ADVERTISEMENT

ഇന്ന് നേരിയ തിരുത്തലിൽ തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീട് എച്ച്ഡിഎഫ്സി ബാങ്കിന്റെ മാത്രം പിന്തുണയിൽ മുന്നേറ്റം നേടി പുതിയ റെക്കോർഡ് ഉയരവും കുറിച്ചു. അവസാന മണിക്കൂറിലെ കുതിപ്പിൽ ഇന്നലെ കുറിച്ച റെക്കോർഡ് ഉയരമായ 22186 പോയിന്റും പിന്നിട്ട നിഫ്റ്റി 22215 പോയിന്റെന്ന പുതിയ ഉയരവും കുറിച്ച ശേഷം 22196 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഇന്നത്തെ മുന്നേറ്റത്തോടെ സെൻസെക്സ് റെക്കോർഡ് ഉയരമായ 73427 പോയിന്റിലേക്കുള്ള ദൂരം വീണ്ടും കുറച്ചു. 

എച്ച്ഡിഎഫ്സി ബാങ്കിന് സിറ്റി 2050 രൂപ ലക്‌ഷ്യം ഉറപ്പിച്ചതും, എഫ്ടിഎസ്ഇ റീജിഗ്ഗ് എച്ച്ഡിഎഫ് ബാങ്കിലേക്ക് അധികനിക്ഷേപത്തിന് കാരണമാകുമെന്ന സൂചനയും ഇന്ന് എച്ച്ഡിഎഫ്സി ബാങ്കിനും, ബാങ്കിങ് സെക്ടറിനും പിന്തുണ നല്കിയതാണ് ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിന് ആധാരമായത്. ബാങ്ക് നിഫ്റ്റി 1.20% മുന്നേറി ഇന്ത്യൻ വിപണിയെ മുന്നിൽ നിന്നും നയിച്ചപ്പോൾ റിയൽറ്റി, ഇൻഫ്രാ പൊതുമേഖല സെക്ടറുകളും വിപണിക്ക് മികച്ച പിന്തുണ നൽകി.  

ഐടി വീഴ്ച 

നാളെ ഫെഡ് മിനുട്സ് വരാനിരിക്കെ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറ്റം നേടിയതിനെ തുടർന്ന് അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിൽ തുടർന്നത് ഇന്ന് മറ്റ് വിപണികൾക്കൊപ്പം ഇന്ത്യൻ ഐടി സെക്ടറിനും തിരുത്തൽ നൽകി. നാസ്ഡാകിന്റെ ഇന്നത്തെ ഗതിവിഗതികൾ നാളെയും ഇന്ത്യൻ ഐടിയെ നിയന്ത്രിക്കും. നാളെയും വീണാൽ നാളത്തെ തിരുത്തൽ ഇന്ത്യൻ ഐടി ഓഹരികളിൽ അവസരമാണ്. 

ലോഹമേഖല പ്രതീക്ഷയിൽ 

പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ ദീർഘകാല വായ്പകളുടെ പലിശ നിരക്ക് (പ്രൈം ലെൻഡിങ് റേറ്റ്) അപ്രതീക്ഷിതമായി 15 ഡെസിമൽ പോയിന്റുകൾ കുറച്ച് 3.90%ലേക്ക് എത്തിച്ചത് ചൈനയുടെ വ്യവസായ മേഖലക്ക് പിന്തുണ നൽകുമെന്ന പ്രത്യാശ രാജ്യാന്തരലോഹവിലകളിൽ പ്രതിഫലിച്ചേക്കാം. ലോഹങ്ങളുടെ ആവശ്യമേറുന്നതും, ലോഹ വിലകളിൽ മുന്നേറ്റമുണ്ടാകുന്നതും ഇന്ത്യൻ മെറ്റൽ സെക്ടറിനും പ്രതീക്ഷയാണ്.    

ഫെഡ് മിനുട്സ് നാളെ 

അമേരിക്കൻ ഫെഡ് റിസർവിന്റെ കഴിഞ്ഞ യോഗത്തിൽ ഫെഡ് അംഗങ്ങൾ എന്ത് നിലപാടുകളാണ് എടുത്തത് എന്നറിയാൻ നാളെ വൈകി പുറത്ത് വരുന്ന ഫെഡ് മിനുട്സിനായി കാത്തിരിക്കുകയാണ് ലോക വിപണി. ഫെഡ് റിസർവ് അംഗങ്ങൾ ഫെഡ് നിരക്ക് കൂടുതൽ കാലത്തേക്ക് ഉയർന്ന നിരക്കിൽ തന്നെ തുടരുന്നതിന് പിന്തുണ നല്കിയിട്ടുണ്ടാകാമെന്ന പ്രതീക്ഷയിൽ ഡോളറും, അമേരിക്കൻ ബോണ്ട് യീൽഡും നേരിയ മുന്നേറ്റം നേടിയപ്പോൾ അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണികളും നേരിയ സമ്മർദ്ദം നേരിടുകയാണ്. ചൈനയും, ഇന്ത്യയുമൊഴികെയുള്ള ഏഷ്യൻ വിപണികളും ഇന്ന് നേരിയ നഷ്ടം കുറിച്ചു. 

നാളെ വരാനിരിക്കുന്ന ഫെഡ് മിനുട്സും, ശേഷം ഫെഡ് അംഗങ്ങളുടെ അഭിപ്രായപ്രകടനങ്ങളും, മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകളും ഈയാഴ്ച ലോക വിപണിയുടെ ഗതി നിർണയിക്കും. 

ക്രൂഡ് ഓയിൽ 

ചൈനീസ് പീപ്പിൾസ് ബാങ്കിന്റെ നിരക്ക് കുറച്ചതിനെ തുടർന്ന് ഇന്ന് ഏഷ്യൻ വിപണി സമയത്ത് മുന്നേറ്റത്തോടെ വ്യാപാരം ആരംഭിച്ച ക്രൂഡ് ഓയിൽ നാളെ ഫെഡ് മിനുട്സ് വരാനിരിക്കെ പിന്നീട് നേരിയ വില്പന സമ്മർദ്ധം നേരിട്ടു. ബ്രെന്റ് ക്രൂഡ് ഓയിൽ വില 83 ഡോളറിന് തൊട്ട് താഴെയാണ് വ്യാപാരം തുടരുന്നത്. ഫെഡ് മിനുട്സും, അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരകണക്കുകളും ക്രൂഡ് ഓയിലിന്റെ തുടർഗതി നിർണയിക്കും. 

സ്വർണം 

നാളെ ഫെഡ് മിനുട്സ് വരുന്നത് വരെ ഡോളറിലെയും, ബോണ്ട് യീൽഡിലെയും ചാഞ്ചാട്ടങ്ങൾക്കനുസരിച്ച് തന്നെയായിരിക്കും സ്വർണവിലയും സഞ്ചരിക്കുക. ‘സാമ്പത്തിക വിവരകണക്കുകൾക്കനുസരിച്ച് തന്നെയാകും ഫെഡ് റിസർവ് ഭാവിനടപടികൾ തീരുമാനിക്കുക’ എന്ന നിലയിലുള്ള തീരുമാനമാണ് ഫെഡ് റിസർവ് അംഗങ്ങൾ എടുത്തിട്ടുള്ളതെങ്കിൽ ഡോളറും, ബോണ്ട് യീൽഡും തിരുത്തലിൽപെടുകയും ഓഹരി വിപണിയും സ്വർണവും മുന്നേറുകയും ചെയ്‌തേക്കാം.

ഐപിഓ 

ഇന്ന് ലിസ്റ്റ് ചെയ്ത വിഭോർ സ്റ്റീൽ ട്യൂബ്സ് ഐപിഓ വിലയായ 151 രൂപയിൽ നിന്നും 195% മുന്നേറി 446 രൂപയിലാണ് ഇന്ന് ക്ളോസ് ചെയ്തത്. 

ഹയാത്ത് ബ്രാൻഡ്‌ ഹോട്ടലുകൾ നടത്തുന്ന ജൂനിറ്റർ ഹോട്ടൽസിന്റെ നാളെ ആരംഭിക്കുന്ന ഐപിഓ നിക്ഷേപത്തിന് പരിഗണിക്കാം. ഏഴു ഹോട്ടലുകളിലായി 1836 റൂമുകൾ കൈകാര്യം ചെയ്യുന്ന കമ്പനി 342-360 രൂപ നിരക്കിൽ 1800 കോടി രൂപയാണ് ഐപിഓയിലൂടെ സമാഹരിക്കുന്നത്. 

എസ്എംഇ കമ്പനിയായ സെനിത് ഡ്രഗ്സിന്റെ ഇന്നലെ ആരംഭിച്ച ഐപിഓ  വ്യാഴാഴ്ചയാണ് അവസാനിക്കുന്നത്. 79 രൂപ ഐപിഓ വിലയുള്ള ഓഹരി ചുരുങ്ങിയത് 1600 എണ്ണം വീതം അപേക്ഷിക്കണം. 

അലോയ് സ്റ്റീൽ, കാസ്റ്റ് അയൺ ഉത്പന്നങ്ങൾ നിർമിക്കുന്ന ഡീംറോൾ ടെക്കിന്റെ ഇന്നാരംഭിച്ച ഐപിഓയും വ്യാഴാഴ്ച അവസാനിക്കുന്നു. 129 രൂപ നിരക്കിൽ 29 കോടി രൂപയാണ് കമ്പനി സമാഹരിക്കുന്നത്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Nifty in Record High

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com