ADVERTISEMENT

സമ്പദ്‌വ്യവസ്ഥയും വിപണിയുമായുള്ള ബന്ധം തിരിച്ചറിഞ്ഞു നിക്ഷേപിച്ചു നേട്ടമുണ്ടാക്കുന്ന രീതിയാണ് ബിസിനസ് സൈക്കിൾ ഇൻവെസ്റ്റിങ്. സമ്പദ്‌വ്യവസ്ഥ ചക്രത്തിന്റെ ആകൃതിയിലാണ് (സൈക്കിൾ) എപ്പോഴും നീങ്ങുക. അതിൽ ചില കാര്യങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. ‌ഈ സൈക്കിളുകളിൽ ചില മേഖലകൾ ശക്തമായി മുന്നേറുമ്പോൾ മറ്റു ചിലവയുടെ പ്രകടനം മോശമാവും. ഈ അവസരങ്ങൾ മുതലെടുക്കാൻ സഹായിക്കുന്ന നിക്ഷേപരീതിയാണ് ബിസിനസ് സൈക്കിൾ ഇൻവെസ്റ്റിങ്.   

സമ്പദ്‌വ്യവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ സൈക്കിളുകളിൽ പ്രതിഫലിക്കും. ഉദാഹരണത്തിന് കുറഞ്ഞ പലിശയും സാമ്പത്തികവളർച്ചയും ഉപഭോക്തൃ മേഖലകൾക്കെല്ലാം ഗുണമാണ്. അതുപോലെ പണപ്പെരുപ്പം, വളർച്ചാനിരക്ക്, കോർപ്പറേറ്റ് ലാഭം, വായ്പ ലഭ്യത, തൊഴിൽരംഗം, പണ‌നയം തുടങ്ങിയ സൂചകങ്ങൾ നിരീക്ഷിക്കുന്നത് ഇത്തരം സൈക്കിളുകളുടെ ട്രെൻഡ് തിരിച്ചറിയാൻ സഹായിക്കും. അപ്രതീക്ഷിത സംഭവങ്ങൾ ഈ ട്രെൻഡുകളെ തടസ്സപ്പെടുത്താനുള്ള സാധ്യതയും തിരിച്ചറിയണം. ഓരോ സൈക്കിളിലും തുടക്കം, ഇടക്കാലം, അവസാനം, മാന്ദ്യം എന്നീ നാലു ഘട്ടങ്ങളുണ്ടാകും. ശേഷം വീണ്ടും ഈ ഘട്ടങ്ങൾ ആവർത്തിക്കും. ഈ വിവിധ ഘട്ടങ്ങളിലായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവയെ തിരിച്ചറിയാൻ സൂക്ഷ്മമായ വിശകലനം ആവശ്യമാണ്. 

നേട്ടങ്ങൾ പലത് 
ഈ രീതിക്കു പല നേട്ടങ്ങളുണ്ട്. സമ്പദ്‌വ്യവസ്ഥയിലെ ഏറ്റക്കുറച്ചിലുകൾ അവസരമാക്കി ലാഭമുണ്ടാക്കാം. സാഹചര്യങ്ങൾ വിശകലനം ചെയ്ത് മികച്ച ഓഹരികൾ തിരഞ്ഞെടുക്കാം. നിക്ഷേപ തീരുമാനങ്ങൾക്ക് കൃത്യമായ രീതി അവലംബിക്കാം. ഓഹരികൾ എപ്പോൾ വാങ്ങണം, വിൽക്കണം തുടങ്ങിയവ തീരുമാനിക്കാൻ എളുപ്പമാണ്. ‌സൈക്കിളിന്റെ വിവിധ ഘട്ടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവുന്ന ഓഹരികൾ സംയോജിപ്പിച്ച് പോർട്ട്ഫോളിയോ വൈവിധ്യവൽക്കരണവും സുഗമമാക്കാം. അതുവഴി റിസ്കും കുറയ്ക്കാം. 

നേട്ടമെടുക്കാം മ്യൂച്വൽ ഫണ്ടുകളിലൂടെ
സമ്പദ്‌വ്യവസ്ഥയെ ആഗോള സാഹചര്യങ്ങള്‍ സ്വാധീനിക്കുമെന്നതിനാൽ സൈക്കിളുകൾ വിലയിരുത്തി നിക്ഷേപ തീരുമാനത്തിലെത്തുക എളുപ്പമല്ല. അതുകൊണ്ടു സാധാരണ നിക്ഷേപകർക്ക് ഈ രീതി ഫലപ്രദമായി പിന്തുടരാൻ ബുദ്ധിമുട്ടാണ്. അവിടെയാണ് ബിസിനസ് സൈക്കിൾ അടിസ്ഥാനമാക്കിയുള്ള മ്യൂച്വൽ ഫണ്ടുകളുടെ പ്രസക്തി. ഇന്ന്, ഈ വിഭാഗത്തിൽ പത്തോളം ഫണ്ടുകള്‍ ലഭ്യമാണ്. മിക്കതും രണ്ടു വർഷങ്ങള്‍ക്കിടയില്‍ തുടങ്ങിയവയാണ്. നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾ പരിഗണിച്ച് അനുയോജ്യമെങ്കിൽ ഈ ഫണ്ടുകൾ പരിഗണിക്കാം. ഉയർന്ന റിസ്കുള്ള വിഭാഗമാണ് എന്നതിനാൽ അഞ്ചു വർഷമെങ്കിലും നിക്ഷേപം തുടരണം •

(മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടറാണ് ലേഖകൻ. മനോരമ സമ്പാദ്യം മാർച്ച് ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.)

English Summary:

Business Cycle Mutual Funds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com