"സമയമാണ് പണം, പണമാണ് സമയം" സെബി മേധാവി മാധബി പുരി ബുച്ച്

Mail This Article
ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ 'സെബി'യുടെ ചെയർപഴ്സനായി മാധബി പുരി ബുച്ച് എത്തിയപ്പോൾ പല കാര്യങ്ങളിലും ഒന്നാമതെത്തുകയായിരുന്നു അവർ. സെബിയുടെ നിയന്ത്രണം ഏറ്റെടുക്കുന്ന ആദ്യ വനിത. ഏറ്റവും പ്രായം കുറഞ്ഞ സെബി മേധാവി. സ്വകാര്യ മേഖലയിൽ നിന്ന് എത്തുന്ന ആദ്യ വ്യക്തി.
2022ലാണ് സെബി ചെയർപഴ്സനായി മാധബി സ്ഥാനമേറ്റെടുത്തത്. കേന്ദ്ര സർവീസിൽ നിന്നല്ലാത്ത ഒരാൾ സെബി അധ്യക്ഷ സ്ഥാനത്തെത്തുന്നുവെന്ന പ്രത്യേകത കൂടി ഉണ്ടായിരുന്നു. ഓഹരി വിപണി കുതിച്ചുയരുന്ന സമയത്തു തന്നെ മാധബി സെബിയുടെ കടിഞ്ഞാൺ ഏറ്റെടുത്തത് വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു. നടപടി ക്രമങ്ങൾക്ക് വേഗം കൂട്ടുക. നിക്ഷേപകരുടെ പരാതികൾക്ക് സമയബന്ധിതമായി പരിഹാരം കാണുക. ധനകാര്യ മാനേജ്മെന്റ് രംഗത്ത് 3 പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായി എത്തിയ മാധബിക്ക് ഇതെല്ലാം അനായാസം നേടിയെടുക്കാനും കഴിഞ്ഞു. ഐസിഐസിഐ ബാങ്കിന്റെ ബോർഡിൽ എക്സിക്യൂട്ടീവ് ഡയറക്ടർ, ഐസിഐസിഐ സെക്യൂരിറ്റീസ് മാനേജിങ് ഡയറക്‌ടർ, ചൈനയിലെ ഷാങ്ഹായ് ന്യൂ ഡവലപ്മെന്റ് ബാങ്ക് കൺസൽറ്റന്റ്, പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഗ്രേറ്റർ പസിഫിക് ക്യാപിറ്റലിന്റെ സിംഗപ്പൂർ മേധാവി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 4 വർഷം സെബി ബോർഡ് അംഗമായിരുന്നു.
ടി പ്ലസ് വൺ വ്യാപാരം
സമയമാണ് പണം, പണമാണ് സമയം. മാധബിയുടെ തത്വമിതാണ്. ‘ഐപിഒ പോലുള്ള നടപടി ക്രമങ്ങൾക്ക് അനുമതിക്കായി അപേക്ഷിച്ച് കാത്തിരിക്കുന്നത്, അപേക്ഷകന് നൽകുന്ന മനോസംഘർഷം ചെറുതല്ല. ഇത് മാറ്റിയെടുത്തുവെന്നതാണ് നടപ്പാക്കിയ ഏറ്റവും വലിയ മാറ്റം’ മാധബി പറയുന്നു.
പല കാര്യങ്ങളിലും അപേക്ഷ നൽകി കാത്തിരുന്ന് ഒടുവിൽ സമയത്ത് നടപ്പാക്കാൻ കഴിയാതെ വരുന്നവരുടെ അവസ്ഥ ദയനീയമാണ്.
ഇതിനൊരു മാറ്റത്തിനായിരുന്ന മാധബിയുടെ ആദ്യ ശ്രമം. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ടിപ്ലസ് വൺ വ്യാപാര രീതി ഉൾപ്പെടെ പുതിയ പരീക്ഷണങ്ങൾ നടത്തി. പല കോണുകളിൽ നിന്നു എതിർപ്പുകൾ നേരിടേണ്ടി വന്നെങ്കിലും അതിനെ അതിജീവിക്കാൻ കഴിഞ്ഞു. ഒരു ഘട്ടത്തിലും ലിംഗ വിവേചനം നേരിടേണ്ടി വന്നിട്ടില്ലെന്നും മാധബി പറയുന്നു.
വ്യക്തി ജീവിതവും ജോലിയും ഒരു പോലെ കൊണ്ടു പോകുന്നതിലാണ് സ്ത്രീയുടെ വിജയം. ജോലിക്കാര്യത്തിലും ബഹുമാനം നൽകുന്ന പങ്കാളിയെ വേണം തിരഞ്ഞെടുക്കാൻ– വീട്ടുകാരിൽ നിന്ന് മാധബിക്ക് ലഭിച്ച പിന്തുണ ഓർമിപ്പിച്ച് സ്ത്രീകൾക്കുള്ള ഉപദേശം.
വസ്തുനിഷ്ഠമായി കാര്യങ്ങൾ നിരത്താൻ കഴിയുന്ന ജോലികൾ വേണം സ്ത്രീകൾ തിരഞ്ഞെടുക്കാൻ. കണക്കുകൾ കാര്യങ്ങൾ പറയുമ്പോൾ അവിടെ തർക്കത്തിനും ചർച്ചയ്ക്കും അവസരം ഉണ്ടാവില്ല. സ്വന്തം അനുഭവത്തിൽ നിന്നുള്ള മാധബിയുടെ വാക്കുകൾ.