാത്മക ചിത്രം. Photo: ImageFlow/Shutterstock
പ്രതീകാത്മക ചിത്രം. Photo: ImageFlow/Shutterstock

കോൾ ഇന്ത്യ, സെയിൽ, എൻഎംഡിസി, എച്ച്എഎൽ, ഐആർസിടിസി, ഓയിൽ ഇന്ത്യ, ഐടിഐ, നാഷണൽ ഫെർട്ടിലൈസർ, ആർസിഎഫ്, ഹിന്ദ് കോപ്പർ, എൻബിസിസി, ബോഷ്, സീമെൻസ്, ദീപക് നൈട്രൈറ്റ്, നൗക്രി, സ്കിപ്പർ, എൽജി എക്വിപ്മെന്റ്, പട്ടേൽ എഞ്ചിനിയറിങ്, സുല, സീ, എക്സ്ചേഞ്ചിങ്, കെആർബിഎൽ, യാത്ര, സൺ ടിവി, മുത്തൂറ്റ് ഫിനാൻസ്, നാരായണ ഹൃദയാലയ മുതലായ കമ്പനികളുടെ റിസൾട്ടുകളും അടുത്ത ആഴ്ച വരുന്നു. 

ക്രൂഡ് ഓയിൽ 

വെടിനിർത്തൽ ചർച്ചയിൽ നിന്നും ഇസ്രായേൽ പിന്മാറിയത് വ്യാഴാഴ്ച ക്രൂഡ്  ഓയിലിന് വലിയ മുന്നേറ്റം നൽകിയതിന്റെ പിൻബലത്തിൽ കഴിഞ്ഞ ആഴ്ചയിലും ക്രൂഡ് ഓയിൽ നേട്ടത്തോടെ ക്ളോസ്‌ ചെയ്തു. ചൈനീസ് ഇക്കോണോമിക് സ്ലോ ഡൗണും, അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലെ അപ്രതീക്ഷിത മുന്നേറ്റവും ക്രൂഡ് ഓയിലിന്റെ അതിമുന്നേറ്റം തടഞ്ഞെങ്കിലും ബ്രെന്റ് ക്രൂഡ് ഓയിൽ 81 ഡോളറിനും മുകളിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്. ചൊവ്വാഴ്ചയാണ് ഒപെകിന്റെ ജനുവരിയിലെ റിപ്പോർട്ട് പുറത്ത് വരുന്നത്. 

സ്വർണം 

അടുത്ത ആഴ്ച അമേരിക്കൻ സിപിഐ കണക്കുകൾ വരാനിരിക്കെ ഡോളറും, ബോണ്ട് യീൽഡും മുന്നേറിയത് കഴിഞ്ഞ ആഴ്ചയിൽ സ്വർണത്തിന്റെയും മുന്നേറ്റം തടഞ്ഞു. അമേരിക്കയുടെ പത്ത് വർഷ ബോണ്ട് യീൽഡ് 4.17% ലും സ്വർണ വില 2040 ഡോളറിന് താഴെയുമാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്,  

ഐപിഓ 

ഹരിയാന ആസ്ഥാനമായ ഹെൽത് കെയർ സൊല്യൂഷൻ കമ്പനിയായ എന്റെറോ ഹെൽത്ത് കെയറിന്റെ ഐപിഓ ചൊവ്വാഴ്ച  അവസാനിക്കും. ഓഹരിയുടെ ഐപിഓ വില 1195-1258 രൂപയുമാണ്. 

സ്റ്റീൽ പൈപ്പുകളും, ട്യൂബുകളും നിർമിച്ചു കയറ്റുമതി നടത്തുന്ന ഹരിയാന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിഭോർ സ്റ്റീൽ ട്യൂബ്സിന്റെ ചൊവ്വാഴ്ച ആരംഭിക്കുന്ന ഐപിഓ വ്യാഴാഴ്ച അവസാനിക്കുന്നു. ഓഹരിയുടെ ഐപിഓ വില 141-151 രൂപയാണ്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Indian Share Market Tumbled Last Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com