ADVERTISEMENT

ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദനത്തിലെ അപ്രതീക്ഷിത കുതിപ്പും അമേരിക്കൻ പിസിഇ ഡേറ്റ വിപണി അനുമാനത്തിനൊപ്പം നിന്നതും, എഐ വമ്പന്മാരായ എൻവിഡിയയുടെ മികച്ച റിസൾട്ടും കഴിഞ്ഞ ആഴ്ച ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിനും പിന്തുണ നൽകി. വ്യാഴാഴ്ച 22000 പോയിന്റിന് താഴേക്ക് വീണ് മുടന്തി നിന്ന നിഫ്റ്റി വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 1.80% മുന്നേറി 22378 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 22419 എന്ന പുതിയ ഉയരം താണ്ടിയപ്പോൾ സെൻസെക്സ് 73819 പോയിന്റെന്ന പുതിയ ഉയരവും ശനിയാഴ്ചത്തെ പ്രത്യേക വ്യാപാരസമയത്ത് കുറിച്ചു.   

മെറ്റൽ കഴിഞ്ഞ ആഴ്ചയിൽ 2%ൽ കൂടുതൽ മുന്നേറിയപ്പോൾ ബാങ്കിങ്, ഓട്ടോ, ഇൻഫ്രാ സെക്ടറുകളും നിഫ്റ്റി നെക്സ്റ്റ്-50 സൂചികയും കഴിഞ്ഞ ആഴ്ചയിൽ ഒരു ശതമാനത്തിൽ കൂടുതല്‍ നേട്ടമുണ്ടാക്കി. 

കുതിക്കുന്ന ആഭ്യന്തര ഉൽപ്പാദനം 

money-13-

ഇന്ത്യയുടെ മൂന്നാം പാദത്തിലെ ആഭ്യന്തര ഉൽപ്പാദനം എല്ലാ അനുമാനങ്ങളും തെറ്റിച്ചു കൊണ്ട് 8.4% വളർച്ച കുറിച്ചത് ഇന്ത്യൻ വിപണിയിലും അത്യാവേശം വിതറി. കോവിഡ് കാലത്തെ മോശം ജിഡിപി കണക്കുകളുടെ ആനുകൂല്യത്തിൽ 2022ന്റെ ആദ്യ പാദത്തിൽ 13.5% വളർച്ച കുറിച്ചതിന് ശേഷമുള്ള ഇന്ത്യൻ ജിഡിപിയുടെ മികച്ച വളർച്ചകണക്കായിരുന്നു കഴിഞ്ഞ പാദത്തിലേത്. പല വികസിത രാജ്യങ്ങളും വളർച്ച ശോഷണവും 2%ൽ താഴെ മാത്രം ആഭ്യന്തര ഉല്പാദനവളർച്ചയും കുറിക്കുമ്പോൾ  ഇന്ത്യയുടെ റെക്കോർഡ് ജിഡിപി വളർച്ച ഇന്ത്യൻ വിപണിയിലേക്കും കൂടുതൽ വിദേശ പണം എത്തിക്കും. 

ഫെഡ് യോഗം ഈ മാസം 

അമേരിക്കൻ ഫെഡ് റിസേർവ് തീരുമാനങ്ങളെ സ്വാധീനിക്കുന്ന അമേരിക്കയുടെ പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ (പിസിഇ) ഡേറ്റ വിപണിയുടെ അനുമാനത്തിനൊപ്പം നിന്നതും, കഴിഞ്ഞ ആഴ്ചയിൽ ആദ്യമായി ജോബ് ലെസ്സ് ക്ലെയിമിനായി അപേക്ഷിച്ച അമേരിക്കക്കാരുടെ എണ്ണത്തിലുണ്ടായ വർധനയും ഫെഡ് നിരക്ക് കുറക്കാൻ ഫെഡ് റിസർവിനെ നിർബന്ധിതമാക്കുമെന്ന സൂചനയും അമേരിക്കൻ വിപണിക്ക് ആഴ്ചയുടെ അവസാന ദിവസങ്ങളിൽ മുന്നേറ്റം നൽകി. അമേരിക്കയുടെ പിസിഇ പ്രൈസ് ഇൻഡക്സ് 2.4% വാർഷിക വളർച്ചയാണ് ജനുവരിയിൽ കുറിച്ചത്. 

മാർച്ച് 19-20 തീയതികളിലായി നടക്കുന്ന അമേരിക്കൻ ഫെഡ് റിസർവ് യോഗം നിരക്കുകളിൽ മാറ്റം വരുത്തിയേക്കില്ല എന്നാണ് വിപണി ഉറപ്പിക്കുന്നത്. ജൂൺ മുതൽ നിരക്കുകൾ താഴ്ത്തിത്തുടങ്ങുമെന്ന സൂചനയ്ക്കായാണ് കാത്തിരിക്കുന്നത്.  

ലോക വിപണിയിൽ അടുത്ത ആഴ്ച 

ബുധനാഴ്ചയും, വ്യാഴാഴ്ചയുമായി ഫെഡ് ചെയർമാൻ ജെറോം പവൽ സെനറ്റ് ബാങ്കിങ് കമ്മിറ്റിക്ക് മുൻപാകെ ഹാജരാകുന്നത് അമേരിക്കൻ വിപണിക്കൊപ്പം ലോക വിപണിക്കും പ്രധാനമാണ്. മാർച്ച് ഇരുപതിന് നടക്കുന്ന ഫെഡ് യോഗത്തിന് മുൻപായി ഫെഡ് റിസർവിന്റെ ഭാവി നടപടികളെക്കുറിച്ചുള്ള സൂചനകൾ അടുത്ത ആഴ്ചയിൽ തന്നെ ലഭിക്കുന്നത് വിപണിയുടെ ഗതി നിർണയിച്ചേക്കാം. 

വെള്ളിയാഴ്ച വരുന്ന അമേരിക്കയുടെ നോൺഫാം പേറോൾ കണക്കുകളും, വ്യാഴാഴ്ചത്തെ ജോബ് ഡേറ്റയും, ബുധനാഴ്ചത്തെ എഡിപി എംപ്ലോയ്‌മെന്റ്  കണക്കുകളും ഫെഡ് തീരുമാനങ്ങളെ സ്വാധീനിക്കുമെന്നതിനാൽ നിർണായകമാണ്.  

വ്യാഴാഴ്ചയാണ് യൂറോപ്യൻ കേന്ദ്ര ബാങ്ക് പുതിയ നിരക്കുകളും, നയങ്ങളും നിര്‍ണയിക്കുന്നത്. ചൊവ്വാഴ്ച വരുന്ന സർവീസ് പിഎംഐ ഡേറ്റ  വിപണിക്ക് പ്രധാനമാണ്. 

വ്യാഴാഴ്ച വരുന്ന ചൈനയുടെ കയറ്റുമതി, ഇറക്കുമതി കണക്കുകൾ ഏഷ്യൻ-യൂറോപ്യൻ വിപണികൾക്ക് പ്രധാനമാണ്. അടുത്ത വെള്ളിയാഴ്ച ശിവരാത്രി പ്രമാണിച്ച് ഇന്ത്യൻ വിപണിക്ക് അവധിയാണ്. 

ഓഹരികളും സെക്ടറുകളും 

mkt-3-

∙ടാറ്റ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡും, ടാറ്റ സെമികണ്ടക്ടർ അസംബ്ലി & ടെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡും വിദേശ പങ്കാളികളുമായി ചേർന്ന് ഗുജറാത്തിലും, അസമിലും ആരംഭിക്കുന്ന സെമികണ്ടക്ടർ ഉല്പാദനകേന്ദ്രങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചത് ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപറേഷന് കുതിപ്പ് നൽകി.  

∙ജാപ്പനീസ്, തായ്‌ലൻഡ് കമ്പനികളുമായി ചേർന്നുള്ള സെമികണ്ടക്ടർ നിർമാണ കേന്ദ്രത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചത് മുരുഗപ്പ ഗ്രൂപ്പ് കമ്പനിയായ സിജി പവറിനും മുന്നേറ്റം നൽകി. ഓഹരി തുടർ മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

∙മിഗ് യുദ്ധ വിമാനങ്ങൾക്കുള്ള എന്ജിന് വേണ്ടി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സുമായും, ഹൈ പവർ റഡാറുകൾക്ക് വേണ്ടി എൽ&ടിയുമായും കരാറൊപ്പിട്ടത് ഓഹരികൾക്ക് അനുകൂലമാണ്. 

∙ഫെഡ് നിരക്ക് ജൂൺ മുതൽ കുറച്ച് തുടങ്ങിയേക്കാമെന്നതും, ചൈനയുടെ സ്റ്റിമുലസ് സാധ്യതകളും മെറ്റൽ വിലവർദ്ധനവിന് വഴിവെച്ചേക്കാമെന്നത് മെറ്റൽ ഓഹരികൾക്ക് സാധ്യതയാണ്. ഇന്ത്യയുടെ ജിഡിപി വളർച്ചയും, തുടർ പദ്ധതികളും മെറ്റൽ സെക്ടറിന് അനുകൂലമാണ്.  

∙കമ്പനികളെല്ലാം ‘വർക്ക് ഫ്രം ഹോം’ ഒഴിവാക്കിയതിനെത്തുടർന്ന് പ്രധാന പട്ടണങ്ങളിലെ വീട്ടുവാടകയിലെ വർദ്ധന റിയൽ എസ്റ്റേറ്റ് വിലകളെയും സ്വാധീനിക്കുന്നത് ഭവന നിർമാണമേഖലക്ക് അനുകൂലമാണ്. ഇന്ത്യയിലെ ചില പട്ടണങ്ങളിലെ വാടക വർദ്ധന നിരക്ക് സിംഗപ്പൂർ,  ദുബായ് എന്നിവിടങ്ങളിലേതിലും കൂടുതലാണ്. 

mkt-01

∙മഹിന്ദ്ര ഫെബ്രുവരിയിൽ മുൻവർഷത്തിൽ നിന്നും 24%വും, മാരുതി 12%വും, ടിവിഎസ് മോട്ടോഴ്‌സ് 33%വും, ഹീറോ മോട്ടോഴ്‌സ് 19%വും വില്പന വർദ്ധന കുറിച്ചു. ഓട്ടോ ഓഹരികൾ കുതിപ്പ് തുടർന്നേക്കാം.

നികുതിലാഭം നേടാനായി മാർച്ചിൽ റിയൽ എസ്റ്റേറ്റ്, വാഹന മേഖലകളിൽ കൂടുതൽ വില്പന സാധ്യതയും, മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് മേഖലകളിൽ കൂടുതൽ നിക്ഷേപ സാധ്യതയുമുള്ളത് നിക്ഷേപകർ കണക്കിലെടുക്കണം. 

∙ഏപ്രിലിന് ശേഷം കേന്ദ്ര സർക്കാർ എഥനോൾ നയത്തിൽ മാറ്റം കൊണ്ട് വരുമെന്ന നാഷണൽ ഫെഡറേഷൻ ഓഫ് ഷുഗർ ഫാക്ടറീസ് എംഡിയുടെ പ്രസ്താവന പഞ്ചസാര ഓഹരികൾക്കും പ്രാജ് ഇന്‍ഡസ്ട്രീസിനും പ്രതീക്ഷയാണ്.

∙ഇന്ത്യൻ  ടെലികോം മേഖലയിൽ നിക്ഷേപഅവസരത്തിനായി എട്ട് വമ്പൻ രാജ്യാന്തര ഫണ്ടുകൾ കാത്തിരിക്കുന്നു എന്ന കേന്ദ്ര ഐടി മന്ത്രിയുടെ വാക്കുകൾ ടെലികോം സെക്ടറിന് അനുകൂലമാണ്. നിക്ഷേപം കാത്തിരിക്കുന്ന ഐഡിയ അടുത്ത തിരുത്തലിൽ ശ്രദ്ധിക്കാം.  

∙നിഫ്റ്റി-50 സൂചികയിൽ യൂപിഎലിന് പകരമായി ശ്രീറാം ഫൈനാൻസ് ഇടംപിടിച്ചത് ഓഹരിക്ക് അനുകൂലമാണ്. നിഫ്റ്റി നെക്സ്റ്റ്-50 സൂചികയിൽ ജിയോ ഫൈനാൻസും ഇടം നേടി. മാർച്ച് 28 മുതലാണ് സൂചികകളിലെ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. 

∙ജിയോ ഫിനാൻസ് ബിഎസ്ഇ ലാർജ് ക്യാപ് സൂചികയിലും ഇടംനേടിയപ്പോൾ ഐആർഇഡിഎ, ടാറ്റ ടെക്, ജെഎസ്ഡബ്ലിയു ഇൻഫ്രാ എന്നീ ഓഹരികൾ ബിഎസ്ഇ മിഡ് ക്യാപ് സൂചികയിലും ഇടം നേടി. ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം. 

∙അറ്റ്ലാന്റ ആസ്ഥാനമായ ഹിൻഡാൽകോയുടെ ഉപകമ്പനിയായ നോവലിസ് അമേരിക്കയിൽ ഐപിഓക്കായി അപേക്ഷ സമർപ്പിച്ചത് ഹിൻഡാൽകോക്ക് അനുകൂലമാണ്.

∙സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അവകാശ ഓഹരികൾക്ക് മാർച്ച് ആറു മുതൽ ഇരുപത് വരെ അപേക്ഷ സമർപ്പിക്കാം. നാല് ഓഹരികൾ കൈയാളുന്ന ഓഹരിയുടമക്ക് ഒരു ഓഹരി എന്ന നിരക്കിൽ അവകാശഓഹരിക്ക് അർഹതയുണ്ടാകും. 

ക്രൂഡ് ഓയിൽ 

Mkt-6-

∙മിഡിൽ ഈസ്റ്റിൽ സംഘർഷങ്ങൾ കടുക്കുന്നതിനിടയിൽ ഡോളർ ഇറങ്ങിയതും, മാർച്ച് ആദ്യ വാരത്തിൽ ഒപെക് വീണ്ടും ക്രൂഡ് ഓയിൽ ഉല്‍പ്പാദനനിയന്ത്രണം കടുപ്പിക്കുമെന്ന പ്രതീക്ഷയും ക്രൂഡ് ഓയിലിന് വെള്ളിയാഴ്ച 2% മുന്നേറ്റം നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 83 ഡോളറിന് മുകളിലാണ് വ്യാപാരം തുടരുന്നത്. 

സ്വർണം 

അമേരിക്കയുടെ പിസിഇ ഡേറ്റ വിപണി അനുമാനത്തിനൊപ്പം നിന്നത് ഫെഡ് നിരക്ക് താഴ്ത്തലിന് സാധ്യത വർദ്ധിപ്പിച്ചതിനെത്തുടർന്ന് അമേരിക്കൻ ബോണ്ട് യീൽഡ് താഴേക്കിറങ്ങിയത് സ്വർണത്തിന് മുന്നേറ്റം നൽകി. രാജ്യാന്തര സ്വർണ അവധി 2091 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  

ഐപിഓ 

കഴിഞ്ഞ ആഴ്ച ആരംഭിച്ച മുക്ക പ്രോടീൻസിന്റെ ഐപിഓ തിങ്കളാഴ്ച അവസാനിക്കുന്നു. മാർക്കറ്റിങ് സർവീസ് കമ്പനിയായ ആർ കെ സ്വാമി ലിമിറ്റഡിന്റെ ഐപിഓ തിങ്കളാഴ്ച ആരംഭിച്ച് ബുധനാഴ്ച അവസാനിക്കുന്നു. 

സിങ്ക് ഓക്സൈഡ് നിർമാതാക്കളായ ജെ ജി കെമിക്കൽസിന്റെ ഐപിഓ ചൊവ്വാഴ്ച ആരംഭിച്ച് വ്യാഴാഴ്ച അവസാനിക്കുന്നു. ഐപിഓ വില 210-221 രൂപ. 

രാജ്കോട്ട് ആസ്ഥാനമായ പലഹാര നിർമാതാക്കളായ ഗോപാൽ സ്നാക്സിന്റെ ഐപിഓ മാർച്ച് ആറിന് ആരംഭിച്ച് മാർച്ച് പതിനൊന്നിന് അവസാനിക്കുന്നു. ഐപിഓ വില 381-401 രൂപ.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com