ബാങ്കും ഐടിയും കൈകോർത്തു, ഓഹരി വിപണി മുന്നേറി
Mail This Article
ഇന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ഇന്ത്യൻ വിപണി തിരിച്ചു കയറി റെക്കോർഡ് ഉയരം കുറിച്ചു. യൂറോപ്യൻ വിപണിയുടെ നേട്ടത്തിലുള്ള ആരംഭവും ഇന്ത്യൻ വിപണിക്ക് അനുകൂലമായി. ഇന്ന് ഒരു വേള 22,224 പോയിന്റ് വരെ വീണ നിഫ്റ്റി പിന്നീട് തിരിച്ചുകയറി 22,497 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷം. 22,474 പോയിന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്ക് നിഫ്റ്റി മുന്നേറി നിന്നതും, പിന്നീട് ഐടി സെക്ടർ മുന്നേറി വന്നതുമാണ് ഇന്ന് ഇന്ത്യൻ വിപണിയുടെ മുന്നേറ്റത്തിന് വഴി മരുന്നിട്ടത്. ഇരു സെക്ടറുകളും ഇന്ന് 0.8% വീതം നേട്ടം സ്വന്തമാക്കി. നിഫ്റ്റി സ്‌മോൾ ക്യാപ് സൂചിക ഇന്ന് 2%വും, മിഡ് ക്യാപ് സൂചിക 0.5%വും നഷ്ടം കുറിച്ചത് റീറ്റെയ്ൽ നിക്ഷേപകരുടെ നഷ്ടവ്യാപ്തി വർദ്ധിപ്പിച്ചു. പൊതു മേഖല സെക്ടറും, റിയൽറ്റി സെക്ടറും ഇന്ന് കൂടുതൽ നഷ്ടം നേരിട്ടു.
ഫെഡ് ചെയർമാൻ ഇന്ന് സെനറ്റിൽ
ഫെഡ് ചെയർമാൻ അമേരിക്കയുടെ സെനറ്റ് കമ്മിറ്റികൾക്ക് മുന്നിൽ ഇന്നും, നാളെയുമായി ഹാജരാകാനായിരിക്കുന്നതിന് മുന്നോടിയായി ഇന്നലെയും അമേരിക്കൻ വിപണി വില്പനസമ്മർദ്ദം നേരിട്ടു. വില കുറച്ചിട്ടും ചൈനയിലെ വണ്ടി വില്പനയിൽ വീഴ്ച നേരിട്ടത് ടെസ്‌ലക്കും, ചൈന പുതിയ നിയന്ത്രണങ്ങൾ കൊണ്ട് വരുന്നത് ചിപ്പ് നിർമ്മാതാക്കൾക്കും തിരുത്തൽ നൽകിയത് അമേരിക്കൻ വിപണിക്ക് ഇരുട്ടടിയായി. നാസ്ഡാക് 1.65% നഷ്ടം കുറിച്ചപ്പോൾ ഡൗ ജോൺസും, എസ്&പിയും ഓരോ ശതമാനം വീതവും വീണു.
ഫെഡ് ചെയർമാൻ ജെറോം പവൽ ഇന്ന് മുതൽ സെനറ്റ് കമ്മിറ്റികൾക്ക് മുന്നിൽ ഹാജരാകുമ്പോൾ പറയാനിരിക്കുന്നതെല്ലാം ഇന്നും നാളെയും, തുടർന്നും വിപണിക്ക് നിർണായകമാണ്. ഫെഡ് റിസർവ് നിരക്കുകളിൽ എന്ന്മുതൽ കുറവ് വരുത്തുമെന്നറിയാനായിട്ടാകും വിപണി ഇന്ന് ഫെഡ് ചെയർമാന്റെ പ്രസ്താവനകൾക്കിടയിൽ തിരയുക.
ചൈനയുടെ 5% ജിഡിപി പ്രതീക്ഷ
കഴിഞ്ഞ വര്ഷം 5.2% മാത്രം ജിഡിപി വളർച്ച നേടിയ ചൈന നടപ്പു വർഷത്തിലെ ജിഡിപി വളർച്ചലക്‌ഷ്യം 5% മാത്രമായി ചുരുക്കിയത് ചൈനീസ് വിപണിക്കൊപ്പം മറ്റ് ഏഷ്യൻ, യൂറോപ്യൻ വിപണികൾക്കും തിരുത്തലിന് കാരണമായി. കഴിഞ്ഞ രണ്ട് ദശകങ്ങളായി വൻ വളർച്ച നേടി വന്ന ചൈനീസ് സമ്പദ് വ്യവസ്ഥക്ക് കോവിഡിന് ശേഷം ഇരട്ട സംഖ്യയിലുള്ള വളർച്ച സ്വപ്നം മാത്രമായി മാറിയതിന് പിന്നിൽ ചൈനീസ് ഉൽപ്പന്നങ്ങളോടുള്ള രാജ്യാന്തര സമൂഹത്തിന്റെ മാറിയ കാഴ്ചപ്പാടും, മെയ്ക്ക് ഇൻ ഇന്ത്യ പോലെ മറ്റ് രാജ്യങ്ങളും ‘ഉല്പാദന’ത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും കാരണമായി.
ചൈനയുടെ സാമ്പത്തിക വളർച്ചയുടെ തോത് കുറയുന്നത് 8.4% നിരക്കിൽ വളർച്ച കുറിക്കുന്ന ഇന്ത്യയുടെ ഓഹരി വിപണിയിലേക്ക് കൂടുതൽ വിദേശനിക്ഷേപം വന്നു ചേരുന്നതിന് കാരണമായേക്കാം.
ക്രൂഡ് ഓയിൽ
ചൈനയുടെ ജിഡിപി വളർച്ച പ്രതീക്ഷ കുറഞ്ഞു പോയത് ഇന്നലെ ക്രൂഡ് ഓയിലിനും തിരുത്തൽ നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ വില 82 ഡോളറിലാണ് തുടരുന്നത്. ഫെഡ് ചെയർമാന്റെ പ്രസ്താവനകൾ ക്രൂഡ് ഓയിൽ വിലയേയും സ്വാധീനിക്കും.
സ്വർണം
ഫെഡ് ചെയർമാന്റെ അഭിമുഖത്തിന് മുന്നോടിയായി അമേരിക്കൻ ബോണ്ട് യീൽഡും വീഴുന്നത് ഇന്നലെയും സ്വർണത്തിന് മുന്നേറ്റം നൽകി. രാജ്യാന്തര സ്വർണവില 2134 ഡോളറിലാണ് തുടരുന്നത്.
ഐപിഓ
കേരളം ആസ്ഥാനമായ പോപ്പുലർ ഗ്രൂപ്പിന്റെ ഐപിഓ അടുത്ത ആഴ്ച ആരംഭിക്കുന്നു.
ഇന്നാരംഭിച്ച രാജ്കോട്ട് ആസ്ഥാനമായ പലഹാര നിർമാതാക്കളായ ഗോപാൽ സ്നാക്സിന്റെ ഐപിഓ മാർച്ച് പതിനൊന്നിന് അവസാനിക്കുന്നു. ഐപിഓ വില 381-401 രൂപ.
സിങ്ക് ഓക്സൈഡ് നിർമാതാക്കളായ ജെ ജി കെമിക്കൽസിന്റെ ഐപിഓ നാളെ അവസാനിക്കുന്നു. ഐപിഓ വില 210-221 രൂപയാണ്.
സൗത്ത് ഇന്ത്യൻ ബാങ്ക്
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അവകാശ ഓഹരികൾ ഇന്ന് മുതൽ മാർച്ച് 20 വരെ ‘റൈറ്റ്സ് എന്റൈറ്റിൽമെന്റ്’ ലഭിച്ചവർക്ക് 22 രൂപ നിരക്കിൽ സ്വന്തമാക്കാം. അല്ലെങ്കിൽ ‘’റൈറ്റ്സ് എന്റൈറ്റിൽമെന്റ്’ വിറ്റൊഴിവാക്കുകയും ചെയ്യാം.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.