ADVERTISEMENT

അടിക്കടി വില ഇടിയുന്ന വണ്‍ 97 പേയ്ടിഎം ഓഹരി കണ്ട് നിക്ഷേപകര്‍ വാങ്ങണോ വില്‍ക്കണോ കൂടുതല്‍ വാങ്ങിക്കൂട്ടണോ എന്നൊക്കെയുള്ള സംശയത്തിലാണല്ലോ. ചിലര്‍ ഓരോ ഇടിവിലും വാങ്ങിക്കൂട്ടുന്നു. ചിലര്‍ കയ്യിലുള്ള ഓഹരികള്‍ കിട്ടിയ വിലയ്ക്ക് വില്‍ക്കുന്നു. മറ്റുള്ളവര്‍ വിലക്കുറവ് കണ്ട് പുതുതായി ഓഹരി വാങ്ങി പോര്‍ട്‌ഫോളിയോയില്‍ ചേര്‍ക്കുന്നു. ഇതില്‍ ഏതാണ് ശരി. പേയ്ടിഎം ഓഹരി പുതുതായി വാങ്ങാമോ? അതോ കയ്യിലുള്ളതുകൂടി വിറ്റൊഴിയുന്നതാണോ ബുദ്ധി. ഇക്കാര്യത്തില്‍ അനലിസ്റ്റുകള്‍ ഏകാഭിപ്രായക്കാരല്ല.

2019 ല്‍ 2150 രൂപയ്ക്ക് ഇഷ്യുചെയ്ത ഈ ഓഹരിയുടെ വിലയില്‍ ഇതേവരെ വലിയ കയറ്റിറക്കങ്ങളാണ് ഉണ്ടായത്. ആര്‍ബിഐ നിയന്ത്രണം പ്രഖ്യാപിച്ച ജനവരി 31 മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ ഓഹരി വിലയില്‍ 43 ശതമാനം ഇടിവാണ് സംഭവിച്ചത്. മറ്റൊരു ഓഹരിയിലും ഇത്രയും ഇടിവ് മുമ്പുണ്ടായിട്ടില്ല.

തീരുമാനം പുനപരിശോധിക്കില്ല എന്ന് ആര്‍ബിഐ ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ആഗോള ബ്രോക്കറേജ് സ്ഥാപനമായ മക്വാറി വില ഇടിവ് തുടര്‍ന്ന് 275 രൂപയില്‍ എത്തുമെന്ന് പ്രവചിക്കുകയും ചെയ്തതോടെ പേയ് ടിഎം ഓഹരി വിലയില്‍ ചൊവ്വാഴ്ച മാത്രം 8.45 ശതമാനം ഇടിവാണ് ഉണ്ടായത്. ഓഹരി ഇന്നലെ 385.75 രൂപയ്ക്കാണ് ക്ലോസ് ചെയതത്.

70 മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ പേയ്ടിഎമ്മില്‍ നിക്ഷേപിച്ചിട്ടുണ്ട് എന്നതും നിക്ഷേപകരെ അലട്ടുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ഫണ്ട് കമ്പനികള്‍ക്കും നിക്ഷേപം ഒരു ശതമാനത്തില്‍ താഴെയാണ് എന്നത് ആശ്വാസകരമാണ്.  ഡിസംബര്‍ 31 ലെ കണക്ക് അനുസരിച്ച് യുടിഐ ഇന്നവേഷന്‍ ഫണ്ട് 4.8 %, ക്വാണ്ട് ടെക് ഫണ്ട്-3.26%, ക്വാണ്ട് മിഡ്കാപ് ഫണ്ട് 3.17%, നിപ്പോണ്‍ ഇന്നവേഷന്‍ ഫണ്ട് 2.96%,ടാറ്റ നിഫ്റ്റി ഇന്‍ഡ്യ ഡിജിറ്റല്‍ ഇടിഎഫ് 2.89% വീതം നിക്ഷേപമുണ്ട്. ജനുവരി 31 ന് ശേഷം പേയ്ടിഎം ഓഹരി വിലയില്‍ കുത്തനെ ഇടിവുണ്ടായശേഷം ഈ ഫണ്ട് സ്ഥാപനങ്ങള്‍ ഓഹരി വിറ്റുമാറിയോ എന്നത് ഇതുവരെ വ്യക്തമല്ല.

കാര്യങ്ങൾ സങ്കീർണം

ആക്‌സിസ് ബാങ്ക് പേയ്ടിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട് എന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ ആഗോള ബ്രോക്കറേജ് സ്ഥാപനമായ മക്വാറി സമീപകാലത്തൊന്നും തിരിച്ചുവരവ് പ്രതീക്ഷിക്കുന്നില്ല. പേയ് ടിമ്മിന് വലിയ തോതില്‍ കസ്റ്റമേഴ്‌സിനെ നഷ്ടപ്പെടും എന്നാണ് അവര്‍ കരുതുന്നത്. ഇത് പേയ് ടിഎമ്മിന്റെ ബിസിനസ് മോഡലിനെ ഗുരുതരമായി ബാധിക്കും.

പേയ് ടിഎം പേയ്‌മെന്റ് ബാങ്കിന്റെ അക്കൗണ്ട് ഉടമകളെ മറ്റേതെങ്കിലും ബാങ്കിലേക്ക് മൈഗ്രേറ്റ് ചെയ്യുക ദുഷ്‌കരമോ കൂടുതല്‍ സമയം എടുക്കുന്നതോ ആണ്. അവിടെയും കെവൈസി നടപടികള്‍ ആവര്‍ത്തിക്കേണ്ടിവരും.

വലിയതോതില്‍ നഷ്ടം സഹിക്കാനും റിസ്‌ക് എടുക്കാനും തയ്യാറുള്ളവര്‍ മാത്രം ഈ ഓഹരി പുതുതായി വാങ്ങുന്നതാണ് അഭികാമ്യം എന്നും അല്ലാതുള്ളവര്‍ വിലയിടിവ് കണ്ട് ഈ ഓഹരി വാങ്ങേണ്ടതില്ല എന്നുമാണ് അനലിസ്റ്റുകള്‍ പറയുന്നത്.

English Summary:

Paytm Shares are Going Down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com