ADVERTISEMENT

കുഞ്ഞുടുപ്പുകളുടെ ബ്രാന്‍ഡ് എന്ന നിലയിൽ നമുക്കെല്ലാം ഏറെ പരിചിതമായ  പോപ്പീസ് ഓഹരിവിപണിയിലെ ലിസ്റ്റഡ് കമ്പനിയായിമാറിയത് നിങ്ങൾ അറിഞ്ഞോ? ഐപിഒ പേരുകൾക്കിടയിൽ പോപ്പിയെ അടുത്തെങ്ങും കണ്ടില്ലല്ലോ എന്ന് അമ്പരക്കേണ്ട. ‘ബേബിസ് ഡേ ഔട്ട്’ എന്ന വിഖ്യാത സിനിമയിലെ മിടുമിടുക്കനായ കുഞ്ഞിനെപ്പോലെ തികച്ചും തന്ത്രപരമായാണ് പോപ്പീസ് ലക്ഷ്യം നേടിയത്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള അർച്ചനാ സോഫ്റ്റ് വെയർ (പഴയ പേര് എസ്എസ്എല്‍ ഫിനാന്‍സ്) എന്ന കമ്പനിയുടെ ഓഹരികള്‍ വാങ്ങിയാണ് പോപ്പീസ് ഇതു സാധ്യമാക്കിയത്. 

ഷാജു തോമസ്
ഷാജു തോമസ്

പ്രസ്തുത കമ്പനിയുടെ ഓഹരികളുടെ എണ്ണം കുറവായതിനാലും ഈ പ്രക്രിയ പൂർത്തിയാവാത്തതിനാലും വിപണിയില്‍ നിന്നും ഈ ഓഹരി വാങ്ങാന്‍ നിലവില്‍ അല്‍പ്പം ബുദ്ധിമൂട്ടുണ്ട്. എന്തായാലും അധികം താമസിയാതെ ഓഹരിയുടെ പേര് പോപ്പീസ് കെയർസ് ലിമിറ്റഡ് എന്നാവും. 2010 മുതലുള്ള സ്വപ്നമാണ് ഇതോടെ സാക്ഷാൽക്കരിക്കുന്നതെന്നു കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഷാജു തോമസ് പറയുന്നു.           

മലപ്പുറം നിലമ്പൂരിനടുത്തു തിരുവാലി സ്വദേശിയായ ഷാജു തോമസിനു കുട്ടിക്കാലം മുതല്‍ക്ക് സംരംഭകനാവണമെന്ന സ്വപ്നമുണ്ടായിരുന്നു. മലയാള മനോരമയില്‍ പത്രപ്രവർത്തകനായതോടെ ‘പ്രൊഫഷണലിസം’ എന്ന വാക്കിന്‍റെ പൊരുള്‍ നന്നായി മനസ്സിലാക്കി. എന്നെങ്കിലും സംരംഭകനായാല്‍ ആദ്യദിനംമുതല്‍ തന്‍റെ സ്ഥാപനവും അടിമുടി പ്രൊഫഷണല്‍ ആയിരിക്കണമെന്ന് ഉറപ്പിച്ചു. 2005ല്‍ മലപ്പുറം കേന്ദ്രീകരിച്ച് ബേബി കെയർ ഉൽപന്നങ്ങളുമായി പോപ്പീസ് രൂപപ്പെട്ടു. 20 ജീവനക്കാരായിരുന്നു അന്നുണ്ടായിരുന്നത്. ഇന്ന് ജീവനക്കാരുടെ എണ്ണം 2000 കടന്നു. 

പോപ്പീസ് ഹെഡ് ഓഫീസ്, ഫോട്ടോ: മനോരമ സമ്പാദ്യം
പോപ്പീസ് ഹെഡ് ഓഫീസ്, ഫോട്ടോ: മനോരമ സമ്പാദ്യം

പത്തു ലക്ഷം രൂപ മുടക്കുമുതലുള്ള പ്രൊജക്ട് റിപ്പോർട്ട് സ്വന്തമായി എഴുതിയുണ്ടാക്കി. പക്ഷേ, കുടുംബത്തില്‍ അവതരിപ്പിച്ചപ്പോഴുള്ള വിമുഖത,  വായ്പയ്ക്കായി സമീപിച്ചപ്പോൾ ബാങ്കിലേക്കും നീണ്ടു. തുണി അത്ര അടിയന്തര വസ്തുവല്ലല്ലോ അതുകൊണ്ട് ഷാജു കറിപൗഡർ തുടങ്ങിയാട്ടേ എന്നായി ബാങ്ക്. പക്ഷേ, നന്നായി ഗൃഹപാഠം നടത്തി ഒരുങ്ങിയിറങ്ങിയ ഷാജുവുണ്ടോ തളരുന്നു. ഷാജുവിന്‍റെ നിർബന്ധബുദ്ധിക്കു മുന്നില്‍ ബാങ്ക് ഒരു ലക്ഷം രൂപ കൊടുത്തു. എംആർഎഫിന്‍റെ റബർ ഡീലറായിരുന്ന പിതാവ് കുറച്ചു പണം നല്‍കി. കയ്യിലുണ്ടായിരുന്ന പൈസയും ചേർത്ത് ഒരുവിധത്തിലങ്ങ് തുടങ്ങി. തിരുവാലിയില്‍ തന്നെയായിരുന്നു ആദ്യയൂണിറ്റ്. അവിടെനിന്നും പിന്നീട് രണ്ട് ഫാക്ടറികള്‍കൂടിയുണ്ടായി, ബെംഗളൂരുവിലും തിരുപ്പൂരും. 

ആദ്യം മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കടകളിലാണ് പോപ്പീസ് ഉൽപന്നങ്ങള്‍ വിതരണത്തിനായി അവതരിപ്പിച്ചത്. സാധാരണക്കാർക്കു താങ്ങാവുന്ന വിലയാവണമെന്ന നിർബന്ധം ഷാജുവിനുണ്ടായിരുന്നു. ഇതൊക്കെയാണെങ്കിലും ആദ്യം കച്ചവടക്കാർക്കു ചെറിയ മടിയുണ്ടായിരുന്നു. ജീവനക്കാർക്കൊപ്പം ഓരോ കടയിലും ഷാജുവും കയറിയിറങ്ങി. നിങ്ങള്‍ ഒന്നു ഡിസ്പ്ലേ ചെയ്തുനോക്ക്, വിറ്റുപോയില്ലെങ്കില്‍ തിരിച്ചെടുക്കാം എന്ന് ഉടമതന്നെ കൊടുത്ത ഗാരന്‍റിയില്‍ കടക്കാർ പോപ്പീസിനു സമ്മതംമൂളി. പക്ഷേ, കാര്യമായി തിരിച്ചെടുക്കേണ്ടിവന്നില്ലെന്ന് മാത്രമല്ല, പലരും പോപ്പീസ് അന്വേഷിച്ചു വരാനും തുടങ്ങി. അതോടെ ആത്മവിശ്വാസം ഇരട്ടിച്ച ഷാജു മറ്റു ജില്ലകളിലേക്കും ഉൽപന്നം എത്തിച്ചു. പിന്നെ, സ്വന്തം ഷോപ്പുകളും ഫ്രാഞ്ചൈസി മോഡല്‍ ഷോപ്പുകളും ഇട്ടു. കേരളത്തിനു വെളിയിൽ മുന്‍കൂറായി പണം വാങ്ങി മാത്രം ഉൽപന്നം നല്‍കിയതിനാൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇന്ന് 30 രാജ്യങ്ങളിലേക്കു നേരിട്ട് ഉൽപന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. യുകെയില്‍ ആദ്യ രാജ്യാന്തര ഓഫിസും തുറന്നു. 

കുട്ടിയുടുപ്പു മാത്രമല്ല

പോപ്പീസ് സ്റ്റോർ, ഫോട്ടോ: മനോരമ സമ്പാദ്യം
പോപ്പീസ് സ്റ്റോർ, ഫോട്ടോ: മനോരമ സമ്പാദ്യം

2005മുതല്‍ ഓരോ വർഷവും 100% വളർച്ച നേടി. കോവിഡ് വന്നപ്പോള്‍ മാത്രമാണ് അൽപമൊന്നു പിന്നോട്ടുപോയത്. പക്ഷേ, അതും നന്നായെന്ന് ഷാജു, പ്രതിസന്ധിക്കുളള ആസൂത്രണവും മുന്‍കൂട്ടി നടത്തണമെന്ന പാഠം കോവിഡ് പഠിപ്പിച്ചു. കോവിഡ് കഴിഞ്ഞതോടെ വളർച്ചയുടെ സ്പീഡ് കൂട്ടാനായി. നിലവില്‍ 100 കോടി രൂപയ്ക്കുമേലാണ് വിറ്റുവരവ്. 2027ല്‍ ഇത് 1000 കോടിയാക്കാമെന്നാണു പ്രതീക്ഷ. കോവിഡ്കാലത്ത് മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ച് കേരളമുടനീളം സർക്കാർ ആശുപത്രികളില്‍ കുഞ്ഞുടപ്പ് വിതരണം ചെയ്ത് സാമൂഹികപ്രതിബദ്ധതയും തെളിയിച്ചു പോപ്പീസ്.  

രാജ്യമെമ്പാടുമായി 20,000 വിപണനകേന്ദ്രങ്ങളുണ്ട്. കുഞ്ഞുങ്ങൾക്കുള്ള സോപ്പ്, ഡയപ്പർ, വൈപ്പ് തുടങ്ങിയവയും ഇപ്പോൾ ഉൽപന്ന നിരയിലുണ്ട്.  അവസരം കണ്ടെത്തുന്നതില്‍ ഷാജുവിന്‍റെ വൈഭവവും എടുത്തുപറയേണ്ടതാണ്. ഉദാഹരണത്തിന്, നമ്മള്‍ കുഞ്ഞുടുപ്പുകള്‍ അലക്കുന്നതുപോലും എല്ലാ വസ്ത്രങ്ങളുടെയും കൂടെയാണ്. ഡിറ്റർജന്‍റിലെ കെമിക്കലുകള്‍ മുതിർന്നവർക്കും കുഞ്ഞുങ്ങള്‍ക്കും ഒരുപോലെ. അതു ശരിയല്ലല്ലോ എന്നു ഷാജുവിനു തോന്നി. വന്‍കിട സോപ്പുപൊടി കമ്പനിക്കാർ‌പോലും ചിന്തിക്കാത്ത ആ ആംഗിള്‍ കണ്ടെത്തിയ ഈ മിടുമിടുക്കിന് എത്ര കുതിരപ്പവന്‍ കൊടുത്താലും അധികമാവില്ല. കുഞ്ഞുവസ്ത്രങ്ങൾക്കായി അവതരിപ്പിച്ച ഡിറ്റർജന്‍റ്  ഇപ്പോള്‍ ഡിമാന്‍റിനനുസരിച്ചു കൊടുക്കാനാകുന്നില്ലെന്ന  ലെവലിലേക്കു മാറിയിരിക്കുന്നു. 

കുഞ്ഞുടുപ്പിലെ വ്യത്യസ്ത വിജയം

കുട്ടിയുടുപ്പുകള്‍ക്കും അനുബന്ധ ഉൽപന്നങ്ങളുടെയും മേഖലയില്‍ അന്നു പറയത്തക്ക ബ്രാൻഡുകള്‍ ലഭ്യമല്ലായിരുന്നു. തിരുപ്പൂരില്‍‌നിന്നും കൊല്‍ക്കത്തയില്‍‌നിന്നുമാണ് കുഞ്ഞുങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍ വന്നിരുന്നത്. വില കുറവായിരുന്നു. പക്ഷേ, ഗുണനിലവാരം തീരെയില്ല. പാക്കറ്റ് പൊട്ടിക്കുമ്പോള്‍‌തന്നെ പാറ്റാ ഗുളികയുടെ മണം. കുഞ്ഞുങ്ങള്‍ ഈ മണം അടിച്ചാല്‍ അതു കുഴപ്പമാണല്ലോ എന്നോർത്തു. പിന്നെയും ധാരാളം പ്രശ്നങ്ങളുണ്ടെന്നു ഷാജു കണ്ടെത്തി. ബട്ടണ്‍സ് കുഞ്ഞ് കടിച്ചു പൊട്ടിക്കാം, അതു വിഴുങ്ങാം, എംബ്രോയ്ഡറി നൂലിന്‍റെ എഴുന്നുനില്‍പ് കുഞ്ഞുചർമത്തില്‍ പ്രശ്നങ്ങളുണ്ടാക്കാം. അതിനു പരിഹാരമായി ബട്ടണ്‍ ഉള്‍പ്പെടെ എല്ലാം ഹൈക്വാളിറ്റിയാക്കാന്‍  തീരുമാനിച്ചു. എംബ്രോയ്ഡറി വർക്കിനു താഴെ നല്ലൊരു ഫോം ചേർത്തു. ഇതൊക്കെ ലളിതമെന്നു തോന്നാമെങ്കിലും സൂക്ഷ്മ ശ്രദ്ധ ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ ഉപഭോക്താവിലേക്ക് എത്തും മുന്‍പ് കർശന ഗുണനിലവാര പരിശോധനയിലൂടെ കടന്നുപോവണമെന്നും ഉറപ്പിച്ചു 

ഓഹരിവിപണിയിലേക്ക്  2 കുഞ്ഞൻ ബ്രാൻഡുകൾ

പുണെ ആസ്ഥാനമായുള്ള ഫസ്റ്റ് ക്രൈ ബേബി കെയർ പ്രൊഡക്ട്സും പബ്ലിക് ഇഷ്യുവിന് അപേക്ഷ  നല്‍കിയിട്ടുണ്ട്. അധികം ബ്രാന്‍ഡുകളില്ലാത്ത മേഖലയിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് മുന്നോട്ടു വന്ന കമ്പനികള്‍ ഓഹരിവിപണിയിലും മത്സരം കടുപ്പിക്കുമെന്നു കരുതാം.  

( ഷെയർവെൽത്ത് വെൽത്ത് മാനേജ്മെന്റ് ലിമിറ്റഡ് ഡയറക്ടറാണ് ലേഖകൻ. ഫെബ്രുവരി ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്. മലയാളത്തിലെ ഏക പഴ്സണൽ ഫിനാൻസ് മാഗസിനായ സമ്പാദ്യം സബ്സ്ക്രൈബ് ചെയ്യാൻ 0481–2587403 എന്ന നമ്പരിൽ വിളിക്കാം)

English Summary:

Kerala Company Popees Baby Care To List In Bourses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com