ADVERTISEMENT

നഷ്ടത്തിൽ തുടങ്ങിയ ഇന്ത്യൻ വിപണി എസ്ബിഐയുടെ നേതൃത്വത്തിൽ തിരിച്ചു കയറി ഇന്ന് നേട്ടത്തിൽ ക്ളോസ് ചെയ്തു. ഇന്ന് 21530 പോയിന്റ് വരെ വീണ നിഫ്റ്റി 96 പോയിന്റ് നേട്ടത്തിൽ 21840 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 71822 പോയിന്റിലേക്ക് മുന്നേറി. 

എസ്ബിഐ ഇന്ന് 4.2% മുന്നേറിയപ്പോൾ ബാങ്ക് നിഫ്റ്റി ഇന്ന് 0.89% മുന്നേറിയതും, റിലയൻസിന്റെ 1.11% മുന്നേറ്റവും  വിപണിക്ക് നിർണായകമായി.  പൊതുമേഖല 3%ൽ കൂടുതൽ മുന്നേറിയപ്പോൾ എനർജി, റിയൽറ്റി, ഓട്ടോ, മെറ്റൽ സെക്ടറുകളും 1% ൽ കൂടുതൽ മുന്നേറി. സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകൾ യഥാക്രമം 1.6 ശതമാനവും ഒരു ശതമാനവും വീതം മുന്നേറിയതും നിക്ഷേപകരുടെ ആസ്തിയിൽ വര്‍ധനവുണ്ടാക്കി.   

ഇന്ത്യൻ പണപ്പെരുപ്പം നിയന്ത്രിതം 

ഇന്ത്യയുടെ ജനുവരിയിലെ റീറ്റെയ്ൽ പണപ്പെരുപ്പവളർച്ച വിപണി അനുമാനമായ 5.10% തന്നെ നിന്നത് ഇന്ത്യൻ വിപണിക്ക് അനുകൂലമായി. ഡിസംബറിൽ ഇന്ത്യൻ സിപിഐ വളർച്ച 5.69% ആയിരുന്നു. ഇന്ത്യൻ റീറ്റെയ്ൽ പണപ്പെരുപ്പം 4%ൽ എത്തിക്കുക എന്നതാണ് ആർബിഐയുടെ പ്രഖ്യാപിതലക്‌ഷ്യം.

 ഡിസംബറിൽ 2.4% മാത്രം വളർച്ച പ്രതീക്ഷിച്ചിടത്ത്  ഇന്ത്യയുടെ വ്യവസായികോല്പാദനം 3.8% വളർച്ച നേടിയതും ഇന്ത്യൻ വിപണിക്ക് പിന്തുണ നൽകി. മൈനിങ്, ഇലക്ട്രിസിറ്റി മേഖലകൾ മുന്നേറ്റം നേടാതെ പോയപ്പോൾ നവംബറിൽ 1.2% മാത്രം വളർച്ച കുറിച്ച മാനുഫാക്ച്ചറിങ് മേഖല ഡിസംബറിൽ 3.9% വളർച്ച കുറിച്ചതാണ് ഇന്ത്യൻ വ്യവസായമേഖലയുടെ വളർച്ചക്ക് പിന്തുണ നൽകിയത്.  

 മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇൻഡക്സ് 

മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇന്റർനാഷനലിന്റെ എംഎസ്സിഐ ഇന്ത്യ സ്റ്റാൻഡേർഡ് ഇൻഡക്സിൽ ഇടം പിടിച്ചത് ഭെൽ, യൂണിയൻ ബാങ്ക്, പിഎൻബി, ജിഎംഡിസി, ജിഎംആർ എയർപോർട്സ് ഇൻഫ്രാ മുതലായ ഓഹരികൾക്ക് അനുകൂലമാണ്. ഐആർഇഡിഎ, ബാൽമെർ ലോറി, എംഎസ്ടിസി, ജെപി അസോസിയേറ്റ്, സെല്ലോ, സയിന്റ് ഡിഎൽഎം, ഹോനാസ, ഐടിഡി സിമെന്റേഷൻ, ജെ കുമാർ ഇൻഫ്രാ, സ്വാൻ എനർജി, സ്‌പൈസ് ജെറ്റ്, പൈസ ലോ മുതലായ ഓഹരികളടക്കം 21 ഓഹരികൾ എംഎസ്സിഐ സ്‌മോൾ ക്യാപ് സൂചികയിലും ഇടം പിടിച്ചത് അതാത് ഓഹരികൾക്ക് അനുകൂലമാണ്. 

