ഐടി ഒഴികെ എല്ലാ മേഖലകളും നേട്ടത്തിൽ മടങ്ങിയെത്തി ഓഹരി വിപണി
Mail This Article
ഇന്ത്യൻ വിപണി ഇന്ന് നേട്ടത്തിൽ ക്ളോസ് ചെയ്തു. നിഫ്റ്റി ഇന്ന് 31 പോയിന്റ് നേട്ടത്തിൽ 21982 പോയിന്റില്‍ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 72500 പോയിന്റിലും ക്ളോസ് ചെയ്തു. ഇന്നലെ സമ്പൂർണ പരാജയം കുറിച്ച ഇന്ത്യൻ വിപണിയിൽ ഇന്ന് ഐടി ഒഴികെ മറ്റെല്ലാ സെക്ടറുകളും നേട്ടത്തിലാണ് ക്ളോസ് ചെയ്തത്.
എച്ച്ഡിഎഫ്സി ബാങ്കിന്റെ അവസാന മിനിറ്റുകളിലെ തിരിച്ചുവരവാണ് ഇന്ന് ഇന്ത്യൻ വിപണിക്ക് പോസിറ്റീവ് ക്ളോസിങ് സമ്മാനിച്ചത്. പൊതു മേഖല ബാങ്കുകളും, മെറ്റൽ സെക്ടറും, നിഫ്റ്റി നെക്സ്റ്റ്-50 സൂചികയും ഇന്ന് നേട്ടം കുറിച്ചു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം
മാർച്ച് മാസത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ത്യൻ വിപണിയെ കൂടുതൽ സ്വാധീനിക്കും. തെരെഞ്ഞെടുപ്പ് കാലത്തെ വാദഗതികളും, ജയപരാജയ സാധ്യതകളും, ഫലപ്രവചനങ്ങളും വിപണി ചാഞ്ചാട്ടങ്ങളും, അവസരങ്ങളും ധാരാളമായി സൃഷ്ടിച്ചേക്കാം. ‘ഭരണത്തുടർച്ചയെന്ന തുറുപ്പ് ചീട്ടിൽ മുന്നേറ്റം തുടരുന്ന ഇന്ത്യൻ വിപണിയിൽ പൊടുന്നനെയുള്ള ലാഭമെടുക്കലുകൾ ഓരോ കുതിപ്പിലും സംഭവിച്ചേക്കാം. ഓരോ തിരുത്തലും സാധ്യതകളും, ഓരോ കുതിപ്പും ലാഭമെടുക്കലിനുള്ള അവസരവുമാണ്.
നിഫ്റ്റിയിലെ മാറ്റം
നിഫ്റ്റി-50 സൂചികയിൽ യൂപിഎലിന് പകരമായി ശ്രീറാം ഫൈനാൻസ് ഇടംപിടിച്ചത് ഓഹരിക്ക് അനുകൂലമായി. നിഫ്റ്റി നെക്സ്റ്റ്-50 സൂചികയിൽ ജിയോ ഫൈനാൻസും ഇടം നേടി. മാർച്ച് 28 മുതലാണ് സൂചികകളിലെ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക.
