ADVERTISEMENT

ഒരു  വീട് നോക്കുക, സ്വന്തമായി ഡ്രൈവ് ചെയ്തു യാത്ര പോകുക, ഒരു ഓഫീസ് മുഴുവന്‍ കണ്‍ട്രോള്‍ ചെയ്യുക തുടങ്ങി കൊടിമുടിയുടെ ഉച്ചിയിൽ വരെ കയറുന്ന സ്ത്രീകളുള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. മിടുക്കരായ സ്ത്രീകളുടെ വിജയത്തിന് പിന്നില്‍ ഓരോ കഠിനാധ്വാനത്തിന്റെ കഥ ഉണ്ടാകും. അതു പോലെ നിക്ഷേപ കാര്യത്തിലും നിങ്ങള്‍ സ്മാര്‍ട്ടായിരിക്കണം. സമ്പാദിക്കുന്ന പണം മുഴുവന്‍ പല വഴി ചെലവഴിക്കാതെ ചില നിക്ഷേപ പാഠം സ്ത്രീകള്‍ക്ക് ആവശ്യമാണ്. വലിയ തുക അല്ലെങ്കിലും ചെറിയ തുക പോലും ഇപ്പോഴെ നിക്ഷേപിച്ച്  തുടങ്ങിയാല്‍ ഭാവി ജീവിതം ഭദ്രമാക്കാം. ഇത്തരം ചെറിയ നിക്ഷേപങ്ങള്‍ പോലും സ്ത്രീകള്‍ക്ക് സാമ്പത്തിക വിജയം കൈവരിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ്.

രാജ്യത്ത് തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടി വരികയാണ്. എന്നാല്‍ കിട്ടുന്ന ശമ്പളമെല്ലാം പല വഴിക്ക് ചെലവഴിക്കും. ഇത്തരത്തില്‍ ചെലവ് മാത്രം ഉണ്ടായിട്ട് കാര്യമില്ല. ജോലിക്കാരായ സ്ത്രീകളിലും വേണം ഒരു മികച്ച സമ്പാദ്യം. വലിയ തുക തന്നെ വേണമെന്നില്ല, ചെറിയ തുക നിക്ഷേപിച്ചാല്‍ ഭാവി ജീവിതം ഭദ്രമാക്കാം.

economy-market1

നാഷണല്‍ പെന്‍ഷന്‍ സ്‌കീം

കേന്ദ്ര സര്‍ക്കാരിന്റെ റിട്ടയര്‍മെന്റ് സ്‌കീം ആണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീം അഥവാ എന്‍ പി എസ്. ഇക്വിറ്റി, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, ലിക്വിഡ് ഫണ്ടുകള്‍, സര്‍ക്കാര്‍ ബോണ്ടുകള്‍, ഫിക്സഡ് ഫിനാന്‍ഷ്യല്‍ ഇന്‍സ്ട്രുമെന്റുകള്‍ എന്നിവയുള്‍പ്പെടെയുള്‍പ്പെടെയുള്ള വിവിധ സെക്യൂരിറ്റികളില്‍ പണം നിക്ഷേപിക്കാം.

18നും 60നും മധ്യേ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും (എന്‍ആര്‍ഐ ഉള്‍പ്പെടെ) എന്‍പിഎസില്‍ അംഗമാവാം. ഓണ്‍ലൈനായും അംഗമാകാനുള്ള സൗകര്യവും നിലവിലുണ്ട്. നിശ്ചിത ആപ്ലിക്കേഷന്‍ സമര്‍പ്പിച്ച് അംഗമാകാം. 9 ശതമാനം മുതല്‍ 12 ശതമാനം വരെയാണ് പലിശ വാഗ്ദാനം ചെയ്യുന്നത്.

സ്വര്‍ണം

സ്ത്രീകള്‍ക്ക് ആഭരണങ്ങളോട് താല്‍പര്യം കൂടുതലാണല്ലോ. ഒപ്പം മികച്ചൊരു നിക്ഷേപമാര്‍ഗം കൂടിയാണ് സ്വര്‍ണം. സ്വര്‍ണാഭരണങ്ങള്‍ കൂറെ വാങ്ങി കൂട്ടിവയ്ക്കുന്നതിന് പകരം സ്വര്‍ണ നാണയങ്ങള്‍, ബാറുകള്‍, ഗോള്‍ഡ് എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍, ഗോള്‍ഡ് ഫണ്ടുകള്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ട് പ്രോഗ്രാമുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ഇത്തരം സ്വര്‍ണ ഫണ്ടുകളില്‍ നിക്ഷേപിച്ചാല്‍ തിരിച്ചെടുക്കുമ്പോള്‍ കിട്ടുന്ന മൂല്യം വളരെ വലുതായിരിക്കും. സ്വര്‍ണ വില ഇനിയും ഉയരുമെന്നാണ് വിപണി വിലയിരുത്തല്‍.

ആരോഗ്യ ഇന്‍ഷുറന്‍സ്

ചുമതലകൾക്കിടയിൽ സ്ത്രീകൾ സ്വന്തം ആരോഗ്യം പലപ്പോഴും മറന്ന് പോകാറുണ്ട്. എന്നാല്‍ ആരോഗ്യ ഇന്‍ഷുറന്‍സിന് ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. പ്രതീക്ഷിക്കാത്ത അപകടങ്ങള്‍, രോഗങ്ങള്‍ നമ്മുടെ ജീവിതം തകര്‍ക്കാം. സാമ്പത്തിക സ്ഥിതി തന്നെ മാറ്റി മറിച്ചേക്കാം. ജോലിക്കാരായ സ്ത്രീകള്‍ക്ക് കുടുംബത്തിന്റെ ആരോഗ്യ കാര്യത്തില്‍ സാമ്പത്തികമായി പിന്തുണയ്ക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വഴി സാധിക്കും.  അതിനാല്‍ ഇത്തരം ഇന്‍ഷുറന്‍സ് വഴി സാമ്പത്തിക ബാധ്യത ഒഴിവാക്കാം.

സ്ഥിര നിക്ഷേപങ്ങള്‍

economy11

സാലറി വരുന്ന അക്കൗണ്ടില്‍ പണം സൂക്ഷിക്കുന്ന നിരവധി പേരുണ്ട്. സേവിങ്സ് അക്കൗണ്ടില്‍ കുറേ പണം ഉണ്ടായിട്ട് കാര്യമില്ല. ഇത്തരം അക്കൗണ്ടുകളില്‍ ലഭിക്കുന്നത് കുറഞ്ഞ പലിശയാണ്. അതിനാല്‍ ഇവ  നിക്ഷേപങ്ങളായി മാറ്റണം.എങ്കിലെ നേട്ടമുള്ളൂ.പല ബാങ്കുകളും പല പലിശ നിരക്കുകളാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ളത്. ഇത്തരം നിക്ഷേപം നല്ലൊരു വരുമാന മാര്‍ഗം കൂടിയാണ്.

ആദായനികുതി നിയമത്തിലെ വകുപ്പ് 80 സി പ്രകാരമുള്ള നികുതിയും ലാഭിക്കാം.

മ്യൂച്വല്‍ ഫണ്ട്

സ്ത്രീകള്‍ക്ക് ധൈര്യമായി തിരഞ്ഞെടുക്കാവുന്ന  മികച്ച ഒരു നിക്ഷേപ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകള്‍. നിക്ഷേപകരില്‍ നിന്നുള്ള ഫണ്ടുകള്‍ ശേഖരിക്കുകയും ഓഹരികള്‍, ബോണ്ടുകള്‍, സര്‍ക്കാര്‍ സെക്യൂരിറ്റികള്‍, സ്വര്‍ണം, മറ്റ് ആസ്തികള്‍ എന്നിവയില്‍ നിക്ഷേപിക്കുകയും ചെയ്യുന്ന ഒരു നിക്ഷേപ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ട്. അതിനാല്‍ ഇതുവഴി മികച്ച നേട്ടം ലഭിക്കും. സാമ്പത്തിക ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് ഇക്വിറ്റി, ഡെറ്റ് അല്ലെങ്കില്‍ ഹൈബ്രിഡ് ഫണ്ടുകളില്‍ നിക്ഷേപിക്കാം. മ്യൂച്വല്‍ ഫണ്ടുകളില്‍ ആദ്യമായി നിക്ഷേപം നടത്തുന്നവരാണെങ്കില്‍ തെരഞ്ഞെടുക്കാവുന്ന മികച്ച മാര്‍ഗമാണ് എസ്ഐപി(സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍).

ആര്‍ഡി നിക്ഷേപം

മികച്ച നിക്ഷേപ മാര്‍ഗമായാണ് ആര്‍ ഡി അറിയപ്പെടുന്നത്. നിശ്ചിത കാലത്തേക്ക് മാസത്തില്‍ നിശ്ചിത തുക ആര്‍ ഡി അക്കൗണ്ടില്‍ നിക്ഷേപിക്കണം. നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശയും ലഭിക്കും. എസ്ഐപി രീതിയില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നുവെന്നതാണ് ഈ നിക്ഷേപങ്ങളുടെ ഗുണം. ചെറിയ തുക മാസത്തില്‍ നീക്കിവെക്കാന്‍ സാധിക്കുമെങ്കില്‍ സ്ഥിര നിക്ഷേപത്തേക്കാള്‍ ലാഭം ആര്‍.ഡിയില്‍ നിന്ന് സ്വന്തമാക്കാം. ബാങ്ക് വഴിയും പോസ്റ്റ് ഓഫീസ് വഴിയും ആര്‍ഡി അക്കൗണ്ട് തുറക്കാനാകും. പണമടക്കാന്‍ ബാങ്ക്, പോസ്റ്റ് ഓഫീസ് ശാഖകളിലേക്ക് പോകാതെ അക്കൗണ്ടില്‍ നിന്ന് പണമെടുക്കാനും സൗകര്യമുണ്ട്. അഞ്ച് വര്‍ഷത്തെ ആര്‍ ഡി നിക്ഷേപങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് 6.7 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

 പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

നിങ്ങളുടെ ബാങ്ക് പിന്തുണയ്ക്കുന്ന ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് . ഇത് അപകടസാധ്യതയില്ലാത്ത നിക്ഷേപമാണ്. കൂടാതെ 15 വര്‍ഷത്തേക്ക് സ്ഥിര പലിശയും നല്‍കുന്നു. ഒരു സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങള്‍ക്ക് കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80ഇ പ്രകാരം ഈ സ്‌കീം നികുതി ഇളവ് വാഗ്ദാനം ചെയ്യുന്നു.

English Summary:

Working Women Need to Invest Properly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com