ഫെബ്രുവരി 29 മുതലാണ് സൂചികകളിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. ഫെബ്രുവരി 16ന് എഫ്ടിഎസ്ഇ സൂചികകളിലെ മാറ്റങ്ങളിൽ ഉൾപ്പെടുന്ന ഓഹരികളിലും വിദേശ നിക്ഷേപം വരുന്നത് വിപണിക്ക് അനുകൂലമാണ്.  

നിയന്ത്രണം വിട്ട് അമേരിക്കൻ പണപ്പെരുപ്പം 

ജനുവരിയിലെ അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പം വിപണിയുടെ അനുമാനത്തിനും മുകളിൽ വളർന്നത് ഇന്നലെ അമേരിക്കൻ വിപണിക്കും പിന്നാലെ ഇന്ന് ലോക വിപണികൾക്കും തിരുത്തൽ നൽകി. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് 4.3% കടന്ന് മുന്നേറിയപ്പോൾ നാസ്ഡാക് ഇന്നലെ 1.80% നഷ്ടവും കുറിച്ചു. ജാപ്പനീസ്, കൊറിയൻ വിപണികൾ നഷ്ടത്തിൽ അവസാനിപ്പിച്ചു. എന്നാൽ അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. 

ജനുവരിയിൽ 0.2% മാത്രം വളർന്നിട്ടുണ്ടാകാമെന്ന് അനുമാനിച്ച അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പം മുൻ മാസത്തിൽ നിന്നും 0.3% വളർന്ന് 3.1% വാർഷിക വളർച്ച കുറിച്ചത് ഫെഡ് റിസർവ് പലിശ നിരക്കുകൾ കൂടുതൽ കാലത്തേക്ക് ഉയർന്ന തലത്തിൽ തന്നെ നിലനിർത്തിയേക്കാനുള്ള സാധ്യത വർധിപ്പിച്ചതാണ് വിപണിക്ക് തിരിച്ചടിയായത്. സിപിഐ 2.9% വാർഷിക വളർച്ച മാത്രം കുറിച്ചിട്ടുണ്ടാകാമെന്നായിരുന്നു വിപണിയുടെ അനുമാനം.        

ക്രൂഡ് ഓയിൽ 

അമേരിക്കയുടെ പണപ്പെരുപ്പം മുന്നേറിയതിനും ഒപ്പം അമേരിക്കയുടെ ക്രൂഡ് ഓയിൽ ശേഖരത്തിൽ 8 ദശലക്ഷം ബാരലിന്റെ വളർച്ചയുണ്ടായിട്ടുണ്ടാകാമെന്ന സൂചനക്കും അപ്പുറം ക്രൂഡ് ഓയിലിന്റെ ആവശ്യകത ഉയരുമെന്ന ഒപെകിന്റെ റിപ്പോർട്ട് ഇന്ന് ക്രൂഡ് ഓയിലിനെ  വീഴാതെ നിർത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ 83 ഡോളറിന് തൊട്ടടുത്താണ് വ്യാപാരം തുടരുന്നത്. 

സ്വർണം 

അമേരിക്കൻ പണപ്പെരുപ്പം കരുതിയ പോലെ നിയന്ത്രിതമല്ലെന്ന സൂചന ഫെഡ് റിസർവിന്റെ നിരക്കുകൾ  കൂടുതൽ കാലത്തേക്ക് ഉയർന്ന നിരക്കിൽ തന്നെ തുടർന്നേക്കുമെന്ന സൂചനയിൽ ഡോളറും ഒപ്പം ബോണ്ട് യീൽഡും മുന്നേറിയത് ഇന്നലെ അമേരിക്കൻ വിപണി സമയത്ത് സ്വർണത്തിന് 2000 ഡോളറിനടുത്തേക്ക് വീഴ്ച നൽകി. അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെട്ടേക്കാമെന്ന സൂചന സ്വർണത്തിനും പ്രതീക്ഷയാണ്. 

ഐപിഓ 

ഗാൽവനൈസ്ഡ് സ്റ്റീൽ പൈപ്പുകളും, ട്യൂബുകളും നിർമിച്ചു കയറ്റുമതി നടത്തുന്ന ഹരിയാന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിഭോർ സ്റ്റീൽ ട്യൂബ്സിന്റെ ഐപിഓ വ്യാഴാഴ്ച അവസാനിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1113 കോടി രൂപയുടെ വരുമാനവും 21 കോടി രൂപയുടെ അറ്റാദായവും കുറിച്ച ഓഹരിയുടെ ഐപിഓ വില 141-151 രൂപയാണ്.  

തായ് കാസ്റ്റിങ്, കാലാഹൃദൻ ട്രെൻഡ്‌സ് എന്നീ എസ്എംഇ ഐപിഓകൾ നാളെ ആരംഭിക്കുന്നു.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market in Gain today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com