പിസിഇ ഡേറ്റ ഇന്ന്
ഇന്നലെ വന്ന അമേരിക്കയുടെ നാലാം പാദ ജിഡിപി വളർച്ച വിപണി പ്രതീക്ഷയുടെ തൊട്ട് താഴെ 3.2%ൽ നിന്നത് ഇന്നലെ വിപണിയെ വലിയ വീഴ്ചയിൽ നിന്നും താങ്ങി നിർത്തി. പണപ്പെരുപ്പവളർച്ചയെ ഫലപ്രദമായി തടയാൻ ഫെഡ് നിരക്ക് കൂടുതൽ കാലത്തേക്ക് ഉയർന്ന നിരക്കിൽ നിലനിർത്തേണ്ടി വരുമെന്ന അമേരിക്കൻ ഫെഡ് അംഗങ്ങളുടെ അഭിപ്രായപ്രകടനവും അമേരിക്കൻ വിപണിക്ക് ക്ഷീണമാണ്. ഫ്രഞ്ച് സിപിഐ നേരിയ വർധന കാണിച്ചപ്പോൾ ഫ്രഞ്ച് ജി ഡിപി വളർച്ചയിലും മുന്നേറ്റമുണ്ടായതിനെ തുടർന്ന് ഫ്രഞ്ച് സൂചികയായ ‘കാക്’ നഷ്ടമില്ലാതെ തുടരുന്നു. മോശമല്ലാത്ത ഡേറ്റകളുടെ പിൻബലത്തിൽ യൂറോപ്യൻ വിപണികളും നേട്ടത്തിൽ തുടരുന്നത് ഇന്ന് ഇന്ത്യൻ വിപണിക്കും പിന്തുണ നൽകി.
ഫെഡ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന പിസിഇ ഡേറ്റയും, ജോബ് ഡേറ്റയും ഇന്ന് അമേരിക്കൻ വിപണിസമയത്തിന് മുൻപ് വരാനിരിക്കുന്നത് ഇന്ന് അമേരിക്കൻ വിപണിക്കും, നാളെ ലോക വിപണിക്ക് തന്നെയും പ്രധാനമാണ്. മാർച്ച് 19-20 തീയതികളിലാണ് അമേരിക്കൻ ഫെഡ് റിസർവിന്റെ അടുത്ത യോഗം.
ക്രൂഡ് ഓയിൽ
ഇസ്രായേൽ-ഗാസ പ്രശ്നം നീറിനീറി തുടരുന്നത് തന്നെയാണ് ക്രൂഡ് ഓയിലിന് തിരുത്തൽ നൽകാതെ നിർത്തുന്നതും. ഇന്നത്തെ അമേരിക്കൻ ഡേറ്റകളും, ഡോളറിന്റെ ചലനങ്ങളും, നാളെ വരാനിരിക്കുന്ന മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റകളും ക്രൂഡ് ഓയിലിന് പ്രധാനമാണ്. നാളെ രാവിലെ വരുന്ന ചൈനീസ് പിഎംഐ ഡേറ്റയും വൈകുന്നേരം വരുന്ന അമേരിക്കൻ പിഎംഎംഐ ഡേറ്റയും ക്രൂഡ് ഓയിൽ വിലയിൽ ചാഞ്ചാട്ടങ്ങൾ ഉണ്ടാക്കിയേക്കാം.
സ്വർണം
ഇന്ന് പിസിഇ ഡേറ്റ വരാനിരിക്കെ അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെട്ട് നിൽക്കുന്നത് സ്വർണത്തിനും അനുകൂലമായി. 2040 ഡോളറിൽ തുടരുന്ന രാജ്യാന്തര സ്വർണവില ഇന്നത്തെ അമേരിക്കൻ ഡേറ്റകൾക്കനുസരിച്ച് ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നു.
ഐപിഓ
ഇന്നലെ ആരംഭിച്ച ഭാരത് ഹൈവെയ്‌സ് ഇൻവെസ്റ്റ്മെന്റ് ഇൻഫ്രാ സ്ട്രക്ച്ചറിന്റെ ഐപിഓ നാളെ അവസാനിക്കും. ഐപിഓ വഴി 98-100 രൂപ നിരക്കിൽ 2500 കോടി രൂപയാണ് വിപണിയിൽ നിന്നും സമാഹരിക്കുന്നത്.
മൽസ്യ ഉത്പന്ന നിർമാതാക്കളായ മുക്ക പ്രോടീൻസിന്റെ ഇന്നാരംഭിച്ച ഐപിഓ തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്. ഐപിഓ വില 26-28 രൂപ നിരക്കിൽ 224 കോടി രൂപയാണ് കമ്പനി വിപണിയിൽ നിന്നും സമാഹരിക്കുന്നത്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക