നേട്ടവും നഷ്ടവുമില്ലാതെ ഇന്ത്യൻ ഓഹരി വിപണി
Mail This Article
ഇന്ന് പതിഞ്ഞ തുടക്കത്തിന് ശേഷം ഐടി ഓഹരികളുടെയും എച്ച്ഡി എഫ്സി ബാങ്കിന്റെയും പിന്തുണയിൽ കുതിപ്പ് നടത്തിയ ഇന്ത്യൻ വിപണി ചാഞ്ചാട്ടങ്ങൾക്ക് ശേഷം ഫ്ലാറ്റ് ക്ളോസിങ് നടത്തി. ഇന്ന് 22452 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി മൂന്ന് പോയിന്റുകൾ മാത്രം നേട്ടത്തിൽ 22335 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 165 പോയിന്റുകൾ മുന്നേറി 73667 പോയിന്റിലും ക്ളോസ് ചെയ്തു.
ഐടി ഒഴികെ മറ്റെല്ലാ സെക്ടറുകളും ഇന്ത്യൻ വിപണിയിൽ ഇന്ന് നഷ്ടം കുറിച്ചു. സ്‌മോൾ ക്യാപ് സൂചിക വീണ്ടും 2% വീണപ്പോൾ, മിഡ് ക്യാപ് സൂചിക 1.4%വും, നിഫ്റ്റി നെക്സ്റ്റ് സൂചിക 1.6%വും നഷ്ടം കുറിച്ചതും റീറ്റെയ്ൽ നിക്ഷേപകർക്ക് വലിയ നഷ്ടം നൽകി. ഇന്ന് 3.7% വീണ റിയൽറ്റി സെക്ടർ ഇന്ത്യൻ വിപണിയിൽ ഏറ്റവും വലിയ നഷ്ടവും നേരിട്ടു.
തെരെഞ്ഞെടുപ്പ് ചൂടിലേക്ക് വിപണിയും
ഈയാഴ്ചയിൽ തന്നെ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപനം പ്രതീക്ഷിക്കുന്നത് വിപണിയുടെ സ്വഭാവത്തിൽ തന്നെ വലിയ മാറ്റത്തിന് കാരണമാകും. ആരോപണങ്ങളും പ്രത്യാരോപണങ്ങളും മാത്രമല്ല, ഊഹാപോഹങ്ങളും വിപണിയിൽ വലിയ ചാഞ്ചാട്ടങ്ങൾക്ക് വഴി വെച്ചേക്കാം. സെബിയുടെയും, ആർബിഐയുടെയും ഇടപെടലുകളും, ഇലക്ട്രൽ ബോണ്ടിന്മേൽ സുപ്രീം കോടതിയുടെ ഇടപെടലും കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണിയിൽ വലിയ സ്വാധീനം ചെലുത്തി. ഇനി തിരഞ്ഞെടുപ്പ് കമ്മീഷനും വിപണിയുടെമേൽ സ്വാധീനം ചെലുത്തിത്തുടങ്ങും.
ഇന്നത്തെ ഇന്ത്യൻ ഡേറ്റകൾ
ഇന്ത്യയുടെ ഫെബ്രുവരിയിലെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകളും, ജനുവരിയിലെ വ്യാവസായികോല്പാദനക്കണക്കുകളും ഇന്ന് പുറത്ത് വരുന്നത് ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്. വ്യാഴാഴ്ചയാണ് ഇന്ത്യയുടെ മൊത്തവിലക്കയറ്റകണക്കുകളും, ഭക്ഷ്യവിലക്കയറ്റത്തിന്റെ തോതും പുറത്ത് വരിക.
ജനുവരിയിൽ 5.10% വാർഷിക വളർച്ച കുറിച്ച ഇന്ത്യൻ സിപിഐ ഇത്തവണയും അഞ്ച് ശതമാനത്തിന് തൊട്ട് മുകളിൽ മാത്രം വളർച്ച കുറിച്ചിട്ടുണ്ടാകാമെന്നാണ് വിപണിയുടെ അനുമാനം. ജനുവരിയിലെ ഐഐപി ഡേറ്റയും 4%ൽ കൂടുതൽ വളർച്ച നേടിയിട്ടുണ്ടാകാമെന്നും വിപണി അനുമാനിക്കുന്നു.
അമേരിക്കൻ പണപ്പെരുപ്പം ഇന്ന്
പണപ്പെരുപ്പക്കണക്കുകൾ കാത്ത് ക്രമപ്പെട്ട അമേരിക്കൻ വിപണി ഇന്നലെ മിക്സഡ് ക്ളോസിങ് നടത്തിയതിന് ശേഷം വന്ന ഒറാക്കിളിന്റെ മികച്ച റിസൾട്ട് എഐ ഓഹരികൾക്കും, അമേരിക്കൻ ഫ്യൂച്ചറിനും മുന്നേറ്റം നൽകി. അമേരിക്കൻ പണപ്പെരുപ്പക്കണക്കുകൾ ഇന്ന് വരാനിരിക്കെ ഇന്ത്യ ഒഴികെയുള്ള ഏഷ്യൻ വിപണികൾക്ക് പിന്നാലെ യൂറോപ്യൻ വിപണികളിലും വാങ്ങൽ പ്രകടമായി. അമേരിക്കൻ പണപ്പെരുപ്പവളർച്ചാത്തോത് തന്നെയായിരിക്കും ഈ ആഴ്ചയിൽ അമേരിക്കൻ വിപണിയുടെയും, ലോക വിപണിയുടെയും ഗതി നിർണയിക്കുക.
ജനുവരിയിൽ 3.1% വാർഷിക വളർച്ച കുറിച്ച അമേരിക്കൻ സിപിഐ ഫെബ്രുവരിയിൽ 0.4% മാസവളർച്ചയോടെ 3.1% മാത്രം വളർച്ച കുറിച്ചിട്ടുണ്ടാകാമെന്നാണ് വിപണിയുടെ അനുമാനം. അമേരിക്കൻ ഫെഡ് റിസർവ് അടുത്ത ആഴ്ചയിൽ യോഗം ചേരാനിരിക്കെ ഇന്ന് വരുന്ന അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകൾ നിർണായകമാണ്. അടുത്ത ആഴ്ച ഫെഡ് യോഗം നടക്കാനിരിക്കുന്നതിനാൽ ബ്ലാക്ക് ഔട്ട് ദിനങ്ങളായതിനാൽ പ്രസ്താവനകളുമായി ഫെഡ് അംഗങ്ങൾ വിപണിയിലുണ്ടാകില്ലെന്നത് അനുകൂലമാണ്.
ക്രൂഡ് ഓയിൽ
ഒപെകിന്റെ റിപ്പോർട്ടും, അമേരിക്കയുടെ പണപ്പെരുപ്പകണക്കുകളും ഇന്ന് ക്രൂഡ് ഓയിൽ വിലയെ സ്വാധീനിക്കും. നാളെ വരുന്ന അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരകണക്കുകളും പ്രധാനമാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ 82 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
സ്വർണം
ഇന്ന് അമേരിക്കയുടെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കുകൾ വരാനിരിക്കെ ബോണ്ട് യീൽഡ് മുന്നേറാതിരുന്നത് സ്വർണത്തിന് അനുകൂലമായി. ഇന്ന് 2181 ഡോളറിൽ വ്യാപാരം തുടരുന്ന രാജ്യാന്തര സ്വർണവില ഡോളറിന്റെ ചലനങ്ങൾക്കൊപ്പം ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നു.
ഐപിഓ
പോപ്പുലർ വെഹിക്കിൾസ് & സർവീസസിന്റെ ഇന്നാരംഭിച്ച ഐപിഓ വ്യാഴാഴ്ച അവസാനിക്കുന്നു. മാരുതി, ഭാരത് ബെൻസ് അടക്കമുള്ള കമ്പനികളുടെ വാഹങ്ങളുടെ ദക്ഷിണേന്ത്യയിലെ മുൻനിര ഡീലർമാരായ പോപ്പുലർ വെഹിക്കിൾസ് 280-295 രൂപ നിരക്കിൽ 600 കോടി രൂപയിലേറെയാണ് വിപണിയിൽ നിന്നും സമാഹരിക്കുന്നത്. ഓഹരി നിക്ഷേപത്തിന് പരിഗണിയ്ക്കാവുന്നതാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക